Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരുന്നുവന്ന സാഗരം

Author Details
sagara-sangamam-sreekumaran-tambi

വിരുന്നുകാരൻ വീട്ടുകാരനാവുന്ന ചില വിസ്മയങ്ങൾ മലയാള ചലച്ചിത്രഗാന രംഗത്തുണ്ടായിട്ടുണ്ട്. അതിലൊന്നാണു ‘സാഗരസംഗമം’. സാധാരണ ഡബ്ബിങ് സിനിമയിലെ ഗാനങ്ങൾ മുഴച്ചു നിൽക്കും. പക്ഷേ, ഈ തെലുങ്ക് സിനിമയിൽനിന്നു കേരളത്തിലേക്കുവന്ന ഗാനങ്ങൾ മലയാള ഗാനങ്ങളെക്കാൾ മലയാളമായി മലയാളികൾ ആസ്വദിച്ചു.

Vaarmegha Varnante...

‘വാർമേഘ വർണന്റെ മാറിൽ

മാലകൾ‌ ഗോപികമാർ

പൂമാലകൾ കാമിനിമാർ

ആഹാ, കൺകളിൽ പൂവിടും

വെണ്ണിലാവോടവൻ

വേണുവുമൂതുന്നേ മനോ

വെണ്ണ കവരുന്നേ...’

ഇത് ഒറിജിനൽ‍ മലയാളഗാനമല്ലെന്ന് ആരു വിശ്വസിക്കും? മൗനം പോലും മധുരം, തകിട തധിമി, നാദവിനോദം, ബാല കനമയ... തുടങ്ങി ‘സാഗരസംഗമ’ത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. മലയാളത്തനിമയോടെ ഈ ഗാനങ്ങൾ ആസ്വാദ്യമാക്കിയതിന്റെ ബഹുമതി പൂർണമായും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക്. ‘തെലുങ്ക് പാട്ടിന്റെ തർജമയെക്കാൾ, മലയാളികൾക്കു പരിചിതമായ സാഹചര്യങ്ങൾ‌ പാട്ടിൽ കൊണ്ടുവരാനാണു ഞാൻ ശ്രമിച്ചത്.’ ശ്രീകുമാരൻ തമ്പി പറയുന്നു. എന്തായാലും ഈ ശ്രമം വിജയിച്ചു.

‘പൂന്താനം കവിതകളിൽ

പൂമണമായ് പൂത്തവനേ’

എന്നും

‘ചെറുശേരി ഗാനത്തിൽ

അലകളായ് പൊങ്ങിയോനേ’

എന്നുമൊക്കെയുള്ള വരികൾ തനി കേരളീയം തന്നെ. എന്തിനേറെ? ‘മൗനം പോലും മധുരം ഈ മധുനിലാവിൻ മഴയിൽ’ എന്ന വരികൾ മലയാളികൾ തേൻതുള്ളികളായാണ് ആസ്വദിച്ചത്. അത്രമേൽ ഹിറ്റായതുകൊണ്ടാണ് ആ പാട്ടിന്റെ ഛായയിൽ അടുത്തകാലത്ത് ‘ഓലഞ്ഞാലിക്കുരുവീ ഇളം കാറ്റിലാടി വരു നീ’ എന്നു ഗാനമുണ്ടായത്. നിർമാതാവ് യെഡിദ നാഗേശ്വര റാവുവിന്റെയും സംവിധായകൻ കെ. വിശ്വനാഥിന്റെയും കൂട്ടുകെട്ടിൽ പിറന്ന ‘ശങ്കരാഭരണം’ വൻ ഹിറ്റായതിനെ തുടർന്നാണ് സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകി അതേമട്ടിൽ ഒരു പടം കൂടി ചെയ്യാൻ ഇരുവരും തീരുമാനിക്കുന്നത്. അങ്ങനെയാണു കമൽഹാസനും ജയപ്രദയും നായികാനായകൻമാരായി ‘സാഗരസംഗമം’ (1983) പിറക്കുന്നത്.

പടം വൻ ഹിറ്റായതിനെ തുടർന്ന് മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്തിറക്കാൻ നാഗേശ്വര റാവു തീരുമാനിച്ചു. അക്കാലത്താണു ശ്രീകുമാരൻ തമ്പിയുടെ ‘ഗാനം’ എന്ന ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിങ് ഇറങ്ങുന്നത്. സംഗീതപ്രധാനമായ ചിത്രമായിരുന്നു ഗാനം. അതിന്റെ ഗാനങ്ങൾ എഴുതിയ ആൾ തന്നെ സാഗരസംഗമത്തിലെ മലയാളം ഗാനങ്ങൾ എഴുതിയാൽ മതിയെന്നു നാഗേശ്വര റാവു തീരുമാനിച്ചു. ആളെ അന്വേഷിച്ചപ്പോഴാണു പ്രിയ സുഹൃത്തും സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സിലെ സഹഭാരവാഹിയുമായ ശ്രീകുമാരൻ തമ്പിയാണു രചയിതാവെന്ന് അറിയുന്നത്. അന്നുവരെ നിർമാതാവ് എന്ന നിലയിൽ മാത്രമേ തമ്പിയെ നാഗേശ്വര റാവുവിന് അറിയാമായിരുന്നുള്ളൂ.

‘അദ്ദേഹം ഫോൺ വിളിക്കാനൊന്നും നിന്നില്ല. നേരെ, കാറെടുത്ത് മദ്രാസിലെ എന്റെ വീട്ടിലേക്കു വന്നു കാര്യം പറഞ്ഞു. ഡബ്ബിങ് ഗാനങ്ങൾ എഴുതാൻ പൊതുവേ താൽപ്പര്യം ഇല്ലാത്തയാളാണു ഞാൻ. പക്ഷേ, അദ്ദേഹത്തെപ്പോലൊരാൾ നേരിട്ടു വന്ന് ആവശ്യപ്പെട്ടാൽ എനിക്കു നിഷേധിക്കാനാവുമോ? വളരെ സന്തോഷത്തോടെയാണു ഞാൻ ആ പാട്ടുകൾ എഴുതിയത്. എന്റെ സന്തോഷം ആ പാട്ടുകളിലുണ്ട്. പാട്ടുകൾ അദ്ദേഹത്തിനു വലിയ ഇഷ്ടമായി. പ്രതിഫലം കണ്ടപ്പോൾ ഞാൻ അമ്പരന്നു. അന്നു മലയാളത്തിൽ തന്നിരുന്നതിന്റെ ഇരട്ടി!’ ശ്രീകുമാരൻ തമ്പി പറയുന്നു.

Mounam Polum Madhuram...

തമ്പിയുടെ രചനപോല ഹൃദ്യമായിരുന്നു ഇളയരാജയുടെ സംഗീതവും. (മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ഇതിന്റെ തെലുങ്ക് പതിപ്പിലൂടെ ഇളയരാജ സ്വന്തമാക്കി; മികച്ച ഗായകനുള്ളത് എസ്.പി. ബാലസുബ്രഹ്മണ്യവും). ഇത്ര സംഗീതപ്രധാനമായ ചിത്രമായിട്ടും ഒരു പാട്ടുപോലും യേശുദാസിനില്ലായിരുന്നു എന്ന കൗതുകമുണ്ട്. വാർമേഘ വർണന്റെ മാറിൽ, മൗനം പോലും മധുരം, തകിട തധിമി തുടങ്ങിയ ഹിറ്റുകളെല്ലാം പാടാൻ ഭാഗ്യം ലഭിച്ചത് ജയചന്ദ്രനും മാധുരിക്കും എസ്. ജാനകിക്കും. ഒരുപക്ഷേ, ജയചന്ദ്രന്റെ ശാസ്ത്രീയത കുറഞ്ഞ ആലാപന രീതിയും ഈ ഗാനങ്ങളുടെ മലയാളിത്തത്തിനു കാരണമായിരിക്കും.

ഒരു കൗതുകം കൂടി: മലയാളം പാട്ടുകളുടെ റിക്കോർഡിങ്ങിന് ഇളയരാജ ഇല്ലായിരുന്നു. അസിസ്റ്റന്റ് സൗന്ദരരാജന്റെ നേതൃത്വത്തിലായിരുന്നു റിക്കോർഡിങ്. പിന്നീട് ‘അപ്പു’ എന്ന മലയാളം സിനിമയിൽ ശ്രീകുമാരൻ തമ്പിയുടെ തന്നെ രചനയിൽ ‘കൂത്തമ്പലത്തിൽ വച്ചോ..’, ‘ഒരിക്കൽ നീ ചിരിച്ചാൽ...’ എന്നീ ഹിറ്റുകൾക്കു സംഗീതം നൽകിയതു സൗന്ദരരാജനായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.