Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷരൂപിയായ സരസ്വതി

Yesudas

ഏതോ വൃശ്ചികപ്പുലർകാലത്ത്, തണുപ്പിന്റെ ലോഹസൂചികൾ വിതറി ജനാലയ്ക്കു പുറത്തു ചീറിനിന്ന ശീതക്കാറ്റിനെ സൗമ്യമായി വകഞ്ഞുമാറ്റിയാവണം ഗന്ധർവൻ ആദ്യമായി എന്റെ കാതോരത്തെത്തിയത്. ചന്ദനഗന്ധമുള്ള ഒരു സുപ്രഭാതം, അതോ നെയ്യും കർപ്പൂരവും മണക്കുന്ന മണികണ്ഠദശകമോ? കൃത്യമായി ഓർമയില്ല. ശംഖിന്റെ മന്ദ്രനാദം പോലെ നേർത്ത മുഴക്കത്തിൽ അതങ്ങനെ എന്നെ പൊതിഞ്ഞിട്ടുണ്ടാവും. പുലരിത്തണുപ്പിൽ, ഒരു പുഴപ്പരപ്പിന്റെ ഓളക്കൈകളെന്ന പോലെ അതെന്നെ താരാട്ടിയിട്ടുണ്ടാവും. പിന്നീടിന്നോളം ഒപ്പമുള്ള, ഒരുപക്ഷേ എന്റെ ഹൃദയത്തിന്റെ പാട്ടു നിലയ്ക്കുവോളം ഒപ്പമുണ്ടാകുന്ന സംഗീതം. 

അരനൂറ്റാണ്ടിലേറെയായിരിക്കുന്നു യേശുദാസെന്നു പേരുള്ള മാന്ത്രികത്തിന് മലയാളി സ്വയം വിട്ടുകൊടുത്തിട്ട്. മൂന്നര ദശകം കടന്ന എന്റെ ഹൃദയവും അതിന്റെ മിടിപ്പിനു താളമായെടുക്കുന്നത് ചിലപ്പോൾ ആ പാട്ടുകളാണ്.

ഗന്ധർവാ, എന്താഭിചാരമാണിത്?

ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയും പൊതിഞ്ഞുണ്ടായിരുന്ന ആ പാട്ടുകളിലാണ് പലപ്പോഴും എന്നെ എനിക്കു തെളിഞ്ഞുകിട്ടിയിരുന്നത്. ജലം അതിന്റെ സുതാര്യപാളികളിലൂടെ ഒരു വെയിൽച്ചീളിനെ അടിത്തട്ടിലെ വെള്ളാരങ്കല്ലിലേക്കു തിരിച്ചുവിടുന്നതുപോലെയായിരുന്നു അത്. ആ പാട്ടുകൾ എന്റെ ഉൾത്തടത്തെ അതിന്റെ വീചികളാൽ സ്പർശിച്ചുപോയപ്പോൾ ഉള്ളിലെ കലക്കങ്ങൾ തെളിഞ്ഞ് അടിത്തട്ടിലെ വെള്ളാരങ്കല്ലുകൾ തിളങ്ങുന്നത് എത്രയോ തവണ ഞാൻ ആഹ്ലാദത്തോടെ കണ്ടിരിക്കുന്നു.

കൗമാരവും പിന്നെ യൗവനവും തീക്ഷ്ണവർണങ്ങളുമായി എരിഞ്ഞുകൊണ്ടിരിക്കെ, കാപട്യത്തിന്റെയും കാമങ്ങളുടെയും കിരാതമായ ആസക്തികളുടെയും മേലൊഴുക്കുകൾക്കടിയിൽ എന്നെ ഞാൻ തിരിച്ചറിയുന്ന നിമിഷങ്ങളാണ് എനിക്ക് യേശുദാസ്. 

കഥാർസിസ് എന്നു സാഹിത്യമീമാംസകർ പേർ വിളിക്കുന്ന സംഗതിയാണ് ഓരോ മലയാളിക്കും മിക്കപ്പോഴും യേശുദാസ്. ഉള്ളിലടിഞ്ഞ ഭാരം, പ്രണയമോ ഭക്തിയോ വിരഹമോ വൈരാഗ്യമോ എന്തായാലും അതിനെ പുറത്തേക്കൊഴുക്കി മനസ്സിനെ തെളിഞ്ഞ നീരൊഴുക്കാക്കുന്നു യേശുദാസിന്റെ പാട്ട്.

ഒരു പാട്ടിന്റെ ദൈവമാരാണ് എന്ന ചോദ്യത്തിന്, സുഹൃത്തേ, നിങ്ങൾക്കെന്താണ് ഉത്തരം? സംഗീതകാരൻ? പാട്ടെഴുത്തുകാരൻ? അതോ പാട്ടുകാരനോ? തർക്കത്തിന്റെ കുരുക്കുകളഴിച്ച് ഉത്തരത്തിലേക്കെത്താൻ സമയമെടുത്തേക്കും. പക്ഷേ യേശുദാസ് പാടിയ ഓരോ പാട്ടിന്റെയും ദൈവം അദ്ദേഹം മാത്രമാണെന്ന് മലയാളി പറയും; കവിയെയും സംഗീതസംവിധായകനെയും ആദരപൂർവം വണങ്ങിനിന്നുതന്നെ. അതിനാലാണ് സംഗീതാരാധകർ അദ്ദേഹത്തെ പുരുഷരൂപിയായ സരസ്വതിയെന്നു വിളിക്കുന്നത്.

ഗന്ധർവാ, ഏതു മാന്ത്രികത്തൂവലാലാണ് നീ ഞങ്ങളുടെ കാതുഴിഞ്ഞത്, നിന്നെ മാത്രം മധുരിക്കുംപോലെ?

എന്താഭിചാരമാണിത്?

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.