എന്റെ അർജുനൻ മാസ്റ്റർ ഗാനം

arjunan-master-3
SHARE

ഒരു ഗാനം പിറക്കുന്നത് ഒരാളുടെ ഹൃദയത്തിലല്ല, അതിനു ഒരു കൂട്ടം മനുഷ്യരുടെ ഹൃദയങ്ങൾ വേണം. വരികളെഴുതി നിറച്ച് അതിൽ സംഗീതത്തെ അലിയിപ്പിച്ച് ഭാവത്തോടെ അതിനെ പുറത്തേയ്ക്ക് ജ്വലിപ്പിച്ച്, പിന്നെയത് ലക്ഷക്കണക്കിനായ മനുഷ്യരുടെ ഹൃദയങ്ങളിൽ നിറഞ്ഞു കുതിർന്ന്. അത്തരത്തിൽ നിരവധി ഗാനങ്ങൾ ചെയ്തു മടങ്ങിയ ഒരാളായിരുന്നു എം.കെ.അർജുനൻ മാസ്റ്റർ. മലയാള സിനിമ സംഗീത രംഗത്ത് സ്വന്തമായി നിലനിൽപ്പുണ്ടായിരുന്ന അപൂർവ്വം സംഗീത സംവിധായകരിൽ ഒരാൾ. ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ നടക്കുമ്പോൾ തെരുവിൽ വച്ചിരുന്നിരിക്കണം അർജുനൻ മാസ്റ്റർ അദ്ദേഹത്തിന്റെ സംഗീതത്തെ കണ്ടെത്തിയിട്ടുണ്ടാവുക. പിന്നീട് സംഗീതാശ്രമത്തിലെ അന്തേവാസിയായ അർജുനൻ എന്ന ബാലകന്റെ ഉള്ളിലെ സംഗീതത്തെ അധ്യാപകരും കണ്ടെടുത്തു. അതോടെ ആ പ്രതിഭ ജ്വലിച്ചു തുടങ്ങി. 

ഇരുന്നൂറോളം സിനിമകൾക്കും നിരവധി നാടകങ്ങൾക്കും അർജുനൻ മാസ്റ്റർ സംഗീതം നൽകി. ഇന്നും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും അദ്ദേഹം ഈണം നൽകിയ പാട്ടു പൂക്കൾ സുഗന്ധം പൊഴിച്ച് നിൽപ്പുണ്ട്. എത്ര കാലം കഴിഞ്ഞാലും ഓർമ്മകളുടെ നീരൊഴുക്കിൽ അത് ഒഴുകിപ്പോകാതെ സുരക്ഷിതമായി നിലനിൽക്കുമെന്നും ഉറപ്പാണ്.

അർജുനൻ മാസ്റ്ററുടെ പാട്ടുകളിൽ നിന്നും തങ്ങൾക്ക് പ്രിയമുള്ള ചിലവ തിരഞ്ഞെടുക്കുകയാണ് ഇവിടെ ചില പ്രമുഖർ.

അവ നിങ്ങളുടെയും പ്രിയമുള്ളവ തന്നെയല്ലേ നോക്കൂ, 

നടനും സംവിധായകനുമായ ജോയ് മാത്യുവിന് "നീലനിശീഥിനി .." എന്ന് തുടങ്ങുന്ന അർജുനൻ മാസ്റ്ററുടെ പാട്ടാണ് ഏറെയിഷ്ടം. എന്നാൽ നാടക ഗാനങ്ങളെഴുതുന്നതിൽ അദ്ദേഹം കൂടുതൽ മികവ് തെളിയിച്ചിട്ടുണ്ടെന്നു ജോയ് മാത്യു ഓർമ്മിക്കുന്നു.

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് അർജുനൻ മാസ്റ്ററുടെ സംഗീതത്തിൽ "സി ഐ ഡി നസീർ " എന്ന സിനിമയിൽ നിന്നുള്ള ഈ ഗാനം പാടിയത് ബ്രഹ്മാനന്ദനാണ്.

"നീലനിശീഥിനി നിൻ മണിമേടയിൽ

നിദ്രാ വിഹീനയായ്‌ നിന്നു

നിൻ മലർ വാടിയിൽ നീറുമൊരോർമ്മ പോൽ

നിർമ്മലേ ഞാൻ കാത്തു നിന്നൂ

നിന്നു നിന്നു ഞാൻ കാത്തു നിന്നൂ"

വിഷാദിയായ കാമുകന്റെ രൂപഭാവങ്ങളുമായി ഉമ്മർ അഭിനയിച്ച ദാസ് എന്ന കഥാപാത്രം പാതിരാവിൽ പാടുന്ന പാട്ടായാണ് സിനിമയിൽ ഇത് അവതരിപ്പിച്ചിരിക്കുന്നത്. എന്നോ ഒരിക്കൽ തനിക്ക് നഷ്‌ടമായ കാമുകിയെ വീണ്ടും കാണുക എന്നത് ഏതൊരു കാമുകനെ സംബന്ധിച്ചും ഞെട്ടിക്കുന്ന ഒരു അനുഭവമാണ്. അത്തരം ഒരു അനുഭവത്തിലൂടെയാണ് ദാസ് ഒരിക്കൽ കടന്നു പോയത്. പ്രിയപ്പെട്ടവളായിരുന്ന ഒരുവളെ വീണ്ടും കാണുമ്പൊൾ അവളിലെ നിഗൂഢത കണ്ടെത്താനാകാതെ അയാൾ പരിഭ്രമിക്കുന്നു. ഉമ്മറിന്റെ ഗാനാലാപനം കേട്ടുകൊണ്ട് മരത്തിന്റെ മറവിൽ നസീർ നിൽക്കുന്നുണ്ട്. സിനിമയിൽ സി ഐ ഡി നസീർ എന്ന കഥാപാത്രത്തെയാണ് നസീർ അവതരിപ്പിക്കുന്നത്. ഒരു ബംഗ്ലാവും അവിടെയുണ്ടായ ഒരാളുടെ കൊലപാതകവും കണ്ടെത്താനായി വരുന്ന നസീർ എന്ന സി ഐ ടിയുടെ സഹായിയുടെ വേഷമാണ് ദാസ് എന്ന കഥാപാത്രത്തിന്. ആ അന്വേഷണത്തിനിടയിലാണ് ദാസ് തന്റെ പഴയ കാമുകിയായ ലൗലിയെ കണ്ടെത്തുന്നത്. അതിന്റെ ഓർമ്മകൾ അയാൾ ആ നിലാവിൽ നീട്ടിപ്പാടുന്നു,

"തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ

വേദന കാണാതെ മാഞ്ഞു (തേനൂറും)

തേടി തളരും മിഴികളുമായ്‌ ഞാൻ

ദേവിയെ കാണുവാൻ നിന്നൂ"

എത്ര മധുവൂറിയാലും നിലാവിന് തഴുകി നിൽക്കാം എന്നല്ലാതെ നോവ് തിന്നുന്ന പൂവിന്റെ ഹൃദയവേദനയറിയാനാകുമോ?

ദാസിന്റെ ഗാനം എത്ര ആർദ്രമാണ്.

തിരക്കഥകൃത്തും എഴുത്തുകാരനുമായ ഹരികൃഷ്ണന്റെ ഇഷ്ടപ്പെട്ട എം കെ അർജുനൻ പാട്ട് തിരയും തീരവും ചുംബിച്ചുറങ്ങി എന്ന വാണി ജയറാം ഗാനമാണ്. അവൾ വിശ്വസ്തയായിരുന്നു എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ വരികളെഴുതിയത് കാനം ഇ ജെ. മനോഹരമായൊരു പ്രണയഗാനമാണ്,

"തിരയും തീരവും ചുംബിച്ചുറങ്ങി

നദിയുടെ നാണം നുരകളിലൊതുങ്ങി

നദിയുടെ നാണം നുരകളിലൊതുങ്ങി

നനഞ്ഞ വികാരങ്ങൾ മയങ്ങി.."

പാതിരാവിൽ തനിച്ച് നടകളിറങ്ങി വരുന്ന നായികയെ തിരഞ്ഞു തോണിയിലേറി തുഴഞ്ഞു വരുന്ന നായകൻ. ജെയിംസിന്റെയും പദ്മിനിയുടെയും പ്രണയരംഗങ്ങളാണ് ഈ ഗാനത്തിലുള്ളത്. എന്നാൽ നദിയെ കണ്ടിരിക്കവേ ജയിംസിന്റെ ഹൃദയത്തിലേക്ക് പദ്മിനി ഒഴുക്കി വിട്ട പ്രണയത്തിന്റെ കളിവഞ്ചിയിലാണ് ആ ഗാനം ഒരുങ്ങുന്നത്. ആ പ്രണയവും തോണിയും പദ്മിനിയും എല്ലാം അയാളുടെ ഓർമ്മകൾ മാത്രമായിരുന്നു. ജെയിംസ് ആയി സോമനും പദ്മിനിയായി ജയഭാരതിയും അഭിനയിച്ചിരിക്കുന്നു. വരികളിൽ മുഴുവനും അവരുടെ പ്രണയത്തിന്റെ മധുര മനോഹരമായ നിമിഷങ്ങളാണ് .

"തൂമണി കാറ്റിനാൽ നൂപുരം കുലുങ്ങി

താളമുണർത്തും തരംഗിണി

സാഗരശയ്യയിൽ രതിസുഖമാടുമ്പോൾ

തീരങ്ങളെ നീയോർക്കുമോ...

തിരയുടെ വേദന മറക്കുമോ.."

നദിയിലേക്ക് നോക്കി ഓർമ്മകളുടെ വിളിപ്പുറത്ത് വിഷാദിയായി നിൽക്കുന്ന ജയിംസിന്റെ മുഖഭാവത്തിലാണ് ഗാനമൊടുങ്ങുന്നത്. 

സംവിധായകനും തിരക്കഥാകൃത്തുമായ പ്രിയാനന്ദനന്റെ പ്രിയ ഗാനം "പാടാത്ത വീണയും പാടും" എന്ന എം കെ അർജുനൻ ഈണം നൽകിയ അതെ ഹിറ്റ് ഗാനമാണ്. അന്നും ഇന്നും എത്രമാത്രം കേൾവിക്കാരുടെ ചുണ്ടുകളിലും ഹൃദയത്തിലും മുഴങ്ങുന്നുണ്ട് ഇതേ ഗാനം! ശ്രീകുമാരൻ തമ്പിയുടെ വരികളിൽ ഈ ഗാനം പാടി അനശ്വരമാക്കിയത് കെ ജെ യേശുദാസ് തന്നെ. 

റെസ്റ്റ് ഹൗസ് എന്ന ചിത്രത്തിൽ പ്രേം നസീർ പാടി അഭിനയിക്കുന്ന രംഗത്തിലാണ് ഈ ഗാനമുള്ളത്,

"പാടാത്ത വീണയും പാടും

പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ

പാടാത്ത മാനസവീണയും പാടും "

ഏറെക്കാലം ഹിറ്റായി നിന്ന ജോഡികളായ ശ്രീകുമാരൻ തമ്പി- എം കെ അർജുനൻ കൂട്ടുകെട്ടിലെ ആദ്യത്തെ ഹിറ്റുപാട്ടുകളിൽ ഒന്നായിരുന്നു ഇത്. അതിനെത്തുടർന്നാണ് ഈ ജോഡികൾ ഒന്നിച്ചു ഒട്ടേറെ ഗാനങ്ങൾക്ക് ജീവനും ജീവിതവും പകർന്നത്. കോളേജിൽ നിന്നും ഒരു സംഘം വിദ്യാർഥികൾ യാത്ര പോകുന്നതും അവിടെ ഒരു റസ്റ്റ് ഹൗസിൽ താമസിക്കുന്നതുമാണ് സിനിമയുടെ കഥ. അവിടെ അവർ നേടുന്ന അനുഭവങ്ങളാണ് സിനിമയെ രസകരമാക്കുന്നത്. പ്രേതവും പിശാശുമൊക്കെ ഉണ്ടെന്നു വിശ്വസിക്കുന്ന ആ വീട്ടിൽ താമസിക്കാനെത്തുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നതെന്തൊക്കെയാണ്? 

യാത്രയുടെ ഇടയിലെ ക്യാമ്പ് ഫയറിൽ പ്രേം നസീർ, ചന്ദ്രികയിൽ മുങ്ങി നിൽക്കുന്ന പ്രകൃതിയെ നോക്കി ആ ഗാനം തുടരുകയാണ്,

"ചിന്തകളിൽ രാഗചന്ദ്രികചാലിച്ച

മന്ദസ്മിതം തൂകി വന്നവളേ

ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ

നമ്മളൊന്നാകുമീ ബന്ധനത്താൽ

ഓ...ഓ... അകലുകില്ലാ - അകലുകില്ലാ

ഇനിയും ഹൃദയങ്ങളകലുകില്ലാ "

ഗാനരചയിതാവും കവിയുമായ ഹരിനാരായണന്റെ പ്രിയമുള്ള ഗാനം,

"നിൻ മണിയറയിലെ നിർമ്മല ശയ്യയിൽ..." എന്ന സി ഐ ഡി നസീർ ചിത്രത്തിലേതാണ്. ശ്രീകുമാരൻ തമ്പി-എം കെ അർജുനൻ ഹിറ്റ് ജോഡികൾ അനുസ്മരണീയമാക്കിയ മറ്റൊരു ഗാനം. പി ജയചന്ദ്രന്റെ ആലാപന മാധുരിയിൽ ഇന്നും അത് എത്രയോ പേർക്ക് പ്രിയമുള്ളതായി തീരുന്നു!

"നിൻ മണിയറയിലെ നിർമ്മലശയ്യയിലെ

നീല നീരാളമായ് ഞാൻ മാറിയെങ്കിൽ

ചന്ദനമണമൂറും നിൻ ദേഹമലർവല്ലി

എന്നുമെൻ വിരിമാറിൽ പടരുമല്ലോ"

നിത്യഹരിത നായകനായ നസീറിന്റെ സുന്ദരമായ മുഖവും പ്രണയം വിടരുന്ന കണ്ണുകളും ഒരിക്കൽ കൂടി ആസ്വദിക്കാവുന്ന പാട്ട് തന്നെയാണിത്. പ്രണയം പടർത്തുന്ന ഹൃദയത്തെ തരളിതമാക്കുന്ന ഓർമ്മകളും അനുഭൂതികളും സമ്മാനിക്കുന്ന വരികൾക്ക് അർജുനൻ മാസ്റ്ററിന്റെ ഈണം ഇഴുകി ചേരുന്നു. കറുപ്പിലും വെളുപ്പിലും കണ്ടാൽപ്പോലും പ്രകൃതിയുടെ ഭംഗിയും പ്രണയത്തിന്റെ മനോഹാരിതയും ഏറ്റവും നന്നായി ആവിഷ്കരിച്ചിരിക്കുന്നു ഗാനരംഗമാണ് ഇതിൽ.ഗാനത്തിനൊടുവിൽ ഗായകനെയും കാണാതെയും വീണ്ടും വീണ്ടും നോക്കുന്ന നായികയുടെ ആർദ്രമായ കണ്ണുകളെ ആരെങ്കിലും കണ്ടുവോ? അവ സജലങ്ങളായിരുന്നില്ലേ?

"ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ

ഇന്ദീവരങ്ങളായ് ഞാൻ വിടർന്നുവെങ്കിൽ

ഇന്ദ്രനീലാഭതൂകും നിൻ മലർമിഴിയുമായ്

സുന്ദരീയങ്ങനെ ഞാൻ ഇണങ്ങുമല്ലോ"

അമ്പിളിയുടെ അഴകുമായി നിൽക്കുന്ന എന്റെ പ്രിയമുള്ളവളെ, നിന്റെ നീരാട്ട് കടവിലെ ഇന്ദീവരങ്ങളായി ഞാൻ വിടർന്നുവെങ്കിൽ എന്ന് കവി ചോദിക്കുമ്പോൾ അത് പ്രണയത്തിന്റെ ഏറ്റവും ദീപ്തമായ അനുരണങ്ങൾ ഉതിരുന്നു. ഇന്ദ്രനീലം തിളങ്ങുന്ന അവളുടെ മിഴിയിൽ അയാൾ അലിഞ്ഞു തീർന്നിട്ടുണ്ടാവും...

തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജി ആർ ഇന്ദുഗോപൻ പറയുന്നു,

"എന്റെ പ്രിയപ്പെട്ട അർജുനൻ മാഷിന്റെ പാട്ട് -വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി- തന്നെയാണ്. "

പിക്നിക് എന്ന ചിത്രത്തിൽ വീണ്ടും ശ്രീകുമാരൻ തമ്പി- എം കെ അർജുനൻ ജോഡികളുടെ ഹിറ്റ് ഗാനം.

പാടിയത് യേശുദാസും വാണി ജയറാമും.

"വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി

വൈശാഖ രാത്രി ഒരുങ്ങും

മന്ദസ്മിതമാം ചന്ദ്രിക ചൂടി

വനമല്ലിക നീയൊരുങ്ങും"

രവിവർമ്മയുടെയും മാലയുടെയും പ്രണയത്തിന്റെ മനോഹരമായ ഈരടികളും അതിനൊത്ത സംഗീതവും. പ്രേം നസീറും ലക്ഷ്മിയുമാണ് യഥാക്രമം കഥാപാത്രങ്ങൾ. കോളേജിൽ നിന്ന് പിക്നിക്കിനായി വരുന്ന ഒരു സംഘം കോളേജ് വിദ്യാർത്ഥികളുടെ കഥയാണ് 1975 ൽ പുറത്തിറങ്ങിയ ഈ ചിത്രം. അണക്കെട്ട് കാണാൻ വന്ന വിദ്യാർഥികൾ അതിനെക്കുറിച്ചുള്ള കഥയുടെ പിന്നാലെ നടക്കുകയാണ്. അണക്കെട്ടു പണി തടയാൻ വേണ്ടി നാട്ടിലിറങ്ങി യുദ്ധം ചെയ്യാൻ തയ്യാറാവുന്ന കാട്ടുജാതിക്കാരുടെ മുന്നിൽ എതിർക്കാനായി ചെല്ലുന്നത് കോളേജ് വിദ്യാർത്ഥിയായ പ്രേം നസീർ കഥാപാത്രത്തിന്റെ പിതാവ്. അച്ഛനായും മകനായും രണ്ടു കഥാപാത്രങ്ങളായി നസീർ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു. കാട്ടുജാതിക്കാരനായ മൂപ്പന്റെ മകളായി ലക്ഷ്മി അഭനയിച്ചിരിക്കുന്നു. അവരുടെ പ്രണയ നിമിഷങ്ങളാണ് വൈശാഖ രാത്രിയിൽ വനമല്ലികയായി ഒരുങ്ങിയിറങ്ങിയെത്തുന്നത്.

"നിൻ പാട്ടിലൂറും ശൃംഗാരമധുവും

നീഹാരാർദ്ര നിലാവും

നിൻ പാട്ടിലൂറും ശൃംഗാരമധുവും

നീഹാരാർദ്ര നിലാവും

നമ്മുടെ രജനി മദകരമാക്കും

ഞാനൊരു മലർക്കൊടിയാകും

വാർമുകിൽ വാതിലടയ്ക്കും

വാർത്തിങ്കൾ നാണിച്ചൊളിക്കും"

സംവിധായകനായ സജി സുരേന്ദ്രന്റെ പ്രിയ ഗാനവും പിക്നിക് സിനിമയിൽ നിന്ന് തന്നെ എന്നത്തേയും ഹിറ്റ് പാട്ട് "കസ്തൂരി മണക്കുന്നല്ലോ കാറ്റേ..."

മധ്യമാവതി രാഗത്തിലുയിർക്കൊണ്ട ഗാനത്തിൽ രവി വർമ്മയുടെയും മാലയുടെയും പ്രണയം വീണ്ടും പരക്കുന്നു,

"കസ്തൂരി മണക്കുന്നല്ലോ കാറ്റേ

നീ വരുമ്പോൾ

കണ്മണിയേ കണ്ടുവോ നീ

കവിളിണ തഴുകിയോ നീ"

നാട്ടിലെ നേരും നെറിയുമില്ലാത്ത മനുഷ്യർ കാട്ടിലെത്തിയതിന്റെ ആകുലതയിൽ നിൽക്കുന്ന അപ്പന്റെ മുന്നിൽ ഏനക്കേടൊന്നും പറ്റില്ലെന്ന ഉറപ്പിൽ മാല ആ ഗാനത്തിൽ ആകൃഷ്ടയായിപ്പോകുന്നു. നാട്ടുകാരനാണെങ്കിലും ഹൃദയം നിറച്ച് പ്രണയം നീട്ടിയാൽ എങ്ങനെയാണ് അതിനെ സ്വീകരിക്കാതെയിരിക്കുക. എത്രയോ നാളുകളായി അവൾക്കു വേണ്ടി കാത്തിരിക്കുന്ന ചുടല മുത്തുവിന്റെ മുന്നിലൂടെയാണ് അവൾ രവി വർമ്മയുമൊത്ത് പ്രണയത്താൽ മതി മറന്നാടുന്നത്.

കസ്തൂരി മണക്കുന്ന കാറ്റിനോടാണ് നായകൻ ചോദിക്കുന്നത് തന്റെ പ്രിയപ്പെട്ട കാമുകിയെ കണ്ടുവോ എന്ന്. 

"നീലാഞ്ജനപ്പുഴയിൽ നീരാടി നിന്നനേരം

നീ നൽകും കുളിരലയിൽ പൂമേനി പൂത്തനേരം

നീലാഞ്ജനപ്പുഴയിൽ നീരാടി നിന്നനേരം

നീ നൽകും കുളിരലയിൽ പൂമേനി പൂത്തനേരം

എൻ നെഞ്ചിൽ ചാഞ്ഞിടുമാ

തളിർലത നിന്നുലഞ്ഞോ

എൻ രാഗമുദ്ര ചൂടും ചെഞ്ചുണ്ട്

വിതുമ്പി നിന്നോ"

ഒരിക്കലും മാലയെ ഉപേക്ഷിക്കില്ലെന്നു സ്വന്തം ആത്മാവിനെ സാക്ഷി നിർത്തിയാണ് രവി വർമ്മ വാക്ക് നൽകുന്നത്. അയാളത് മരണം വരെ പാലിക്കുന്നുമുണ്ട്. അപ്പോഴും നദിയിലെ ഓളങ്ങളിൽ തൊട്ട് ഒരു പാട്ടൊഴുകി വരുന്നില്ലേ?

സംവിധായകനായ അരുൺ ഗോപിയുടെ പ്രിയ ഗാനം  "ആയിരം കാതം ..."

"എന്റെ വീടിന്റെ അക്കരെ കുറെ മുസ്ലിംസ് താമസിക്കുന്നുണ്ട്. നബി ദിനത്തിന് അവർ ബിരിയാണി വയ്ക്കും.അപ്പോൾ ഈ പാട്ടാണ് അവർ രാവിലെ വയ്ക്കുക. അന്ന് സ്‌കൂളിൽ പോകണ്ടല്ലോ, ഈ പാട്ട് കേൾക്കുമ്പോഴാണ് നബി ദിനമാണല്ലോ എന്നോർക്കുക, അതുമാത്രമല്ല ബിരിയാണിയും കഴിക്കാം. അതുകൊണ്ട് ഈ പാട്ട് എനിക്ക് ബിരിയാണിയുടെ ഓർമ്മകളാണ്", അരുൺ ഗൃഹാതുരതയിൽ ഗാനത്തെ തിരയുന്നു. 

മലയാള സിനിമയുടെ നിർമ്മാതാവായിരുന്നു കെ എച്ച് ഖാൻ സാഹിബ് എഴുതിയ ഈ ഗാനം "ഹർഷബാഷ്പം" എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം സംവിധായകൻ ഗോപീകുമാറിന് നൽകി. സംവിധായകൻ അത് സംഗീതം ചെയ്ത എം കെ അർജുനൻ മാസ്റ്ററിനും. അതോടെ ഭക്തി തുളുമ്പിയ ഒരു ഗാനം പിറന്നു,

"ആയിരം കാതം അകലെയാണെങ്കിലും

മായാതെ മക്കാ മനസ്സിൽ നില്പ്പൂ

ആയിരം കാതം അകലെയാണെങ്കിലും

മായാതെ മക്കാ മനസ്സിൽ നില്പ്പൂ"

ഒരു ഹജ്ജ് തീർത്ഥടനത്തിന്റെ വേളയിൽ അതിന്റെ ഭക്തിയുടെ ഉന്മാദത്തിലാറാടി നിൽക്കുമ്പോഴാണ് ഖാൻ സാഹിബിനു ഈ കവിത കളഞ്ഞു കിട്ടുന്നത്. മനസ്സിലേയ്ക്ക് വന്നു വീണ വരികളെ പേപ്പറിലേയ്ക്ക് പകർത്തിയെങ്കിലും അത് സിനിമയിലാവുമെന്നൊന്നും അപ്പോൾ അദ്ദേഹം ഓർത്തിട്ടുണ്ടാവില്ല. പക്ഷെ പിന്നീട് ലക്ഷക്കണക്കിന് ഭക്തരുടെ മനസ്സിലേയ്ക്ക് ആ വരികൾ ചെന്ന് കയറി. അതിൽ അർജുനൻ മാസ്റ്ററുടെ സംഗീതത്തിന്റെ പ്രസക്തി എടുത്തു പറയുകയും വേണം. 

"ലക്ഷങ്ങൾ എത്തി നമിക്കും മദീന

അക്ഷയ ജ്യോതിസ്സിൻ പുണ്യ ഗേഹം

സഫാ-മാർവാ മലയുടെ ചോട്ടിൽ

സാഫല്യം നേടി തേടിയൊരെല്ലാം

സാഫല്യം നേടി തേടിയൊരെല്ലാം

സാഫല്യം നേടി തേടിയൊരെല്ലാം..."

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.