Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വം കാക്കുന്ന നാഥാ...

sathyan-home-1 സത്യൻ അന്തിക്കാട്

ഒരാൾക്കു നിശ്ചയിച്ചിരുന്ന പാട്ട് അപ്രതീക്ഷിതമായി മറ്റൊരാളുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഒട്ടേറെ സന്ദർഭങ്ങൾ മലയാള സിനിമയിലുണ്ട്.

ജാസി ഗിഫ്റ്റ് തരംഗം തീർത്ത ‘ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ...’ യേശുദാസിനെക്കൊണ്ട് പാടിക്കാനായി ജാസി ട്രാക്ക് പാടിവച്ചിരുന്നതാണ്. എന്നാൽ, സാമ്പത്തികപ്രതിസന്ധി കാരണം അതു ജാസിയുടെ ശബ്ദത്തിൽത്തന്നെ പുറത്തിറങ്ങി.
അതുപോലെതന്നെയാണ് ‘വൈശാലി’യിലെ പ്രശസ്തമായ ‘ധുംധുംധും ദുന്ദുഭിനാദം...’ എന്ന ഗാനവും. ദിനേശ് എന്ന സൗണ്ട് എൻജിനീയർ ട്രാക്ക് പാടിയത് യേശുദാസിനു വേണ്ടിയാണ്. പക്ഷേ, കസെറ്റ് വിപണനം സംബന്ധിച്ച കരാര്‍മാറ്റം മൂലം യേശുദാസ് ഒഴിവാകുകയും ദിനേശു തന്നെ അതു പാടുകയും ചെയ്തു. പൂമാനമേ...(നിറക്കൂട്ട്), സന്യാസിനീ...(രാജഹംസം), ചന്ദ്രകളഭം ചാർത്തിയുറങ്ങും...(കൊട്ടാരം വിൽക്കാനുണ്ട്), താമസമെന്തേ വരുവാൻ...(ഭാർഗവീ നിലയം) അങ്ങനെ എത്രയോ പാട്ടുകളിൽ അവസാനനിമിഷം ഗായകർ മാറിവന്നു.

പാട്ടുകാരുടെ കാര്യത്തിൽ മാറ്റം പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും ഗാനരചനാ മേഖലയില്‍ വളരെ വിരളമാണിത്. ‘വിലയ്ക്കു വാങ്ങിയ വീണ’ എന്ന സിനിമയുടെ ഗാനരചനയുടെ ചുമതല ശ്രീകുമാരൻ തമ്പിയെ ഏൽപ്പിക്കുമ്പോൾ അതിലെ ക്ലൈമാക്സിലെ ഗാനം (കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നോ...) താൻ എഴുതിക്കൊള്ളാം എന്നു പി.ഭാസ്കരൻ പറഞ്ഞിരുന്നു. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ചതല്ലാതെ, തികച്ചും നാടകീയമായി രചയിതാവ് മാറിപ്പോയ കഥയാണിത്, ആ എഴുത്തുകാരന്‍ പോലും പ്രതീക്ഷിക്കാതെ.
‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ലെ (1999) പാട്ടുകള്‍ സൃഷ്ടിക്കാനായി സംഗീത സംവിധായകന്‍ ജോണ്‍സണും സംവിധായകന്‍ സത്യന്‍ അന്തിക്കാടും തിരക്കഥാകൃത്ത് ലോഹിതദാസും കൂടി ഷൊര്‍ണൂരിൽ ഒത്തുചേര്‍ന്നു. ഗാനരചനയുടെ ചുമതല കൈതപ്രത്തിനാണ്. കച്ചേരികളുടെ തിരക്കിലായിപ്പോയ കൈതപ്രത്തിന് രണ്ടു ദിവസം കഴി‍ഞ്ഞിട്ടും എത്താന്‍ പറ്റുന്നില്ല. ജോണ്‍സണ്‍ അസ്വസ്ഥനായിത്തുടങ്ങി. സത്യന്‍ അന്തിക്കാട് കൈതപ്രത്തെ വിവരം അറിയിച്ചു. ‘ജോണ്‍സണോട് ട്യൂണ്‍ ഉണ്ടാക്കിക്കൊള്ളാന്‍ പറയൂ. ഞാന്‍ വന്നിട്ട് വരികള്‍ എഴുതിക്കൊള്ളാം.’ എന്നു കൈതപ്രം പറഞ്ഞു. ‘അതുവേണ്ട എല്ലാവരും ചേര്‍ന്ന് ഒന്നിച്ചു ചേര്‍ന്നു പാട്ടുണ്ടാക്കാം.’ എന്ന മുന്‍നിശ്ചയത്തില്‍ നിന്നു മാറേണ്ടെന്നു സത്യന്‍ അന്തിക്കാട് നിലപാടെടുത്തു. ലോഹിക്കും അതാണിഷ്ടം. പക്ഷേ, ചുമ്മാതിരുന്നു മുഷിയുന്ന ജോണ്‍സന്റെ അസ്വസ്ഥത കൂടിവന്നു. അപ്പോള്‍ സത്യന്‍ അന്തിക്കാടിന് ഒരു ഉപായം തോന്നി. ജോണ്‍സണ് ഒരു ജോലി കൊടുക്കാനായി അദ്ദേഹം ഏതാനും വരികള്‍ എഴുതി. വീട്ടില്‍ നിന്നു ബഹിഷ്കൃതനായ നായകന്‍ (ജയറാം അവതരിപ്പിച്ച റോയി) പെങ്ങളുടെ വിവാഹത്തിനു പള്ളിയില്‍ ഗായകസംഘത്തിനൊപ്പം എത്തി അപ്രതീക്ഷിതമായി പാടുന്ന സന്ദര്‍ഭത്തിലെ പാട്ട്. ‘ഏതാണ്ട് ഈ മട്ടില്‍ വരും വരികള്‍ ജോണ്‍സണ്‍ ട്യൂണിട്ടോളൂ’ എന്നു പറഞ്ഞു.

‘വിശ്വം കാക്കുന്ന ദേവാ
വിശ്വൈക നായകാ
ആത്‌മാവിലെരിയുന്ന തീയണയ്ക്കൂ
നിന്‍ ആത്‌മചൈതന്യം നിറയ്ക്കൂ...’

എന്നു തുടങ്ങുന്ന വരികള്‍.
ജോണ്‍സണ് സന്തോഷമായി അദ്ദേഹം വരികള്‍ വായിച്ച ശേഷം പറഞ്ഞു. നമുക്ക് ആദ്യ വരിയിലെ ‘ദേവാ’ എന്ന വാക്ക് ‘നാഥാ’ എന്നു മാറ്റിയാലോ? ഡമ്മിയായി എഴുതിയ പാട്ടില്‍ എന്തു മാറ്റിയാലെന്ത്? ‘ജോണ്‍സന്റെ ഇഷ്ടം പോലെ ചെയ്തോളൂ’ എന്ന് അന്തിക്കാട് പറഞ്ഞു.

johnson-kaithapram കൈതപ്രവും ജോൺസൺ മാസ്റ്ററും

‘ഞാന്‍ ഒരു പകരം പാട്ട് ആയാണ് എഴുതിയതെങ്കിലും ജോണ്‍സണ്‍ അതു ഗൗരവമായിത്തന്നെ ചെയ്തു. കംപോസ് ചെയ്തു കഴിഞ്ഞ് ജോണ്‍സണ്‍ പാടിക്കേള്‍പ്പിച്ചപ്പോള്‍ വിസ്മയിച്ചു പോയി. വല്ലാത്തൊരു ആത്‌മീയാനുഭവം. ഒപ്പം ആ കഥാസന്ദര്‍ഭത്തിന് ഏറ്റവും അനുയോജ്യവും. ലോഹിതദാസിനും പാട്ട് വലിയ ഇഷ്ടമായി.

ജോൺസൺ പാടിത്തീർന്നതും കൈതപ്രം എത്തി. ‘തിരുമേനി, ‍ജോണ്‍സണ് ബോറടിച്ചപ്പോള്‍ ഞാന്‍ ചുമ്മാ ഡമ്മിയായി ഏതാനും വരികള്‍ എഴുതിയെന്നേയുള്ളൂ. അതു കാര്യമാക്കേണ്ട. നമുക്കു തുടങ്ങാം.’ എന്നു പറഞ്ഞു ഞാൻ ജോൺസന്റെ കയ്യിൽ നിന്നു കടലാസ് തിരികെ വാങ്ങി. പക്ഷേ, ആ പാട്ടൊന്നു കേള്‍ക്കട്ടെ എന്നായി കൈതപ്രം. കേട്ടിട്ട് അദ്ദേഹം പറഞ്ഞു. ‘ആ സന്ദര്‍ഭത്തിന് അതു നന്നായി ചേരുന്നുണ്ട്. അതുമതി. ബാക്കി പാട്ടുകളേ ഞാൻ എഴുതൂ’. അങ്ങനെ ‘വിശ്വം കാക്കുന്ന നാഥാ...’ അപ്രതീക്ഷിതമായി സിനിമയുടെ ഭാഗമായി. ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പാട്ടെഴുത്തുകാരനായി.’ സത്യന്‍ അന്തിക്കാട് പറയുന്നു.

‘അകലാതെയകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു യെന്‍ നൊമ്പരം
അന്യനാണെങ്കിലും എന്റെയീക്കണ്ണുനീര്‍
ധന്യമായ് തീരട്ടെ നിന്‍വീഥിയില്‍’

ഈ ചരണമൊക്കെ കേള്‍ക്കുമ്പോള്‍ ഇതു സത്യന്‍ അന്തിക്കാട് വെറുതേ ഡമ്മിയായി എഴുതിയതാണെന്നു വിശ്വസിക്കാന്‍ പ്രയാസം. കാരണം, അത്രമാത്രം സിനിമയുടെ സന്ദര്‍ഭവുമായി ചേര്‍ന്നു നില്‍ക്കുകയാണ് ഈ വരികള്‍. പ്രത്യേകിച്ച് സ്നേഹാംബരം, നൊമ്പരം തുടങ്ങിയ വാക്കുകളില്‍ വന്നിരിക്കുന്ന അന്ത്യപ്രാസമൊക്കെ എടുത്തുപറയേണ്ട രചനാഭംഗി തന്നെയാണ്.
അദ്ദേഹം പറയുന്നു. ‘അതു ശരിയാണ്. വെറുതേ ഈണമുണ്ടാക്കാനായി എഴുതിയ ഡമ്മിയല്ല അത്. ഒരു തിരഞ്ഞെടുപ്പില്‍ നമ്മള്‍ ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു പോലെ ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ വേണ്ടിത്തന്നെയാണ് എഴുതിയത്.’ ഗാനരചയിതാവായി സിനിമയില്‍ കടന്നുവന്ന് 48 പടത്തിലായി 125 പാട്ട് എഴുതിയ സത്യന്‍ അന്തിക്കാട് ഇനി വെറുതേ എഴുതിയാലും അതു വെറുതേയായിപ്പോവില്ല എന്നു നമുക്കറിയാം. ‘ഒരു നിമിഷം തരൂ...(സിന്ദൂരം– സംഗീതം: എ.ടി. ഉമ്മര്‍), ഓര്‍മയുണ്ടോ...(സരിത– കെ.ജെ.ജോയ്), ഓ മൃദുലേ..., രജനീ പറയൂ..., പ്രണയവസന്തം തളിരണിയുമ്പോൾ...(ഞാൻ ഏകനാണ്– എം.ജി.രാധാകൃഷ്ണൻ), പൂ വിരിഞ്ഞല്ലോ...(എനിക്കു ഞാൻ സ്വന്തം– ശ്യാം), താരകേ മിഴിയിതളിൽ... (ചൂള– രവീന്ദ്രൻ), ഒരു പ്രേമഗാനം പാടി...(അസ്തമയം– ശ്യാം), ഇല്ലിക്കാടും ചെല്ലക്കാറ്റും...(അടുത്തടുത്ത്– രവീന്ദ്രൻ), തങ്ക നൂപുരമോ... (തൂവൽക്കൊട്ടാരം– ജോൺസൺ) തുടങ്ങി എത്രയോ ഹിറ്റുകളാണ് അദ്ദേഹം മലയാളിക്കു സമ്മാനിച്ചിരിക്കുന്നത്.