Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹം കൊണ്ടു ഞാൻ...

Johnson Master ജോൺസൺ മാസ്റ്റർ

കേരളത്തിന്റെ ഗ്രാമവിശുദ്ധിയും ക്ലാസിക്കൽ സംസ്കാരവും സമന്വയിക്കുന്ന ജോൺസന്റെ നൂറുകണക്കായ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒരെണ്ണം തിരഞ്ഞെടുക്കുക എത്രയോ ശ്രമകരമാണ്. മിക്കവരും അതിൽ പരാജയപ്പെടുകയേ ഉള്ളൂ. ഈയിടെ എഴുതിയ ഒരു ജോൺസൺ സ്മൃതിയിൽ ഗായകൻ പി.ജയചന്ദ്രൻ അങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ശേഷം കാഴ്ചയിൽ’ (1983) എന്ന സിനിമയിൽ കോന്നിയൂർ ഭാസ് എഴുതിയ

‘മോഹം കൊണ്ടു ഞാൻ

ദൂരെയേതോ

മോഹം പൂത്തനാൾ

മധു തേടിപ്പോയി....’ എന്നതാണ് താൻ പാടിയ ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി ജയചന്ദ്രൻ ചൂണ്ടിക്കാട്ടിയത്. ജാനകിയും ജയചന്ദ്രനും പാടിയ ട്രാക്കുകളിൽ ജാനകിയുടേതാണു സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. പാടി അഭിനയിക്കുന്നതു മേനകയും കവിയൂർ പൊന്നമ്മയും.
കേൾക്കുമ്പോൾ വളരെ ലളിതം എന്നു തോന്നുമെങ്കിലും പാടിത്തുടങ്ങുമ്പോൾ തന്നെ ‘വിവരമറിയുന്ന’ ഈണമാണിത്. എത്രയോ ഗാനമേളകളിലും റിയാലിറ്റി ഷോകളിലും ഗായകർ ഈ ഗാനത്തിൽ ഇടറിവീഴുന്നതു നാം കണ്ടിരിക്കുന്നു.

മനോരമ ഓൺലൈനിന്റെ ഐ മീ മൈ സെൽഫിൽ എത്തിയ പി ജയചന്ദ്രൻ, മോഹം കൊണ്ടു ഞാൻ എന്ന ഗാനം ആലപിക്കുന്നു.

ഈ ഈണം പിറന്ന സാഹചര്യം ജോൺസന്റെ ഭാര്യ റാണി അനുസ്മരിക്കുന്നത് ഇങ്ങനെ: ‘ഇടക്കൊച്ചിയിലെ വീട്ടിൽ ഞങ്ങൾ താമസിക്കുന്ന കാലം... ആ വീടിന്റെ പടിഞ്ഞാറുവശം പറമ്പാണ്. നല്ല കാറ്റുള്ള സ്ഥലം. അവിടെ മൂളിക്കൊണ്ടു നിൽക്കുകയായിരുന്നു. പെട്ടെന്ന് എന്നോട് ടേപ് റിക്കോർഡർ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. ഞാൻ കൊണ്ടുചെന്ന ഉടനെ അവിടെവച്ചുതന്നെ പാടി റിക്കോർഡ് ചെയ്തു. ആ ഈണമാണ് ഇന്നു കേൾക്കുന്ന ‘മോഹം കൊണ്ടു ഞാൻ.....’ എന്ന ഈണം.

S Janaki എസ്.ജാനകി



‘മോഹം കൊണ്ടു ഞാനിന് ജോൺസൺ അഞ്ച് ട്യൂണെങ്കിലും ഇട്ടിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. അതിൽനിന്നു ഞങ്ങൾ രണ്ടാളും കൂടിയാണ് ഈ ഈണം തിരഞ്ഞെടുത്തത്.’ സംവിധായകൻ ബാലചന്ദ്രമേനോൻ പറഞ്ഞു.
തന്റെ പ്രിയഗാനങ്ങളിലൊന്നായി ഗായകൻ എം.ജി.ശ്രീകുമാറും ഈ പാട്ട് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഓർക്കസ്ട്രേഷന്റെ പ്രത്യേകതയാണ് അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചത്.. ‘ഓർക്കസ്ട്രക്കാർക്കു തങ്ങളുടെ മികവു തെളിയിക്കാൻ വേണ്ടതെല്ലാം ഈ പാട്ടിനകത്ത് ജോൺസൺ ഒരുക്കിവച്ചിരിക്കുന്നു;’ ശ്രീകുമാർ പറയുന്നു.

bhas-balachandran പി.ബാലചന്ദ്രനോടൊപ്പം കോന്നിയൂർ ഭാസ്

‘ശേഷം കാഴ്ചയിൽ’ എന്ന ചിത്രത്തിൽ കോന്നിയൂർ ഭാസ് ഗാനരചയിതാവായ സാഹചര്യം സംവിധായകൻ ബാലചന്ദ്രമേനോൻ അനുസ്മരിക്കുന്നു: ‘ഞാൻ നാനയുടെ റിപ്പോർട്ടറായിരിക്കെ ചെന്നൈയിൽ നിന്ന് അയച്ചിരുന്ന മാറ്ററിന്റെയെല്ലാം പ്രൂഫ് നോക്കിയിരുന്നതു കൊല്ലത്തെ ഓഫിസിലെ ഭാസ് ആയിരുന്നു. നല്ല റിപ്പോർട്ടുകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഭാസ് നല്ലൊരു കവിയാണെന്നും നല്ല ഭാഷാജ്ഞാനം ഉണ്ടെന്നും എനിക്കു മനസ്സിലായി. അദ്ദേഹത്തിന് ഒരു അവസരം കൊടുക്കാൻ കഴി‍ഞ്ഞ ആദ്യ സന്ദർഭത്തിൽ തന്നെ ഞാൻ അതിനു മുതിരുകയായിരുന്നു. ‘മോഹം കൊണ്ടു ഞാൻ....’ ഭാസ് മനോഹരമാക്കി. കസെറ്റിൽ ഫില്ലറായാണ് ജയചന്ദ്രനെക്കൊണ്ടു പാടിച്ചത്. പക്ഷേ, അദ്ദേഹവും അത് ഉജ്വലമാക്കി. എന്റെ ‘കാര്യം നിസ്സാര’ത്തിലെ ‘കൺമണി പെൺമണിയേ...’ എന്ന സൂപ്പർഹിറ്റ് ഗാനവും രചിച്ചത് കോന്നിയൂർ ഭാസ് ആണ്.’

പക്ഷേ, പലപ്പോഴും മറ്റുള്ളവരുടെ പേരിൽ തന്റെ ഗാനങ്ങൾ അറിയപ്പെടുന്നതു സഹിക്കാനുള്ള വിധിയായിരുന്നു ഭാസിന്റേതെന്നു ബാലചന്ദ്രമേനോൻ പറയുന്നു. ‘അദ്ദേഹത്തിന്റെ ഹിറ്റുകളൊക്കെ ആളുകൾ ഒഎൻവിയുടെ പേരിലാണു ചാർത്തിക്കൊടുത്തത്. ഞാനും ഭാസും ഒന്നിച്ചിരുന്ന ഒരു വലിയ വേദിയിൽ അദ്ദഹത്തിന്റെ ‘അഹ’ത്തിലെ ‘നന്ദിയാരോടു ഞാൻ ചൊല്ലേണ്ടൂ...’ എന്ന ഗാനം ‘രചന– ഒഎൻവി’ എന്ന് അനൗൺസ് ചെയ്ത് അവതരിപ്പിക്കുന്നത് വേദനയോടെ കേട്ടിരുന്നിട്ടുണ്ട്. ഭാസിന്റെ മുഖത്തെ ദുഃഖവും നിരാശയും ഇന്നും മായാത്ത സങ്കടമായി എന്റെ മനസ്സിലുണ്ട്.’

ഗായകൻ ജയചന്ദ്രൻ വഴി സിനിമയിൽ എത്തിയ ജോൺസണ് അദ്ദേഹത്തോടുള്ള കടപ്പാട് വേണ്ടത്ര നിറവേറ്റാൻ കഴിഞ്ഞില്ല. മനഃപൂർവമല്ല, അക്കാല സിനിമയിലെ വാണിജ്യ സാഹചര്യങ്ങൾ അത്തരത്തിലായിരുന്നു. എന്നാൽ ജോൺസന്റെ അവസാനകാലത്തെ മികച്ച രണ്ടു പാട്ടുകൾ ജയചന്ദ്രനാണു പാടിയത്. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിലെ ‘വട്ടയില പന്തലിട്ട്...’, ‘ഒന്നുതൊടാൻ ഉള്ളിൽ തീരാമോഹം...’ എന്നിവ. ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ രണ്ടും അസ്സലാക്കി ജയചന്ദ്രൻ. അതിലേക്കു നയിച്ച സാഹചര്യം സംവിധായകൻ സത്യൻ അന്തിക്കാട് ഇങ്ങനെ വിവരിക്കുന്നു.:
‘ആയിടെ ഒരു ദിവസം മദ്രാസിലെ പോണ്ടിബസാറിൽ വച്ചു ഗായകൻ ജയചന്ദ്രനെ കണ്ടപ്പോൾ എന്നെ പിടിച്ചുനിർത്തി ചോദിച്ചു: ‘അവനെന്താ ഇപ്പോ എന്നെ പാടാൻ വിളിക്കാത്തെ?’ ജോൺസൺ സ്വന്തം അനിയനെപ്പോലെയാണ് ജയചന്ദ്രന് എന്നെനിക്കറിയാം. ജോൺസന്റെ കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞ വ്യക്തികളിൽ ഒരാളാണ് ജയചന്ദ്രൻ. സംഗീതഗുരുവായ ദേവരാജൻ മാഷിന് ജോൺസണെ പരിചയപ്പെടുത്തി സിനിമയിലേക്കുള്ള വാതിൽ തുറന്നുകൊടുത്തതും അദ്ദേഹമായിരുന്നു. ചീത്ത പറയാനും തല്ലാനും വരെ സ്വാതന്ത്ര്യമുണ്ട് ജയേട്ടന്. ‘അവനോടു പറയൂ ഞാനിവിടെയൊക്കെത്തന്നെയുണ്ടെന്ന്.’
പറഞ്ഞു.

കേട്ട ഉടനെ ഒരു കൊച്ചുകുട്ടിയായി മാറി ജോൺസൺ. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന അടുത്ത ചിത്രത്തിലെ രണ്ടു പാട്ടും പാടിയത് ജയചന്ദ്രനായിരുന്നു.’(കെ.കെ.വിനോദ്കുമാർ എഡിറ്റ് ചെയ്ത ‘പൊന്നുരുകും പൂക്കാലം’ എന്ന പുസ്തകത്തിൽനിന്ന്)
‘മോഹം കൊണ്ടു ഞാൻ...’ കഴിഞ്ഞാൽ ജയചന്ദ്രനു പ്രിയപ്പെട്ട ജോൺസൺ ഗാനം ഏതാണെന്നോ? ചമയം എന്ന ചിത്രത്തിനു വേണ്ടി ചിത്ര പാടിയ ‘രാജഹംസമേ...’. ആ ഗാനത്തെ ജയചന്ദ്രൻ വിലയിരുത്തുന്നത് ഇങ്ങനെ: ‘കൈതപ്രത്തിന്റെ വരികൾ എത്ര ഭംഗിയായാണ് ജോൺസൺ ഈണമിട്ടിരിക്കുന്നത്. എന്തു നല്ല ഓർക്കസ്ട്രേഷൻ! ചിത്ര അതിമനോഹരമായി പാടിയിരിക്കുന്നു. ജോൺസന്റെ നല്ല വ്യത്യസ്തതയുള്ള ഈണമാണത്. സത്യം പറഞ്ഞാൽ പാട്ടിന്റെ ലോകത്തെ സകലകലാവല്ലഭനായിരുന്നു ജോൺസൺ. മലയാളത്തനിമയുള്ള ജോൺസൺ പാട്ടുകൾ ഇനി ഉണ്ടാവില്ലല്ലോ...’ നല്ല പാട്ടിനെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും സങ്കടമാണ് ജയചന്ദ്രൻ പങ്കുവയ്ക്കുന്നത്.