Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഷയുടെ പ്രിയ എഴുത്തുകാരൻ

usha-edit

ലോകത്തെവിടെ മ്യൂസിക് പ്രോഗ്രാം ചെയ്യുമ്പോഴും ഉഷ ഉതുപ്പ് ഒരു മലയാളം പാട്ടു പാടും . സദസ്സിൽ ഒരു മലയാളിപോലും ഉണ്ടാവണമെന്നില്ല.ആ പാട്ടിനു മുൻപ് അവർ കേരളത്തെപ്പറ്റിയും ഗാനരചയിതാവിനെപ്പറ്റിയുമൊക്കെ വിവരിക്കും. അതിനുശേഷമാണു പാടുക. ആ ഗാനം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇന്നുവരെ അവരോട് ആരും പരാതി പറഞ്ഞിട്ടില്ല . ആ പാട്ടാണ്

'എന്റെ കേരളം എത്ര സുന്ദരം**

എന്റെ കേരളം എത്ര സുന്ദരം

ജനിച്ചതെങ്ങോ എങ്കിൽക്കൂടി

വളർത്തു മകളായ് ഞാൻ

വളർത്തുമകളായ് ഞാൻ...’**

കേരളത്തോടുള്ള ഉഷയുടെ നിർവ്യാജമായ ആരാധനയാണ് ഈ ഗാനത്തിൽ പ്രകടമാവുന്നത്. ഉഷയ്ക്കു കേരളം വെറുമൊരു ടൂറിസ്റ്റ് കേന്ദ്രമല്ല. ഭർത്താവിന്റെ നാടാണ്. (കോട്ടയം സ്വദേശി ജാനി ഉതുപ്പാണ് ഭർത്താവ്. അങ്ങനെയാണ് ഉഷാ അയ്യർ ഉഷാ ഉതുപ്പായത്) മകളും കേരളത്തിൽ ജീവിക്കുന്നു. ഒട്ടേറെ നല്ല സുഹൃത്തുക്കളും ഉഷയ്ക്ക് ഇവിടെയുണ്ട്. ഈ നാടിനോടുള്ള ആത്മബന്ധം പ്രകടിപ്പിക്കാനായി അവർ തന്നെ ആവശ്യപ്പെട്ട് എഴുതിപ്പിച്ചതാണ് ഈ ഗാനം. കേരളത്തെപ്പറ്റി ഒട്ടേറെ സുന്ദരമായ ഗാനങ്ങൾ പിറന്നിട്ടുണ്ടെങ്കിലും ഏറ്റവും ആഗോള പ്രശസ്തി കിട്ടിയത് ഇതാണെനനു പറയാം. ഇന്നു കേരള ടൂറിസത്തിന്റെ പ്രചാരണ ഗാനമായും ഇതുപയോഗിക്കുന്നു. ഈ മനോഹര വരികളെഴുതിയത് നമ്മുടെ ചിറ്റൂർ ഗോപി.

usha-2 ചിറ്റൂർ ഗോപി

സംഗീത സംവിധായകനും പ്രശസ്ത ഗിറ്റാറിസ്റ്റുമായ എമിൽ ഐസക് ആയിരുന്നു അക്കാലത്ത് ഉഷയുടെ സംഗീത ട്രൂപ്പിന്റെ ലീഡർ. ഗാനമേളകളിൽ പാടാനായി കേരളത്തെപ്പറ്റി ഒരു പാട്ടുവേണമെന്ന് എമിലിനോട് ഉഷ പറഞ്ഞു. തന്റെ സുഹൃത്തും മുൻനിര തബലിസ്റ്റും ഗാനരചയിതാവുമായ ചിറ്റൂർ ഗോപിയുടെ മുഖമാണ് എമിലിന്റെ മനസിൽ തെളിഞ്ഞത്.ഗോപി പറയുന്നു: ഫോണിലൂടെയാണ് ഉഷാ ഉതുപ്പ് എന്നോടു പാട്ടിന്റെ ആശയം പങ്കുവച്ചത് ഐ ലവ് കേരളം എന്ന തീമിൽ ഒരു പാട്ടാണ് അവർ ആവശ്യപ്പെട്ടത്. അവർക്ക് പാടാനുള്ളതായതുകൊണ്ട് റ, ർ തുടങ്ങി ഉച്ചരിക്കാൻ വിഷമമുള്ള അക്ഷരങ്ങൾ ഒഴിവാക്കിയുള്ള പദങ്ങളാണ് ഗാനത്തിൽ ഉപയോഗിച്ചത്. നമ്മെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് അവരുടേത്. പാട്ടിന്റെ ഓരോ വരിയും കേട്ട് അർഥം മനസിലാക്കി കഴിയുമ്പോൾ അവർ ഫന്റാസ്റ്റിക് എന്നൊക്കെ പറഞ്ഞ് പ്രചോദിപ്പിക്കും.

വരികൾ എഴുതിയ ശേഷമാണ് ഈ ഗാനത്തിനു ട്യൂണിട്ടത്. ഈണം നൽകിയത് ഉഷാ ഉതുപ്പ് തന്നെ. അവരുടെ കൊൽക്കത്തയിലെ വൈബ്രേഷൻസ് എന്ന സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്. പാട്ട് സൂപ്പർ ഹിറ്റായി. പിന്നീടുള്ള എല്ലാ സ്റ്റേജുകളിലും ഇവർ ഇതു പാടി. ലോകം കയ്യടിയോടെ സ്വീകരിച്ചു.

ഈ ഗാനം ഉൾപ്പെടുത്തി ജോണി സാഗരിക ഇറക്കിയ ഓലപ്പീപ്പി എന്ന ആൽബവും വലിയ ജനപ്രീതി നേടി.മലയാളത്തിൽ വീണ്ടും പാട്ടു വേണമെന്ന് ഗോപിയോട് ഉഷ ആവശ്യപ്പെട്ടു. ആ കൂട്ടുകെട്ടു വളർന്നു. സിനിമാഗാനങ്ങളും ഏതാനും ഭക്തിഗാനങ്ങളുമൊഴിച്ചു മലയാളത്തിൽ ഉഷാ ഉതുപ്പ് പാടിയ എല്ലാ ഗാനങ്ങളും എഴുതിയതു ചിറ്റൂർ ഗോപിയാണ്. കൊച്ചിയുടെ അടിപൊളി ഗാനമായ പ്യാരാ പ്യാരാ കൊച്ചിൻ ടൗൺ ഇതിൽ ഉൾപ്പെടുന്നു.

കാറ്റോടും കടലോരം

കാണാനോ രമണീയം

കടലിന്റെ പ്രിയറാണി

പ്യാരാ പ്യാരാ കൊച്ചിൻ ടൗൺ

കൊച്ചിക്കാരനായ ഗോപിയുടെ ജന്മനാടിനോടുള്ള ആരാധനകൂടിയാണ് ഈ ഗാനം.എത്ര ഉന്നതയായ ഗായികയായിരുന്നിട്ടും ഓരോ പാട്ടും ആഴത്തിൽ പഠിച്ചു മാത്രം റിക്കോർഡ് ചെയ്യാനുള്ള ഉഷയുടെ ആത്മാർഥത ഗോപിയെ ആകർഷിച്ചു ഓരോ വാക്കും ഉച്ചാരണവുമൊക്കെ ഒരു നൂറു പ്രാവശ്യമെങ്കിലും അവർ ചോദിച്ചു മനസിലാക്കും. അത്ര ആത്മാർഥതയോടെയാണ് അവർ ജോലി ചെയ്യുന്നത് ഗോപി പറയുന്നു.

മലയാള സിനിമയിലും ലളിതഗാന ശാഖയിലും നൂറു കണക്കിനു ഗാനങ്ങളെഴുതിയ ഗോപി എത്രയോ ഗായകരെയും പിന്നണി പ്രവർത്തകരെയും അടുത്തുനിന്നുകണ്ടിരിക്കുന്നു. യേശുദാസും ജയചന്ദ്രനും വാണിജയറാമുമൊക്കെ അടങ്ങിയ മുൻനിര ഗായകരുടെ പ്രിയപ്പെട്ട തബലിസ്റ്റുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ഈ വാക്കുകളിലെ ആദരവ് ഉഷാ ഉതുപ്പ് എന്ന ഗായികയ്ക്കുള്ള സർട്ടിഫിക്കറ്റ് തന്നെ.

ഐ ലവ് കേരള എന്ന ആൽബത്തിൽ ചിറ്റൂർ ഗോപി രചിച്ച് ഉഷാ ഉതുപ്പ് പാടിയ മലബാറിന്റെ ഒപ്പന എന്ന ഗാനത്തിന്റെ സംഗീതം ആരാണെന്നോ? സാക്ഷാൽ ആർ.ഡി ബർമൻ!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.