Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റയാൻ

brahmanadhan

‘പ്രിയമുള്ളവളേ നിനക്കുവേണ്ടി

പിന്നെയും നവ സ്വപ്നോപഹാരം

ഒരുക്കീ... ഒരുക്കീ ഞാൻ

നിനക്കുവേണ്ടി മാത്രം...’

തരളിതമായ ഈ പ്രണയഗാനം നമ്മുടെ മനസ്സിൽ ഒരു തരി വിഷാദം പടർത്തുന്നില്ലേ... പി. ഭാസ്കരന്റെ കവിതയിലോ എ.ടി. ഉമ്മറിന്റെ സംഗീതത്തിലോ ആണോ വിഷാദം? അതോ പണ്ടെങ്ങോ കണ്ടുമറന്ന ‘തെക്കൻകാറ്റി’ലെ ഗാനരംഗത്തോ? അവിടെയെങ്ങുമല്ല, ഗായകന്റെ ശബ്ദത്തിലാണ് ആ വിഷാദക്കടൽ.

ഭാവനാരോമാഞ്ചമായ താരകരൂപിണിയായ കാമുകിയെ വർണിക്കുമ്പോഴും പ്രണയിനിയുടെ മേനി കണ്ടു നാണിച്ച താമരപ്പൂവിനെ കാണുമ്പോഴുമെല്ലാം വരികളിലും സംഗീതത്തിലുമില്ലാത്ത ഏതോ വിഷാദം കേൾവിക്കാരനെ തൊടുന്നു. വിഷാദഛായ ഈ പ്രണയഗാനങ്ങളുടെ ആസ്വാദനത്തിൽ ഉണ്ടാക്കുന്ന നറുമണം മലയാളി ആവർത്തിച്ച് ആസ്വദിച്ചുകൊണ്ടിരിക്കുന്നു. ഈ ‘വ്യക്തിത്വ’മാണ് കെ.പി. ബ്രഹ്മാനന്ദന്റെ ഗാനങ്ങൾക്കു മലയാളികളുടെ വലിയൊരു ആരാധനാസമൂഹത്തെ ഉണ്ടാക്കിയത്. പാടിയ പാട്ടുകളുടെ എണ്ണത്തെ അപേക്ഷിച്ച് എത്രയോ വലുതാണ് അദ്ദേഹത്തിനു മലയാളികളുടെ മനസ്സിലുള്ള സ്ഥാനം.

യേശുദാസും ജയചന്ദ്രനും ഏറ്റവും വിളങ്ങിനിന്ന കാലത്താണ് ബ്രഹ്മാനന്ദൻ പേരെടുത്തതെന്ന് ഓർമിക്കണം. ഈ ഒറ്റക്കാര്യം മതി ഇദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് അറിയാൻ. ചില നേരങ്ങളിൽ ഇവർ രണ്ടുപേരെ കടത്തിവെട്ടുന്ന പ്രകടനവും ബ്രഹ്മാനന്ദൻ പുറത്തെടുത്തിട്ടുണ്ട്. ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന ചിത്രം ഒരു ഉദാഹരണമാണ്. യേശുദാസിനും ജയചന്ദ്രനും ബ്രഹ്മാനന്ദനും ഇതിൽ ഗാനങ്ങൾ ഉണ്ടായിരുന്നു. യഥാക്രമം ആറാട്ടിനാനകൾ എഴുന്നള്ളി..., ചന്ദനത്തിൽ കടഞ്ഞെടുത്തൊരു..., താരക രൂപിണീ... .. എല്ലാം ഹിറ്റായെങ്കിലും ഒരുപടി മുന്നിലെത്തിയത് താരക രൂപിണി തന്നെ. മറ്റു രണ്ടുപേരുടേതിനേക്കാൾ അൽപ്പം കൂടി ഉയർന്ന ഭാവപ്രപഞ്ചം സ്രഷ്ടിക്കാൻ ബ്രഹ്മാനന്ദനു കഴിഞ്ഞു.

ഒരു ഉൽ‌സാഹക്കമ്മിറ്റിയുടെയും പിൻബലമില്ലാതെ, പ്രതിഭ കൊണ്ടു മാത്രം മേൽവിലാസമുണ്ടാക്കിയ ഒറ്റയാനായിരുന്നു ബ്രഹ്മാനന്ദൻ. വെറും നൂറ്ററുപതോളം ഗാനങ്ങളേ പാടിയുള്ളൂവെങ്കിലും പാതിയിലേറെ ഹിറ്റായി. ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ എന്നിവരുടെ നല്ല രചനകൾ ആലപിക്കാനുള്ള ഭാഗ്യവും ഉണ്ടായി. പരുഷവും എന്നാൽ കാൽപ്പനികവുമായ ശബ്ദമായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത. പൂർണമായും ഏകാന്തപഥികൻ.

ഹിറ്റായ ഗാനങ്ങൾ ശ്രദ്ധിക്കൂ... താരക രൂപിണി (ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു– ദക്ഷിണാമൂർത്തി–ശ്രീകുമാരൻ തമ്പി), പ്രിയമുള്ളവളേ (തെക്കൻ കാറ്റ്–എ.ടി. ഉമ്മർ, പി.ഭാസ്കരൻ), മാനത്തെ കായലിൻ (കള്ളിച്ചെല്ലമ്മ– കെ. രാഘവൻ–പി. ഭാസ്കരൻ), നീലനിശീഥിനീ (സിഐഡി നസീർ–എം.കെ. അർജുനൻ, ശ്രീകുമാരൻ തമ്പി), ചന്ദ്രികാചർച്ചിതമാം (പുത്രകാമേഷ്ടി– ദക്ഷിണാമൂർത്തി, വയലാർ), താമരപ്പൂ നാണിച്ചു (ടാക്‌സി കാർ–ആർ.കെ. ശേഖർ, ശ്രീകുമാരൻ തമ്പി), അങ്ങനെ എല്ലാം തന്നെ സോളോകൾ. ഹിറ്റ് പട്ടികയിൽ യുഗ്മഗാനങ്ങൾ ഇല്ലെന്നുതന്നെ പറയാം.

പ്രണയത്തിൽ വരെ വിഷാദം കലരുന്ന ഈ ശബ്ദത്തിൽ സാക്ഷാൽ വിഷാദഗാനങ്ങൾ പാടിയാൽ എങ്ങനെയുണ്ടാവും? അൽപ്പായുസ്സാവേണ്ട കേവലസങ്കടങ്ങൾ ആത്മാവിൽ കൂടുകൂട്ടുന്ന ശോകമായി വളരുന്ന രാസപ്രക്രിയ നാം അനുഭവിക്കും. അറംപറ്റിപ്പോയി എന്ന് ആളുകൾ പറയുന്ന ദേവഗായകനെ ദൈവം ശപിച്ചു (വിലയ്ക്കുവാങ്ങിയ വീണ), ക്ഷേത്രമേതെന്നറിയാത്ത തീർഥയാത്ര (പൂജയ്ക്കെടുക്കാത്ത പൂക്കൾ), കണ്ണീരാറ്റിലെ തോണി (പാതിരാവും പകൽവെളിച്ചവും), വേദന നിന്നു വിതുമ്പുന്ന (സ്വപ്നാടനം), കനകം മൂലം ദുഃഖം (ഇന്റർവ്യു)... തുടങ്ങിയ ഗാനങ്ങൾക്ക് നമ്മുടെ മനസ്സുകളെ വിമലീകരിക്കാൻ വരെ ശക്തി ലഭിക്കുന്നതിൽ ആ ശബ്ദത്തിനുള്ള പങ്ക് എടുത്തുപറയേണ്ടതാണ്.

ഒറ്റപ്പെട്ടവൻ മാത്രമല്ല, ഒരു പരിധിവരെ മാറ്റിനിർത്തപ്പെട്ടവൻ കൂടിയായിരുന്നു ബ്രഹ്മാനന്ദൻ. ഏറ്റവും വലിയ അവഗണന ഉണ്ടായത് സംഗീതസംവിധായകൻ ദേവരാജന്റെ ഭാഗത്തുനിന്നാണ്. ബ്രഹ്മാനന്ദന്റെ ആലാപന പ്രത്യേകതകൾ ഏറ്റവും ഭംഗിയായി ഉപയോഗിക്കാൻ കഴിയുന്ന സംഗീതമായിരുന്നു ദേവരാജന്റേത്. പക്ഷേ, അദ്ദേഹം മൂന്നാമത്തെ ഗായകനായിപ്പോലും ബ്രഹ്മാനന്ദനെ പരിഗണിച്ചില്ല. ആകെ നൽകിയ 12 പാട്ടിൽ ഒരേയൊരു സോളോ മാത്രം. പാശ്ചാത്യമട്ടിലുള്ള രാഗതരംഗം...(പാലാഴിമഥനം–ശ്രീകുമാരൻ തമ്പി) എന്ന ഗാനം ബ്രഹ്മാനന്ദൻ ഉഷാറാക്കുകയും ചെയ്തു. അതു തന്റെ ആലാപന സിദ്ധികൾക്ക് അത്ര അനുയോജ്യമല്ലാതിരുന്നിട്ടുപോലും.

എന്തിന്, തനിക്ക് അർഹതപ്പെട്ട പാട്ടുകൾ നേടിയെടുക്കാനുള്ള കെൽപ്പുപോലും അദ്ദേഹത്തിനില്ലായിരുന്നു. ബ്രഹ്മാനന്ദൻ കയ്യൊപ്പിട്ട ‘താരക രൂപിണി’ പോലും സംഗീത സംവിധായകൻ ദക്ഷിണാമൂർത്തിയുടെ പിടിവാശി കൊണ്ടു ലഭിച്ചതാണ്. യേശുദാസോ ജയചന്ദ്രനോ പാടിയാൽ മതിയെന്നായിരുന്നു നിർമാതാവ് ടി.ഇ. വാസുദേവന്റെ താൽപ്പര്യം. താരതമ്യേന പുതുമുഖമായ ബ്രഹ്‌മാനന്ദന്റെ പേരിനു വ്യാപാരസാധ്യത ഇല്ലാത്തതു തന്നെ കാരണം. ബ്രഹ്‌മാനന്ദൻ പാടിയതിന്റെ പേരിൽ ചിത്രത്തിന് എന്തെങ്കിലും സാമ്പത്തിക നഷ്‌ടം ഉണ്ടായാൽ അതു താൻ വഹിച്ചുകൊള്ളാമെന്നു ദക്ഷിണാമൂർത്തി പറഞ്ഞു. ബ്രഹ്‌മാനന്ദൻ ഈ പാട്ടു പാടുന്നില്ലെങ്കിൽ സംഗീതസംവിധാനത്തിനു വേറെ ആളെ നോക്കിക്കൊള്ളാനും സ്വാമി നിലപാടെടുത്തു. ആ കടുംപിടിത്തത്തിനു മുന്നിൽ നിർമാതാവ് വഴങ്ങുകയായിരുന്നു. പ്രണയവും വിഷാദവും സമം കലർന്ന ബ്രഹ്‌മാനന്ദന്റെ ശബ്‌ദത്തിലല്ലാതെ ഈ ഗാനം ഇന്ന് ആലോചിക്കാൻ പോലും കഴിയില്ലെന്നതു ചരിത്രം.

മലയത്തിപ്പെണ്ണ് (1989) എന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീത സംവിധാനം ബ്രഹ്മാനന്ദനായിരുന്നു. അതിലെ ‘മട്ടിച്ചാറ് മണക്കണ്...’ എന്ന ഗാനം (ഉണ്ണിമേനോൻ–ചിത്ര) സൂപ്പർ ഹിറ്റായി. തുടർന്ന് ഒട്ടേറെ ചിത്രങ്ങളുടെ സംഗീതസംവിധാന ചുമതല ഇദ്ദേഹത്തെ തേടിയെത്തി. പക്ഷേ, കാര്യത്തോടടുത്തപ്പോൾ അവ ഒന്നൊഴിയാതെ മറ്റാളുകൾ ചെയ്തു. ബ്രഹ്മാനന്ദനെതിരെ കരുനീക്കങ്ങൾ ശക്തമായിരുന്നു. കെണികളിൽ വീഴാതിരിക്കാനുള്ള ജാഗ്രത ആ ശുദ്ധഹൃദയത്തിന് ഇല്ലായിരുന്നുതാനും. ജീവിച്ചിരുന്നെങ്കിൽ ഈ ഫെബ്രുവരി 22നു സപ്തതി ആഘോഷിക്കാമായിരുന്നു. 2004 ഓഗസ്റ്റ് പത്തിന് ആ ബ്രഹ്മനാദം നിലച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.