Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രവീന്ദ്രനും ജയചന്ദ്രനും

jayachandrann-raveesndran-master

ജീവിതംകൊണ്ടു വീട്ടാൻ പറ്റാത്ത കടം ചിലർ മരണംകൊണ്ടു വീട്ടും എന്നു പറയാറുണ്ട്. ഈ ഭൂമിയിൽനിന്നു കടന്നുപോകുന്നതിനു തന്റെ ആത്മമിത്രത്തിന്റെ ജന്മദിനം തന്നെ തിരഞ്ഞെടുത്തതിലൂടെ രവീന്ദ്രൻ മാസ്റ്റർ ഇതാണോ ചെയ്തത്? തന്നെ ഓർമിക്കുന്നവരിലൂടെ അവനും അവനെ ഓർമിക്കുന്നവരിലൂടെ താനും ജീവിക്കണമെന്ന കടംവീട്ടൽ.!

മാർച്ച് മൂന്ന് ഗായകൻ പി. ജയചന്ദ്രന്റെ ജന്മദിനവും സംഗീതസംവിധായകൻ രവീന്ദ്രന്റെ മരണദിനവുമാണ്. ഹൃദയത്തിൽ സംഗീതവും വയറ്റിൽ വിശപ്പുമായി ചെന്നൈയിലെത്തിയ രവീന്ദ്രന് വലിയ തണലായിരുന്നു ജയചന്ദ്രൻ. പരാജയപ്പെട്ട ആലാപനശ്രമങ്ങളും നിത്യവൃത്തിക്കായുള്ള ഡബ്ബിങ് പരിശ്രമങ്ങളുമായി ചെന്നൈയിൽ കഴിഞ്ഞ കാലത്തെല്ലാം ജയചന്ദ്രന്റെ നിഷ്കപടമായ സൗമനസ്യങ്ങൾ രവീന്ദ്രനെ ജീവിതം മുന്നോട്ടു നയിച്ചു. രവീന്ദ്രന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ആദ്യ ആൽബമായ ‘ദീപം മകരദീപം’ (1980–നിർമാണം:എ.വി.എം) ഹിറ്റായിരുന്നു. ഇതിലെ പത്തു പാട്ടും പാടി നൽകിയത് ജയചന്ദ്രനായിരുന്നു.

പക്ഷേ, വലിയ സംഗീതസംവിധായകനായ ശേഷം ഇതിനു തക്ക പരിഗണന ജയചന്ദ്രനു നൽകാൻ രവീന്ദ്രനു കഴിഞ്ഞില്ല. 169 സിനിമകളിലായി 755 ഗാനങ്ങൾക്ക് ഈണം നൽകിയ രവീന്ദ്രന് വെറും 28 പാട്ടിൽ മാത്രമേ തന്റെ ആപത്ബാന്ധവന്റെ ശബ്ദം ഉപയോഗിക്കാൻ കഴിഞ്ഞുള്ളൂ. അതിൽ വെറും 13 എണ്ണം മാത്രമായിരുന്നു സോളോ. ഈ ‘ഒഴിവാക്കലിൽ’ രവീന്ദ്രൻ എന്നും വേദനിച്ചിരുന്നെങ്കിലും ജയചന്ദ്രൻ ആ നിസ്സഹായത മനസ്സിലാക്കിയിരുന്നു. യേശുദാസിന്റെ പൂർണമായ ശുപാർശയിലാണ് ‘ചൂള’ എന്ന സിനിമയിലെ ‘താരകേ മിഴിയിതളിൽ കണ്ണീരുമായി....’ എന്ന ഗാനവുമായി രവീന്ദ്രൻ സംഗീതസംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്. മാത്രമല്ല, അക്കാലത്ത് കസെറ്റ് കമ്പനികളുടെ താൽപ്പര്യങ്ങൾക്ക് എതിരായി നീങ്ങാൻ സംഗീതപ്രവർത്തകർക്ക് കഴിയുമായിരുന്നുമില്ല.

യേശുദാസിന്റെ ഉടമസ്ഥതയിലുള്ള ‘തരംഗിണി’ സർവപ്രതാപിയായിരുന്ന കാലമായിരുന്നു അത്. ‘യേശുദാസ് പാടുന്ന ഗാനങ്ങളെല്ലാം തരംഗിണിക്ക്, തരംഗിണി ഇറക്കുന്ന കസെറ്റുകളിലെല്ലാം പുരുഷശബ്ദം യേശുദാസിന്റേത് ’ എന്ന പരിതസ്ഥിതിയിൽ ജയചന്ദ്രന് അവസരം കൊടുക്കാൻ രവീന്ദ്രനു മാത്രമല്ല, മിക്ക സംഗീതസംവിധായകർക്കും കഴിഞ്ഞില്ല.

വർഷങ്ങളോളം ഒരു പിന്നണിഗാനം പോലും മലയാള സിനിമയിൽ പാടാതെ ജയചന്ദ്രൻ മാറ്റിനിർത്തപ്പെട്ട കാലം. രഞ്ജിനി, നിസരി, സർഗം, ശ്രുതി തുടങ്ങിയ മറ്റു ചെറിയ കസെറ്റ് കമ്പനികൾ എം.ജി. ശ്രീകുമാർ, വേണുഗോപാൽ തുടങ്ങിയ പുതിയ ഗായകരുമായി കഴിച്ചുകൂട്ടി..

മുല്ലനേഴി രചിച്ച ‘കൊല്ലം കണ്ടാൽ ഇല്ലം വേണ്ട...’ (സ്വർണപ്പക്ഷികൾ–1981), കെ. വിജയന്റെ ‘സിന്ദൂരച്ചെപ്പ് തട്ടിമറിഞ്ഞു...’ (കാമശാസ്ത്രം–1981) എന്നിവയാണ് ജയചന്ദ്രന് രവീന്ദ്രൻ നൽകിയ ആദ്യഗാനങ്ങൾ. ഇവ വിജയമായില്ല. പക്ഷേ, 1982ൽ ബിച്ചു തിരുമലയുടെ രചനയിൽ ‘ചിരിയോ ചിരി’യിൽ യേശുദാസിനൊപ്പം ജയചന്ദ്രൻ പാടിയ

സമയരഥങ്ങളിൽ ഞങ്ങൾ

മറുകര തേടുന്നു

സകലതിനും പൊരുളേ നീ

കാത്തരുളീടണമേ...

സൂപ്പർ ഹിറ്റായി. ഇരുവരുടെ ആലാപനം താരതമ്യം ചെയ്യാൻ ആസ്വാദകർക്കു ലഭിച്ച സുവർണാവസരം. യേശുദാസിന്റെ ആലാപന ഗാംഭീര്യവും ജയചന്ദ്രന്റെ ശബ്ദമാധുരിയും പരസ്പരം മൽസരിച്ച പാട്ട്.

തൊട്ടടുത്ത വർഷം ‘പ്രശ്നം ഗുരുതരം’ എന്ന ചിത്രത്തിൽ ജയചന്ദ്രൻ പാടിയ ‘പാലാഴി പൂമങ്കേ...’യും ഹിറ്റായി. രചന ബിച്ചു തന്നെ. പിന്നീട് 17 വർഷത്തെ വലിയ ഇടവേളയ്ക്കു ശേഷമാണ് രവീന്ദ്രന്റെ സംഗീതത്തിൽ ജയചന്ദ്രന് ഒരു നല്ല പാട്ട് ലഭിക്കുന്നത്. ലോഹിതദാസിന്റെ സംവിധാനത്തിൽ രണ്ടായിരത്തിൽ ഇറങ്ങിയ ‘അരയന്നങ്ങളുടെ വീട്’ ആണ് അതിനു നിമിത്തമായത്. ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ വിരിഞ്ഞ ‘കാക്കപ്പൂ കൈതപ്പൂ...’ ജയചന്ദ്രൻ ഗംഭീരമാക്കി. ഒരുപക്ഷേ, തന്നെ ഇത്ര നാൾ മാറ്റിനിർത്തിയതിന്റെ മധുരപ്രതികാരം പോലെയാണ് ആ പാട്ട് അദ്ദേഹം പാടിയത്. പാട്ടിന്റെ തുടക്കത്തിലെ ‘പൊന്നാര്യൻ പൂക്കുന്നോരെന്റെ നാട്ടിൽ...’ എന്ന വരിയിലെ ആര്യൻ, എന്റെ എന്നീ വാക്കുകൾക്ക് ജയചന്ദ്രൻ നൽകിയിരിക്കുന്ന ഗ‍ൃഹാതുരസ്പർശം കഥാസന്ദർഭത്തെ എത്രയോ പ്രോജ്വലിപ്പിക്കുന്നു! ആദ്യചരണത്തിലെ

പാൽക്കാരിപ്പുഴയുണ്ട് പാടമുണ്ടേ

കർപ്പൂരത്തിരി കത്തും നാഗക്കാവും

എന്ന വരികൾക്ക് കൊടുത്തിരിക്കുന്ന വ്യത്യസ്ത ഭാവസ്പർശമൊക്കെ നവഗായകർക്കു പാഠപുസ്തകമാണ്. ആദ്യവരിക്ക് ഉൽസവഛായയും രണ്ടാമത്തേത്തിന് ആത്മീയാന്തസ്സും.

രവീന്ദ്രനും ജയചന്ദ്രനും ചേർന്നു സൃഷ്ടിച്ച ഏറ്റവും വലിയ ഹിറ്റ് 2002ൽ നന്ദനത്തിൽ സുജാതയുമായി ചേർന്നു പാടിയ ‘ആരും, ആരും കാണാതെ...’ആണ്. യൗവ്വനത്തിലേക്കു കാലൂന്നുന്ന നായകനുവേണ്ടി അതിലും യുവാവായി ജയചന്ദ്രൻ പാടിത്തകർത്തു. 2003ൽ ‘മിഴി രണ്ടിലും’ എന്ന ചിത്രത്തിൽ വയലാർ ശരത്ചന്ദ്രവർമ രചിച്ച ‘ആലിലത്താലിയുമായി...’ ജയചന്ദ്രനു രവീന്ദ്രൻ നൽകിയ ഏറ്റവും നല്ല സോളോ ആയി അറിയപ്പെടും.

തനിക്കു ഗാനങ്ങൾ നൽകാൻ കഴിയാത്ത സുഹൃത്തിന്റെ നിസ്സഹായത ജയചന്ദ്രൻ നന്നായി മനസ്സിലാക്കിയിരുന്നു. അതൊന്നും അവരുടെ സൗഹൃദത്തിൽ മങ്ങലേൽപ്പിച്ചില്ല. ആവശ്യപ്പെട്ട സന്ദർഭങ്ങളിലെല്ലാം ഏറ്റവും ആത്മാർഥതയോടെ ജയചന്ദ്രൻ പാടിക്കൊടുത്തു, ഒട്ടും ഉഴപ്പാതെ തന്നെ.

മറ്റൊന്നു കൂടി ശ്രദ്ധിക്കാം. ജയചന്ദ്രന്റെ ഗാനങ്ങൾ ഏറ്റവും സൂക്ഷ്മതയോടെ റിക്കോർഡ് ചെയ്യാനും മിക്സ് ചെയ്യാനും രവീന്ദ്രനും ശ്രദ്ധിച്ചിട്ടുണ്ട്. ‘അരയന്നങ്ങളുടെ വീടി’ലെ ‘കാക്കപ്പൂ കൈതപ്പൂ...’. രവീന്ദ്രൻ തന്റെ കരിയറിൽ ഏറ്റവും നന്നായി മിക്സ് ചെയ്ത പാട്ടുകളിൽ ഒന്നാണ്. ‘ഹരിമുരളീരവ’ത്തിനും ‘പ്രമദവന’ത്തിനും മേലേ...

സംശയമുണ്ടെങ്കിൽ ഹെഡ് ഫോണിൽ കേട്ട് ഒന്നു താരതമ്യം ചെയ്തുനോക്കിക്കോളൂ.

Your Rating: