Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗീത ദത്തിനെ ഓർമിപ്പിച്ച് ഒരു ജൂലൈ കൂടി കടന്നുപോകുന്നു

geetha-dutt-guru-dutt

‘എല്ലാ കഴിവുകളും കൂടി ദൈവം ഒരാൾക്കു കൊടുക്കില്ല’ എന്നൊരു ചൊല്ലുണ്ട്. ‘ഇന്ത്യയുടെ വാനമ്പാടി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലതാ മങ്കേഷ്കറെയും ഒരു പൂർണ ഗായികയായി വിലയിരുത്താനാവുമോ? ഫാസ്റ്റ് നമ്പരുകളിലും താളപ്രധാനമായ ഗാനങ്ങളിലും ആശാ ഭോസ്‌ലെയേയോ ഉഷാ ഉതുപ്പിനെയോ ഉപയോഗിക്കാനാണു സംഗീത സംവിധായകർ കൂടുതൽ താൽപര്യപ്പെട്ടിരുന്നത്. മുഹമ്മദ് റഫിയുടെ കാര്യവും അങ്ങനെ തന്നെ. പ്രസരിപ്പുള്ള ഗാനങ്ങൾ റഫിയേക്കാൾ പാടി ഫലിപ്പിച്ചതു കിഷോർ കുമാർ. എല്ലാ സ്ഥായിയിലും ഭാവത്തിലും പൂർണതയോടെ പാടാൻ കഴിയുന്ന ഗായകർ സംഗീത സംവിധായകരുടെ സ്വപ്നമാണ്. അത്തരമൊരു സ്വപ്ന സാക്ഷാൽക്കാരമായിരുന്നു, ജീവിതം പാതിയിൽ ഉപേക്ഷിച്ചു കടന്നുപോയ ഗീത ദത്ത്. ബോളിവുഡിന്റെ ദുരന്തഗായിക.

എസ്.ഡി.ബർമന്റെ സംഗീതത്തിൽ ‘ദോ ഭായി’ (1947) എന്ന ചിത്രത്തിൽ പാടിയ ‘മേരാ സുന്ദർ സപ്നാ ബീത് ഗയാ...’ ആയിരുന്നു ഗീതയുടെ ആദ്യ ഹിറ്റ്. ഹിന്ദിയിലെ വിഷാദഗാനങ്ങളിലെ മാസ്റ്റർപീസ്. 

വോ സപ്നേ വാലി രാത്...(പ്യാർ– 1950), തദ്ബീർ സേ ബിഗഡീ ഹുയീ.. (ബാസി–1951), ആയേ ദിൽ മുഝേ...(ഭായി ഭായി–1956), സാരാ സാമ്നേ ആ... (ബാസ്–1953), ചലേ ആവോ ചലേ ആവോ... (സാഹിബ് ബീബീ ഓർ ഗുലാം–1962), മേരാ നാം ചിൻ ചിൻ ചു... (ഹൗറ ബ്രിജ് –1958), മേരേ സിന്ദഗീ കേ ഹംസഫർ... (ശ്രീമതി–1956), ആൻ മിലോ ആൻ മിലോ... (ദേവദാസ്–1955) തുടങ്ങിയ വൈവിധ്യത്തിന്റെ നിത്യവസന്തങ്ങളാണ് അവർ ഇന്ത്യൻ സംഗീതലോകത്തിനു നൽകിയത്. എല്ലാത്തരം പൂക്കളുമുള്ള ഉദ്യാനത്തിന്റെ പേരാണ് ഗീത ദത്ത്.

‘ആജാ രി...’ (നയീ മാ) എന്ന ഗാനത്തിലൂടെ താരാട്ടിന്റെയും തമ്പുരാട്ടിയാണു താനെന്ന് അവർ തെളിയിച്ചു.

ഗീത ദത്ത് തന്റെ സംഗീത സപര്യയിൽ ഉറച്ചുനിന്നിരുന്നെങ്കിൽ ലതാ മങ്കേഷ്കർക്കും ആശാ ഭോസ്‌ലെയ്ക്കും ഇത്ര തിളക്കം ഉണ്ടാകുമായിരുന്നില്ല എന്നാണു നിരൂപകരുടെ പക്ഷം.

ഇത്ര വലിയ പ്രതിഭയെ എങ്ങനെയാണ് ബോളിവുഡിനു കൈമോശം വന്നത്? 

വീണ്ടും ഒരു നാട്ടുചൊല്ല്– ‘കുടുംബം പോയാൽ എല്ലാം പോകും..’ 

ബംഗാളിലെ ഫരീദ്പുരിൽ നിന്നു മുംബൈയിലെ ഫ്ലാറ്റിലേക്കു   ദേബേന്ദനാഥ് ഘോഷ് റോയിയുടെ സമ്പന്നകുടുംബം കുടിയേറുമ്പോൾ മകൾ ഗീത റോയിക്ക് 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മുംബൈയിലെ സംഗീത സംവിധായകൻ കെ.ഹനുമൻ പ്രസാദാണ് ഗീതയിലെ ഗായികയുടെ ശക്തി കണ്ടെത്തുന്നതും സിനിമയിലേക്കു വഴിതുറക്കുന്നതും. അദ്ദേഹം സംഗീതം നൽകിയ ‘ഭക്തപ്രഹ്ലാദ’ എന്ന ചിത്രത്തിൽ വെറും രണ്ടു വരി പാടിയായിരുന്നു തുടക്കം.

എസ്‍.ഡി.ബർമന്റെ ഹൃദയഹാരിയായ ഈണങ്ങൾക്ക് അദ്ദേഹം വിഭാവനം ചെയ്തതിനേക്കാൾ ഉയരത്തിൽ ചിറകുകൾ നൽകിയാണ് ഗീത ബോളിവുഡിന്റെ നക്ഷത്രമായത്. ഒപ്പം ജ്വലിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ സിനിമാ മാസികകളും സപ്ലിമെന്റുകളും ഗീതയുടെ വിശേഷങ്ങൾ അച്ചടിക്കാൻ മത്സരിച്ചു. ഒ.പി.നയ്യാറിന്റെ മികച്ച ഈണങ്ങൾ കൂടി ലഭിച്ചതോടെ ഗീതയിലെ പാട്ടുകാരിയുടെ വൈവിധ്യം ബോളിവുഡിൽ കൂടുതൽ പ്രകടമായി. സമകാലികരായ ഷംഷാദ് ബീഗം, ലതാ മങ്കേഷ്കർ എന്നിവരെ ഒരുവേള നിഷ്പ്രഭരാക്കി മുന്നേറവെയാണ് ആ പ്രണയത്തിൽ ഗീതയുടെ ഹൃദയം ബന്ധിതമാവുന്നത്. പൂർണതയ്ക്കായി വാശിപിടിക്കുന്ന സംവിധായക പ്രതിഭ ഗുരു ദത്ത്! അദ്ദേഹത്തിന്റെ ‘ബാസി’യുടെ ചിത്രീകരണത്തിനിടെയാണ് ഇവർ ആകൃഷ്ടരാവുന്നത്. ഇതിലാണ് ‘തദ്ബീർ സേ ബിഗഡീ ഹുയീ...’ എന്ന ഗീതയുടെ സൂപ്പർഹിറ്റ്. നല്ല നടൻ കൂടിയായ ഗുരു ദത്തിന്റെയും ഗീതയുടെയും പ്രണയം ബോളിവുഡ് ആഘോഷിച്ചു. ‘ഉത്തമ ജോഡി’ എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങൾ കൂടി പിന്തുണച്ചതോടെ ഗീത റോയി, ഗീത ദത്തായി.

വിവാഹജീവിതത്തിന്റെ ആദ്യകാലം ഗംഭീരമായിരുന്നു. കലയോടും ജീവിതത്തോടുമുള്ള പ്രണയം വർധിച്ചു. നിഷ്കളങ്കയായിരുന്ന ഗീത, തന്നെ ഇടക്കാലത്തു തഴഞ്ഞിരുന്ന ഒ.പി.നയ്യാറിനു ഗുരു ദത്തിന്റെ ചിത്രങ്ങളിൽ അവസരം നൽകി. നയ്യാർ–ഗീത–ദത്ത് ടീമിന്റെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ദത്ത് സംവിധാനം ചെയ്ത ‘ആർപാർ’ ബോളിവുഡിലെ സൂപ്പർഹിറ്റായിരുന്നു, അതിലെ ഗീതയുടെ ഗാനങ്ങളും.

സന്തോഷം ഏറെനാൾ നീണ്ടില്ല. തന്റെ ‘പ്യാസ’ എന്ന ചിത്രത്തിൽ നായികയായെത്തിയ ബോളിവുഡിലെ സ്വപ്നസുന്ദരി വഹീദ റഹ്മാനുമായി ഗുരു ദത്ത് പ്രണയത്തിലായി. കുടുംബബന്ധം ഉലഞ്ഞതോടെ ഗുരു ദത്തിന്റെയും ഗീതയുടെയും ജീവിതം ചരടു പൊട്ടിയ പട്ടം പോലെയായി.   മുംബൈയിലെ വലിയ ബംഗ്ലാവിൽ ഏതാണ്ട് ഒറ്റയ്ക്കായിപ്പോയ ഗീത, മദ്യത്തിന്റെ കൂട്ടു തേടിത്തുടങ്ങിയത് അക്കാലത്താണ്.  സ്വന്തം ചിത്രങ്ങളിൽ ഗീതയ്ക്കു പകരം ആശാ ഭോസ്‌ലെയേക്കൊണ്ടു ഗുരു ദത്ത് പാടിച്ചു. വീട്ടിൽ പുകഞ്ഞ അഗ്നിപർവതത്തിന്റെ ചൂടിൽനിന്ന് ഗുരുദത്തിനും മോചനമുണ്ടായില്ല. വർഷങ്ങളായി ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്ന അദ്ദേഹം അതിൽ നിമഗ്നനായി. ഇക്കാലത്തും ഗീതയ്ക്കു ഗുരു ദത്തിനോടുള്ള സ്നേഹത്തിന് ഇടിവില്ലായിരുന്നു. സൗന്ദര്യം ആവോളമുണ്ടായിട്ടും ഒട്ടേറെപ്പേരുടെ മോഹപാത്രമായിരുന്നിട്ടും അവർ ഗുരു ദത്തിനെ ഉപേക്ഷിച്ചു പോയില്ല. രാത്രിയുടെ ഏതോ യാമത്തിൽ വേച്ച കാലുകളുമായി കയറിവരുന്ന തന്റെ പ്രിയഭർത്താവിനായി അവർ ഉറക്കമിളച്ചു കാത്തിരുന്നു, കയ്യിലൊരു മധുചഷകവുമായി. 1964ൽ, മദ്യത്തിൽ ഉറക്ക ഗുളികകൾ ചേർത്തു കഴിച്ച് ഗുരു ദത്ത് ജീവിതത്തോടു വിടപറഞ്ഞപ്പോൾ ഗീതയ്ക്കായി അവശേഷിപ്പിച്ചിരുന്നതു ഭീമമായ സാമ്പത്തിക ബാധ്യതകളായിരുന്നു.

കടങ്ങൾ വീട്ടാനും ജീവിതം തിരികെ പിടിക്കാനും ഗീത ശ്രമിച്ചു. ആലാപനത്തിലേക്കു തിരികെ വരാൻ നടത്തിയ ശ്രമങ്ങൾ കാര്യമായി വിജയിച്ചില്ല. 1971ൽ ‘അനുഭവി’ൽ പാടിയ ഗാനങ്ങൾ ഹിറ്റായെങ്കിലും മദ്യത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്നു രക്ഷപ്പെടാനോ ഒരു ഗായിക പാലിക്കേണ്ട അച്ചടക്കത്തിലേക്കു മടങ്ങിയെത്താനോ ഗീതയ്ക്കു കഴിഞ്ഞില്ല. 1972 ജൂലൈ 20നു തന്റെ 41–ാം വയസ്സിൽ  രക്തം ഛർദിച്ച് അവർ മരിച്ചു. ജുഹുവിലെ ബംഗ്ലാവിൽ പൊതുദർശനത്തിനു വച്ച മൃതദേഹം കാണാൻ സിനിമക്കാർ ആരുംതന്നെ എത്തിയില്ല.

2013 മേയ് മൂന്നിനു കേന്ദ്രസർക്കാർ ഇറക്കിയ ഒരു സ്റ്റാംപ് മാത്രമാണ് ഇന്ന് അവരുടെ പേരിൽ അവശേഷിക്കുന്നത്. പിന്നെ, ആധികാരികത ആർക്കും ചോദ്യം ചെയ്യാനാവാത്ത ആയിരത്തി ഇരുനൂറോളം ഹിന്ദി, ബംഗാളി ഗാനങ്ങളും.

Your Rating: