Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസിന് പത്മവിഭൂഷൺ

yesudas-28

ഗാനഗന്ധര്‍വ്വൻ കെ.ജെ യേശുദാസിന് പത്മവിഭൂഷൺ. 1975ലാണ് പത്മശ്രീ അദ്ദേഹത്തെ തേടിയെത്തിയത്. 2002ൽ പത്മഭൂഷണും ലഭിച്ചു. 

അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെ പാട്ടാണ് യേശുദാസ്. അമ്പതിനായിരത്തിലധികം ഗാനങ്ങളാണ് യേശുദാസ് ഇക്കാലയളവിനിടയിൽ പാടിയത്. ഏഴു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന പുരസ്കാരം 43 പ്രാവശ്യവും അദ്ദേഹം നേടി. ഇതു രണ്ടും റെക്കോഡുകളുമാണ്. 

ആത്മീയമായ സ്വരഭംഗികൊണ്ട് എന്നെന്നും ഇന്ത്യൻ സംഗീത ലോകത്തിന് അത്ഭുതമാണ് ഈ ഗായകൻ. ആ ഗന്ധര്‍വ സ്വരം മൂളാത്ത, മനസ്സില്‍ പാടി നടക്കാത്ത എത്ര മലയാളികളുണ്ടാവും? സംഗീതം ഇഷ്ടപ്പെടുന്നവരില്‍ ഒരാള്‍ പോലും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയാം. അറുപതുകളില്‍ മലയാളസിനിമയില്‍ ആദ്യമായി മുഴങ്ങിത്തുടങ്ങിയ യേശുദാസിന്റെ ശബ്ദം ഇന്നും ഹൃദയഗീതങ്ങളായി കൊണ്ടുനടക്കുകയാണ് നമ്മള്‍. 

ആദ്യ പാട്ട് കേട്ട ആ നിമിഷം മുതൽ ഇതുവരെ യേശുദാസെന്ന പേരിനപ്പുറമൊരു സ്വരമാധുരി മലയാളം കേട്ടിട്ടില്ല. യേശുദാസെന്നാൽ സ്നേഹത്തിനപ്പുറം ഒരു വികാരമാണ്. ആ ശബ്ദത്തിലൂടെ പിറന്ന ഒരു പാട്ടെങ്കിലും കേൾക്കാതെ, ഓർക്കാതെ ഒരു ദിവസം പോലും ആരുടെയും ജീവിതത്തിൽ കടന്നുപോകുന്നുമില്ല. സംഗീത ലോകത്തെ ഈ ഗന്ധർവ ഗായകന് ഇന്നു എഴുപത്തിയേഴാം പിറന്നാൾ. കൊല്ലൂര്‍ മൂകാംബികയ്ക്ക് മുന്നിൽ തൊഴുകൈയോടെ നിന്ന് തന്നെയാണ് ഈ ജന്മദിനവും യേശുദാസ് ആഘോഷിക്കുക. 

സംഗീതജ്ഞനായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോർട്ട് കൊച്ചിയിൽ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിന്റെ ജനനം. 55 വർഷം നീണ്ട സംഗീത യാത്രയിൽ പാടിത്തീർത്തത് എഴുപതിനായിരത്തിലേറെ ഗാനങ്ങൾ. 

ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കെ.ആർ. കുമാരസ്വമായി അയ്യർ, വി. ദക്ഷിണാമൂർത്തി തുടങ്ങി സംഗീത ലോകത്തെ കുലപതികളുടെ ശിഷ്യത്വമാണ് യേശുദാസിലെ ഗായകനെ വാർത്തെടുത്തത്. പിതാവ് അഗസ്റ്റിൻ ജോസഫാണ് ആദ്യ ഗുരു. 1962ൽ പുറത്തിറങ്ങിയ കാൽപാടുകൾ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് യേശുദാസെത്തുന്നത്. എം.ബി. ശ്രീനിവാസനായിരുന്നു അതിന് വഴിതുറന്നതും. അതിനു മുൻപേ എം.ബി. ശ്രീനിവാസൻ ഈണമിട്ട ജാതി ഭേദം മത ദ്വേഷം എന്ന പാട്ട് പാടി യേശുദാസ് പ്രതിഭയറിയിച്ചിരുന്നു. ജീവിതത്തിലെ ഏത് പ്രധാന സന്ദർഭങ്ങളിലും വേദികളിലും യേശുദാസ് പാടുന്ന പാട്ടും ഇതുതന്നെയാണ്. 


പക്ഷേ ആത്മാവുകൊണ്ട് മലയാളം സ്നേഹിക്കുന്ന ഗായകനിലേക്കുള്ള യേശുദാസിന്റെ യാത്ര ആരംഭിക്കുന്നത് വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളിലൂടെയാണ്. യാഥാർഥ്യങ്ങളെ വരികളാക്കി വയലാർ എഴുതി, അതിന് ദേവരാഗങ്ങൾ കൊണ്ട് ദേവരാജന്‍ ഈണമിട്ട് യേശുദാസ് പാടിയ ഗാനങ്ങളിന്നും നമ്മുടെ കാതുകളിൽ മുഴങ്ങുന്നു. കാലാതിവർത്തിയായ ഗാനങ്ങൾ. 

ഭാര്യ എന്ന ചിത്രത്തിൽ വയലാർ-ദേവരാജൻ സംഘം തയാറാക്കിയ പാട്ടുകളിലൂടെയാണ് യേശുദാസെന്ന ഗായകൻ മലയാളത്തിന്റെ ശ്രദ്ധ നേടുന്നത്. ഇന്നും ആ നാദത്തിനു മുന്നിൽ വിസ്മയത്തോടെ നോക്കി നിൽക്കുന്നു ലോ‌കം. ഗന്ധർവ്വ ഗായകന്‍ എന്നു വിശേഷിപ്പിച്ചതും ആ ആലാപന ഭംഗി വാക്കുകൾക്കും ഉപമകൾക്കും അതീതമായതു കൊണ്ടാണ്. 


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.