Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധുംധുംധും ദുന്ദുഭി നാദം

vaishali-movie-song ദിനേശ്, വൈശാലി എന്ന ചിത്രത്തിൽ സുപർണ ആനന്ദ്

‘വൈശാലി’(1988) ക്കു സംഗീതമൊരുക്കാൻ ചെന്നൈയിലെത്തിയ രവി ബോംബെയുടെ അസിസ്റ്റന്റ് ആകാൻ കഴി‍ഞ്ഞത് ഭാഗ്യമായാണ് സൗണ്ട് റിക്കോർഡിസ്റ്റ് ദിനേശ് കരുതിയത്. അതിലും വലിയൊരു ഭാഗ്യം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. 1986ൽ ലക്ഷ്മികാന്ത്– പ്യാരേലാലിനു വേണ്ടി ഒരു തമിഴ് ചിത്രത്തിൽ സഹായിയായി മുംബൈക്കു പോയിരുന്നു. അന്നുണ്ടാക്കിയ നല്ല പേരിന്റെ വിലാസത്തിലാണ് രവി ബോംബെ വൈശാലിയുടെ അസിസ്റ്റന്റ് ആയി വിളിച്ചത്.

പാട്ടുകളുടെ പണിയെല്ലാം പുരോഗമിക്കുന്നു. ചിത്രത്തിലെ പ്രധാന കഥാസന്ദർഭത്തിൽ ഉപയോഗിക്കേണ്ട ‘ധുംധുംധും ദുന്ദുഭി നാദം...’ എന്ന പാട്ടിന്റെ റിക്കോർഡിങ് ബാക്കിയുണ്ട്. അതിന് യേശുദാസിനായി ട്രാക്ക് പാടിയിരിക്കുന്നതും ദിനേശാണ്. യേശുദാസിന് ഒപ്പം പാടുന്ന ലതികയുടെ റിക്കോർഡിങ്ങും പൂർത്തിയാക്കി. ഇനി യേശുദാസിനെ താൻ പാടിയ ട്രാക്ക് കേൾപ്പിച്ച് പാടി റിക്കോർഡ് ചെയ്യണം. ആ ചുമതലയും ദിനേശിനാണ്. റിക്കോർഡിങ് ദിവസം ഉത്സാഹവാനായി ചെന്നൈയിലെ എവിഎം– സി തിയറ്ററിൽ എത്തിയ ദിനേശിനെ സംവിധായകൻ ഭരതൻ വിളിച്ചു പറഞ്ഞു. ‘ദിനേശ് ആ പാട്ട് ഒന്നുകൂടി പാടണം’.

 ‘ഞാൻ നല്ല രീതിയിൽത്തന്നെ ട്രാക്ക് പാടിയിട്ടുണ്ടല്ലോ... രവി സാർ ഒകെ പറഞ്ഞതാണ്.’

‘അതല്ല, ദിനേശ്, അത് ഒറിജനലായി പാടുന്നത് നീ തന്നെയാണ്.’

ഭരതന്റെ ഈ വാക്കുകൾ കേട്ട് ദിനേശ് ഞെട്ടി. 

ആ അസുലഭ ഭാഗ്യനിമിഷത്തിൽ ആ ചെറുപ്പക്കാരൻ പ്രതികരിച്ചത് ഇങ്ങനെയാണ്.

‘അതു ശരിയാവില്ല, ദാസേട്ടനെ ഉദ്ദേശിച്ചു പാടിയ പാട്ട് ഈ ഭൂമിയിൽ വേറെ ആരു പാടിയാലും ശരിയാവില്ല.’ 

‘നീ തന്നെ പാടി ശരിയാക്കിയാൽ മതി’ ഭരതൻ തീർത്തു പറഞ്ഞു. മുറിയിൽ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് എം.ടി.വാസുദേവൻ നായർ, നിർമാതാവ് അറ്റ്ലസ് രാമചന്ദ്രൻ എന്നിവരും ഭരതന്റെ തീരുമാനം ശരിവച്ചു.

അങ്ങനെ ‘വൈശാലി’യിലെ സുപ്രധാന കഥാസന്ദർഭത്തിലെ പാട്ടിനു ജീവൻ കൊടുക്കാനുള്ള നിയോഗം ഒറ്റപ്പാലം ചോറോട്ടൂർ ചെറ്റാരിയിൽ ദിനേശിനു ലഭിച്ചു. വർഷങ്ങളായി മഴപെയ്യാതെ കിടന്ന ഒരു ദേശത്ത് മഴപെയ്യുന്ന രംഗമാണ് ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. തരിശുഭൂമിയിൽ ആദ്യമഴത്തുള്ളി വീഴുന്ന രംഗത്തിന് അകമ്പടിയായി മലയാള സിനിമയിലേക്ക് ഒരു സ്വരകണം കൂടി എത്തുകയായിരുന്നു. 

തികച്ചും യാദൃച്ഛികമായിരുന്നു ഈ നിയോഗം. അണിയറയിൽ സംഭവിച്ചത് ഇതാണ്: അക്കാലത്ത് തരംഗിണി മ്യൂസിക്കിനു സംഗീത അവകാശം നൽകിയിരുന്ന ചിത്രങ്ങളിൽ മാത്രമേ യേശുദാസ് പാടിയിരുന്നുള്ളൂ. തരംഗിണി വാഗ്ദാനം ചെയ്തതിലും കൂടുതൽ തുകയുമായി പോളിക്രോം എന്നൊരു കസെറ്റ് കമ്പനി രംഗത്തെത്തി. വളരെ ഉയർന്ന തുക ആയതുകൊണ്ട് അവരുമായി കരാർ ഉറപ്പിക്കാൻ നിർമാതാവ് തീരുമാനിച്ചു. സ്വാഭാവികമായി യേശുദാസ് പാടാൻ തയാറായില്ല. പകരം ആരെന്നു ചർച്ച ചെയ്യുന്നതിനിടെ രവി ബോംബെയുടെ മകൻ സഞ്ജയ് ശർമ പറഞ്ഞു. ‘ട്രാക്ക് പാടിയിരിക്കുന്നത് വളരെ നന്നായിട്ടുണ്ടല്ലോ... ആ ശബ്ദം തന്നെ ഉപയോഗിച്ചാൽ പോരേ?’ അങ്ങനെയാണ് ആ മഹാഭാഗ്യം ദിനേശിനെ തേടിയെത്തിയത്. മനോഹരമായി പാടി അദ്ദേഹം. ചിത്രയുടെ ഇന്ദ്രനീലിമയോലും..., ഇന്ദുപുഷ്പം ചൂടി നിൽക്കും... തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്കൊപ്പമോ അതിലേറെയോ ഹിറ്റായി ദിനേശിന്റെയും ലതികയുടേയും ‘ധുംധുംധും...’, പ്രത്യേകിച്ച് സാധാരണ ആസ്വാദകർക്കിടയിൽ.

എല്ലാം അപ്രതീക്ഷിത വഴിത്തിരിവുകൾ ആയിരുന്നു എന്നു ദിനേശ് സാക്ഷ്യപ്പെടുത്തുന്നു. തബലയ്ക്കും ഗിറ്റാറിനും ഡ്രംസിനുമൊക്കെ സ്കൂൾ യുവജനോത്സവങ്ങളിൽ സമ്മാനം വാങ്ങിയിട്ടുള്ള ദിനേശ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ ലളിതഗാനത്തിനു രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. എങ്കിലും ഇഷ്ടം എന്നും ശബ്ദത്തിന്റെ സാങ്കേതികതയിൽ ആയിരുന്നു. ആ പ്രേമം മൂത്താണ് ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ പ്രഗദ്ഭ സൗണ്ട് എൻജിനീയർ എമ്മിയുടെ സഹായിയായി കൂടിയത്. അവിടെ ഉപകരണങ്ങൾ ടെസ്റ്റ് ചെയ്യുന്നതിനായി എന്തെങ്കിലും മൂളിയിരുന്നത് എമ്മിയുടെ ശ്രദ്ധയിൽ പെട്ടു. ‘ദിനേശിൽ ഒരു നല്ല ഗായകനുണ്ടെന്നും ഒന്നു പരീക്ഷിച്ചു നോക്കണം’ എന്നും ഇളയരാജയോട് എമ്മി പറഞ്ഞതൊന്നും ദിനേശ് അറിഞ്ഞിരുന്നില്ല. എന്തായാലും അധികം വൈകാതെ ‘ഇദയക്കോയിൽ’ എന്ന ചിത്രത്തിലെ ‘പാട്ടു തലൈവൻ...’ എന്ന ഗാനത്തിന് എസ്.പി.ബാലസുബ്രഹ്മണ്യത്തിനു ട്രാക്ക് പാടാനായി ഇളയരാജയുടെ വിളി വന്നു. ഒപ്പം ട്രാക്ക് പാടാനുണ്ടായിരുന്നത് ലതിക. (അതേ ലതികയോടൊത്ത് ആദ്യ മലയാള ഗാനം പിന്നീട്!)

ഇളയരാജയ്ക്ക് ഇഷ്ടമായി. പിന്നീട് രാജയുടെ സ്ഥിരം ട്രാക്ക് പാട്ടുകാരനായി. മലയാളത്തിൽ ശ്യാമിനു വേണ്ടിയും ഒട്ടേറെ ട്രാക്ക് പാടി. കൈതപ്രം ആദ്യമായി ഗാനരചയിതാവായ ‘എന്നെന്നും കണ്ണേട്ടന്റെ’യിൽ ജെറി അമൽദേവ് എല്ലാ ട്രാക്കുംപാടിച്ചത് ദിനേശിനെക്കൊണ്ടായിരുന്നു. ഇതിനിടയിലും പ്രധാന ഇഷ്ടം സൗണ്ട് എൻജിനീയറിങ്ങിൽ ആയിരുന്നു. ഇന്നു ചെന്നൈയിൽ തിരക്കുള്ള ഫൈനൽ മിക്സിങ് എൻജിനീയറാണ്.

വൈശാലിക്കു പുറമേ ‘നാടുവാഴി’കളിലെ ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ...(ഉണ്ണി മേനോനോടൊപ്പം), ‘സീതാകല്യാണ’ത്തിലെ ‘ദൂരെ ദൂരെ വാനിൽ...(സുജാതയ്ക്കൊപ്പം) എന്ന ഗാനങ്ങളും ശ്രദ്ധേയമായി. മലയത്തിപ്പെണ്ണ്, പ്രാദേശിക വാർത്തകൾ എന്നിവയിലും പാടിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ അറുപതോളം സിനിമാ ഗാനങ്ങളും നാലായിരത്തോളം ഭക്തിഗാനങ്ങളും പാടിയിട്ടുണ്ടെങ്കിലും സൂപ്പർ ഹിറ്റ് ‘ധുംധുംധും....’ തന്നെ. 

‘ഇന്നു ലോകത്ത് എവിടെ പോയാലും ഈ ഒരു പാട്ടുമതി എന്നെ തിരിച്ചറിയാൻ. തീർച്ചയായും അതൊരു ഭാഗ്യമാണ്. ദൈവം തന്ന സമ്മാനം.’ ദിനേശ് പറയുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.