Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഈ വരികൾക്കു ഞാൻ സംഗീതം ചെയ്യില്ല’

Ilayaraja, Gireesh Puthenchery ഇളയരാജയോടൊപ്പം ഗിരീഷ് പുത്തഞ്ചേരി

‘ഇതെന്റെ സംസ്കാരത്തിനു ചേർന്നതല്ല. ഈ വരികൾക്കു സംഗീതം നൽകാൻ എന്നെ കിട്ടില്ല.’ ഇളയരാജ പൊട്ടിത്തെറിച്ചു.

‘ഇത്ര അശ്ലീലം നിറഞ്ഞ പാട്ടിനു ഞാൻ സംഗീതം ചെയ്യില്ല. വരികൾ പൂർണമായി മാറ്റിയെഴുതുകയാണെങ്കിൽ മാത്രം ഞാൻ ഈണം നൽകാം.’ അദ്ദേഹം നിലപാട് കടുപ്പിച്ചു.

‘ഒരക്ഷരം മാറ്റി എഴുതുന്ന പ്രശ്നമില്ല’ ഇളയരാജയോടു ഗിരീഷ് പുത്തഞ്ചേരി തുറന്നടിച്ചു.

‘ഇതിൽ അശ്ലീലമൊന്നുമില്ല. ഇതു താങ്കൾ വിചാരിക്കുന്നതുപോലെ സ്ത്രീ വർണനയല്ല, പ്രകൃതി വർണനയാണ്. അല്ലെങ്കിൽ ഇതു കേട്ടു നോക്കൂ...’ പുത്തഞ്ചേരി ഏതാനും സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി. ‘ഇതിന്റെ മലയാളമാണ് എന്റെ വരികൾ. ശുദ്ധമായ പ്രകൃതി വർണന...’

ഇടഞ്ഞു നിന്നിരുന്ന ഇളയരാജയുടെ മുഖം പെട്ടെന്നു വിസ്മയംകൊണ്ടു വികസിച്ചു. ‘ഇത്ര െചറുപ്രായത്തിൽ നിങ്ങൾ ഈ സംസ്കൃതമൊക്കെ എങ്ങനെ പഠിച്ചു?’ പുത്തഞ്ചേരിയുടെ പിതാവ് വൈദ്യനും മാതാവ് സംസ്കൃത വിദുഷിയുമാണ്. ഗീരീഷ് ചെറുപ്പം മുതലേ സംസ്കൃതം അഭ്യസിച്ചിരുന്നു. പാട്ടുകളിൽ തന്റെ സംസ്കൃതജ്‍ഞാനം അപ്പടി ഉപയോഗിച്ചിട്ടില്ല എന്നേയുള്ളൂ. ഇളയരാജയോട് വിനീതനായി പുത്തഞ്ചേരി പറഞ്ഞു.

‘പാരമ്പര്യമായി പകർന്നു കിട്ടി. ഞാനൊരു ഇടക്കാല സൂക്ഷിപ്പുകാരൻ മാത്രം.’ ‘ഇടക്കാല സൂക്ഷിപ്പുകാരനല്ല, ദീർഘകാല സൂക്ഷിപ്പുകാരനാവണം താങ്കൾ’ ഇളയരാജ പറഞ്ഞു.

ഒരു അക്ഷരംപോലും മാറ്റാതെ ആ വരികൾക്ക് ഇളയരാജ ഈണം നൽകി പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി (1996) എന്ന ചിത്രത്തിലെ

‘ചെമ്പൂവേ... പൂവേ...

നിറമാറത്തെ

ചെണ്ടേലൊരു

വണ്ടുണ്ടോ...’

എന്ന ഗാനം പിറന്നത് അങ്ങനെയാണ്. (ആലാപനം: എം.ജി. ശ്രീകുമാർ, ചിത്ര) പുത്തഞ്ചേരി എഴുതിയത് ഏത് ഉദ്ദേശ്യത്തോടെ ആയാലും, പ്രിയദർശൻ ആ പാട്ട് ചിത്രീകരിച്ചത് സ്ത്രീവർണനയായിത്തന്നെയാണ്. മോഹൻലാലും തബുവും ഇഴുകിച്ചേർന്നഭിനയിച്ച, അഴകളവുകൾ വ്യക്തമാക്കിയ ഗാനരംഗം.

‘ചിരിച്ചിലമ്പുലഞ്ഞു

ചമയങ്ങളഴിഞ്ഞു

കടത്തില തളത്തിൽ

നിലവിളക്കണഞ്ഞു...

മിഴികൊണ്ട്

മിഴികളിലുഴിയുമോ’

എന്ന വരികൾ കേൾക്കുമ്പോൾ ഇളയരാജയുടെ സന്ദേഹത്തിന്റെ പക്ഷത്തുനിൽക്കാനേ സാധാരണ ആസ്വാദകർക്കു കഴിയൂ.

പ്രകൃതി വർണന എന്നതിനേക്കാൾ വരികൾ ചേരുന്നത് മനുഷ്യന്റെ പ്രണയത്തിനുതന്നെ. ‘നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ...’ എന്ന പല്ലവിയിലെ വരികളിൽ രതിഛായ സ്പഷ്ടമാണുതാനും.

നമുക്ക് ഇങ്ങനെയൊക്കെ ആലോചിച്ചു രസിക്കാൻ വക തന്നിട്ട് പുത്തഞ്ചേരി കടന്നുപോയി, ‘വിജ്ഞാനത്തിന്റെ ദീർഘകാല സൂക്ഷിപ്പുകാരനാവണം’ എന്ന ഇളയരാജയുടെ ആശംസ നിറവേറ്റാതെ.

പ്രതിഭകളുടെ അകാല വിയോഗത്തെപ്പറ്റി തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞ വാക്കുകൾ മനസ്സിൽ വരുന്നു: ‘ചൈതന്യസ്വരൂപങ്ങളായ ജീവിതങ്ങൾ എളുപ്പം സമയതീരങ്ങൾ കടന്നുപോകും.’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.