Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർകൂന്തൽ കെട്ടിലെന്തിന് വാസനത്തൈലം

thikkurussi

ഒരു നൂറു വർഷംകൂടി കഴിഞ്ഞ് ഇന്നത്തെ എത്ര സൂപ്പർ താരങ്ങൾ ഓർമിക്കപ്പെടും? ആരുടെ കാര്യത്തിലും അത്ര ഉറപ്പു പോര. പക്ഷേ, അന്നും തിക്കുറിശ്ശി തീർത്തും മാഞ്ഞുപോകില്ല. കാരണം, അദ്ദേഹത്തിന്റെ സംഭാവനകൾ അഭിനയത്തിൽ മാത്രമായിരുന്നില്ല. 

സ്വർണം പവന് 50 രൂപ വിലയുണ്ടായിരുന്ന കാലത്ത് പ്രതിമാസം 10,000 രൂപ പ്രതിഫലം വാങ്ങിയിരുന്ന തിക്കുറിശ്ശി അസൂയാർഹമാം വിധം ബഹുമുഖ പ്രതിഭയായിരുന്നു. എഴുനൂറിലേറെ സിനിമകളിൽ അഭിനയം, നൂറിലേറെ ഗാനങ്ങൾ, ഏഴ് സിനിമ സംവിധാനം, ഏഴ് സിനിമയ്ക്കു തിരക്കഥയും സംഭാഷണവും... അങ്ങനെ ഒട്ടേറെ സംഭാവനകൾ. കാലം കടന്നുപോകെ മറ്റെല്ലാ മേഖലയിലെ സംഭാവനകൾ മൺമറഞ്ഞുപോയാലും അദ്ദേഹം രചിച്ച ഗാനങ്ങൾ മലയാളിയുടെ നാവിൻതുമ്പിൽ ഉണ്ടാവും. ഇനി എല്ലാ പാട്ടുകളും മറന്നുപോയി എന്നിരിക്കട്ടെ എന്നിരുന്നാലും, ഈ ഗാനം ഒരിക്കലും മലയാളി ഉപേക്ഷിക്കില്ല. അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഉർവശി ഭാരതി’ (1973) എന്ന ചിത്രത്തിലെ

‘കാർകൂന്തൽ കെട്ടിലെന്തിനു വാസനത്തൈലം

നിന്റെ വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം

മാനഞ്ചും കണ്ണിലെന്തിനൊരഞ​്ജനക്കൂട്ട് നിന്റെ

തേൻചോരും ചുണ്ടിലെന്തേ 

ചെമ്പരത്തിപ്പൂമൊട്ട്..’

ഖരഹരപ്രിയ രാഗത്തിൽ ദക്ഷിണാമൂർത്തിയുടെ സുഭഗസംഗീതം നൽകിയ ചാരുതകൂടി ചേർന്നു നിത്യഹരിതമായ ഗാനം. മുടി, നെറ്റി, കണ്ണ്, ചുണ്ട്... എന്നിങ്ങനെ പടിപടിയായി താഴേക്കു പോവുന്ന സ്ത്രീ വർണന. ഈ ക്രമത്തിൽ സുന്ദരിയെ വർണിക്കുന്ന മറ്റൊരു മനോഹരഗാനം മലയാള സിനിമയിലില്ല. അതുതന്നെയാണ് ഈ പാട്ടിന്റെ അനന്യതയും. 

മറ്റൊരു സൂക്ഷ്മതയും ഈ പാട്ടിന്റെ രചനയിൽ കാണാം. പാട്ട് പുരോഗമിക്കുന്നതനുസരിച്ച് സുന്ദരി നായകനിൽ ചെലുത്തുന്ന സ്വാധീനത്തിലും വ്യത്യാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പല്ലവിയിലും അനുപല്ലവിയിലും അവളുടെ സൗന്ദര്യം നായകൻ ആസ്വദിക്കുന്നു, ആരാധിക്കുന്നു. ആദ്യചരണത്തിൽ എത്തുമ്പോഴേക്ക് അയാളുടെ മനസ്സ് പിടിവിടാൻ തുടങ്ങുന്നു. ‘നിന്റെ നെഞ്ചിലൊന്നു നോക്കിപ്പോയാൽ കണ്ണിനു തേരോട്ടം...’ എന്ന തിക്കുറിശ്ശി ടച്ച്.

അടുത്ത ചരണത്തിൽ എത്തുന്നതോടെ അവളുടെ ‘നെന്മേനി വാകപ്പൂ’ പോലുള്ള മേനിയുടെ സൗന്ദര്യത്തിൽ സ്വയം നഷ്ടപ്പെടുകയാണ് കാമുകൻ. ‘മാരിവില്ലേ മായല്ലേ നീയെന്റെ സ്വന്തം’ എന്നയാൾ പ്രഖ്യാപിക്കുന്നു, തന്റെ സൗന്ദര്യസാമ്രാജ്യത്തിന്റെ റാണിയായി സുന്ദരിയെ പ്രതിഷ്ഠിക്കുന്നു.

തിരുവനന്തപുരത്തിനടുത്തു തിക്കുറിശ്ശി ഗ്രാമത്തിൽ ജനിച്ച സുകുമാരൻ നായർ സ്കൂൾ പഠനകാലത്തേ സാഹിത്യത്തിലും കലകളിലും തത്പരനായിരുന്നു. കവിതയെഴുത്തും നാടകരചനയുമായിരുന്നു പ്രധാന മേഖലകൾ. 20ാം വയസ്സിൽ ‘കെടാവിളക്ക്’ എന്ന കവിതാസമാഹാരം പുറത്തിറക്കി. 1950ൽ ‘സ്ത്രീ’ എന്ന സ്വന്തം നാടകം സിനിമയായപ്പോൾ (സംവിധാനം– ആർ.വേലപ്പൻ നായർ) തിരക്കഥയും ഗാനങ്ങളുമെഴുതി അതിലെ അഭിനേതാവായും മലയാള സിനിമയിൽ എത്തിയ അദ്ദേഹം നായകനായ ‘ജീവിതനൗക’ (1951)യിലൂടെ സൂപ്പർ സ്റ്റാറായി.  മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രവുമായി ‘ജീവിതനൗക’.

നടനെന്ന നിലയിൽ സജീവമായിട്ടും അക്ഷരങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘സുഖം സുഖകരം’ എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു അവസാന രചന. മഹാനായ അന്ധസംഗീതസംവിധായകൻ രവീന്ദ്ര ജെയ്ൻ മലയാളത്തിൽ ചെയ്ത അവസാന സിനിമകൂടിയായിരുന്നു അത്.

കാർകൂന്തലിനു പുറമെ ഒട്ടേറെ മികച്ച ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘പൂജാപുഷ്പം’ സിനിമയിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ‘കസ്തൂരിപ്പൊട്ടു മാഞ്ഞ...’, വിരലുകളില്ലാത്ത വിദ്വാന്റെ കയ്യിൽ...,  എം.കെ. അർജുനന്റെ സംഗീതത്തിൽ ‘ബലൂൺ’ സിനിമയിൽ ‘പൂമെത്തപ്പുറത്തു ഞാൻ’ എന്നിങ്ങനെ പലതുണ്ട് പട്ടികയിൽ. സർവകാല ഹിറ്റായത് ‘കാർകൂന്തൽ...’ ആണെന്നു മാത്രം.

നൂറോളം ഗാനങ്ങിൽ 41ഉം സംഗീതം നൽകിയത് ദക്ഷിണാമൂർത്തിയാണെന്ന സവിശേഷത കൂടിയുണ്ട്. ബാബുരാജ്, എൽ.പി.ആർ.വർമ, ചിദംബരനാഥ്, ടി.ആർ.പാപ്പ, എം.ബി.ശ്രീനിവാസൻ, എം.ജി.രാധാകൃഷ്ണൻ, ടി.പത്മൻ, കണ്ണൂർ രാജൻ തുടങ്ങിയവരും തിക്കുറിശ്ശിയുട വരികൾക്ക് ഈണം നൽകിയിട്ടുണ്ട്.

അവസാന ശ്വാസംവരെ സിനിമയിൽ ജീവിച്ച തിക്കുറിശ്ശി പത്മശ്രീ അടക്കം ഇരുനൂറ്റൻപതോളം പുരസ്കാരം നേടി. സിനിമാ സെറ്റുകളെ നിമിഷ കവിതകൾകൊണ്ട് ഉല്ലാസഭരിതമാക്കിയിരുന്ന ഈ കാരണവർക്ക് മറ്റാർക്കുമില്ലാത്ത ഒരു വലിയ ബഹുമതികൂടിയുണ്ട്. ഒരുപിടി കലാകാരന്മാർക്ക് സിനിമയിൽ ഉപയോഗിക്കാനുള്ള പേരു നൽകിയത് ഇദ്ദേഹമാണ്. പ്രേം നസീർ (അബ്ദുൽ ഖാദർ), മധു (മാധവൻ നായർ), ജോസ് പ്രകാശ് (കെ.ബേബി ജോസഫ്), ബഹദൂർ (കുഞ്ഞാലി), കുതിരവട്ടം പപ്പു (പത്മദളാക്ഷൻ) തുടങ്ങി എത്രയോ പേർക്കു ഭാഗ്യം കൊണ്ടുവന്ന പേരച്ഛൻ!

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.