Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലയുടെ നാടേ മലനാടേ

90-SREEKUMARAN-THAMPI-8-col-new

കേരളത്തിന്റെ സൗന്ദര്യം വർണിച്ച് ഒരുപാടു നല്ല ഗാനങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കലാകേരളത്തിന്റെ കഥ പറഞ്ഞ ഒരു പാട്ടേ നമുക്കുള്ളൂ. ശ്രീകുമാരൻ തമ്പിയുടെ തൂലികയിൽ വിരിഞ്ഞ 

‘കാവ്യനർത്തകീ ചിലമ്പൊലി 

ചാർത്തിയ കലയുടെ നാടേ മലനാടേ’ (യേശുദാസ്, പി. ലീല) 

1970ൽ ടി.ഇ.വാസുദേവൻ നി‍ർമിച്ച് എ.ബി.രാജ് സംവിധാനം ചെയ്ത ‘ലോട്ടറി ടിക്കറ്റ്’ എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീതം. വാണിജ്യാടിസ്ഥാനത്തിൽ ചെയ്ത ഒരു സിനിമയിൽ ഇങ്ങനെ ‘കനപ്പെട്ട’ ഒരു പാട്ട് ഉൾപ്പെടുത്തിയതിനെപ്പറ്റി തമ്പി പറയുന്നു. ‘നിർമാതാവ് ടി.ഇ.വാസുദേവൻ എനിക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. സംഘനൃത്ത രംഗത്തിനു പശ്ചാത്തലമായ ഗാനം മലയാളത്തിലെ കാവ്യകലകളെപ്പറ്റിയുള്ള വർണന ആയിരിക്കട്ടെ എന്ന് ഞാൻ നിശ്ചയിക്കുകയായിരുന്നു. കലകളുടെ ചരിത്രം പാട്ടിന് ഇതിവൃത്തമാക്കിയതിൽ വാസുദേവൻ എന്നെ അഭിനന്ദിക്കുകയും ചെയ്തു. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കുന്നയാളായിരുന്നു സംവിധായകൻ എ.ബി.രാജ്. പാട്ട് ചിത്രീകരിച്ചപ്പോൾ പോലും രചയിതാവിന്റെ നിർദേശങ്ങൾ കൂടി അദ്ദേഹം തേടിയിരുന്നു. ഇന്നത്തെ നിർമാതാക്കളിൽനിന്നും സംവിധായകരിൽനിന്നും തകിച്ചും വിഭിന്നരായിരുന്നു അവരൊക്കെ.’ 

മോഹനിയാട്ടം, കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, രാമനാട്ടം, കഥകളി, തുള്ളൽ തുടങ്ങിയ എല്ലാ ദൃശ്യകലകളും ഈ പാട്ടിൽ തമ്പി പരാമർശിക്കുന്നു. വെറുതേ കലകളുടെ പേരു പറഞ്ഞുപോവുകയല്ല, അവയുടെ ചരിത്രവും സ്വഭാവവുമെല്ലാം ചലച്ചിത്രഗാനത്തിന്റെ പരിമിതിക്കകത്തുനിന്ന് ആവിഷ്കരിച്ചിരിക്കുന്നു. കൃഷ്ണനാട്ടം, രാമനാട്ടം എന്നിവയിൽനിന്നു കഥകളി രൂപപ്പെട്ടുവന്ന ചരിത്രം, 

‘പരിഹാസത്തിൻ മധുരത്തിൽ 

കഥ പാടിത്തുള്ളീ കുഞ്ചൻ നമ്പ്യാർ’ 

എന്ന വരിയിൽ തുള്ളൽപ്രസ്ഥാനം ആരംഭിച്ചതിനു പിന്നിലെ നമ്പ്യാരുടെ ഒരു രാത്രിവാശിയുടെ കഥ തമ്പി ഒതുക്കിയിരിക്കുന്നതിന്റെ കയ്യടക്കം തുടങ്ങിയവയെല്ലാം ഈ പാട്ടിനെ കാലാതിവർത്തിയാക്കുന്നു. 

‘അഷ്ടപദിയാട്ടമാണു കഥകളിയുടെ ആദിരൂപം. അത് വരികളുടെ പരിമിതിമൂലം എനിക്ക് ഉൾപ്പടുത്താൻ കഴി‍ഞ്ഞില്ല.’ തമ്പി സങ്കടം പങ്കുവയ്ക്കുന്നു. കോട്ടയം തമ്പുരാനെയും ഇരയിമ്മൻ തമ്പിയെയും പരാമർശിച്ച തമ്പി ‘നളചരിതം’ എഴുതിയ ഉണ്ണായി വാരിയരെ ഒഴിവാക്കിയതെന്ത്? ‘സാഹിത്യരൂപം എന്ന നിലയിൽ നളചരിതം ഒന്നാംതരമാണെങ്കിലും ദൃശ്യകല എന്ന നിലയിൽ നളചരിതം അത്ര മികച്ചതല്ല. കലാമണ്ഡലത്തിൽ പോലും ആദ്യകാലത്ത് നളചരിതം പഠിപ്പിച്ചിരുന്നില്ല. അതുകൊണ്ടാണ് ഉണ്ണായി വാരിയരെ ഒഴിവാക്കിയത്.’ അദ്ദേഹം പറയുന്നു. 

വെറുതേ ചില പേരുകൾ കൊണ്ട് നടത്തിയ കസർത്തായിരുന്നില്ല തമ്പിക്കു പാട്ടെഴുത്ത്, മറിച്ചു വ്യക്തമായ ഗവേഷണം അതിനു പിന്നിൽ ഉണ്ടായിരുന്നു. കർമം ധ്യാനമായി കാണുന്ന ഇത്തരം എഴുത്തുകാരെ നാം സ്നേഹിച്ചുപോവുക സ്വാഭാവികം. 

മലയാള ചലച്ചിത്രഗാനങ്ങളിൽ കേരളം, മലയാളം, കേരളകലകൾ എന്നീ വിഷയങ്ങൾ ഏറ്റവും ചാരുതയോടെ കൈകാര്യം ചെയ്തതു ശ്രീകുമാരൻ തമ്പിയാണ്. മിനിമോൾ (1977) എന്ന ചിത്രത്തിൽ അദ്ദഹം എഴുതി ദേവരാജൻ സംഗീതം നൽകിയ 

‘കേരളം കേരളം 

കേളികൊട്ടുയരുന്ന കേരളം 

കേളീകദംബം പൂക്കും കേരളം 

കേരകേളീ സദനമാമെൻ കേരളം’ എന്ന ഗാനത്തോളം പ്രശസ്തി മറ്റൊരു കേരളഗാനത്തിനും ഇന്നോളം കിട്ടിയിട്ടില്ല. പാട്ടുപിറന്ന കഥ അദ്ദേഹം പറയുന്നു: ‘പ്രത്യേക നിഷ്കർഷയൊന്നും ഇല്ലായിരുന്നു. ഒരു നല്ല പാട്ടു വേണമെന്നേ സംവിധായകൻ ശശികുമാർ പറഞ്ഞുള്ളൂ. കാലാതീതമായ ഒരു പാട്ടെഴുതാനുള്ള അവസരമായാണു ഞാനതു കണ്ടത്. വരികൾ ദേവരാജനു വലിയ സന്തോഷമായി. കേൾവിക്കാരെ എളുപ്പത്തിൽ ആകർഷിക്കുന്ന ശങ്കരാഭരണം രാഗത്തിൽ അദ്ദേഹം ഈണം നൽകി. ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമായി ഈ ഗാനം. എവിടെയെല്ലാം മലയാളിയുണ്ടോ, അവിടെയെല്ലാം ഈ ഗാനം എന്നും ജീവിക്കും.’ 

‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ് 

മലർമേഘത്തിര നീന്തും നഭസ്സ്’ (ബന്ധുക്കൾ ശത്രുക്കൾ–1993– യേശുദാസ്) 

എന്നും 

‘മലയാളഭാഷ തൻ മാദകഭംഗി നിൻ 

മലർമന്ദഹാസമായ് വിരിയുന്നു 

കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിൻ 

പുളിയിലക്കരമുണ്ടിൽത്തെളിയുന്നു’ (പ്രേതങ്ങളുടെ താഴ്‌വര– ദേവരാജൻ– പി.ജയചന്ദ്രൻ. ) എന്നും എഴുതിയതു മറ്റാരുമല്ല. 

എന്തേ ‘മാദകം’ എന്ന വാക്ക് ഉപയോഗിച്ചത്? ‘മലയാളം മാദമകമായതുകൊണ്ടുതന്നെ. ഇത്രത്തോളം മദം തരുന്ന ഏതു ഭാഷയാണുള്ളത്? വഞ്ചിപ്പാട്ട് എടുക്കൂ, ആട്ടക്കഥകൾ നോക്കൂ, കവിതകൾ പരിശോധിക്കൂ... മലയാളത്തോളം നമ്മെ മദിപ്പിക്കുന്ന മറ്റേതു ഭാഷയാണുള്ളത്?’ തമ്പി ചോദിക്കുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.