Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വള്ളപ്പുരയിൽ ജനിച്ച വിപ്ലവഗാനം

Author Details
Devarajan Master - ONV

‘പൊന്നരിവാളമ്പിളിയില്

കണ്ണെറിയുന്നോളേ

ആമരത്തിൻ പൂന്തണലില്

വാടിനിൽക്കുന്നോളേ...’

‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലൂടെ കേരളമാകെ വിപ്ലവലഹരി പടർത്തിയ ഈ ഗാനം ജനിച്ചത് അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു വള്ളപ്പുരയിൽ! 1949. കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായർ കൊല്ലത്ത് ഒളിവിൽ താമസിക്കുന്ന കാലം. താവളങ്ങൾ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. അങ്ങനെ ഒരിക്കൽ അഷ്ടമുടിക്കായലിന്റെ തീരത്തെ വള്ളപ്പുരയിൽ എത്തി.

Devarajan Master - ONV

ഓരോ ദിവസവും കാവലിന് ആളുണ്ട്. അന്നു കാവലിനു വന്നത് കൊല്ലം എസ്എൻ കോളജിലെ വിദ്യാർഥികളായ ഒഎൻവിയും ദേവരാജനും. ഒഎൻവിക്കു കവിതയെഴുത്തിന്റെയും ദേവരാജന് സംഗീതത്തിന്റെയും ‘അസുഖം’ ഉണ്ടെന്ന് എംഎൻ കുശലാന്വേഷണത്തിനിടെ മനസ്സിലാക്കി.

നേരം ഇരുണ്ടു. ആകാശത്തെ ചന്ദ്രൻ അഷ്ടമുടിക്കായലിലും പ്രതിഫലിക്കുന്നു. സമയം ഫലപ്രദമാക്കാനായി എംഎൻ പറഞ്ഞു. ‘നിങ്ങൾ ഇങ്ങനെയിരുന്നു സമയം കൊല്ലാതെ സർഗാത്മകമായി എന്തെങ്കിലും ചെയ്യൂ. കവി കവിത എഴുതൂ, സംഗീതജ്ഞൻ അതിനു സംഗീതം നൽകൂ...’ എംഎന്റെ നിർദേശം കേട്ട ഒഎൻവി ആകാശത്തെ ചന്ദ്രക്കലയിൽ നോക്കി. അപ്പോൾ ഒഴുകിവന്നതാണു മുകളിൽ കൊടുത്തിരിക്കുന്ന വരികൾ. ഒഎൻവി കവിത പറഞ്ഞു. ദേവരാജൻ ഈണവും സൃഷ്ടിച്ചു. പാടിയും ഈണമിട്ടും ആ രാത്രി കടന്നുപോയി.

വൈക്കം ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ അക്കാലത്തു കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന പത്രമായിരുന്നു ‘കേരളം’. പത്രം ഓഫിസിലെ നിത്യസന്ദർശകനായിരുന്നു ഒഎൻവി. വാരാന്തപ്പതിപ്പിൽ കൊടുക്കാനായി നല്ല കവിത ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന് ഒഎൻവിയോട് വൈക്കം പറഞ്ഞു. അപ്പോഴാണു കഴിഞ്ഞ ദിവസം രാത്രിയിൽ വള്ളപ്പുരയിൽ വച്ചുണ്ടാക്കിയ വരികൾ ഒഎൻവി ഓർത്തത്. അന്നു രാത്രി തന്നെ ആ വരികളുടെ ബാക്കി ചേർത്ത് പിറ്റേന്നു വൈക്കത്തിനു കൊടുത്തു. നാലുവരിയായിരുന്ന കവിത ഒരു രാത്രി കൊണ്ടു നാൽപ്പതുവരിയായി വളർന്നിരുന്നു. കവിതയ്ക്ക് ഒഎൻവി നൽകിയ പേര് എന്തായിരുന്നെന്നോ? ‘ ഇരുളിൽനിന്നൊരു ഗാനം’.

വൈക്കത്തിന് കൊടുത്തതുകൂടാതെ കവിതയുടെ ഒരു പകർപ്പ് ദേവരാജനും ഒഎൻവി നൽകി. അന്നു താൻ എഴുതുന്നതെന്തും ഒഎൻവി ആത്മസുഹൃത്ത് ദേവരാജനു നൽകുമായിരുന്നു. അദ്ദേഹം അതിന് ഈണവും നൽകിയിരുന്നു. ദേവരാജൻ ഈ കവിതയിലെ ഏതാനും വരികൾ തിരഞ്ഞെടുത്ത് ഒരു ഗാനമാക്കി ഈണമിട്ടു. അക്കാലത്തു കമ്യൂണിസ്റ്റ് പാർട്ടിക്കു വിലക്കായിരുന്നതിനാൽ ‘വിദ്യാഭ്യാസ അവകാശസമിതി, സമാധാന കൗൺസിൽ തുടങ്ങിയ പേരുകളിലാണു പൊതുയോഗങ്ങൾ ചേർന്നിരുന്നത്. ഇത്തരം യോഗങ്ങളിൽ പാട്ടുകൾ പാടുന്ന പതിവ് ദേവരാജന് ഉണ്ടായിരുന്നു. അടുത്ത യോഗത്തിന് ‘പൊന്നരിവാളമ്പിളിയില് ’ ആണ് അദ്ദേഹം പാടിയത്. ആദ്യ അവതരണത്തിൽത്തന്നെ ഈ ഗാനം ജനപ്രിയമായി. ഇതു ഹൃദിസ്ഥമാക്കി പലരും പല വേദികളിലും ആലപിക്കാൻ തുടങ്ങിയതോടെ പാട്ട് കൊല്ലം മേഖലയിലാകെ പ്രശസ്തമായി. ദേവരാജനു പുറമേ, ഒഎൻവിയും പുനലൂർ ബാലനും പി.കെ. മേദിനിയും വൈക്കം ചന്ദ്രശേഖരൻ നായരുമൊക്കെ ഈ ഗാനം പല വേദികളിൽ പാടി. അങ്ങനെ ഗാനം സുപ്രസിദ്ധമായി.

സമ്മേളനവേദികളിൽ ഒരു ഗാനം ആവർത്തിച്ചു പാടുന്നതറിഞ്ഞു ചില രഹസ്യപ്പൊലീസുകാർ നിരീക്ഷിക്കാനെത്തി. പക്ഷേ, ഇതൊരു പ്രേമഗാനമാണെന്നായിരുന്നു അവരുടെ റിപ്പോർട്ട്!. രണ്ടുവർഷം കടന്നുപോയി. 1951ൽ ജയിൽമോചിതനായി എത്തിയ എകെജിക്ക് കൊല്ലം എസ്​എൻ കോളജിൽ നൽകിയ സ്വീകരണത്തിൽ ഈ ഗാനം ദേവരാജൻ പാടി. എകെജിക്കും ഒപ്പമുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാക്കൾക്കും പാട്ട് ഒരുപാട് ഇഷ്ടമായി. അതു വഴിത്തിരിവായി. അങ്ങനെയിരിക്കെയാണു തോപ്പിൽ ഭാസി രചിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നത്. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിരുന്ന ‘പൊന്നരിവാളമ്പിളിയില്...’ ഈ നാടകത്തിൽ ചേർക്കണമെന്ന് കമ്യൂണിസ്റ്റ് നേതാക്കൾ തന്നെ നിർദേശിച്ചു.

അങ്ങനെ മറ്റ് 21 പാട്ടുകൾക്കൊപ്പം ഇതും നാടകത്തിന്റെ ഭാഗമായി. 1952 ഡിസംബർ ആറിന് ചവറ തട്ടാശ്ശേരിയിൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അരങ്ങേറി. അന്നത്തെ മുൻനിര ഗായകനായ കെ.എസ്. ജോർജായിരുന്നു ആലാപനം. ജനഹൃദയങ്ങളിൽ ലഹരിയായി ഈ നാടകവും അതിലെ പാട്ടുകളും പടർന്നു. മലയാളനാടകത്തിൽ മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും ഇതു ചരിത്രം സൃഷ്ടിച്ചു. ആയിരക്കണക്കിനു വേദികളിലേക്ക് ‘തോളോടു തോളൊത്തുചേർന്നു വാളുയർത്തുന്ന’ സ്വപ്നം പടർന്നു.

പൊന്നരിവാളമ്പിളിയില്...

ഇന്നും ജീവിതത്തിൽ ഇരുട്ടു പടരുമ്പോൾ, സാമൂഹികാവസ്ഥയെപ്പറ്റി നിരാശ പടരുമ്പോൾ, പ്രതീക്ഷയുടെ വെളിച്ചം പകർന്ന് ഈ ഗാനം നമുക്കിടയിൽ ഉണ്ട്. നിലാവു പടർന്ന ഒരു രാത്രിയിൽ ഒരു വള്ളപ്പുരയിലിരുന്ന് ഒഎൻവി കണ്ട, ദേവരാജൻ ചിറകുകൾ നൽകിയ സ്വപ്നം.

‘ഒത്തുനിന്നീ പൂനിലാവും

നെൽക്കതിരും കൊയ്യാൻ

തോളോടുതോളൊത്തു ചേർന്ന്

വാളുയർത്താൻ തന്നെ

പോരുമോ നീ പോരുമോ നീ

നേരു നേടും പോരിൽ’

എന്ന വിളിക്ക് കാതുകൊടുക്കാതിരിക്കാൻ ആർക്കാണു കഴിയുക?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.