Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിഎസിയെ പാടിവളർത്തിയ സുലോചന

kpac-sulochana1 കെപിഎസി സുലോചന

മലയാള നാടകത്തെ ചുവപ്പിച്ച നാലക്ഷരമായ ‘കെപിഎസി’ എന്ന വികാരത്തെ നാടാകെ പാടി വളർത്തിയ ഗായികയാണു സുലോചന. നാടകഗാനത്തിലെ സ്ത്രീശബ്ദം എന്നാൽ മലയാളിക്കു സുലോചനയാണ്. വിപ്ലവഗാനങ്ങൾ എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ സ്വാഭാവികയായി കടന്നു വരുന്ന രണ്ടു ശബ്ദത്തിലൊന്നാണു സുലോചന. മറ്റൊന്ന് കെ.എസ്. ജോർജ്. ഒഎൻവിയും വയലാറും എഴുതി ദേവരാജൻ ഈണമിട്ട നാടകഗാനങ്ങളുടെ ആ സുവർണകാലം ഏതു മലയാളിയുടെയും അഭിമാനവും ഗൃഹാതുരതയുമാണ്. അമ്പിളിയമ്മാവാ, ചെപ്പു കുലുക്കണ ചങ്ങാതീ നിന്റെ, തലയ്ക്കുമീതേ ശൂന്യാകാശം, വെള്ളാരം കുന്നിലെ, വള്ളിക്കുടിലിന്നുള്ളിലിരിക്കും... അങ്ങനെ എത്രയെത്ര രോമാഞ്ചങ്ങൾ

അഞ്ചു പതിറ്റാണ്ട് ദൈർഘ്യമുള്ള കലാജീവിതത്തിന് ഉടമയായിരുന്നു സുലോചന. മാവേലിക്കര കോട്ടയ്‌ക്കകം തെരുവിൽ കുളത്തിൽ കിഴക്കതിൽ പൊലീസ് കോൺസ്‌റ്റബിളായിരുന്ന എം.കെ. കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകൾ ചെറുപ്പ മുതലേ സംഗീതം അഭ്യസിച്ചു. മുൻഷി പരമുപിള്ളയുടെ ‘അധ്യാപകൻ’ എന്ന നാടകത്തിൽ പ്രേംനസീറിനൊപ്പം അഭിനയിച്ചാണു നാടകരംഗത്തേക്കു കാലൂന്നിയത്. ഈ സമയത്താണു കെ. പി. എ. സിയിലേക്കു ക്ഷണിച്ചത്.

സുലോചനയെ കെപിഎസിയിലേക്ക് കൊണ്ടുവന്ന കഥ നാടകസംഘത്തിന്റെ സ്ഥാപകനായ ജനാർദനക്കുറുപ്പ് മുൻപ് വിവരിച്ചത് ഇങ്ങനെ: ‘പാടിയഭിനയിക്കാൻ ഒരു നടിയെത്തേടി നടത്തിയ അന്വേഷണമാണ് സുലോചനയിൽ ചെന്നെത്തിയത്. വി.ജെ.ടി. ഹാളിൽ പതിവായി പാടാനെത്തുന്ന ഒരു പെൺകുട്ടിയുണ്ട്. തിരുവനന്തപുരം പുളിമൂട് ജംക്ഷനിലാണ് വീട്. നമുക്കൊന്നുപോയി നോക്കാമെന്ന് സഹപ്രവർത്തകരായ രാജഗോപാലും അഡ്വ. കെ.എസ.് രാജാമണിയുമാണ് എന്നോടു പറഞ്ഞത്. ഞങ്ങൾ മൂവരും കൂടി വീട്ടിലെത്തുമ്പോൾ അവിടെ സുലോചനമാത്രം ‘ ലോലഗാത്രിയായ ഒരു സുന്ദരി. പതിഞ്ഞ കണ്ണുകൾ....’ കമ്യൂണിസ്‌റ്റ് പാർട്ടിക്ക് വേണ്ടി പാടാൻ വരണം. പാടി അഭിനയിക്കണം എന്നാവശ്യപ്പെട്ടപ്പോൾ അച്‌ഛൻ വന്നിട്ടു പറയാമെന്നായിരുന്നു സുലോചനയുടെ മറുപടി. കയ്യിലിരുന്ന പത്തുരൂപ ഞാൻ സുലോചനയ്‌ക്ക് അഡ്വാനാ‍സായി നൽകി. രാജഗോപാലിനത് ഇഷ്‌ടപ്പെട്ടില്ല. അദ്ദേഹം കൂടുതൽ ആർഭാടത്തോടെ ഇരുപത്തഞ്ചു രൂപ നൽകി. പക്ഷേ സുലോചനയതു വാങ്ങാൻ മടിച്ചു. അന്ന് വൈകിട്ടു തന്നെ സുലോചന അച്‌ഛനുമൊത്ത് ഞങ്ങളെ കാണാനെത്തി. അങ്ങനെയാണു സുലോചന കെപിഎസിയിൽ എത്തിയത്’.

കെപിഎസിയുടെ ‘എന്റെ മകനാണ് ശരി’യിൽ അഭിനയിക്കാൻ 1951ൽ അവസരം ലഭിച്ചു. തുടർന്നുള്ള നാടകങ്ങളിലെല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച ഇവർ കെപിഎസി സുലോചനയായി. സ്‌റ്റേജിൽ പാടി അഭിനയിക്കുന്ന രീതിയായിരുന്നു അന്ന്. കമ്യൂണിസ്‌റ്റ് ആഭിമുഖ്യമുള്ള കെ. പി. എ. സിയിലേക്കു വിടാൻ കോൺഗ്രസുകാരനായ അച്‌ഛൻ ആദ്യം വിസമ്മതിച്ചിരുന്നു. എന്നാൽ സഹോദരൻ കൃഷ്‌ണൻകുട്ടിയുടെ പ്രോത്സാനമാണു സുലോചനയ്ക്കു വഴിത്തിരിവായത്. ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’യിലെ സുമാവലി കഥാപാത്രത്തിലൂടെ പിന്നീടു സുലോചന പാർട്ടിക്കും ജനങ്ങൾക്കും പ്രിയങ്കരിയായി.

പിന്നീട് കെ. പി. എ. സിയിൽനിന്ന് അകന്ന് 1983ൽ സംസ്‌കാര എന്ന നാടകട്രൂപ്പ് രൂപീകരിച്ചു. 12 നാടകങ്ങളിൽ അഭിനയിച്ചു. 1975ൽ മികച്ച നടിക്കുള്ള അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ഫെലോഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. റിട്ട. ഉദ്യോഗസ്‌ഥനും കലാകാരനുമായ കലേശനാണു ഭർത്താവ്.

Your Rating: