Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മാവിൽ മുട്ടിവിളിച്ചതു പോലെ

onv-drawing

കുയിലിനോട് കൂടുതൽ ഉറക്കെ പാടാനും നിലാവിനോടു കൂടുതൽ പ്രഭ പൊഴിക്കുവാനുമാണു കവികൾ സാധാരണ പറയുക. പക്ഷേ, ഇവിടെ ഒരു കവി പാടുന്നു, ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...’ എന്ന്. കവികൾക്കും കാമുകന്മാർക്കും പതിവില്ലാത്ത ഈ അഭ്യർഥനയ്ക്കൊരു കാരണമുണ്ട്– ‘എന്നോമലുറക്കമായ് ഉണർത്തരുതേ...’ കവിയുടെ അപേക്ഷ അവസാനിക്കുന്നില്ല.

ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവേ

ഈ കണ്ണിലെ കിനാവുകൾ

കെടുത്തരുതേ...’,

ഉച്ചത്തിൽ മിടിക്കല്ലേ നീയെന്റെ ഹൃദന്തമേ

സ്വച്ഛശാന്തമെന്നോമൽ

മയങ്ങിടുമ്പോൾ... (ലളിതഗാനം)

കുയിലിന്റെ പാട്ടും നിലാവിന്റെ സംഗീതവുമൊന്നും ഇഷ്ടമില്ലാത്ത ആളല്ല ഈ നായകൻ. പക്ഷേ, അവന് അതിലും വലുത് ‘എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദപത്മങ്ങൾ തരളമായി ഇളവേൽക്കു’ന്നതാണ്. തന്റെ തൃഷ്ണകളെക്കാൾ വലുതാണ് അവന് അവളോടുള്ള സ്നേഹവും കരുതലും. ഒഎൻവിയുടെ ഈ വരികൾ വായിക്കുമ്പോൾ വൈലോപ്പിള്ളി എഴുതിയ

സാരി നീ ചെരിച്ചേറ്റി പോകെ,

നിൻ ചാരുവാം

കണങ്കാൽ കണ്ടെനിക്കു പാവം തോന്നി’ എന്ന വരികൾ ചിലപ്പോൾ നാം ഓർത്തുപോകും. തന്നെക്കാളധികമായി തന്റെ പ്രിയപ്പെട്ടവളെ സ്നേഹിക്കുന്ന പ്രണയമാണ് ഈ വരികളിലൊക്കെ. അവളുടെ ഇഷ്ടത്തെ മാനിക്കുന്ന, അവളെ കരുതുന്ന പ്രണയം. ഒട്ടുമേ മാംസനിബദ്ധമല്ലാത്ത രാഗം.

ആത്മാവിൽ മുട്ടിവിളിച്ചതുപോലെ

സ്നേഹാതുരമായ്

തൊട്ടുരിയാടിയപോലെ...’ (ആരണ്യകം)

സമകാലികരായ മറ്റ് എഴുത്തുകാരിൽനിന്ന് ഒഎൻവിയുടെ പ്രണയവും കാമുകന്മാരും കുലീനത കൊണ്ടു വ്യത്യസ്തരാവുന്നു. നിത്യരോമാഞ്ചങ്ങൾ കുത്തുന്ന കുമ്പിളിൽ ഒരു നുള്ളു കൊടുക്കാൻ കൈ തരിച്ചു നിൽക്കുന്ന കാമുകനാണ് വയലാറിന്റേത്. കാമുകിയുടെ തിങ്കളാഴ്ച നോയമ്പ് മുടക്കുമെന്നും ഇളനീർക്കുടം ഉടയ്ക്കുമെന്നും വെല്ലുവിളിക്കുന്നു അവൻ. കാമുകിയെ പൂക്കുന്ന കടമ്പാക്കുകയും ഇടവപ്പാതിക്കു വിയർപ്പിക്കുകയും ചെയ്യുന്നവനാണ് ശ്രീകുമാരൻ തമ്പിയുടെ കാമുകൻ. അവളുടെ തുളുമ്പും മാറത്തും തുടിക്കും ചുണ്ടത്തും തേനുണ്ടെന്ന് അറിയുന്നു അവൻ. രതിസുഖസാരമായ ദേവിയുടെ മെയ്യിലേക്കാണ് യൂസഫലി കേച്ചേരിയുടെ കാമുകന്റെയും നോട്ടം. ഈവക സാഹസങ്ങളൊന്നും ഇഷ്ടപ്പെടുന്നില്ല ഒഎൻവിയുടെ നായകൻ. അദ്ദേഹം എഴുതുന്നു:

ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ

മുകുളമായ് നീയെന്റെ മുന്നിൽ നിന്നു

തരള കപോലങ്ങൾ‌ നുള്ളി നോവിക്കാതെ

തഴുകാതെ ഞാൻ നോക്കി നിന്നു...

(ജാലകം)

അരികിൽ നീ

ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ

ഒരു മാത്ര വെറുതേ നിനച്ചു പോയി...

(നീയെത്ര ധന്യ)

മോഹങ്ങളെ കൂടുകൾക്കുള്ളിൽ കുറുകി ഇരിക്കാൻ വിടുകയും പറയാതെ കൊക്കിൽ ഒതുക്കുകയും ചെയ്യുന്നവരാണ് ആ നായകർ.

ഒരു നറു പുഷ്പമായ് എൻനേർക്കു

നീളുന്ന മിഴിമുന ആരുടേതാവാം

(മേഘമൽഹാർ) എന്നു പോലും അറിയാത്തത്ര ല‍ജ്ജാലുക്കൾ.

സിനിമാ ഗാനരചയിതാവിനു ശൃംഗാരം ഒഴിവാക്കാനാവില്ല. അത്തരം കഥാസന്ദർഭങ്ങളിലും കാര്യങ്ങൾ കൈവിട്ടുപോകാതെ സൂക്ഷിക്കാനുള്ള ജാഗ്രത ഒഎൻവി പുലർത്തി. ഏറ്റവും വഴുതാൻ സാധ്യത ‘വൈശാലി’ എന്ന ചിത്രത്തിലായിരുന്നു. കാരണം, അതിന്റെ പ്രമേയംതന്നെ. പക്ഷേ, ഇന്ദ്രനീലിമയോലും... എന്ന ഗാനത്തിൽ ഒഎൻവി പുലർത്തിയ കയ്യടക്കം ശ്രദ്ധിക്കൂ

ഹംസങ്ങളിണചേരും വാഹിനീ

തടങ്ങളിൽ

കൺചിമ്മി വനജ്യോൽസന

മറഞ്ഞതെന്തേ

അതിൻ പൊരുൾ നിനക്കേതും

അറിയില്ലല്ലോ....

ഇന്ദുപുഷ്പം ചൂടിനിൽക്കും.... എന്ന ഗാനത്തിൽ ‘മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം’ എന്ന പ്രയോഗത്തിൽ കവി നായികയുടെ വശീകരണ സാമർഥ്യം മുഴുവൻ സന്നിവേശിപ്പിച്ചിരിക്കുന്നത് എത്രയോ ആലോചാനാമൃതമാണ്. ഒരുപക്ഷേ, ഈ കയ്യടക്കമാവണം അദ്ദേഹത്തെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്.

ഈ നദിതൻ മാറിലാരുടെ

കൈവിരൽപ്പാടുകൾ

ഉണരുന്നു...

(സാഗരങ്ങളേ... ചിത്രം: പഞ്ചാഗ്നി),

മാറിൽ ചാർത്തിയ മരതക

കഞ്ചുകമഴിഞ്ഞു വീഴുന്നു

മാരകരാംഗുലീ കളഭം പൂശി

പൂവുടൽ ഉഴിയുന്നു

നഖക്ഷതങ്ങൾ സുഖകരമാമൊരു

വേദന പടരുന്നു

സഖീ നീ അടിമുടിയുരുകും

സ്വർണത്തകിടായ് മാറുന്നു

(ഒരു കൊച്ചു സ്വപ്നം)

ഒഎൻവിയുടെ പരമാവധി ഇതാണ്. ഇതിൽക്കൂടുതൽ തുറന്ന് അദ്ദേഹം ശൃംഗാരം എഴുതിയിട്ടില്ല. ‘എന്തിനായിരുന്നു മറ്റു ഗാനരചയിതാക്കൾക്കില്ലാത്ത ഈ നിയന്ത്രണം?’ ഒരിക്കൽ അദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്. മറുപടി ഇങ്ങനെയായിരുന്നു. ‘ഞാൻ ഒരു അധ്യാപകനാണ്. എന്റെ ശിഷ്യർക്ക് ആരുടെ മുന്നിലും അപമാനം തോന്നുന്ന ഒരു വരിപോലും ഞാൻ എഴുതാൻ പാടില്ല. പിന്നെ, എന്തും തുറന്നുകാണിക്കുന്നതിലല്ല സൗന്ദര്യം. ധ്വനിയാണു കവിതയുടെ ശക്തി.’ വിരഹത്തിനും മാന്യത നൽകി ഒഎൻവി.

നിറഞ്ഞ മാറിലെ ആദ്യനഖക്ഷതം

മറയ്ക്കുവാനേ കഴിയൂ...’ (വയലാർ) എന്നും

മധുവിധു രാവുകൾ മാദക രാവുകൾ

മദനോൽസവമായ് ആഘോഷിക്കൂ...

(ടി.വി. ഗോപാലകൃഷ്ണൻ) എന്നും പാടി പിരിയുന്നവരല്ല ഒഎൻവിയുടെ പ്രണയികൾ. ഉറപ്പായ വിരഹത്തിലും സ്നേഹത്തിലുള്ള വിശ്വാസം അവർ കൈവെടിയുന്നില്ല. അദ്ദേഹം എഴുതുന്നു

വെറുമൊരോർമതൻ കിളുന്നു തൂവലും

തഴുകി നിന്നെക്കാത്തിരിക്കയാണു ഞാൻ...

നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ

മറഞ്ഞസന്ധ്യകൾ പുനർജനിക്കുമോ?

(പരസ്പരം)

ഈ വയൽപ്പൂക്കൾ പോൽ

നാം കൊഴി‍ഞ്ഞാലും

ഈ വഴിയിലാകെ നീ കൂടെ വരാമോ?

പാടിവരാമോ

(മാടപ്രാവേ വാ... മദനോൽസവം)

മധുപാത്രമെങ്ങോ ഞാൻ മറന്നുപോയി

മനസ്സിലെ ശാരിക പറന്നു പോയി

വിദൂര തീരങ്ങളെ അവളെ കണ്ടോ?

ഓർമകളേ, കൈവള ചാർത്തി

വരൂ വിമൂകമീ വേദി...

(പ്രതീക്ഷ)

നഷ്ടപ്പെടുന്നുണ്ട്, പക്ഷേ, നശിക്കുന്നില്ല– അതാണ് ഒഎൻവിയുടെ പ്രണയം. കാരണം, അവ നശ്വരമായ ശരീരത്തിലല്ല; അനശ്വരമായ ആത്മാവിലാണു മുട്ടിവിളിച്ചത്.

Your Rating: