Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സ് മനസ്സിന്റെ കാതിൽ...

bharanikkavu-sivakumar-song

ചിലരുടെ വിധി അങ്ങനെയാണ്. എത്ര നല്ല പാട്ടുകൾ എഴുതിയാലും വേണ്ടത്ര പരിഗണന കിട്ടില്ല. കാലം ചെല്ലുമ്പോൾ ഈ രചയിതാവു വിസ്മൃതിയിൽ ലയിക്കും. ഒന്നോ രണ്ടോ ഹിറ്റ് മാത്രം നൽകിയവർക്കും ഒരുപാട് എഴുതിയവർക്കും പൊതുവേ ഈ സ്ഥിതി വരാറില്ല. രണ്ടിനും മധ്യേയുള്ള ശ്രേണിയിൽ പെട്ടവരെയാണ് ഈ ഗതികേടു ഗ്രസിക്കുക. പി.ഭാസ്കരൻ, ഒഎൻവി, ശ്രീകുമാരൻ തമ്പി എന്നീ പ്രഗദ്ഭരോടു മത്സരിച്ചു ശ്രദ്ധനേടിയ ഭരണിക്കാവ് ശിവകുമാർ ഇങ്ങനെ മറവിയിലേക്കു മറയുന്നവരിൽ ഒരാളാണ്. ജനുവരി 24ന് അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഒരു പതിറ്റാണ്ടു കടന്നുപോയി.

ചോറ്റാനിക്കര അമ്മ (1976) എന്ന ചിത്രത്തിൽ ആർ.കെ.ശേഖർ സംഗീതം നൽകിയ ‘മനസ്സ് മനസ്സിന്റെ കാതിൽ  രഹസ്യങ്ങൾ മന്ത്രിക്കും മധുവിധുരാത്രി...’,  ‘കാമം ക്രോധം മോഹം’ (1975) എന്ന ചിത്രത്തിൽ ശ്യാമിന്റെ സംഗീതത്തിൽ ‘രാഗാർദ്ര ഹംസങ്ങളോ നമ്മൾ രാവിന്റെ രോമാഞ്ചമോ...’ തുടങ്ങിയ അദ്ദേഹത്തിന്റെ ഹിറ്റുകൾക്ക് ഇന്നും ആയിരക്കണക്കിന് ആവശ്യക്കാരുണ്ട്. 

മലയാളത്തിലെ ആദ്യ മഹാകാവ്യമെന്നു കരുതപ്പെടുന്ന ‘രാമചന്ദ്രവിലാസം’ രചിച്ച അഴകത്ത് പത്മനാഭക്കുറുപ്പിന്റെ കൊച്ചുമകനായ ശിവകുമാർ 

ദേവരാജൻ മാസ്റ്ററുടെ കളരിയിലാണ് ഹരിശ്രീ കുറിച്ചത്. 1973ൽ വിൻസെന്റ് സംവിധാനം ചെയ്ത ‘ചെണ്ട’യിലെ ‘പഞ്ചമിത്തിരുനാൾ....’ എന്ന ഗാനത്തിലൂടെ. ‘അറിവുള്ള എഴുത്തുകാരൻ’ എന്നു ദേവരാജൻ വിശേഷിപ്പിച്ചെങ്കിലും ഇരുവരും ഒരുമിച്ച് ഒരുപാടു ഗാനങ്ങൾ ഉണ്ടായില്ല. അക്കൽദാമ തൻ... (അക്കൽദാമ– ശ്യാം), സീമന്ത രേഖയിൽ... (ആശിർവാദം– എം.കെ.അർജുനൻ), ഗാഗുൽത്താ മലകളേ...(ജീസസ്– യേശുദാസ്), രാഗങ്ങളേ മോഹങ്ങളേ...(താരാട്ട്– രവീന്ദ്രൻ), മനസ്സിന്റെ അങ്കണപ്പൂവാതിൽ...(വേനൽക്കാലം– ആർ.സോമശേഖരൻ നായർ) തുടങ്ങിയ എത്രയോ നല്ല ഗാനങ്ങൾ ഭരണിക്കാവിന്റെ തൂലികയിൽ പിറന്നു. ഇന്നും നല്ല മെലഡികൾ ആസ്വദിക്കുന്നവർ യൂ ട്യൂബിൽ തിരയുന്ന ഗാനങ്ങളാണ് ഇവയിൽ ഏറെയും. ഒരുപക്ഷേ, ആരാണു രചയിതാവ് എന്നറിയുന്നില്ല എന്നു മാത്രം. 

സഭ്യതയുടെ അതിർവരമ്പ് ലംഘിക്കാൻ ഏറെ സാധ്യതയുള്ള ‘മധുവിധുരാത്രി’ എന്ന വിഷയം പ്രശംസനീയമായ കയ്യൊതുക്കത്തോടെ കൈകാര്യം ചെയ്തതാണ് ‘മനസ്സ് മനസ്സിന്റെ കാതിൽ...’ എന്ന ഗാനത്തിന്റെ സവിശേഷത. ആസ്വാദകർക്കുവേണ്ട വിഭവങ്ങളും രുചികളും ഒട്ടും ചോർന്നുപോയുമില്ല. ആകാശവാണിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ സംപ്രേഷണം ചെയ്യപ്പെട്ട ഗാനങ്ങളിലൊന്നാണ് ‘മനസ്സ് മനസ്സിന്റെ കാതിൽ....’ എന്ന പ്രത്യേകതയും ഉണ്ട്. 

ഈണമിട്ടു പാട്ടെഴുതുന്ന സമ്പ്രദായത്തിന്റെ  വിമർശകനായിരുന്ന ഇദ്ദേഹം ‘വേലിക്കെട്ടിനകത്തു നിൽക്കുന്ന ജീവിതം’ എന്നാണ് ആ രീതിയെ വിശേഷിപ്പിച്ചത്. 88 സിനിമയിലായി 264 പാട്ടുകൾ എഴുതിയ ഭരണിക്കാവിന് അർഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിച്ചില്ല. ശ്രദ്ധ പിടിച്ചുപറ്റുന്നതിനും ഗരിമ നിലനിർത്തുന്നതിനും വേണ്ട തന്ത്രങ്ങളൊന്നും ഇദ്ദേഹം പയറ്റിയുമില്ല. 

പാട്ടെഴുത്തിനു പുറമേ മലയാളരാജ്യം വാരിക, ഹിന്ദു ദിനപത്രം എന്നിവയിൽ ജോലി ചെയ്തു. സിനിമയിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഒട്ടേറെ നാടകങ്ങൾക്കും പാട്ടെഴുതി. മലയാളത്തിനു പുറമേ ഹിന്ദിയിലും തമിഴിലും അദ്ദേഹം രചനാപരിശ്രമങ്ങളിൽ ഏർപ്പെട്ടു. ഒരുകാലത്ത് ദൂരദർശന്റെയും ആകാശവാണിയുടെയും സ്ഥിരം ഗാനരചയിതാവായിരുന്നു.

ഇടക്കാലത്ത് സിനിമയുടെ സാങ്കേതിക രംഗത്തേക്കു കടന്ന് സംവിധാന സഹായി ആയി പ്രവർത്തിച്ചു. സ്വന്തമായി സിനിമ നിർമിക്കാൻ നടത്തിയ ശ്രമത്തെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ച അദ്ദേഹത്തെ ജീവിതാവസാനം വരെ പിന്തുടർന്നു. കടംവാങ്ങിയും ഭൂസ്വത്ത് വിറ്റും നിർമിച്ച ‘യമുന’ എന്ന ചിത്രം പുറത്തിറക്കാൻ കഴിഞ്ഞില്ല. സംവിധാനവും അദ്ദേഹം തന്നെയായിരുന്നു.

ദുർബലമനസ്കരെ സിനിമ എന്നും ചതിച്ചിട്ടേയുള്ളൂ. സൗഹൃദം എന്ന ദൗർബല്യം മുതലാക്കി അദ്ദേഹത്തിൽനിന്ന് എത്രയോ പേർ സൗജന്യമായി പാട്ട് എഴുതി വാങ്ങിക്കൊണ്ടുപോയി. പ്രതിസന്ധികളിൽ ഉഴലുമ്പോഴും ഒരാൾക്കും ഭരണിക്കാവ് തന്റെ രചനാവൈഭവം നിഷേധിച്ചില്ല. മധുവിധുവിന്റെ ഊഷ്മളത പോലെ ആ ഗാനങ്ങളും നമ്മുടെ ഓർമകളിലെ സുഗന്ധമായി എന്നുമുണ്ടാവും.