Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കുരിശിന്റെ വഴി’യിൽ 50 വർഷം, 50പതിപ്പ്

christ3

‘കുരിശിൽ മരിച്ചവനേ കുരിശാലേ വിജയം വരിച്ചവനേ മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ വഴിയേ വരുന്നു ഞങ്ങൾ ..... നിൻ ദിവ്യരക്തത്താ–ലെൻ പാപമാലിന്യം കഴുകേണമേ, ലോകനാഥാ’

ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓർമയിൽ മലയാളികൾ ഈ ഗാനശകലങ്ങളും തുടർന്നുള്ള പ്രാ‍ർഥനകളും ആലപിക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടു തികയുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഈ ക്രിസ്ത്യൻ പ്രാർഥനാഗ്രന്ഥം 50 പതിപ്പിലെത്തിയെന്ന വിശേഷവുമുണ്ട്. പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്താമല വരെയുള്ള ക്രിസ്തുവിന്റെ അന്ത്യയാത്രയിലെ 14 മുഹൂർത്തങ്ങൾ ഗാനങ്ങളിലൂടെയും പ്രാർഥനയിലൂടെയും ആവിഷ്ക്കരിക്കുന്നതാണ് ‘കുരിശിന്റെ വഴി’ എന്ന പ്രാർഥനാഗ്രന്ഥം. 1960 കളിൽ കത്തോലിക്കാ ആരാധനാഗ്രന്ഥങ്ങളും പ്രാർഥനകളും സുറിയാനിയിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താനും പരിഷ്കരിക്കാനും നിയുക്തനായ ഫാ. ആബേൽ ആ ദൗത്യത്തിന്റെ ഭാഗമായാണ് ‘കുരിശിന്റെ വഴി’യും രചിച്ചത്.

ഫാ. ജോസഫ് മാവുങ്കൽ രചിച്ച ‘സ്ലീവാപ്പാത’യാണ് അതിനുമുൻപ് കേരളത്തിലെ സഭകൾ ദുഃഖവെള്ളി ആചരണത്തിന് ഉപയോഗിച്ചിരുന്നത്. ഇതിന്റെ അന്തഃസന്ത നിലനിർത്തിയും പ്രാർഥനയിലും ഗാനങ്ങളിലും മാറ്റങ്ങൾ വരുത്തിയുമാണ് ഫാ. ആബേൽ ‘കുരിശിന്റെ വഴി’ തയാറാക്കിയത്. ഫാ. എ.സി. അന്തിക്കാട് രചിച്ച ‘ഈശോയുടെ മണവാട്ടി കുരിശിന്റെ പിന്നാലെ’ എന്ന ഗ്രന്ഥത്തിലെ ഏതാനും ഭാഗങ്ങളുടെ സ്വാധീനം തന്റെ രചനയിൽ ഉണ്ടായിട്ടുണ്ടെന്നു ഫാ. ആബേൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

kozhikkode-books-abel-achan

എഴുതി പൂർത്തിയാക്കിയശേഷം, ഇതു സഭയിൽ ഔദ്യോഗികമായി പ്രചരിപ്പിക്കുന്നതിന് എറണാകുളം അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പാറേക്കാട്ടിലിന്റെ അനുമതിക്ക് ആബേലച്ചൻ സമർ‌പ്പിച്ചു. 1966 ഡിസംബർ 25 ന് ആർച്ച്ബിഷപ് ഇതിന് അനുമതി നൽകിയതോടെ ദേവാലയങ്ങളിലും ക്രിസ്ത്യൻ കുടുംബങ്ങളിലും ‘കുരിശിന്റെ വഴി’ ഔദ്യോഗിക പ്രാർഥനാഗ്രന്ഥമായി. പിന്നീട് പലരും പീഡാസഹന പ്രാർഥനകൾ പുറത്തിറക്കിയെങ്കിലും ആബേലച്ചന്റെ രചനയ്ക്കു പകരമായില്ല എന്നു മാത്രമല്ല, വിശ്വാസികൾക്കിടയ്ക്കും പൊതുസമൂഹത്തിലും ഇതിലെ പ്രാർഥനകൾക്കും ഗാനങ്ങൾക്കുമുള്ള സ്വീകാര്യത വർധിച്ചുവരികയും ചെയ്യുന്നു. 

എറണാകുളം അതിരൂപതാ വളപ്പിൽ ആബേലച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ‘ക്രിസ്ത്യൻ ആർട്സ് ക്ലബ്ബി’ൽവച്ച് ‘കുരിശിന്റെ വഴി’ റിക്കോർഡ് ചെയ്യപ്പെട്ടു. (ക്രിസ്ത്യൻ ആർട്സ് ക്ലബ് ആണ് പിന്നീട് കൊച്ചിൻ കലാഭവൻ ആയി മാറിയത്) 1967 ജനുവരിയിൽത്തന്നെ കോട്ടയം മാന്നാനത്തെ സെന്റ് ജോസഫ്സ് പ്രസ്സിൽ ഇതിന്റെ ആദ്യ പതിപ്പ് അച്ചടിച്ചു. അക്കാലത്ത് പ്രസ്സിന്റെ മാനേജരായിരുന്ന ഫാ. ഗ്രേഷ്യൻ മണ്ണൂരിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ഈ പ്രാർഥനാഗാന പുസ്തകം അച്ചടിമഷി പുരണ്ടത്. ഫാ. ജയിംസ് ഏർത്തയിൽ പ്രസിഡന്റ് ആയിരിക്കെ കലാഭവൻ ഈ പുസ്തകത്തിന്റെ പകർപ്പവകാശം സെന്റ് ജോസഫ്സ് പ്രസ്സിനു രേഖാമൂലം നൽി. 

ഇതുവരെ 49 പതിപ്പ് അച്ചടിച്ചു കഴിഞ്ഞു. ഇതിനിടയിൽ അച്ചടിച്ച ഒരു പ്രത്യേക ബഹുവർണ പതിപ്പുകൂടി ചേർത്താൽ 50 പതിപ്പ് പൂർത്തിയാക്കി കഴിഞ്ഞു! ‘ശരാശരി ഒരു ലക്ഷം കോപ്പിയാണ് ഒരു തവണ അച്ചടിക്കുന്നത്. കഴിഞ്ഞ തവണ ഒന്നേകാൽ അച്ചടിച്ചു. കൃത്യം കണക്ക് ഇല്ലെങ്കിലും ഏതാണ്ട് 40 ലക്ഷം കോപ്പി ഇതുവരെ അച്ചടിച്ചിട്ടുണ്ടാവും’ സെന്റ് ജോസഫ്സ് പ്രസ്സിന്റെ ഇപ്പോഴത്തെ മാനേജർ ഫാ. ജോസ് ടി. മേടയിൽ പറയുന്നു.

എന്താണ് ഈ കൊച്ചു പുസ്തകത്തിന്റെ വൻ സ്വീകാര്യതയുടെ രഹസ്യം? ലളിതപദങ്ങളിൽ ഭക്‌തിയും ദർശനവും ഹൃദയസ്പർശിയായി ആവിഷ്‌കരിച്ചിരിക്കുന്നു. വിജയം. നിന്ദ, പരിഹാസം, തെറ്റിദ്ധാരണ, ഒറ്റപ്പെടുത്തൽ തുടങ്ങി നിത്യജീവിതത്തിലെ കയ്പുകളുടെ പരമാവധിയിലൂടെയുള്ള ക്രിസ്തുവിന്റെ സഞ്ചാരമാണ് ‘കുരിശിന്റെ വഴി’. ക്രിസ്തുവിനെ പരാജിതന്റെ പക്ഷത്തു നിർത്തിയെന്നതാണ് ആബേലച്ചന്റെ കുരിശിന്റെ വഴിയുടെ വിജയരഹസ്യം.

fr.abel ഫാദർ. ആബേൽ

അതുകൊണ്ടുതന്നെ, ഒരുകൊച്ചു സങ്കടത്തിന്റെ നെരിപ്പോട് നെഞ്ചിൽ പേറുന്നവർക്കുപോലും പെട്ടെന്നു തിരിച്ചറിയാൻ കഴിയുന്ന സാധാരണക്കാരനായി ക്രിസ്തു, അവന്റെ സങ്കടത്തിന്റെ പേരായി ക്രിസ്തു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകൻ പടയാളികളുടെ അടിയേറ്റ് കുരിശുവഹിച്ചുകൊണ്ടു വരുന്നത് അമ്മ മറിയം കാണുന്ന നാലാം അധ്യായത്തിലൂടെ കടന്നുപോകുമ്പോൾ കണ്ണീരണിയാത്തവർ ചുരുക്കമാവും. അതിവൈകാരികതയെ ഒരു പ്രാർഥനയായി മാറ്റുന്ന ആബേലച്ചന്റെ രചനാവൈഭവത്തെ ആരും പ്രശംസിച്ചുപോവും. ‘കണ്ണീരോടെ വിതയ്ക്കുന്നവൻ സന്തോഷത്തോടെ കൊയ്യുന്നു’ എന്ന വചനത്താൽ ആബേലച്ചൻ ആ കണ്ണീര് തുടയ്ക്കുകയും ചെയ്യുന്നു.

‘നിൻ കണ്ണുനീരാൽ കഴുകേണമെന്നിൽ പതിയുന്ന മാലിന്യമെല്ലാം’

എന്നത് പതിതന്റെ പ്രാർഥനയാവുന്നു. അവിശ്വാസികളുടെ ഹൃദയത്തിൽപോലും ക്രിസ്തുവിന്റെ പീഡാനുഭവത്തെപ്രതി ഒരു സങ്കടക്കടൽ പിറവിയെടുക്കുന്ന രാസപ്രക്രിയയാണ് കുരിശിന്റെ വഴിയിലെ ഗാനങ്ങൾ.

‘പുൽക്കൂടു തൊട്ടങ്ങേ പുൽകുന്ന ദാരിദ്ര്യം കുരിശോളം കൂട്ടായി വന്നു .... താപം കലർന്നങ്ങേ പാദം പുണർന്നു ഞാൻ കേഴുന്നു, കനിയേണമെന്നിൽ’ .... നാഥാ വിശുദ്ധിതൻ തൂവെള്ള വസ്‌ത്രങ്ങൾ കനിവാർന്നു ചാർത്തേണമെന്നെ’ .... ‘പ്രഭയോടുയിർത്തങ്ങേ വരവേൽപ്പിനെത്തീടാൻ വരമേകണേ ലോകനാഥാ’

‘നീതിമാൻ’ എന്നതിനെക്കാൾ ‘കാരുണ്യവാനാ’യ ദൈവത്തെയാണ് ആബേലച്ചൻ ഈ പ്രാർഥനാ പുസ്തകത്തിൽ ചിത്രീകരിക്കുന്നത്. കണ്ണീരിന്റെയും ഇടർ‌ച്ചകളുടെയും വഴികളിൽ നടക്കുന്ന സാധാരണക്കാർക്കു ദൈവാനുഭവം സമീപസ്ഥമാക്കി. 13 വരികൾ വീതമുള്ള 16 ഗാനങ്ങളാണു പുസ്തകത്തിലുള്ളത്. ആബേലച്ചന്റെ നെഞ്ചുലയ്ക്കുന്ന വരികൾക്കൊപ്പം കെ.കെ. ആന്റണിയുടെ വിഷാദഭരിതമായ ഈണവും ഒട്ടൊന്നുമല്ല ഇതിന്റെ ജനപ്രിയതയിൽ പങ്കുവഹിച്ചത്.

Your Rating: