Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹമെന്ന പദത്തിനെന്തർഥം?

p-jayachandran-gramaphone

സമസ്യ (1976) എന്ന ചിത്രത്തിനു സംഗീതസംവിധാനം നിർവഹിക്കവേ, താനുണ്ടാക്കിയ ഏറ്റവും നല്ല ഈണം ഗായകൻ കെ.പി.ഉദയഭാനു നൽകിയത് ഗായകൻ യേശുദാസിനാണ്. അങ്ങനെ 

‘കിളി ചിലച്ചു കിലുകിലെ 

കൈ വള ചിരിച്ചു’ 

എന്ന മനോഹര ഗാനം പിറന്നു. 

മലയത്തിപ്പെണ്ണ് (1989) എന്ന സിനിമയ്ക്കു സംഗീതം നൽകിയ ഗായകൻ കെ.പി.ബ്രഹ്മാനന്ദൻ അതിലെ ഹിറ്റ് ഗാനം 

‘മട്ടിച്ചാറ് മണക്കണ് മണക്കണ് 

മലങ്കാറ്റ് കുളിരണ് കുളിരണ്’ 

പാടൻ അവസരം നൽകിയത് ഉണ്ണി മേനോനാണ്. 

ഉദയഭാനുവും ബ്രഹ്മാനന്ദനും  നല്ല ഗായകരല്ലാത്തതുകൊണ്ടല്ല അവരങ്ങനെ ചെയ്തത്. താൻതന്നെ പാടുമെന്നോ താൻ പാടിയാലേ ശരിയാവൂ എന്നോ അവർ വാശി പിടിച്ചില്ല. 

‘ഭാർഗവീനിലയ’ത്തിലെ അതിമനോഹരമായ ഈണം ‘താമസമെന്തേ വരുവാൻ....’ പാടാൻ ഏൽപിച്ചിരുന്നത് കെ.പി.ഉദയഭാനുവിനെയാണ്. റിക്കോർഡിങ് സമയത്ത് ഉദയഭാനുവിന് പനി. മറ്റൊരു ദിവസത്തേക്കു റിക്കോർഡിങ് മാറ്റാൻ സംഗീത സംവിധായകൻ ബാബുരാജ് നിർദേശിച്ചു. പക്ഷേ, അതുവേണ്ടെന്നും ‘ആ പുതിയ പയ്യൻ യേശുദാസ് നന്നായി പാടുന്നുണ്ടെന്നും അയാളെക്കൊണ്ടു പാടിക്കൂ’ എന്നും നിലപാടെടുത്തത് ഉദയഭാനു. അത് അനുചിതമല്ലേ എന്നു സംശയിച്ച യേശുദാസിനെ നിർബന്ധിച്ചു സമ്മതിപ്പിച്ചതും ഉദയഭാനു. ‘താമസമെന്തേ വരുവാൻ...’ എന്ന ഈണം തനിക്ക് എത്രമാത്രം പ്രശസ്തിയും ബഹുമതിയും നൽകും എന്നറിയാത്തയാളല്ല ഉദയഭാനു. എന്നിട്ടും അതു മറ്റൊരാൾക്കു നൽകാൻ അദ്ദേഹം മുന്നിട്ടിറങ്ങി. 

തന്റെ സംഗീതജീവിതത്തിൽ ശ്രീകുമാരൻ തമ്പി ഏറ്റവും ബഹുമാനത്തോടെ പറയുന്ന പേരുകളിലൊന്നാണു പി.ഭാസ്കരന്റേത്. എത്രയോ മികച്ച ഗാനരചയിതാവായിട്ടുകൂടി, അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ പാട്ടെഴുതാനുളള അവസരം അന്നു തുടക്കക്കാരനായിരുന്ന തമ്പിക്കു നൽകി. താനെഴുതിയാലേ ശരിയാവൂ എന്നു പി.ഭാസ്കരൻ വാശി പിടിച്ചില്ല. ‘വിലയ്ക്കു വാങ്ങിയ വീണ’(1971) തുടങ്ങിയ ചില ചിത്രങ്ങളിൽ ഇരുവരും പാട്ടുകൾ പങ്കിടുകയും ചെയ്തു. 

സിനിമയിൽ പാടാൻ മോഹിച്ചു ചെന്നൈയിലെത്തിയ കുളത്തൂപ്പുഴ രവി എന്ന ഗായകന് ആദ്യകാലത്തു വലിയ പിന്തുണ നൽകിയതു ഗായകൻ പി. ജയചന്ദ്രനാണ്. പിൽക്കാലത്ത് രവീന്ദ്രൻ എന്ന സംഗീതസംവിധായകനായി ആ ഗായകൻ മാറിയതു ചരിത്രം. തൃശൂരിലെ ജോൺസൺ, ഔസേപ്പച്ചൻ എന്നീ ഉപകരണസംഗീത വിദഗ്ധരെ മലയാള സിനിമയിൽ എത്തിച്ചതിനു പിന്നിലും ജയചന്ദ്രന്റെ പ്രയത്നം ഉണ്ടായിരുന്നു. 

‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന ചിത്രത്തിലെ ‘താരക രൂപിണി...’ എന്ന ഗാനം ബ്രഹ്മാനന്ദനെക്കൊണ്ട് പാടിക്കേണ്ട എന്നു നിർമാതാവ് പറഞ്ഞപ്പോൾ, ‘എങ്കിൽ സംഗീതസംവിധാനത്തിന് വേറെ ആളെ നോക്കിയാൽ മതി’ എന്നു ദക്ഷിണാമൂർത്തി നിലപാട് എടുത്തതിനാൽ ബ്രഹ്മാനന്ദന് ചിരഞ്ജീവിയായ ആ ഗാനം കിട്ടി. 

‘താളവട്ടം’ എന്ന സിനിമയിലെ പാട്ടുകൾക്കു സംഗീതം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു രഘുകുമാർ‍. സഹായിയായ രാജാമണി വെറുതെ ഒരു ഈണം മൂളി. അത് ഇഷ്ടപ്പെട്ട രഘുകുമാർ ആ ഈണത്തിൽ ഒരു പാട്ട് ചെയ്തു. അതാണ് ‘കൂട്ടിൽനിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ...’. ലഭ്യമായ എല്ലാ സന്ദർഭങ്ങളിലും ആ പാട്ടിന്റെ ക്രെഡിറ്റ് രാജാമണിക്കുതന്നെ കൊടുക്കാൻ രഘുകുമാർ ശ്രദ്ധിച്ചു. 

‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയിലെ ‘വിശ്വം കാക്കുന്ന നാഥാ...’ എന്ന പാട്ട് വെറുതെ സംഗീതം ചെയ്യാനായി സത്യൻ അന്തിക്കാട് എഴുതിയ ഡമ്മി വരികളാണ്. പക്ഷേ, അതു കേൾക്കാനിടയായ കൈതപ്രം ആ വരികൾ നിലനിർത്തണമെന്നു നിർബന്ധം പിടിച്ചു. മറ്റ് പാട്ടുകളേ അദ്ദേഹം എഴുതിയുള്ളൂ. അങ്ങനെ, സത്യൻ വീണ്ടും ഗാനരചയിതാവായി. 

ഒരു ഗായകൻ മറ്റൊരു ഗായകന് അവസരം കൊടുക്കുന്നു, ഒരു എഴുത്തുകാരൻ മറ്റൊരാൾ എഴുതട്ടെ എന്നു പറയുന്നു, ഒരു സംഗീതസംവിധായകൻ മറ്റൊരാളുടെ ഈണം സ്വീകരിക്കുന്നു....നല്ല സംഗീതത്താൽ മാത്രമല്ല, ഹൃദയവിശാലതയിലും സമ്പന്നമായിരുന്നു നമ്മുടെ ചലച്ചിത്രഗാനലോകം.