മൈക്കൽ ജാക്സൻ ബോയ്കോട്ട് ചെയ്ത ഗ്രാമി; ബറാക് ഒബാമ സ്വന്തമാക്കിയതും!

SHARE
പാട്ടിനാൽ മാത്രമല്ല, കൗതുകങ്ങളാലും സമ്പന്നമാണ് ഗ്രാമി പുരസ്കാരം. സംഗീത ലോകത്തെ ആ മഹാപുരസ്കാരം അറുപത്തിയൊന്നാം വർഷത്തിലേക്കു കടക്കുമ്പോൾ ചില കൗതുകങ്ങൾ...

ഗ്രാമി 2019

1959 മേയ് നാലിനായിരുന്നു ഗ്രാമി പുരസ്കാരത്തിന്റെ തുടക്കം. ആ വർഷം 28 കാറ്റഗറിയിലായിരുന്നു പുരസ്കാരം. എന്നാൽ ഇത്തവണ പുരസ്കാരം സമ്മാനിക്കുന്നത് 84 കാറ്റഗറിയിലാണ്.‌

സംഗീതജ്ഞരുടെയും നിർമാതാക്കളുടെയും റെക്കോർഡിങ് എൻജിനീയർമാരുടെയും മറ്റ് റെക്കോർഡിങ് ആർടിസ്റ്റുമാരുടെയും കൂട്ടായ്മയായ നാഷനൽ അക്കാദമി ഓഫ് റെക്കോർഡിങ് ആർട്സ് ആൻഡ് സയൻസസ് (NARAS) ആണ് ഗ്രാമി സമ്മാനിക്കുന്നത്.
ഗ്രാമഫോൺ പുരസ്കാരമെന്നായിരുന്നു ഗ്രാമിയുടെ ആദ്യത്തെ പേര്. ഇന്നും സംഗീതലോകത്തെ പലരും ഇഷ്ടപ്പെടുന്നതും ആ പേരാണ്.
ഗ്രാമഫോൺ ശില്‍പമാണ് പുരസ്കാര ജേതാക്കൾക്ക് നൽകുന്നത്. 2.7 കിലോയാണ് ഇതിന്റെ ഭാരം. നിർമിച്ചിരിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരത്തിന്റെ പേരിലുമുണ്ട് കൗതുകം–ഗ്രാമിയം. പക്ഷേ ഏതെല്ലാം ലോഹം ചേർന്നതാണ് ഗ്രാമിയം എന്നത് ഇന്നും ദുരൂഹം. ബോബ് ഗ്രേവ്സ് (1958-1984), ജോൺ ബില്ലിങ്സ് (1985- ) എന്നിവരാണ് ഗ്രാമി പുരസ്കാരങ്ങൾ ഇതുവരെ ഡിസൈൻ ചെയ്ത രണ്ടേരണ്ടു പേർ.
1971ൽ നടന്ന പതിമൂന്നാം ഗ്രാമി പുരസ്കാര ദാന ചടങ്ങാണ് ആദ്യമായി ടിവിയിലൂടെ പ്രക്ഷേപണം ചെയ്തത്. ഇന്ന് ഓസ്കർ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം പേർ കാണുന്ന അവാർഡ് നിശയാണ് ഗ്രാമി.
∙ ഗ്രാമിക്കൊരു സ്ഥിരംവേദിയില്ല. യുഎസിലെ മൂന്നിടത്ത് ഗ്രാമി പുരസ്കാരദാനച്ചടങ്ങ് നടന്നിട്ടുണ്ട്– ലൊസാഞ്ചൽസിലും ന്യൂയോർക്കിലും നാഷ്‌വിലിലും. ലൊസാഞ്ചൽസിലെ ബെവെർലി ഹില്‍ട്ടണിലായിരുന്നു ആദ്യ ഗ്രാമി പുരസ്കാരദാനം. ലൊസാഞ്ചൽസിലെ തന്നെ സ്റ്റേപ്പിൾസ് സെന്ററിലാണ് ഇത്തവണത്തെ പുരസ്കാരനിശ.
ഗ്രാമി ചടങ്ങിലേക്ക് ഓരോ തവണയും 7000 പേരെയെങ്കിലും സ്വാഗതം ചെയ്യുന്നുണ്ട് റെഡ് കാർപറ്റ്. 500 അടിയാണ് അതിന്റെ നീളം, 80 അടി വീതിയും.
ഇന്നേവരെ ഒരൊറ്റ വ്യക്തി മാത്രമേ ഗ്രാമി നിരസിച്ചിട്ടുള്ളൂ– ഐറിഷ് ഗായികയും പാട്ടെഴുത്തുകാരിയുമായ ഷിനെയ്ഡ് ഓ’കോണർ. ഗ്രാമി പുരസ്കാരം വാണിജ്യവൽക്കരിക്കപ്പെട്ടെന്ന് ആരോപിച്ച് 1991–ലായിരുന്ന അത്.
അമേരിക്കൻ ഗായിക ലിആൻ റൈംസ് ആണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമി പുരസ്കാര ജേതാവ്–പതിനാലാം വയസ്സിലായിരുന്നു നേട്ടം. ഗ്രാമി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി അമേരിക്കൻ പിയാനിസ്റ്റ് പൈൻടോപ് പെർക്കിൻസും– 97-ാം വയസ്സിൽ. ആൽബം ഓഫ് ദി ഇയർ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ടെയ‌ലർ സ്വിഫ്റ്റാണ്, ഇരുപതാം വയസ്സിൽ.
മൂന്ന് യുഎസ് പ്രസിഡന്റുമാർക്ക് ഗ്രാമി ലഭിച്ചിട്ടുണ്ട്–ജിമ്മി കാർട്ടർ, ബിൽ ക്ലിന്റർ, ബറാക് ഒബാമ (ബെസ്റ്റ് സ്പോക്കൺ വേഡ് ആൽബം വിഭാഗത്തിലായിരുന്നു നേട്ടം)
ഒരൊറ്റ പുരസ്കാര രാവിൽ ഏറ്റവുമധികം ഗ്രാമി (എട്ടു വീതം) സ്വന്തമാക്കിയത് രണ്ടു പേരാണ്– മൈക്കൽ ജാക്സൻ (1984), സൻടാന (2000). 
1980ൽ മൈക്കൽ ജാക്സൻ ഗ്രാമി ‘ബോയ്കോട്ട്’ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ഓഫ് ദ് വോൾ’ എന്ന ആൽബം വൻ വിജയമായിട്ടും ആ വർഷത്തെ മികച്ച ആൽബത്തിനുള്ള നോമിനേഷൻ ലഭിക്കാതിരുന്നതിൽ പ്രതിഷേധിച്ചായിരുന്നു അത്. 
∙ 16 തവണ നോമിനേറ്റ് ചെയ്യപ്പെട്ടു. പക്ഷേ ഇതുവരെ ഒരു ഗ്രാമി പോലും ലഭിക്കാത്ത റെക്കോർഡ് ബ്രയാൻ മക്നൈറ്റിന്റെയും സ്നൂപ് ഡൊഗ്ഗിന്റെയും പേരിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Close