Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ...

Author Details
radhika

ഒരേയൊരു പാട്ടിന്റെ പേരിൽ ഒരു കസെറ്റ് പത്തുലക്ഷം കോപ്പി വിൽക്കുക! മലയാളത്തിൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത ഇങ്ങനെയൊരു റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിട്ടാണ് അനുഗൃഹീത ഗായിക രാധികാ തിലക് മാലാഖമാരൊത്തു പാടാൻ പോയത്.

ആത്മാവിന്റെ സംഗീതമായ ഈ ആൽബം 1992ൽ ആണു പുറത്തുവന്നത്. ഫാ. മൈക്കിൾ പനച്ചിക്കലിന്റെ വിശുദ്ധ തൂലികയിൽ വിരിഞ്ഞു സണ്ണി സ്റ്റീഫൻ ഹൃദയംകൊണ്ടു സംഗീതം നൽകി രാധിക സ്വയം അലിഞ്ഞുപാടിയ ഗാനം. മതഭേദമില്ലാതെ മലയാളികൾ ഇഷ്ടപ്പെട്ട പാട്ട്. കേട്ടവരെല്ലാം സ്വയം ഗാനമായി മാറിയ അനുഭവം. രാധികാ തിലക് എന്ന ഗായികയുടെ എഴുപതോളം സിനിമാ ഗാനങ്ങളിലും നൂറു ണക്കിന് ആൽബം ഗാനങ്ങളിലും വച്ച് ഏറ്റവും ഹൃദയഹാരിയായ ആലാപനം. ഒരുപക്ഷേ, രാധിക പാടിയ ഏറ്റവും മികച്ച സോളോ.

Thirunam Keerthanam...

‘എംജി സർവകലാശാല യുവജനോൽസവത്തിലെ ലളിതഗാന മൽസരം. വിധികർത്താക്കളിൽ ഒരാളായിരുന്നു ഞാനും. ഒരു പെൺകുട്ടി വന്ന് ‘ദ്വാപര യുഗത്തിന്റെ ഹൃദയത്തിൽനിന്നോ...’ എന്ന ഗാനം ഉജ്വലമായി പാടി. ആ കുട്ടിക്കു തന്നെയാണ് ജഡ്ജസ് എല്ലാവരും കൂടുതൽ മാർക്ക് നൽകിയത്. റിസൽറ്റ് അനൗൺസ് ചെയ്തപ്പോൾ ഗായികയുടെ വിശദാംശങ്ങൾ മനസ്സിലായി. പേര്– രാധിക, കോളജ്– സെന്റ് തെരേസാസ് എറണാകുളം.

വർഷങ്ങൾക്കുശേഷം ഞാൻ പനച്ചിക്കലച്ചന്റെ ‘തിരുനാമ കീർത്തനം’ സംഗീതം ചെയ്യുന്ന സമയം. ഹൃദയത്തിൽനിന്നുറവയെടുത്ത ഈ വരികൾ പാടേണ്ട ദൈവിക സ്വരം എവിടെ കിട്ടുമെന്നോർത്തു വിഷമിക്കുമ്പോൾ, വർഷങ്ങൾമുമ്പ് യൂണിവേഴ്സിറ്റി കലോൽസവത്തിൽ കേട്ട ആ ശബ്ദം ഓർമ വന്നു. അതുതന്നെയായിരുന്നു എനിക്കു വേണ്ടിയിരുന്നത്. അങ്ങനെയാണ് ഈ പാട്ടിലേക്കു ഞാൻ രാധികയെ ക്ഷണിക്കുന്നത്.’ സംഗീതസംവിധായകൻ സണ്ണി സ്റ്റീഫൻ പറഞ്ഞു. അതു രാധികയുടെ ആദ്യ ക്രിസ്ത്യൻ ഭക്തിഗാനമായിരുന്നു.

കൊച്ചി തോപ്പുംപടിയിലെ സാന്റാ സിസിലിയ സ്റ്റുഡിയോയിൽ ആയിരുന്നു റിക്കോർഡിങ്. രാവിലെ ഒൻപതിനുതന്നെ രാധിക എത്തി. ഓർക്കസ്ട്ര സണ്ണി തലേന്നു റിക്കോർഡ് ചെയ്തിരുന്നു. കുട്ടിയച്ചനെക്കൊണ്ട് (മൂവാറ്റുപുഴ ഏഞ്ചൽ വോയ്സിലെ വയലിനിസ്റ്റ്) ട്രാക്കും പാടിച്ചിരുന്നു. പക്ഷേ, ട്രാക്ക് രാധികയെ കേൾപ്പിക്കേണ്ടെന്ന് സണ്ണിക്കു രാവിലെ തോന്നി. അത് അവരുടെ ആലാപനത്തെ സ്വാധീനിച്ചാലോ?. ‘ശാരീരികമായ ചില വിഷമതകൾ അന്നു രാധികയ്ക്ക് ഉണ്ടായിരുന്നു. എന്നിട്ടും വാക്കു പറഞ്ഞതിന്റെ പേരിൽ അവർ റിക്കോർഡിങ്ങിന് എത്തുകയായിരുന്നു. പെട്ടെന്നുതന്നെ ട്യൂൺ പഠിച്ചു. പക്ഷേ, ഓരോ ശ്വാസത്തിലും പ്രാർഥനയായ ഗാനമായിരുന്നു എനിക്കു വേണ്ടത്. ഏതാണ്ട് മൂന്നുമണിക്കൂർ കഴി‍ഞ്ഞപ്പോൾ ഞാൻ ഉദ്ദേശിച്ചതിലും ആഴത്തിൽ ആ വരികളുടെ ആത്മാവ് രാധിക കണ്ടെത്തി. ’ സണ്ണി പറയുന്നു. അങ്ങനെ പ്രപഞ്ചം മുഴുവൻ‌ പടരുന്ന കൃതജ്ഞതാസ്തുതിയായ ‘തിരുനാമ കീർത്തനം...’ പിറന്നു.

ചാലക്കുടി മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിലൂടെയാണ് ഈ ഗാനം ഒരു ലഹരിയായി മാറിയത്. ഓരോ ആഴ്ചയും അവിടെനിന്നു ധ്യാനം കഴിഞ്ഞു മടങ്ങുന്ന ആയിരങ്ങൾ തിരുനാമ കീർത്തനത്തിന്റെ കസെറ്റുകളുമായാണു മടങ്ങിപ്പോയത്. ഡിവൈനിൽനിന്നു മാത്രം ലക്ഷക്കണക്കിനു കസെറ്റുകൾ വിറ്റു. അവിടെനിന്ന് ഏതാണ്ടെല്ലാ ക്രിസ്ത്യൻ ധ്യാനകേന്ദ്രങ്ങളിലേക്കും ഈ കൃതജ്ഞതാഗാനം ഒഴുകി. ‘മലയാളികൾ ഉള്ളിടങ്ങളിൽ നിന്നെല്ലാം ഈ കസെറ്റ് ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് ഫോൺകോളുകളുടെ പ്രവാഹമായിരുന്നു. ആവശ്യക്കാർക്കെല്ലാം കസെറ്റ് കൊടുക്കാൻ പറ്റാതെ വന്നു. അങ്ങനെ ഈ ആൽബം ഞാൻ ജോണി സാഗരികയ്ക്കു കൊടുത്തു. തന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് ഈ കസെറ്റ് കാരണമായെന്നു പിന്നീടൊരിക്കൽ ജോണി പങ്കുവച്ചു.’ ഗാനരചയിതാവും നിർമാതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ പറയുന്നു. പനച്ചിക്കലച്ചൻ ഡയറക്ടറായിരുന്ന പരിത്രാണ ധ്യാനകേന്ദവും ഡിവൈൻ ധ്യാനകേന്ദ്രവും ജോണി സാഗരികയും ചേർന്ന് പത്തു ലക്ഷത്തിലേറെ കസെറ്റുകൾ വിറ്റു. ഇതിലേറെ വിറ്റ ഒരു കസെറ്റ് മലയാളത്തിൽ ഉണ്ടാവില്ല.

thirunama-keerthanan-song

ഹൃദയമലിയിക്കുന്ന രാധികയുടെ ആലാപനത്തിനു പരക്കെ പ്രശംസ കിട്ടി. മികച്ച ഗായികയ്ക്കുള്ള കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസി(കെസിബിസി)ന്റെ പ്രഥമ മാധ്യമഅവാർഡ് അവർ സ്വന്താക്കി. ഫാ. പനച്ചിക്കലിനും സണ്ണിക്കും യഥാക്രമം രചനയ്ക്കും സംഗീതത്തിനും അവാർഡ് ലഭിച്ചു. ബിജു നാരായണന്റെ ആദ്യ ക്രിസ്ത്യൻ ഭക്തിഗാനം (ഇത്രനാൾ ഞാൻ മറന്ന സത്യമാണു ദൈവം...), കുട്ടിയച്ചന്റെ ആദ്യഗാനം (കുട്ടിയച്ചന്റെ ട്രാക്കും കസെറ്റിൽ ഉൾപ്പെടുത്തിയിരുന്നു) എന്നീ പ്രത്യേകതകളും ഈ കസെറ്റിനുണ്ടായിരുന്നു. ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു എന്നതുമാത്രം മതി ‘തിരുനാമ കീർത്തന’ത്തിന്റെ പ്രസിദ്ധി അളക്കാൻ.

തിരുനാമ കീർത്തനത്തിന്റെ വിജയത്തിന്റെ ചുവടുപിടിച്ച് ‘കീർത്തനം’ എന്ന പേരുചേർത്ത് ഇരുപതിലേറെ ക്രിസ്ത്യൻ ഭക്തിഗാന കസെറ്റുകൾ അക്കാലത്തിറങ്ങി. ‘രാധികയുടെ വിയോഗം നഷ്ടം തന്നെയാണ്. ഇന്നത്തെ പലരെയും പോലെ വെറുതേ തൊണ്ട കൊണ്ടു സ്വരം പകരുന്ന ഗായികയായിരുന്നില്ല അവർ. വരികളുടെ വികാരം പകരാൻ കഴിയുന്ന ശബ്ദവും സിദ്ധിയും അവർക്കുണ്ടായിരുന്നു. പിന്നീട് എന്നോടൊപ്പം നാൽപ്പതിലേറെ ഗാനങ്ങൾ അവർ പാടി.’ സണ്ണി സ്റ്റീഫൻ പറഞ്ഞു. ഹൃദയകവാടങ്ങളായ അധരങ്ങൾ തുറന്നു ദൈവത്തെ സ്തുതിക്കുന്നതിന്റെ മഹത്വം വിവരിക്കുന്ന ഗാനമാണു തിരുനാമ കീർത്തനം. പുലരിയിൽ ഭൂപാളം പാടുന്ന കിളികളോടൊപ്പം ഈ നന്ദിപ്രകാശനം ആരംഭിക്കുന്നു.

‘അകലെയാകാശത്ത്

വിരിയുന്ന താര തൻ

മിഴികളിൽ നോക്കി ഞാൻ

ഉയർന്നു പാടാം’

എന്ന വരികൾ, രാത്രിവരെ കൃതജ്ഞതാഭരിതമായിരിക്കണം മനുഷ്യഹൃദയം എന്ന സൂചനയാണ്. ഇത് എത്രനാൾ വേണം? അതിനുള്ള ഉത്തരമാണ് അവസാന വരികൾ

‘വാനമേഘങ്ങളിൽ

ഒടുവിൽ നീയെത്തുമ്പോൾ

മാലാഖമാരൊത്തു പാടാം’

മലയാളികൾ മതപരിഗണനയില്ലാതെ സ്വീകരിച്ച ഈ മനോഹര വരികൾ എഴുതിയ ഫാ. മൈക്കിൾ പനച്ചിക്കൽ പറയുന്നു: ‘ഒരു ധ്യാനത്തിനിടയ്ക്കാണ് എനിക്ക് ആദ്യത്തെ നാലു വരികൾ മനസ്സിൽ വരുന്നത്. പിന്നീട് സണ്ണി ഒരു ആൽബം ചെയ്യണമെന്നു പറഞ്ഞതനുസരിച്ച് മറ്റു വരികൾ കൂട്ടിച്ചേർക്കുകയായിരുന്നു. അടിച്ചിറയിലെ പരിത്രാണയിൽ വച്ചു കവിത ഞാൻ സണ്ണിക്കു കൈമാറി. അവിടെയുണ്ടായിരുന്ന ഒരു പഴയ ഹാർമോണിയം എടുത്ത് സണ്ണി ആദ്യം വായിച്ചത് ശങ്കരാഭരണം രാഗത്തിലുള്ള ഈ ഈണമായിരുന്നു. ഇതുതന്നെ മതി. ഒരുമാറ്റവും വേണ്ട എന്ന് അപ്പോൾത്തന്നെ ഞാൻ പറഞ്ഞു.

പക്ഷേ, ഞങ്ങളുടെ പാട്ടിനെ ഒരു പ്രാർഥനയാക്കി മാറ്റിയതു രാധികയുടെ ആലാപനമാണ്. അവരുടെ ആലാപനസിദ്ധി ഏറ്റവും പ്രകാശിതമായ മലയാളം പാട്ട് ഇതാണെന്നാണ് എനിക്കു തോന്നുന്നത്. ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ് രാധിക ഇതു പാടിയത്.’ വാനമേഘങ്ങളിൽ അവൻ വരുംവരെ, രാധികാ തിലക് എന്ന മാലാഖ മലയാളിയുടെ ഹൃദയങ്ങളിൽ തിരുനാമ കീർത്തനം പാടിക്കൊണ്ടേയിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.