Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദ്ഭുതത്തിന് അരനൂറ്റാണ്ട്

ക്ലാസിക്കും ജനപ്രിയവും - ഈ അപൂർവ ചേരുവയാണു ‘ഗൈഡ്’ എന്ന മ്യൂസിക്കൽ ഹിറ്റ്.

മുഹമ്മദ് റഫി, കിഷോർകുമാർ, ലതാ മങ്കേഷ്കർ, മന്നാഡേ എന്നിവർ ഒരു ചിത്രത്തിൽ ഗായകരാവുക. അതിന്റെ സംഗീതം സാക്ഷാൽ സച്ചിൻ ദേവ് ബർമൻ നിർവഹിക്കുക. ആ സിനിമയിലെ ഗാനങ്ങളെപ്പറ്റിയും ആ ചിത്രത്തിന്റെ ബോക്സ് ഓഫിസ് വിജയത്തെപ്പറ്റിയും കൂടുതലൊന്നും ചിന്തിച്ചുകൂട്ടേണ്ടതില്ല. അങ്ങനെയൊരു വിസ്മയമായിരുന്നു അര നൂറ്റാണ്ട് മുൻപ് ഇറങ്ങിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ‘ഗൈഡ്’.

guide-image2-edit

ദേവ് ആനന്ദും വഹീദ റഹ്മാനും ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി മാത്രം പിറന്നതാണെന്ന് ആരാധകർ വിശ്വസിച്ച, ഇന്നും ഇതിലും നല്ലൊരു അഭിനയജോഡി മറ്റൊരു ഹിന്ദി സിനിമയിലും ഉണ്ടായിട്ടില്ലെന്നു കരുതപ്പെടുന്ന ചിത്രം.

മികച്ച സിനിമ, സംവിധാനം, നടൻ, നടി എന്നിവയ്ക്ക് ആദ്യമായി ഒരു ചിത്രം തന്നെ ഫിലിംഫെയർ അവാർഡ് സ്വന്തമാക്കുന്ന അദ്ഭുതം സംഭവിച്ച ‘ഗൈഡ്’ 1965ലെ ഏറ്റവും കലക്ഷൻ നേടിയ ഇന്ത്യൻ സിനിമ കൂടിയായിരുന്നു. സംഗീതത്തിന് ഒരു അവാർഡ് പോലും കിട്ടിയില്ലെങ്കിലും (രണ്ട് നോമിനേഷൻ ഉണ്ടായിരുന്നു) ചിത്രത്തിന്റെ വിജയത്തിൽ ഏറ്റവും നിർണായകമായത് ആ പത്തു പാട്ടുകൾ തന്നെയായിരുന്നു.

ആർ. കെ. നാരായണന്റെ ‘ദ് ഗൈഡ്’ എന്ന പേരിലുള്ള ഇംഗ്ലിഷ് നോവൽ വിജയ് ആനന്ദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുകയായിരുന്നു. റോസി എന്ന ഭർതൃമതിയായ യുവതി രാജു എന്ന ഗൈഡിൽ അനുരക്തയാകുന്ന കഥയിലെ ഓരോ പ്രധാന മുഹൂർത്തവും പാട്ടിലൂടെയാണ് അവതരിപ്പിച്ചത്.

റഫിയുടെ തേരേ മേരേ സപ്നേ അബ് ഏക് രംഗ് ഹേ..., ദിൽ ധൻ ജായേ..., ക്യാ സേ ക്യാ ഹോഗയാ..., ലതയുടെ ആജ് ഫിര്‍ ജീനേ കി തമന്നാ ഹേ..., പിയാ തോസേ നൈനാ..., സൈയാൻ ബൈമാൻ..., കിഷോറിന്റെ ഗാതാ രഹേ മേരാ ദിൽ..., മന്നാഡേയുടെ ഹേ രാം ഹമാര രാമചന്ദ്ര... എന്തിനേറെ, സംഗീത സംവിധായകനായ എസ്. ഡി. ബർമൻ പോലും ഇതിൽ രണ്ട് പാട്ടുപാടി. (വഹാം കോൻ ഹെ..., അല്ലാ മേഘ് ദേ പാനി ദേ...) അന്നും ഇന്നും എന്നും ഹിറ്റായ ഗാനങ്ങൾ... (സിദ്ധാർഥ എന്ന മലയാള ചിത്രത്തിലെ ചന്ദ്രൻ മോഹിച്ച പെണ്ണേ... എന്ന പാട്ടിൽ ഗൈഡിലെ “തേരേ മേരേ സപ്നേ അബ് ഏക് രംഗ് ഹേ...” എന്ന വരികൾ ഉപയോഗിച്ചിരിക്കുന്നത് ഓർമിക്കുന്നില്ലേ.) കിഷോർ കുമാറിനെപ്പറ്റി മലയാളത്തിലടക്കം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങളുടെ തലക്കെട്ടായി പലതവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ‘ഗാതാ രഹേ മേരാ ദിൽ...’ എന്ന വരിയാണ്.

ജനപ്രിയത മാത്രമായിരുന്നില്ല ഗൈഡിലെ ഗാനങ്ങളുടെ പ്രത്യേകത. ഹിന്ദി സിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളായി അവ അറിയപ്പെട്ടു. ടൈം മാഗസിൻ തിരഞ്ഞെടുത്ത പത്ത് ഹിന്ദി ക്ലാസിക് സിനിമകളിൽ നാലാം സ്ഥാനത്ത് ഗൈഡ് ആയിരുന്നു. ഹിന്ദി സിനിമയിലെ ക്ലാസിക് ഗാനങ്ങളുള്ള നൂറു സിനിമകൾ ‘പ്ലാനെറ്റ് ബോളിവുഡ്’ എന്ന വെബ്സൈറ്റ് തിരഞ്ഞെടുത്തപ്പോൾ ‘ഗൈഡ്’ 11ാം സ്ഥാനം നേടി.

ഒരുപക്ഷേ, മികച്ച ഗാനങ്ങൾ വേണമെന്നു ദേവ് ആനന്ദ് വാശി പിടിച്ചില്ലായിരുന്നെങ്കിൽ ഗൈഡിന്റെ വിധി മറ്റൊന്നാകുമായിരുന്നു. ഗാനങ്ങൾ എഴുതാനുള്ള ചുമതല ഹസ്റത്ത് ജയ്പുരിക്കായിരുന്നു. ‘ദിൽ ധൽ ജായേ...’ എന്ന ഗാനം അദ്ദേഹം ആദ്യം എഴുതി. ഈ വരികൾ ദേവ് ആനന്ദിനും വിജയ് ആനന്ദിനും ഇഷ്ടമായില്ല. വരികൾ മാറ്റാൻ അവർ നിർദേശിച്ചു. അതിന് ജയ്പുരി വഴങ്ങിയില്ല. അദ്ദേഹം പിണങ്ങിപ്പോയി. അങ്ങനെയാണ് ശൈലേന്ദ്രയെ പാട്ടെഴുതാൻ വിളിക്കുന്നത്. പകരക്കാരനായി പാട്ടെഴുതാൻ വിളിച്ചത് ശൈലേന്ദ്രയ്ക്ക് സുഖിച്ചില്ല. പക്ഷേ, ദേവ് ആനന്ദിനോട് നോ പറയാനും പറ്റില്ല. എഴുത്തിൽ നിന്ന് ഒഴിവാകാനായി അദ്ദേഹം നാലിരട്ടി പ്രതിഫലം ചോദിച്ചു. ദേവ് ആനന്ദ് സമ്മതിച്ചു! അങ്ങനെ കുടുക്കിൽപ്പെട്ടതു പോലെ ശൈലേന്ദ്ര എഴുതിയതാണ് ഇതിലെ ക്ലാസിക് ഗാനങ്ങൾ. ജയ്പുരി എഴുതിയ ദിൽ ധൽ ജായേ... എന്ന വരി നിലനിർത്തി മറ്റു വരികൾ ആ പാട്ടിൽ ശൈലേന്ദ്ര കൂട്ടിച്ചേർക്കുകയായിരുന്നു.

പിന്നെയുമുണ്ടായി പ്രതിസന്ധി. സംഗീതസംവിധാനം ആരംഭിച്ചയുടനെ ബർമൻ അസുഖമായി കിടപ്പിലായിപ്പോയി. ഈണമിടൽ വല്ലാതെ വൈകിയപ്പോൾ മറ്റൊരു സംഗീതസംവിധായകനെ പരീക്ഷിക്കാൻ ദേവ് ആനന്ദിനുമേൽ സമ്മർദം ഉണ്ടായി. എത്ര വൈകിയാലും ബർമൻ രോഗക്കിടക്കയിൽനിന്ന് എഴുന്നേറ്റുവന്ന ശേഷം മാത്രം പാട്ട് റിക്കോർഡ് ചെയ്താൽ മതിയെന്നു ദേവ് ആനന്ദ് നിർബന്ധം പിടിക്കുകയായിരുന്നു. ആ പിടിവാശികൾക്കെല്ലാം വലിയ ഫലമുണ്ടായെന്ന് അരനൂറ്റാണ്ടിനു ശേഷവും നാം നന്ദിയോടെ സ്മരിക്കുന്നു.

Guide-image1-edit

ഒരേസമയം ഇംഗ്ലിഷിലും ഹിന്ദിയിലും നിർമിച്ച ചിത്രമായിരുന്നു ‘ഗൈഡ്’. പേൾ എസ്. ബക്കിന്റെ തിരക്കഥയിൽ ടാഡ് ഡാനിയൽ വ്സ്കി എന്ന അമേരിക്കക്കാരനാണ് ഇംഗ്ലിഷ് ചിത്രം സംവിധാനം ചെയ്തത്. പക്ഷേ, ഇതു റിലീസ് ചെയ്തില്ല. നിർമിച്ച് 42 വർഷത്തിനുശേഷം 2007ൽ കാൻ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി ഇംഗ്ലിഷ് ചിത്രം വെളിച്ചം കണ്ടത്.

ചിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഗാനം ഏതാണ്? വിഷമകരമായ ചോദ്യമാണിത്. എങ്കിലും ലതാ മങ്കേഷ്കർ പാടിയ ‘ആജ് ഫിർ ജീനെ കി തമന്നാ ഹേ...’ക്ക് വോട്ട് ചെയ്താൽ പരിഭവിക്കരുതേ. രാജസ്ഥാനിലെ ചിത്തോർഗഢ് കോട്ടയിലായിരുന്നു ലതയുടെ ഏറ്റവും മികച്ച ആലാപനങ്ങളിൽ ഒന്നായ ഈ ഗാനത്തിന്റെ ചിത്രീകരണം. വഹീദയും ദേവ് ആനന്ദും ഗാനരംഗത്ത്.

ഒരു കൗതുകം കൂടി: ഗാനങ്ങളുടെ കാര്യത്തിലെന്നപോലെ ചിത്രീകരണത്തിലും ഒരു കുറവും വരുത്തരുതെന്ന് ദേവ് ആനന്ദിനു നിർബന്ധമുണ്ടായിരുന്നു. ചില രംഗങ്ങൾ ചൈന അതിർത്തിയായ റോത്തങ് പാസിൽ ഷൂട്ട് ചെയ്യണമെന്ന് അദ്ദേഹം വാശിപിടിച്ചു. കാലാവസ്ഥ പ്രതികൂലമാണെന്നു പ്രൊഡക്ഷൻ വിഭാഗം അറിയിച്ചിട്ടും അദ്ദേഹം പിന്മാറിയില്ല. റോത്തങ് പാസിലേക്കുള്ള വഴിയിലെ കുളുവിലോ മണാലിയിലോ ചിത്രീകരണം നടത്താമെന്ന് വിജയ് ആനന്ദ് നിർദേശിച്ചിട്ടും അദ്ദേഹം കൂട്ടാക്കിയില്ല.

അങ്ങനെ പ്രൊഡക്ഷൻ ടീം മുഴുവൻ റോത്തങ് പാസിലേക്കു തിരിച്ചു. മഞ്ഞുമൂടിയ ദുർഘടപാത താണ്ടി സംഘാംഗങ്ങൾ വശംകെട്ടു. റോത്തങ് പാസിന് ഏതാണ്ട് 16 കിലോമീറ്റർ താഴെ എത്തിയപ്പോൾ ഇനി ഒരടി മുന്നോട്ടു പോകാൻ കഴിയാത്ത വിധം സംഘാംഗങ്ങൾ മടുത്തു. കൗശലക്കാരനായ പ്രൊഡക്ഷൻ കൺട്രോളർ ഒരു ഉപായം കണ്ടെത്തി. അവിടുത്തെ മൈൽക്കുറ്റിയിൽ റോത്തങ് പാസിലേക്കുള്ള ദൂരം 16 എന്നതു മാറ്റി പൂജ്യം എന്ന് എഴുതാൻ കലാസംവിധായകനോട് പറഞ്ഞു.

ദേവ് ആനന്ദ് അടുത്തദിവസം ഷൂട്ടിങ്ങിനെത്തി. റോത്തങ് പാസ് തന്നെ എന്ന് വിശ്വസിച്ച് അദ്ദേഹം ഷൂട്ട് ചെയ്തു മടങ്ങിപ്പോയി.

അന്ന് ഈ കുസൃതി ഒപ്പിച്ച് തന്റെ സംഘാംഗങ്ങളെ രക്ഷപ്പെടുത്തിയ പ്രൊഡക്ഷൻ കണ്‍ട്രോളർ ആരാണെന്നോ? യഷ് ജോഹർ. അതേ, പ്രശസ്ത സംവിധായകൻ കരൺ ജോഹറിന്റെ പിതാവ്!