Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടുകുറിഞ്ഞി പൂവും ചൂടി

pj പി ജയചന്ദ്രൻ

സ്ത്രീസൗന്ദര്യവർണനയാണു നമ്മുടെ ചലച്ചിത്രഗാനങ്ങളിൽ വലിയൊരു പങ്കും. എന്നാൽ, സ്ത്രീയുടെ കോപത്തെയും നാണത്തെയും ഏറ്റവും നന്നായി വിശേഷിപ്പിച്ച മലയാള സിനിമാഗാനം ഏതായിരിക്കും.?

‘കോപിക്കാറില്ല, പെണ്ണു കോപിച്ചാൽ ഈറ്റപ്പുലി പോലെ നാണിക്കാറില്ല, പെണ്ണു നാണിച്ചാൽ നാടൻപിട പോലെ’

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘രാധ എന്നെ പെൺകുട്ടി’(1979) എന്ന സിനിമയിൽ ശ്യാമിന്റെ സംഗീതത്തിൽ പി. ജയചന്ദ്രൻ പാടിയ

കാട്ടുക്കുറിഞ്ഞി പൂവും ചൂടി

സ്വപ്നംകണ്ടു മയങ്ങും പെണ്ണ്...

എന്ന ഗാനം. ഒരു നാടൻ പെണ്ണിന്റെ ഭാവപ്പകർച്ചകളെ ഇത്ര സ്വാഭാവികതയോടെ വർണിച്ചിരിക്കുന്ന മറ്റൊരു ഗാനം പിൽക്കാലത്തൊന്നും പിറന്നില്ല. പക്ഷേ, ഇതടക്കം മനോഹരമായ എത്രയോ ഗാനങ്ങൾ എഴുതിയ ആ ഗാനരചയിതാവിനെ ആരോർക്കുന്നു. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലിയിൽ വിനീതജീവിതം നയിക്കുന്ന ദേവദാസ് പറയുന്നു. ‘ഞാനൊരു ഗാനരചയിതാവാണെന്ന് എന്റെ നാട്ടുകാർക്കുപോലും അറിയില്ലെന്നാണ് തോന്നുന്നത്.’

മലയാള സിനിമയിൽ നൂറിലേറെ ഗാനങ്ങൾ എഴുതിയിട്ടും ദേവരാജൻ മുതലിങ്ങോട്ടുള്ള എല്ലാ ഒന്നാംനിര സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടും ആ ബഹുമതികളുടെയൊന്നും ഭാരമില്ലാതെ ഒരു കൈലിയുമുടുത്തു ചിങ്ങോലിയുടെ സാധാരണത്വത്തിൽ ദേവദാസുമുണ്ട്, ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു തന്ത്രവും ശീലിക്കാത്ത വെറും സാധാരണക്കാരൻ!

കൊല്ലത്തുനിന്നിറങ്ങിയിരുന്ന കുങ്കുമം പ്രസിദ്ധീകരണങ്ങളിൽ ചെറുപ്പം മുതലേ ദേവദാസ് കവിത എഴുതിയിരുന്നു. അങ്ങനെ കുങ്കുമം ഉടമസ്ഥൻ ആർ. കൃഷ്ണസ്വാമി റെഡ്യാരുടെ പ്രിയപ്പെട്ടവനായിരുന്നു. അക്കാലത്ത് സ്വാമിയുടെ ശുപാർശയിൽ ചില സിനിമകൾക്കു പാട്ടെഴുതാനുള്ള സാഹചര്യം ഉണ്ടായി. എന്നാൽ, പാട്ട് കൊള്ളില്ലെന്നു പറഞ്ഞ് അണിയറക്കാർ ദേവദാസിനെ അപമാനിച്ചുവിട്ടു. വ്രണിതഹൃദയവുമായി സ്വാമിയെത്തന്നെ ദേവദാസ് സമീപിച്ചു. ‘ഒരു സിനിമയിലെങ്കിലും പാട്ടെഴുതാനുള്ള അവസരം അങ്ങ് ഉണ്ടാക്കിത്തരണം’ എന്ന് അഭ്യർഥിച്ചു. ‘ശരി, അവസരം തന്നാൽ നീ എന്തെഴുതും, കേൾക്കട്ടെ’ എന്നായിരുന്നു സ്വാമിയുടെ പ്രതികരണം. ‘എങ്കിൽ ഏക്കാലവും ആളുകൾ ഓർത്തിരിക്കുന്ന ഒന്നാംതരം പാട്ട് ഞാൻ എഴുതും’ എന്ന് ദേവദാസ് ഉറച്ചശബ്ദത്തിൽ മറുപടി നൽകി. ‘എങ്കിൽ നീ ഒരു പാട്ടല്ല, ഒരുപാട് പാട്ടെഴുതും’ എന്നായിരുന്നു കൃഷ്ണസ്വാമിയുടെ മറുപടി.

devadas-lyricist ദേവദാസ്

അടുത്തദിവസംതന്നെ കൊല്ലത്ത് കുങ്കുമത്തിന്റെ ഓഫിസിൽ എത്താൻ പറഞ്ഞു. അവിടെ മുടിനീട്ടി വളർത്തിയ ഒരാൾക്ക് ദേവദാസിനെ പരിചയപ്പെടുത്തിക്കൊണ്ട് സ്വാമി പറ‍ഞ്ഞു. ‘ഇതാണു നമ്മുടെ കൊച്ചുകവി. പാട്ടെഴുതാൻ ഇഷ്മുള്ളത്ര സമയം നമ്മുടെ കൊച്ചുകവി എടുത്തോട്ടെ’ സംവിധായകൻ ബാലചന്ദ്രമേനോൻ ആയിരുന്നു ആ മൂന്നാമൻ.

‘കാര്യങ്ങൾ അറിഞ്ഞപ്പോൾ ഞാൻ അന്തംവിട്ടുപോയി. കൃഷ്ണസ്വാമി റെഡ്യാർ സിനിമ നിർമിക്കാൻ പോകുന്നു. ആദ്യചിത്രത്തിൽത്തന്നെ ഞാൻ പാട്ടെഴുതുന്നു. എനിക്കു പാട്ടെഴുതാനായി അദ്ദേഹം ഒരു സിനിമ നിർമിക്കുകയായിരുന്നു. ബാലചന്ദ്രമേനോൻ എന്നോട് അവിടെ വച്ചുതന്നെ പാട്ടുകളുടെ കഥാസന്ദർഭം പറഞ്ഞു. പിറ്റേന്നു മുതൽ കൊല്ലം കാർത്തിക ഹോട്ടലിൽ താമസിച്ചു പാട്ടെഴുതിക്കൊള്ളാൻ സ്വാമി പറഞ്ഞു. പിറ്റേന്നു രാവിലെ കൊല്ലത്തേക്കു ബസിൽ പോരുമ്പോൾത്തന്നെ എന്റെ മനസ്സിൽ ‘കാട്ടുക്കുറിഞ്ഞി പൂവും ചൂടി...’ എന്ന വരികൾ പിറന്നിരുന്നു. എന്റെ നാട്ടിൻപുറത്തുള്ള സ്ത്രീകളുടെ ഭാവങ്ങൾതന്നെയാണ് ഞാൻ ആ പാട്ടിൽ ആവിഷ്കരിച്ചത്. ഹോട്ടൽ മുറിയിലെത്തിയതും അതു കടലാസിൽ പകർത്തി. വൈകുന്നേരം ബാലചന്ദ്രമേനോൻ വന്നു. ഞാൻ പാട്ടുകൊടുത്തു. അദ്ദേഹത്തിന് വളരെ ഇഷ്ടമായി. ഒരു മാറ്റംപോലും പറഞ്ഞില്ല. പാട്ടുകൾ ഒന്നൊന്നായി പിറന്നുവീണു.

റിക്കോർഡിങ്ങിന് ചെന്നൈയിലേക്ക് സ്വാമി എന്നെയും അയച്ചു. ഈണം നൽകുമ്പോൾ എന്തെങ്കിലും മാറ്റം വേണമെങ്കിൽ വരുത്തണമല്ലോ.... ശ്യാമായിരുന്നു സംഗീതം. നല്ല താളമുള്ള രചനയാണെന്ന് അദ്ദേഹം പറ‍ഞ്ഞു. ഒരു അക്ഷരംപോലും മാറ്റിയില്ല. പടം ഹിറ്റായി. കാട്ടുക്കുറിഞ്ഞിപ്പൂവ്.... ആളുകൾക്ക് വലിയ ഇഷ്ടമായി.’ താൻ ഗാനരചയിതാവായ കഥ ദേവദാസ് ഓർമിക്കുന്നു. അങ്ങനെ അധികമാർക്കും ലഭിക്കാത്ത, തുടക്കം തന്നെ സൂപ്പർ ഹിറ്റ് എന്ന വിശേഷണവുമായി ഒരു ഗാനരചയിതാവ് മലയാള സിനിമാഗാനശാഖയിലേക്കു കടന്നുവന്നു. പിന്നീട് തിരക്കിന്റെ നാളുകൾ. കൃഷ്ണസ്വാമി തുടർന്നു നിർമിച്ച എല്ലാ ചിത്രങ്ങളിലും ഗാനങ്ങൾ രചിച്ചു. മറ്റു നിർമാതാക്കളും വിളിച്ചു. ദേവരാജൻ, എം.കെ. അർജുനൻ, എ.ടി. ഉമ്മർ, ശ്യാം, ജോൺസൺ, രവീന്ദ്രൻ, കെ.ജെ. ജോയി, ജെറി അമൽദേവ്, രഘുകുമാർ, മോഹൻ സിത്താര തുടങ്ങിയ പ്രഗദ്ഭ സംഗീത സംവിധായകർക്കൊപ്പമെല്ലാം പ്രവർത്തിക്കാൻ ദേവദാസിനു കഴിഞ്ഞു.

devadas-img രവീന്ദ്രനും ദേവദാസും കംപോസിങിനിടയിൽ

ഏറ്റവും കൂടുതൽ ഹിറ്റുകൾ ഉണ്ടാക്കിയത് ജോൺസന്റെ ഒപ്പമാണ്. കെ.ജി. മാർക്കോസിന്റെ ഏറ്റവും വലിയ ഹിറ്റായ ‘കന്നിപ്പൂമാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കും....’ (കേൾക്കാത്ത ശബ്ദം– 1982) എന്ന ഗാനം ചെന്നൈയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ സൃഷ്ടിച്ചതാണ്. ഒപ്പമുണ്ടായിരുന്ന ജോൺസൺ ഓരോ വരിയും മൂളി. ഈണത്തിനനുസരിച്ച് അപ്പോൾത്തന്നെ ദേവദാസ് എഴുതി. കാര്യമായ തിരുത്തിയെഴുതലുകൾ വേണ്ടിവരാത്ത കുറ്റമറ്റ രചനാരീതി സ്വായത്തമായ വിരളമായ ഗാനരചയിതാക്കളിലൊരാളാണ് ഇദ്ദേഹം. ജോൺസണുമായി ചേർന്നു സൃഷ്ടിച്ച ഏറ്റവും വലിയ ഹിറ്റ് ‘പ്രേമഗീതങ്ങൾ’ (1981) ആയിരുന്നു. ഇതിൽ ..യേശുദാസ് പാടിയ ‘നീ നിറയൂ ജീവനിൽ പുളകമായ്...’ എന്നും ഒളിമങ്ങാത്ത ഗാനമാണ്.

സ്വപ്‌നം വെറുമൊരു സ്വപ്‌നം... (യേശുദാസ്‌, ജാനകി), മുത്തും മുടിപ്പൊന്നും നീ ചൂടിവാ...(യേശുദാസ്, വാണി ജയറാം) എന്നിവയും ശ്രദ്ധേയമായി. ഇതിനിടെ നല്ലൊരീണം നഷ്ടപ്പെട്ടൊരു സങ്കടവും ദേവദാസിനുണ്ടായി. ‘ചിരിയോ ചിരി’ക്കുവേണ്ടി രവീന്ദ്രൻ ചെയ്ത ‘ഏഴുസ്വരങ്ങളും...’ എന്ന ഈണം ആദ്യം നൽകിയത് മറ്റൊരു സിനിമയിൽ ദേവദാസിന്റെ രചനയ്ക്കുവേണ്ടിയാണ്.

‘പാതി വിടർന്നൊരെൻ

ചൊടികളിലേതൊരു ഗാനം...

എന്നായിരുന്നു ആ ഗാനം തുടങ്ങിയത്. ആ പാട്ട് റിക്കോർഡ് ചെയ്തില്ല. ആ സിനിമയിൽ ദേവദാസ് തന്നെ എഴുതിയ മറ്റു മൂന്നു പാട്ട് രവീന്ദ്രൻ റിക്കോർഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഈ ഈണം ‘ചിരിയോ ചിരി’യുടെ അണിയറ പ്രവർത്തരുടെ നിർബന്ധത്തിനു വഴങ്ങി രവീന്ദ്രൻ നൽകുകയായിരുന്നു. ആ ഈണത്തിനനുസരിച്ചു ബിച്ചു തിരുമല എഴുതിയതാണ് ‘ഏഴു സ്വരങ്ങളും...’. അൻപതോളം സിനിമകളിലായി നൂറ്റി ഇരുപതിലേറെ ഗാനങ്ങളെഴുതിയ ദേവദാസ് ക്ലിയോപാട്ര, അയാൾ എന്നീ സമീപകാല ചിത്രങ്ങളിൽ രചയിതാവായി. ഭാര്യ സുജാത വീയപുരം ഗവ. ഹൈസ്‌കൂൾ അധ്യാപിക. ബികോം വിദ്യാർഥി സാരംഗ്‌ദേവും പ്ലസ് ടുവിനു പഠിക്കുന്ന ശ്വേത ദേവും മക്കൾ. മുല്ലനേഴി ഒരിക്കൽ ദേവദാസിനോടു പറഞ്ഞു. ‘നിന്റെ രണ്ടു പ്രയോഗം അസ്സലായി. കാട്ടുക്കുറിഞ്ഞിയിലെ ‘നൂറും പാലു കുറിയും തൊട്ടു നടക്കും പെണ്ണ്...’ എന്നതും കന്നിപ്പൂമാനത്തിലെ ‘വെട്ടം കിഴക്കു പൊട്ടുകുത്തി...’ എന്നതും. ഹൃദയത്തിൽനിന്നു ജനിച്ച ഇത്തരം ചില സദ്‌വാക്കുകളാണ് ഈ കലാജീവിതത്തിലെ ഊർജം.