Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിത്തൊഴുത്തിൽ പിറന്നവനേ

‘കാലിത്തൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ...’

എന്നു ടെലിഫോണിലൂടെ മൂളിയപ്പോൾ മറുതലയ്ക്കൽ നിന്ന് ഒരു കൊച്ചുകുഞ്ഞിന്റെ ആഹ്ലാദത്തോടെ കെ.ജെ. ജോയി പറഞ്ഞു. ‘എന്റെ.. സായൂജ്യം’ പിന്നീട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു ‘ആ പാട്ടൊക്കെ ഓർക്കുന്നവർ ഇന്നു കേരളത്തിലുണ്ടോ...’ ഉണ്ടെന്നു മാത്രമല്ല, ഒരുപാടു ദേവാലയങ്ങളിൽ പാതിരാകുർബാനയുടെ ഭാഗമാണ് ഈ ദൈവിക സംഗീതം എന്നു പറഞ്ഞപ്പോൾ മറുതലയ്ക്കൽ നിന്നു തേങ്ങൽ ഉയർന്നു. ‘അറിയാമോ? എനിക്ക് ഒരു കാലില്ല, ഞാൻ കിടപ്പിലാണ്. സംസാരിക്കാനും ബുദ്ധിമുട്ടാണ്.’ ഈ മനുഷ്യനെ ഇത്ര ദുർബലനായി കാണാൻ ആരും ഇഷ്ടപ്പെടില്ല. കാരണം, അത്ര പ്രതാപശാലിയായിരുന്നു ജോയി ഒരുകാലത്ത്. ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, എ.ടി. ഉമ്മർ, സലിൽ ചൗധരി, എം.കെ. അർജുനൻ എന്നീ മഹാരഥൻമാർ നിറഞ്ഞുനിന്ന കാലത്തായിരുന്നു ജോയിയുടെ തേരോട്ടം.

എൻ സ്വരം പൂവിടും ഗാനമേ..(അനുപല്ലവി), കസ്തൂരി മാൻ മിഴി...(മനുഷ്യമൃഗം), സ്വർണമീനിന്റെ ചേലൊത്ത... , കുങ്കുമസന്ധ്യകളോ ...(സർപ്പം), മറഞ്ഞിരുന്നാലും... (സായൂജ്യം), മഴ പെയ്തു പെയ്ത്...(ലജ്ജാവതി), ആഴിത്തിരമാലകൾ...(മുക്കുവനെ സ്നേഹിച്ച ഭൂതം), അക്കരെയിക്കരെ നിന്നാലെങ്ങനെ...(ഇതാ ഒരു തീരം) അങ്ങനെ ഹിറ്റുകൾക്കു പിന്നാലെ ഹിറ്റുകൾ. മലയാള സിനിമ അന്നുവരെ കാണാത്ത ഊർജപ്രവാഹമായിരുന്നു ജോയിയുടെ ഗാനങ്ങൾ. ഒരാൾ പോലും ഇനിയും റീമെയ്ക്ക് ചെയ്യാൻ ധൈര്യപ്പെടാത്ത പൂർണത. ജോയി എന്ന പേരിന്റെ അർഥം പോലെ സന്തോഷത്തിന്റെയും പ്രസരിപ്പിന്റെയും ഈണങ്ങൾ (‘മറഞ്ഞിരുന്നാലും...’ പോലെ ശോകഗാനങ്ങൾ ചുരുക്കം). ഒന്നും ഒരിക്കലും കുറച്ചു ചെയ്യാൻ ജോയിക്ക് അറിയില്ലായിരുന്നു. ഒന്നാംകിട പാട്ടുകാരും ഫ്ലോർ നിറയെ ആധുനിക സംഗീതോപകരണങ്ങളും കോറസുമൊക്കെയായി ആഘോഷമായിരുന്നു ആ സംഗീതം. ഏറ്റവും മുന്തിയ സ്റ്റുഡിയോകളും മികച്ച ടെക്നീഷ്യൻമാരും നിർബന്ധം. സായൂജ്യ(1979)ത്തിലെ ‘ കാലിത്തൊഴുത്തിൽ

പിറന്നവനേ...’ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമാണ്. മൂന്നര പതിറ്റാണ്ടിനു ശേഷവും ഹിറ്റ്ചാർട്ടിൽ ഒന്നാമത്. കുളിരാർന്ന ക്രിസ്മസ് രാത്രിയിലേക്ക് ഈ ഗാനം നമ്മെ നയിക്കുന്നു. ഭക്തിനിർഭരമായ ആദ്യ ഹമ്മിങ്ങിൽത്തന്നെ എത്ര അസ്വസ്ഥമായ മനസ്സും പ്രശാന്തമാകുന്നു. ഇത്ര ഹൃദ്യമായ പ്രസന്റേഷൻ മലയാളത്തിൽ മുൻപോ പിൻപോ ഒരു ഭക്തിഗാനത്തിനു കിട്ടിയിട്ടില്ല.

joy-old കെ ജെ ജോയിയുടെ ഒരു പഴയകാല ചിത്രം

‘ഒട്ടും സംസാരിക്കാൻ വയ്യ’ എന്നു പറഞ്ഞാണു തുടങ്ങിയതെങ്കിലും ‘കാലിത്തൊഴുത്തിലേ’ക്കു സംഭാഷണം എത്തിയതോടെ ജോയിക്ക് ഉൽസാഹമായി. ‘ദൈവമാണ് ആ ഈണം നൽകിയത്. മെലഡിയും പ്രാർഥനയും ഒരുപോലെ പ്രതിഫലിക്കുന്ന ഈണം. കുട്ടികൾ ദേവാലയത്തിൽ പാടുന്ന കഥാസന്ദർഭത്തിലാണു ഗാനം. അത് ആലോചിച്ചിരിക്കുമ്പോൾ പെട്ടെന്ന് ഈണം മനസ്സിലേക്കു വരികയായിരുന്നു.’ ഈണത്തിനനുസരിച്ചു യൂസഫലി കേച്ചേരി എഴുതി.

‘കാലിത്തൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

കരളിലെ ചോരയാൽ

പാരിന്റെ പാപങ്ങൾ

കഴുകിക്കളഞ്ഞവനേ

അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു

ഹല്ലേലൂയാ... ഹല്ലേലൂയാ...’

‘കോംബോ ഓർഗണിലാണ് ട്യൂൺ ചെയ്തത്. അതിന്റെ ഇമ്പം ആ പാട്ടിനുണ്ട്. ചെന്നൈ എവിഎം –സി സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്. വെറും രണ്ടു ടേക്കുകൊണ്ടു സുശീല ഒകെ ആക്കി. അസ്സൽ പാട്ടുകാരിയാണ് അവർ. എന്റെ എത്ര പാട്ടാണു പാടിയിരിക്കുന്നത്! വാണി ജയറാമും നന്നായി പാടും. രണ്ടുപേരും എന്നെ കാണാൻ കഴിഞ്ഞയിടെ വന്നിരുന്നു.’

yesudas-ranjini-joy കെ ജെ ജോയിയും ഭാര്യ രഞ്ജിനിയും യേശുദാസിനൊപ്പം

ഇത്രയേറെ സംഗീതോപകരണങ്ങളും വലിയ കോറസും ഒക്കെ ഉണ്ടായിരുന്നെങ്കിലും കാര്യമായ റിഹേഴ്സൽ പോലും ‘കാലിത്തൊഴുത്തിലി’നു വേണ്ടിവന്നില്ല. ‘ഉണ്ണീശോയുടെ പാട്ടല്ലേ... എല്ലാം നന്നായി വന്നു.’ ജോയി പറയുന്നു. മലയാളം കണ്ട ഏറ്റവും മികച്ച ഓർക്കസ്ട്രകളിലൊന്നാണു കാലിത്തൊഴുത്തിൽ. താൻ ചെയ്ത മുന്നൂറോളം ഗാനങ്ങളിലും ഓർക്കസ്ട്ര ചെയ്യാൻ ജോയിക്ക് ഒരു സഹായിയും ഇല്ലായിരുന്നു. സർപ്പത്തിലെ ‘സ്വർണമീനിന്റെ ചേലൊത്ത...’ എന്ന ഗാനമൊക്കെ ഇന്നും മലയാള സിനിമയിലെ ഓർക്കസ്ട്രേഷൻ അദ്ഭുതമാണ്. എം.എസ്. വിശ്വനാഥന്റെ ഏറ്റവും പ്രിയപ്പെട്ട അസിസ്റ്റന്റ് ആയിരുന്നു ജോയി. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച കീബോർഡ്, അക്കോർഡിയൻ വാദകരിൽ ഒരാൾ. സ്വതന്ത്ര സംഗീത സംവിധായകൻ ആയിക്കഴിഞ്ഞും ജോയി മറ്റുള്ളവർക്കു കീബോർഡും അക്കോർഡിയനും വായിച്ചുകൊടുത്തു. അക്കോർഡിയൻ ഇത്ര നന്നായി വായിക്കുന്ന മറ്റൊരാളെ ദക്ഷിണേന്ത്യ കണ്ടിട്ടില്ല.

തൃശൂർ നെല്ലിക്കുന്നിൽ ബസുടമയായ ജോസഫിന്റെ മകനായി 1946ൽ ജനിച്ച ജോയിക്കു സംഗീതം കിട്ടിയതു പള്ളിപ്പാട്ടുകാരിയായ അമ്മ മേരിയിൽ നിന്നാണ്. വയലിനിലൂടെയാണ് സംഗീതപഠനം ആരംഭിച്ചതെങ്കിലും അക്കോർഡിയൻ എന്ന പാശ്ചാത്യ സംഗീതോപകരണത്തിൽ ആകൃഷ്ടനായി. അങ്ങനെ അക്കോർഡിയൻ വാദകനായി ചെന്നൈയിലെത്തി സംഗീത സംവിധായകനായി. ജോയിയുടെ പ്രസരിപ്പാർന്ന ഈണം യുവാക്കളുടെ ഹരമായിരുന്നു. പ്രത്യേകിച്ച് ‘എൻ സ്വരം പൂവിടും...’ എന്ന ഗാനം കേരളം മുഴുവൻ തരംഗമായി പടർന്നു. ഇന്നും യുട്യൂബിൽ ഹിറ്റ്. ലോകമാകെ സംഗീതപരിപാടികളുമായി പറന്നു നടക്കുന്നതിനിടെ മലേഷ്യയിൽവച്ചു പക്ഷാഘാതത്തിന്റെ രൂപത്തിൽ വന്ന ദുർവിധി ഇടുതുകാൽ എടുത്തിട്ടു ജീവൻ തിരികെ നൽകി. ചെന്നൈയിലെ വീട്ടിൽ ഭാര്യയുടെ പരിചരണത്തിൽ കഴിയുമ്പോഴും മനസ്സിൽ മുഴുവൻ സംഗീതമാണ്. സംസാരിക്കാൻ ഏറെ ക്ലേശമുണ്ടെങ്കിലും പാട്ടിനെപ്പറ്റി പറഞ്ഞാൽ അവശതകൾക്ക് അവധി നൽകും. അദ്ദേഹം പറയുന്നു.

‘ഒരിക്കൽ റിക്കോർഡിങ് കഴിഞ്ഞു ഞാൻ എവിഎമ്മിൽ നിന്ന് ഇറങ്ങുമ്പോൾ തൊട്ടുമുന്നിൽ സാക്ഷാൽ ബാബുരാജ്! ചേർത്തണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ജോയി, മലയാളികൾക്കു മുഴുവൻ ഇപ്പോൾ നിന്റെ പാട്ടു മതി. എന്റെ മക്കൾ കൂടി നിന്റെ പാട്ടു പാടിയാണു നടക്കുന്നത്.’ ഞാൻ ചെന്നൈയിൽ സ്ഥിരതാമസം ആയിരുന്നതുകൊണ്ട് എന്റെ പാട്ടുകൾ കേരളത്തിൽ ആളുകൾ പാടിനടക്കുന്നതൊന്നും ആസ്വദിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല.

joy-now കെ ജെ ജോയ് ചെന്നൈയിലെ വീട്ടിൽ

ബാബുരാജിനെപ്പോലെ ഒരു മഹാന്റെ ആ വാക്കുകൾക്ക് ഒരു വലിയ അവാർഡിനെക്കാൾ വിലയുണ്ടായിരുന്നു. കാലിത്തൊഴുത്തിൽ...പോലും ഇത്ര വലിയ ഹിറ്റാണെന്ന് ഇപ്പോൾ നിങ്ങൾ പറഞ്ഞാണു ഞാൻ അറിയുന്നത്. പള്ളിയിലൊക്കെ അതു പാടുന്നുണ്ടല്ലേ.. എനിക്ക് അതു കേൾക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ... ഇവിടെ പള്ളിയിൽ തമിഴ് പാട്ടല്ലേ പാടൂ... യാത്ര ചെയ്യാൻ പറ്റിയിരുന്നെങ്കിൽ കേരളത്തിൽ വന്ന് എന്റെ പാട്ട് ക്രിസ്മസ് രാത്രിയിൽ പാടുന്നതു കേൾക്കാമായിരുന്നു.’ സങ്കടം നിറഞ്ഞ വാക്കുകൾ അവ്യക്തമായിക്കൊണ്ടിരുന്നു. സന്ധ്യയ്ക്കു ജോയിയുടെ ഭാര്യ രഞ്ജിനിയുടെ ഫോൺ കോൾ. ‘ഒരു വിശേഷം പറയാൻ വിളിച്ചതാണ്. ഇന്നു നിങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ ജോയി എന്നെ അടുത്തു വിളിച്ചിരുത്തി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ‘മഴ പെയ്തുപെയ്തു മണ്ണു കുളിർത്തു...’ എന്ന പാട്ട് പാടിത്തന്നു. ഞാൻ ഒപ്പം പാടി. എന്നെ സ്നേഹിക്കുന്നവർ ഇന്നും കേരളത്തിലുണ്ട്. അറിയുമോ? എന്നു ചോദിച്ചു ചിരിച്ചു. കുറേക്കാലത്തിനു ശേഷമാണ് ജോയി ഇത്ര സന്തോഷിച്ചു കണ്ടത്. ഒരുപാട് നന്ദി.’