Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധ കാമുകന്റെ പാട്ട്

Author Details
Devi Nin Chiriyil

∙ മലയാള സിനിമയിലെ ആത്മീയ പ്രണയഗാനമാണ് ‘ദേവീ നിൻ ചിരിയിൽ...’

ഇത്ര വിശുദ്ധനായ ഒരു കാമുകനെ മറ്റൊരു മലയാള സിനിമാഗാനത്തിലും കാണാനാവില്ല. പ്രണയിനിയെ ഒരു തരത്തിലുള്ള ശാരീരിക മോഹങ്ങളോടെയും കാണാത്ത കാമുകൻ. ഒരു ശ്രീകോവിൽ തീർത്ത് അവളെ പ്രതിഷ്ഠിച്ചു പൂജിക്കാൻ ആഗ്രഹിക്കുന്നവൻ.

ഡോ. ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘രാജപരമ്പര’ (1977) എന്ന ചിത്രത്തിലെ ‘ദേവീ നിൻ ചിരിയിൽ...’ എന്ന ഗാനത്തിലാണ് ‘മാംസനിബദ്ധമല്ല രാഗം’ എന്നു വിശ്വസിക്കുന്ന ഈ കാമുകൻ. പ്രണയത്തെ ആത്മീയാനുഭവത്തിലേക്ക് ഉയർത്തിയ വ്യത്യസ്തമായ ഈ വരികൾ എഴുതിയത് കവി അപ്പൻ തച്ചേത്ത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയഗാനമാണു ‘ദേവീ നിൻ ചിരിയിൽ...’. എ.ടി. ഉമ്മറിന്റെ ചേതോഹരമായ സംഗീതത്തിൽ വരികളുടെ അർഥം ഉൾക്കൊണ്ട് അൽപ്പം ഒതുക്കിയാണ് ഈ ഗാനം യേശുദാസ് ആലപിച്ചിരിക്കുന്നത്. അവസാന ചരണത്തിലെ ‘സ്നേഹമയീ ഞാൻ കാത്തിരിപ്പൂ’ എന്ന വരിക്ക് അദ്ദേഹം നൽകിയിരിക്കുന്ന ഭാവം എടുത്തു പറയേണ്ടതു തന്നെ. ഗാനമേളകളിൽ ഈ വരിയിൽ ഗായകർ പതറി വീഴുന്നതു പതിവു കാഴ്ചയാണ്.

ദേവീ നിൻ ചിരിയിൽ...

നിത്യ വസന്തമായ ഈ ഗാനത്തിന്റെ രചയിതാവായ അപ്പൻ തച്ചേത്തിനെ അറിയുന്നവർ ഇന്നു ചുരുക്കം. ജീവിതത്തിലെ ഏറ്റവും മികച്ച ഗാനമായി ഇതു നെഞ്ചോടു ചേർത്തിരിക്കുന്നവർക്കുപോലും രചയിതാവിനെ അറിയില്ല എന്നു പറഞ്ഞ അനുഭവമുണ്ട്. പതിനൊന്നു സിനിമയ്ക്കേ ഇദ്ദേഹം പാട്ടെഴുതിയിട്ടുള്ളൂ. എല്ലാം മനോഹര രചനകളാണെങ്കിലും സൂപ്പർ ഹിറ്റ് ‘ദേവീ നിൻ ചിരിയിൽ’ മാത്രം. മലയാള സിനിമാ ഗാനങ്ങളിലെ കാമുകൻമാർക്കൊക്കെ സ്ത്രീയുടെ ശരീരത്തിലാണു കണ്ണ്. നിത്യരോമാഞ്ചങ്ങൾ കുത്തുന്ന കുമ്പിളിൽ ഒരു നുള്ളു കൊടുക്കാൻ കൈ തരിച്ചു നിൽക്കുന്ന കാമുകനാണ് വയലാറിന്റേത്. കാമുകിയുടെ തിങ്കളാഴ്ച നോമ്പ് മുടക്കുമെന്നും ഇളനീർക്കുടം ഉടയ്ക്കുമെന്നും വെല്ലുവിളിക്കുന്നു അവൻ.

പാതിരാക്കാറ്റ് വരുമ്പോൾ കാമുകിയുടെ പട്ടുറുമാല് ഇളകുന്നതാണു പി.ഭാസ്കരന്റെ കാമുകൻ സ്വപ്നം കാണുന്നത്.. കാമുകിയെ പൂക്കുന്ന കടമ്പാക്കുകയും ഇടവപ്പാതിക്കു വിയർപ്പിക്കുകയും ചെയ്യുന്നവനാണ് ശ്രീകുമാരൻ തമ്പിയുടെ കാമുകൻ. പാവാട പ്രായത്തിൽ കണ്ട താമരമൊട്ടിൽ ദാവണി പ്രായത്തിൽ തേൻനിറഞ്ഞുവെന്നു കണ്ടെത്തി യൂസഫലിയുടെ കാമുകൻ. തരള കപോലങ്ങൾ നുള്ളി നോവിക്കാതെ, തഴുകാതെയാണു നിൽപ്പെങ്കിലും പ്രണയിനിയുടെ ശരീരത്തിൽത്തന്നെയാണു ഒഎൻവിയുടെ കാമുകന്റെയും നോട്ടം.

Devi Nin Chiriyil

പക്ഷേ, അപ്പൻ‌ തച്ചേത്തിന്റെ കാമുകൻ വിശുദ്ധനാണ്.

‘ചിത്രവർണാങ്കിത ശ്രീകോവിലിൽ ഞാൻ

നിത്യസിംഹാസനം നിനക്കായ് തീർത്തു

സ്നേഹോപാസനാ മന്ത്രവുമോതി

സ്നേഹമയീ ഞാൻ കാത്തിരിപ്പൂ’

കാമുകിക്കായി തീർക്കുന്ന ശ്രീകോവിലിൽ നിത്യ സിംഹാസനമാണു കാമുകൻ ഒരുക്കിയിരിക്കുന്നത്. തന്റെ പ്രണയം എക്കാലത്തേക്കുമുള്ളതാണെന്ന ‘നിത്യസിംഹാസനം’ എന്ന പ്രയോഗത്തിലെ ധ്വനി ആർക്കുമൊന്നു രസിക്കും. ദേവിയെ പ്രതിഷ്ഠിച്ചുകഴിഞ്ഞാലോ, പിന്നെ മന്ത്രോച്ചാരണമായി– സ്നേഹോപാസനാമന്ത്രം. സ്നേഹമയിയായ ദേവി അതു സ്വീകരിക്കുകതന്നെ ചെയ്യും. ‘മലയാള ഗാനശാഖയിൽ രചനയുടെ ഔന്നത്യം സൂക്ഷിക്കുന്ന ഗാനം’ എന്നാണ് ഈ പാട്ടിനെ ഗാനനിരൂപകൻ ടി.പി. ശാസ്തമംഗലം വിശേഷിപ്പിച്ചത്. കൊച്ചു പദങ്ങൾകൊണ്ടു പാട്ടെഴുതുന്നതിൽ തച്ചേത്തു കാണിച്ച പാടവം ശ്രദ്ധേയമാണ്.

ജേസി സംവിധാനം ചെയ്ത ‘സിന്ദൂരം’ (1976) എന്ന ചിത്രത്തിൽ അഞ്ചു ചെറുപ്പക്കാർക്കാണു ഗാനരചനയ്ക്ക് അവസരം നൽകിയത്. സത്യൻ അന്തിക്കാട് (ഒരു നിമിഷം തരൂ), ഭരണിക്കാവ് ശിവകുമാർ (സിന്ദൂരപുഷ്പവന ചകോരം), കോന്നിയൂർ ഭാസ് (വൈശാഖ യാമിനി), ശശികലാ മേനോൻ (യദുകുലമാധവ) എന്നിവരെക്കൂടാതെ അപ്പൻ തച്ചേത്തിനും അവസരം കിട്ടി. ഇദ്ദേഹം എഴുതിയ

‘കാഞ്ചനത്താരകൾ കണ്ണുകൾ ചിമ്മി

കരളിലെ പൂവനം കസ്തൂരി ചാർത്തി

കടലും കരയും പതിവായെന്നും

കളിയും ചിരിയും തുടരും രാവിൽ’ രചനാഗുണം കൊണ്ടും യേശുദാസിന്റെ ആലാപനമികവുകൊണ്ടും ശ്രദ്ധേയമായി.

എറണാകുളം എളങ്കുളം തച്ചേത്ത് നീലകണ്ഠ മേനോന്റെ തൂലികാനാമമാണ് അപ്പൻ തച്ചേത്ത്. അൻപതോളം കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. രാജാങ്കണം, സിന്ദൂരം, ബീന, രാജപരമ്പര, രണ്ടു മുഖങ്ങൾ, ഹോമകുണ്ഡം, മിടുക്കി പൊന്നമ്മ, മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവ്, വരവായ്, പുരസ്കാരം, രണ്ടു പെൺകുട്ടികൾ എന്നീ സിനിമകൾക്കു ഗാനരചന സിനിമകൾ.

‘ഗാനങ്ങളെക്കാൾ കവിതകളിലാണ് എഴുത്തുകാരന് ആനന്ദം അനുഭവിക്കാൻ കഴിയുന്നത്’ എന്ന പക്ഷക്കാരനായിരുന്നു തച്ചേത്ത്.

Appan Thachethu അപ്പൻ തച്ചേത്ത്.

കാൽപ്പനികതയുട ആരാധകനായിരുന്ന ഇദ്ദേഹത്തിന്റെ ജീവിതം സുഖലോലുപതയുടേതായിരുന്നില്ല. ‘തകർന്നടിഞ്ഞൊരു നായർ തറവാടിന്റെ വെളിച്ചം മങ്ങിയ നാലുകെട്ടിലാണു ഞാൻ പിറന്നത്’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ ജീവിതാനുഭവങ്ങൾ ഉള്ളതുകൊണ്ടാവണം

‘കണ്ണുനീർ മുത്തുകൾ–

ക്കെഴുതാൻ കഴിയാത്ത

കരളിലെ കദനത്തെ

സ്ത്രീയാക്കി ദൈവം’

എന്ന തത്വചിന്താപരമായ വരികൾ ഇദ്ദേഹം എഴുതിയത്. (ചിത്രം: ഹോമകുണ്ഡം) എങ്കിലും, കാൽപ്പനികതയില്ലെങ്കിൽ കവിതയില്ലെന്ന് വിശ്വസിച്ചിരുന്ന ഇദ്ദേഹം പി. കുഞ്ഞിരാമൻ നായരുടെ കവിതകളുടെ ആരാധകൻ ആയിരുന്നു.

‘മനസ്സിലെ തുളസി തീർഥക്കരയിൽ

തപസ്സിരുന്നൊരെൻ മോഹം

നിൻദിവ്യ നൂപുര ധ്വനിയിലുണർന്നു

നിർമല രാഗാർദ്രഭാവമായ് തീർന്നു’

എന്നെഴുതാൻ ഒരേ സമയം കാൽപ്പനികതയും ആത്മീയതയും ഭരിക്കുന്ന മനസ്സിനേ കഴിയൂ.

ആശാൻ കവിതാ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

പാട്ടിൽ ‘ചിത്രവർണാങ്കിത ശ്രീകോവിൽ’ തീർത്ത അപ്പൻ തച്ചേത്ത് യഥാർഥ ജീവിതത്തിലും സുന്ദരമായ ശ്രീകോവിൽ ഉണ്ടാക്കിയിട്ടുണ്ട്. ഏതാണെന്നോ? ഡൽഹിയിൽ രൂപഭംഗിയുടെ കാവ്യാനുഭവമായ സാക്ഷാൽ ‘ലോട്ടസ് ടെംപിൾ’! ഇതിന്റെ നിർമാണ സംഘത്തിലെ ക്വാളിറ്റി കൺട്രോൾ എൻ‌ജിനിയർ ആയിരുന്നു ഇദ്ദേഹം.

ലാർസൺ ആൻഡ് ടൂബ്രോ കമ്പനിയുടെ സീനിയർ എൻജിനീയർ ആയിരുന്ന അപ്പൻ തച്ചേത്ത് അബുദാബി രാജ്യാന്തര വിമാനത്താവളം, ചെന്നൈയിലെ ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം തുടങ്ങി പ്രശസ്തമായ ഒട്ടേറെ നിർമിതികൾക്കു മേൽനോട്ടം വഹിച്ചിട്ടുണ്ട്. 2011 ജൂലൈ രണ്ടിന് ഇദ്ദേഹം നമ്മെ കടന്നുപോയി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.