Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസിനുപോലും ശബ്ദമായി...

balamurali-krishna

യേശുദാസ് സിനിമയിൽ‍ ഗായകനായി അഭിനയിക്കുമ്പോൾ അതിന്റെ പശ്ചാത്തലഗാനം മറ്റൊരു ഗായകൻ പാടുക! തീർത്തും അസംഭാവ്യം എന്നേ കരുതാനാവൂ. ചുണ്ടനക്കാൻ യേശുദാസും ഗാനം ആലപിക്കാൻ മറ്റൊരാളുമോ? ആരാണ് അത്രവലിയ കേമൻ? 1966ൽ എം. കുഞ്ചാക്കോ നിർമിച്ചു സംവിധാനം ചെയ്ത ‘അനാർക്കലി’ എന്ന ചിത്രത്തിലായിരുന്നു ആ അവിശ്വസനീയത! യേശുദാസ് എന്ന നടനുവേണ്ടി ‘സപ്തസ്വരസുധാ സാഗരമേ...’ എന്ന ഗാനം പാടിയ ആ മഹാഗായകൻ ബാലമുരളീകൃഷ്ണ! വയലാറിന്റെ വരികൾക്കു ശാസ്ത്രീയ ഈണം നൽകിയതു ബാബുരാജ്.

20 സിനിമകളിലായി 43 ഗാനങ്ങളേ മലയാള സിനിമയ്ക്കായി ബാലമുരളീകൃഷ്ണ പാടിയിട്ടുള്ളൂ. പക്ഷേ, അവയൊന്നും വെറും പാട്ടുകളായിരുന്നില്ല. മറ്റാരും പാടിയാൽ ശരിയാവില്ല എന്നുവരുന്ന ഘട്ടത്തിൽ മാത്രമേ ബാലമുരളീകൃഷ്ണ പിന്നണി പാടാനെത്തിയിരുന്നുള്ളൂ. 1965ൽ ‘ദേവത’ എന്ന ചിത്രത്തിൽ പി.എസ്. ദിവാകറിന്റെ സംഗീതത്തിൽ ‘ധീരസമീരേ യമുനാതീരേ...’ എന്ന ഹിറ്റ് സമ്മാനിച്ചാണ് അദ്ദേഹം മലയാള സിനിമാഗാന മേഖലയ്ക്കു ദർശനം നൽകിയത്. ആ സിനിമയിൽ മൂന്നു പാട്ടുകൂടി പാടി.

ശ്രീകുമാരൻ തമ്പി നിർമിച്ചു സംവിധാനം ചെയ്ത ‘ഗാന’ത്തിൽ മൂന്നു പാട്ട് അദ്ദേഹം അനശ്വരമാക്കി. പ്രസിദ്ധമായ ‘യാരമിതാ വനമാലീന..’ ഇതിലാണ്. പ്രമുഖ കീർത്തനങ്ങളായ ‘എന്തരോ മഹാനുഭാവലു..., അദ്രി സുതാവര... എന്നിവയും അദ്ദേഹം ആലപിച്ചു. ഈ ചിത്രത്തിൽ എത്രയാണ് പ്രതിഫലം നൽകേണ്ടതെന്ന് അദ്ദേഹത്തോടു ശ്രീകുമാരൻ തമ്പി ചോദിച്ചു. ‘നിങ്ങൾ ഈ സിനിമയിലൂടെ കർണാടക സംഗീതത്തെ ഉയർത്താൻ ശ്രമിക്കുന്നു. അതിൽ ഒപ്പം നിൽക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇഷ്ടമുള്ളതു തരിക’ എന്നായിരുന്നു മറുപടിയെന്നു തമ്പി ഓർമിക്കുന്നു. ‘ഗാന’ത്തിനു മുൻപ് ‘യോഗമുള്ളവൾ’ എന്ന ചിത്രത്തിൽ ആർ.കെ. ശേഖറിന്റെ സംഗീതത്തിൽ ശ്രീകുമാരൻ തമ്പിയുടെ ‘ഓമനത്താമര പൂത്തതാണോ...’ എന്നൊരു ഗാനം അദ്ദേഹം ആലപിച്ചിരുന്നു.

ലെനിൻ രാജേന്ദ്രന്റെ സംഗീത ചിത്രമായ ‘സ്വാതിതിരുനാളി’ന്റെ സവിശേഷതകളിലൊന്ന് ബാലമുരളീകൃഷ്ണ ഉജ്വലമായി ആലപിച്ച ശാസ്ത്രീയ ഗാനങ്ങളായിരുന്നു. ‘ബാലമുരളിയുടെ, കാലങ്ങൾ കടന്നു സഞ്ചരിക്കാനുള്ള ആലാപന മികവ് ഇല്ലായിരുന്നെങ്കിൽ ആ സിനിമയിലെ ഷഡ്കാല ഗോവിന്ദമാരാർ എന്ന കഥാപാത്രം അപൂർണമായിപ്പോയേനേ’ എന്നു ലെനിൻ രാജേന്ദ്രൻ.

സംഗീത പ്രധാനമായ മറ്റൊരു ചിത്രമായിരുന്നു രാജീവ് നാഥ് സംവിധാനം ചെയ്ത ‘കാവേരി’. ദക്ഷിണാമൂർത്തിയും ഇളയരാജയും ചേർന്നു സംഗീതമൊരുക്കിയെന്ന അപൂർവ ബഹുമതി പേറുന്ന ഈ ചിത്രത്തിലെ നാലു പാട്ടും ബാലമുരളീകൃഷ്ണയാണ് ആലപിച്ചത്. ‘ഞങ്ങൾ ചെന്നൈയിലെ വീട്ടിലെത്തി ആഗ്രഹം പറഞ്ഞു. ദക്ഷിണാമൂർത്തിയാണ് സംഗീതം എന്നറിഞ്ഞതോടെ അദ്ദേഹം സമ്മതിച്ചു. പ്രസാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്. ഗുരുക്കന്മാരായ ദക്ഷിണാമൂർത്തിക്കും ബാലമുരളീകൃഷ്ണയ്ക്കും ഒപ്പം ജോലി ചെയ്യാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിൽ ഇളയരാജ പ്രതിഫലം വാങ്ങിയില്ല.’ രാജീവ് നാഥ് അനുസ്മരിക്കുന്നു.

ഈ ചിത്രത്തിൽ കാവാലം നാരായണപ്പണിക്കർ രചിച്ച ‘നീലലോഹിത ഹിതകാരിണി...’ ബാലമുരളീ ആരാധകരുടെ പ്രിയ ഗാനമാണ്. സിബി മലയിൽ സംവിധാനം ചെയ്ത സംഗീതപ്രധാന ചിത്രമായ ‘ഭരത’ത്തിലും അദ്ദേഹം പാടി. ബാലമുരളിയുടെ ശബ്ദവും ആലാപനരീതിയും നല്ലൊരു പ്രണയഗാനത്തിൽ ഉപയോഗിക്കാനുള്ള ധൈര്യം കാട്ടിയതു സംഗീത സംവിധായകൻ കെ. രാഘവനാണ്. 1977ൽ ഇറങ്ങിയ ‘പൂജയ്ക്കെടുക്കാത്ത പൂക്കൾ’ എന്ന സിനിമയിലെ ‘കണ്ണന്റെ കവിളിൽനിൻ സിന്ദൂരതിലകത്തിൻ...’ എന്ന ഗാനമാണത്. സൂപ്പർ ഹിറ്റായ ഈ ഗാനത്തിലൂടെ തന്റെ പരീക്ഷണം വിജയിച്ചു എന്നു രാഘവൻ മാസ്റ്റർ തെളിയിച്ചു. ‘ഹരിയുടെ മാറിൽ നിൻ ചികുരഭാരത്തിലുള്ള....’ തുടങ്ങിയ വരികളിലെ ശൃംഗാരം ബാലമുരളീകൃഷ്ണ ആസ്വാദകനിലേക്ക് എത്ര ആഴത്തിലാണു പകരുന്നത്! ആ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന പുരസ്കാരം രാഘവൻ മാസ്റ്റർക്കു സമ്മാനിക്കാൻ ബാലമുരളിക്കു കഴിഞ്ഞു.

മോഹൻശർമ സംവിധാനം ചെയ്ത ഗ്രാമം (2012) സിനിമയിലെ ‘ഭജനദ്യുതി...’ ആയിരുന്നു മലയാള സിനിമയിലെ അവസാന ഗാനം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.