61 ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന വേദിയിൽ ലോകമെങ്ങുമുള്ള സംഗീതാസ്വാദകർ കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്ന ആദ്യത്തെ പെൺപേര് ഒരുപക്ഷേ ബ്രാൻഡി കാർലിലിന്റെ ആയിരിക്കും. അമേരിക്കൻ ഫോക്ക് റോക്ക് സംഗീതതാരം... പാട്ടുപാടിയും ആടിയും മാത്രമല്ല, സ്വന്തമായി വരികളെഴുതി സ്വരം നൽകിയാണ് കാർലിൽ ആസ്വാദകരുടെ ഹൃദയം കവർന്നത്. ഏതാനും സ്റ്റുഡിയോ ആൽബങ്ങളേ പുറത്തിറക്കിയിട്ടുള്ളുവെങ്കിലും ഇതുവരെയുള്ള സംഗീതജീവിതത്തിൽ സ്വന്തമാക്കിയത് ഏഴ് ഗ്രാമി പുരസ്കാര നോമിനേഷനുളാണ്. അതിൽതന്നെ 6 നോമിനേഷനും കാർലിലിന്റെ ഏറ്റവും പുതിയ ആൽബമായ ‘ ബൈ ദ് വേ, ഐ ഫൊർഗീവ് യു’വിനാണ്. 61 ാമത് ഗ്രാമി പുരസ്കാരത്തിന് ഏറ്റവുമധികം നോമിനേഷനുകൾ ലഭിച്ച ഗായികയും ബ്രാൻഡി കാർലിൽ തന്നെ. (ദ് ജോക്ക്)

അമ്മയുടെ പിയാനോച്ചുവട്ടിൽ പടിഞ്ഞിരുന്നായിരുന്നു കാർലിലിന്റെ കുട്ടിക്കാലം. പഠനവൈകല്യത്തിന്റെ പേരിൽ ക്ലാസിലെ പിൻബഞ്ചിലേക്കു മാറ്റിയിരുത്തപ്പെട്ടതോടെ കാർലിൽ പാഠപുസ്തകങ്ങളോട് ഗുഡ്ബൈ പറഞ്ഞ് പാട്ടിലേക്കു തിരിയുകയായിരുന്നു. സംഗീതമോഹം കാരണം ഹൈസ്കൂൾ കാലഘട്ടത്തിൽതന്നെ പഠനം മതിയാക്കിയ കാർലിലിന്റെ തുടക്കം പിയാനോയിലും ഗിറ്റാറിലുമായിരുന്നു. സ്വന്തം പേരിൽ ഇറക്കിയ ആദ്യ ശ്രദ്ധേയ ആൽബം വാണിജ്യപരമായ വിജയത്തിന്റെ കടമ്പ കടന്നില്ലെങ്കിലും ആസ്വാദകർക്കിടയിൽ കാർലിലിന് ഗായികയുടെ മേൽവിലാസം സമ്മാനിച്ചു. 2007ൽ പുറത്തിറങ്ങിയ ദ് സ്റ്റോറി എന്ന സിംഗിൾ ആണ് ആ മേൽവിലാസം ഉറപ്പിച്ചത്. തുടർന്ന് ഗിവ് അപ് ദ് ഗോസ്റ്റ് (2009), കവർ സ്റ്റോറീസ് (2017), തുടങ്ങിയ ആൽബങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതോടെ അമേരിക്കൻ റോക്ക് സംഗീതലോകത്തെ സ്വരശലഭമായി മാറി കാർലിൽ.
ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ, കാർലിലിന് ഗ്രാമി നോമിനേഷൻ നേടിക്കൊടുത്ത ബൈ ദ് വേ ഐ ഫൊർഗിവ് യു, ബിൽ ബോർഡിൽ ടോപ് റോക്ക് ആൽബങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തും ഇടംപിടിച്ചു. സംഗീതത്തിന്റെ കാൽപനിക ലോകത്തുമാത്രമൊതുങ്ങാതെ സ്ത്രീശാക്തീകരണം ഉൾപ്പെടെയുള്ള സാമൂഹ്യവിഷയങ്ങളിൽ വളരെ സജീവമായി പ്രതികരിക്കുന്ന ഒരു ആക്ടിവിസ്റ്റ് കൂടിയാണ് കാർലിൽ.