Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിന്റെ ദൈവം

balamurali-krishna-2

ബാലമുരളീകൃഷ്ണ എന്ന സംഗീതം എന്റെ ഞരമ്പുകളിൽ ഒരു ലഹരിയായി കുത്തിവയ്ക്കപ്പെട്ടത് ആറര വയസ്സിലാണ്. ഏകദേശം നാലു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ ഇന്നലെ വൈകിട്ട് ആ ഞരമ്പുകളൊക്കെ നുറുങ്ങി നുറുങ്ങിപ്പിടഞ്ഞു വീണു. എനിക്കു നഷ്ടപ്പെട്ടതു ഗുരു മാത്രമല്ല, ദൈവം തന്നെയാണ്. ഇതിലപ്പുറം എനിക്കൊന്നും നഷ്ടപ്പെടാനില്ല.

കൊച്ചിയിൽനിന്നു ചെന്നൈയിൽ വിമാനമിറങ്ങി വീട്ടിലേക്കു വരുമ്പോഴാണ്, എന്റെ ജീവിതത്തെ രണ്ടായി മുറിച്ചിട്ട ആ സന്ദേശം ലഭിച്ചത്: എന്റെ ഗുരുജി കണ്ണടച്ചിരിക്കുന്നു. വീട്ടിലെത്തിയിട്ടും കാറിൽനിന്നിറങ്ങാതെ മണിക്കൂറുകൾ ഞാനതിനകത്തിരുന്നു. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഫോണുകളൊന്നും ഞാൻ എടുത്തില്ല. ആ സംഗീതപ്പുഴയോരത്തിരുന്നു കണ്ണീർച്ചാലുകൾകൊണ്ടു ഞാൻ പാദങ്ങളിൽ നമസ്കരിച്ചു. എനിക്കു ഗുരുജിയെ കാണണം. പക്ഷേ, പോകാൻ വയ്യ. ഉറക്കത്തിലങ്ങു പോയതല്ലേ..., ഇതിനപ്പുറം എനിക്കിനിയൊരു അഭയമില്ലല്ലോ ഈശ്വരാ...

കൊല്ലത്ത് എന്റെ നാട്ടിലെ അമ്മച്ചിവീട് ക്ഷേത്രത്തിൽ പാടാൻ വന്ന ഗുരുജിയെ കൊണ്ടുപോയി കാണിച്ചത് എന്റെ അമ്മാവൻമാരായ രാജൻലാലും ഷാജിലാലുമാണ്. അന്നു ഗുരുജിക്കു മുൻപിൽ പാടിക്കേൾപ്പിച്ച വർണം കേട്ടിട്ട് അദ്ദേഹം പറഞ്ഞു: ‘എനിക്ക് ഇവനെ പഠിപ്പിക്കണം’. അന്ന്, ആ ആറര വയസ്സിൽ ആ വാക്കുകളുടെ ‘വലിപ്പം’ എനിക്കു പിടികിട്ടിയിരുന്നില്ല. പക്ഷേ, ഇന്ന് ഓർക്കുന്തോറും ആ വാക്കുകൾ എന്നെ കെട്ടിവരിയുന്നു. ആനന്ദമോ വേദനയോ നിറഞ്ഞ് കണ്ണുകൾ കരഞ്ഞുകലങ്ങുന്നു.


പാട്ടായിരുന്നു ശ്വാസം എന്നതുകൊണ്ടു പ്രീ–ഡിഗ്രിയുടെ ഒന്നാം വർഷംതന്നെ ഞാൻ ചെന്നൈയിലേക്കു പോയി. ആദ്യത്തെ രണ്ടു വർഷം ബി.എ. ചിദംബരനാഥ് സാറായിരുന്നു ഗുരു. അതു കഴിഞ്ഞാണു ബാലമുരളീകൃഷ്ണ സാറിനു ശിഷ്യപ്പെടുന്നത്. അന്നുമുതൽ ഇന്നോളം ആ നാദാരവിന്ദങ്ങളും പാദാരവിന്ദങ്ങളും എന്റെ തിരുസന്നിധിയാണ്. പതിനെട്ടാം വയസ്സിൽ കൂടെ നടക്കാൻ തുടങ്ങിയതാണ്. അഞ്ചാറു വേദികളിൽ അദ്ദേഹത്തോടൊപ്പം ഇരുന്നു കച്ചേരി പാടാൻ കഴിഞ്ഞിട്ടുണ്ട്. ‘എന്റെ കൂടെ പാട്’ എന്നു പറഞ്ഞ് അടുത്തു പിടിച്ചിരുത്തിയതു ഗുരുജിയാണ്.

അല്ലാതെ, എനിക്ക് അതിന് അന്നും ഇന്നും ധൈര്യം വന്നിട്ടില്ല. കച്ചേരിയില്ലാത്തപ്പോൾ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം. പക്ഷേ, പാടാൻ തുടങ്ങിയാൽ പുലിയാണ്. ഒപ്പമിരിക്കുമ്പോൾ പേടിച്ചു ശബ്ദം വരാതെ നിലച്ചുപോയിട്ടുണ്ട്, പലപ്പോഴും. അദ്ദേഹം കണ്ടുപിടിച്ച രാഗങ്ങൾ പാടിനോക്കിയാൽ മൂക്കുകുത്തി വീഴുമ്പോഴേ പലപ്പോഴും അതിന്റെ ബുദ്ധിമുട്ട് അറിയൂ. അത്രയേറെ അനായാസമായിട്ടാണ് അദ്ദേഹം ആ രാഗങ്ങൾ ആലപിക്കുക.

ഇരുപത്തൊന്നാം വയസ്സിൽ അദ്ദേഹത്തെക്കൊണ്ടു പാടിക്കാൻ ഭാഗ്യം ലഭിച്ചവനാണു ഞാൻ. ആഭേരി രാഗത്തിലെ ‘നഗുമോമു...’ പാടി ലോകശ്രദ്ധയിലെത്തിച്ചിട്ടുണ്ട്,അദ്ദേഹം. ഒരഞ്ഞൂറു സ്റ്റേജിലെങ്കിലും അദ്ദേഹം ഈ കീർത്തനം പാടുന്നതു കേട്ടിട്ടുണ്ട്. എല്ലാം വെവ്വേറെ ‘നഗുമോമു...’ ആയിരുന്നു. ഇതേ നഗുമോമുവിനൊപ്പം പാശ്ചാത്യസംഗീതം കലർത്തി ഞാൻ ചെയ്ത ഒരു കോംപോസിഷൻ പാടാൻ, എന്റെ എസിയില്ലാത്ത അംബാസിഡർ കാറിൽ സ്റ്റുഡിയോയിൽ വന്ന് ഒറ്റപ്പൈസ വാങ്ങാതെ പാടിപ്പോയിട്ടുണ്ട്, എന്റെ ഗുരുജി. ആ ഗുരുജി എനിക്കു ദൈവമല്ലാതെ മറ്റാരാണ്?

കുറേ വർഷം മുൻപു ‘ഗുരുവന്ദനം’ എന്ന പേരിൽ ഞാനൊരു സിഡി തയാറാക്കി. അത് ആദ്യമായി കേൾപ്പിക്കാൻ ഗുരുജിയുടെ വീട്ടിൽ ചെന്നപ്പോൾ ഭാര്യയും മക്കളുമാണു വീട്ടിലുണ്ടായിരുന്നത്. മുകളിലത്തെ നിലയിൽ എല്ലാവരും കൂടിയിരുന്നു സിഡി കേൾക്കുമ്പോൾ ഗുരുജി പുറത്തുനിന്നു കയറിവന്നു. ‘ഇതു ഞാൻ എപ്പോൾ പാടിയതാ...’ എന്നു ചോദിച്ചുകൊണ്ടാണു കടന്നുവരുന്നത്. ‘ഇത് ഇവൻ, ശരത് പാടിയതാണ്...’ എന്നു ഭാര്യ പറഞ്ഞപ്പോൾ എന്നെ വന്നൊരു കെട്ടിപ്പിടിത്തമായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദമായി എന്റെ ശബ്ദത്തെ അദ്ദേഹം തിരിച്ചറിഞ്ഞ ആ നിമിഷത്തിനപ്പുറം എനിക്കിനി ഒന്നും നേടാനില്ല.

എപ്പോൾ ചെന്നാലും ആ കാൽക്കലേ ഞാൻ ഇരുന്നിട്ടുള്ളൂ. ‘ഇങ്കെ ഉക്കാറ്’ എന്നു പറഞ്ഞ് അടുത്തു പിടിച്ചിരുത്താൻ നോക്കും. പക്ഷേ, ആ കാൽവിരലോളംപോലും ഞാൻ വളർന്നിട്ടില്ലാത്തതിനാൽ അതുതന്നെ എനിക്കു സ്വർഗമാണ്. എത്രയോ വ്യക്തിപരമായ കാര്യങ്ങൾ അദ്ദേഹം എന്നോടു പങ്കുവച്ചിട്ടുണ്ട്. പലരെക്കുറിച്ചുമുള്ള അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. അതൊന്നും എനിക്കിനി ആരോടും പങ്കുവയ്ക്കാനില്ല. അത് എന്നിൽത്തന്നെ കഴിയട്ടെ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.