Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിലെ ആണൊരുത്തൻ

ks-george കെ.എസ്.ജോർജ്

കമ്യൂണിസ്റ്റ് പാർട്ടി വേദികളിൽ സ്ഥിരമായി മുഴങ്ങുന്ന വിപ്ലവഗാനം– ‘ബലികുടീരങ്ങളേ...’. വയലാറിന്റെ രചന പോലെ, ദേവരാജന്റെ സംഗീതംപോലെ ഉജ്വലമാണ് കെ.എസ്. ജോർജിന്റെ ആലാപനവും. അങ്ങേയറ്റം പൗരുഷമായ ആ ശബ്ദത്തിലല്ലാതെ ബലികുടീരങ്ങളേ... എന്ന ഗാനം നമുക്ക് ആലോചിക്കാൻ പോലും ആവില്ല. അതുകൊണ്ടാണ് ഇന്നും മിക്കവേദികളിലും അതു പാടാൻ തുനിയാതെ അതിന്റെ റിക്കോർഡ് പ്ലേ ചെയ്യുന്നത്. മാരിവില്ലിൻ തേന്മലരേ മാഞ്ഞു പോകയോ, പാമ്പുകൾക്കു മാളമുണ്ട്, ഈ മണ്ണിൽ വീണനിന്റെ, പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ, തലയ്ക്കു മീതേ ശൂന്യാകാശം... അങ്ങനെ എത്രയെത്ര ഹിറ്റ് ഗാനങ്ങൾ... നമുക്ക് ഒരുക്കലും മറ്റൊരു ശബ്ദത്തിൽ ആലോചിക്കാൻ കഴിയാത്ത, മറ്റുള്ളർ പാടി പരാജയപ്പെടുന്ന ഗാനങ്ങൾ.

അത്രമേൽ അനന്യമായിരുന്നു കെ.എസ്. ജോർജിന്റെ ആലാപനം. മലയാളത്തിലെ ലക്ഷണമൊത്ത പുരുഷശബ്ദം.വർഗ്ഗീസ് സാമുവലിന്റെയും റാഹേലിന്റെയും ഒൻപതുമക്കളിൽ മൂത്തവനായി 1927 ഡിസംബർ 2-ന് പുനലൂരിൽ കെഎസ്‌ജോർജ് ജനിച്ചു. ജോർജ് വളർന്നതും പഠിച്ചതും ആലപ്പുഴയിലാണ് കുട്ടിക്കാലം മുതൽ സംഗീതതൽപരനായിരുന്നു കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകാരണം നാലാം ക്ലാസിൽ പഠനം നിർത്തി ബീഡിതെറുപ്പിലേക്കു കടക്കേണ്ടിവന്നു. കുറച്ചുവർഷം ആലപ്പുഴയിൽ ഒരു കയർ ഫാക്‌ടറിയിലും ജോലി ചെയ്‌ത അദ്ദേഹം ആലപ്പുഴ വിട്ട് പുനലൂർ പേപ്പർമില്ലിലെ വിറകുചുമട്ടുകാരനായി. ഇതാണു കെ.എസ്‌. ജോർജിന്റെ ജീവിതത്തിൽ വഴിത്തിരിവായത് അമ്പതുകളിൽ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനം ആളിപ്പടരുന്നകാലത്ത് പുനലൂരിൽ നടന്ന കമ്യൂണിസ്‌റ്റു പാർട്ടിയോഗത്തിൽ ഒരു സമരഗാഥ പാടി അദ്ദേഹം ശ്രദ്ധേയനായി. അതുകേട്ട തോപ്പിൽ ഭാസി തന്റെ നാടകത്തിൽ പാടാൻ ജോർജിനെ ക്ഷണിച്ചു. ‘എന്റെ മകനാണു ശരി’ എന്ന നാടകത്തിലൂടെ ജോർജ് നാടകഗായകനായി

1952ൽ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിലെ പാട്ടുകളോടെ ജോർജ് ആലാപനത്തിൽ കയ്യൊപ്പിച്ചു. അന്നുവരെ കേരളം കേൾക്കാത്ത ഭാവതീവ്രതയോടെ ഒരോ ഗാനവും അദ്ദേഹം അനശ്വരമായക്കി. ഇതിൽ അഭിനയിക്കുകയും ചെയ്തു. തുടർന്ന് സർവ്വേക്കല്ല്, അശ്വമേധം തുടങ്ങിയ നിരവധി നാടകങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്‌തു. അക്കാലത്ത് കെപിഎസിയുടെ ശബ്ദംതന്നെ കെ.എസ്. ജോർജും സുലോചനയുമായിരുന്നു. അശ്വമേധ (1962)ത്തിലെ ‘പാമ്പുകൾക്ക് മാളമുണ്ട്’ (വയലാർ–കെ. രാഘവൻ) എന്ന ഗാനത്തിന്റെ തുടക്കത്തിലെ ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ... എന്ന ആമുഖം കെ.എസ്. ജോർജിന്റെ ക്ലാസ്സിക് ആലാപാനമായി അറിയപ്പെടുന്നു. കെപിഎസിയിലൂടെ ഗായകനായി തിളങ്ങി നിൽക്കുമ്പോഴാണ് ജോർജ് സിനിമാ പിന്നണിഗായകനാവുന്നത്. ‘കാലം മാറുന്നു’ എന്ന ചിത്രത്തിലെ ‘ആ മലർപൊയ്‌കയിൽ’ ആയിരുന്നു ആദ്യഗാനം. കെപിഎസിസുലോചനയുമായി ചേർന്നാണ് ഈ ഗാനം പാടിയത് ചലച്ചിത്രഗായകൻ എന്നതിലുപരി നാടകഗായകനായിട്ടാണ് ജോർജ് പിന്നീടും അറിയപ്പെട്ടത്.

ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിനുവേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുളള അദ്ദേഹം ക്യാൻസർ ബാധിച്ച് 1988 ജൂൺ 19-ന് അന്തരിച്ചു. തങ്ങളെ ഇത്രമേൽ പാടി പ്രശസ്തമാക്കിയ ഈ ഗായകനെ അവസാന കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി കയ്യൊഴിഞ്ഞു. രോഗക്കിടക്കിയിലായ ജോർജിന് അന്ത്യനാളുകളിൽ സാന്ത്വനമായതു കോൺഗ്രസുകാരാണ്. അർബുദ രോഗബാധിതനായിരിക്കെത്തന്നെ അദ്ദേഹം കോൺഗ്രസിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്ത് ഒരു വേദിയിൽ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കെ കമ്യൂണിസ്റ്റുകാർ അദ്ദേഹത്തെ മർദിച്ച് അവശനാക്കുകയും ചെയ്തിട്ടുണ്ട്. എത്രയോ യുഗ്മഗാനങ്ങൾ പാടി കെപിഎസിയുടെ ശബ്ദമായിരുന്ന ജോർജും സുലോചനയും ഒരേ മണ്ഡലത്തിൽ എതിർസ്ഥാനാർഥികൾക്കുവേണ്ടി പ്രചരണം നയിക്കുന്നതും കേരളം കണ്ടു. സിപിഎമ്മിനുവേണ്ടി ടി.കെ. രാമകൃഷ്ണനും കോൺഗ്രസിനുവേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയത്ത് എറ്റുമുട്ടിയപ്പോഴായിരുന്നു ഇത്..ജോർജ് കുണ്ടറ എഴുകോൺ സ്വദേശി അമ്മിണിയാണ് ജോർജിന്റെ ഭാര്യ. ലാലു ജോയ്, ലശി, ലാലൻ, ലത എന്നിവർ മക്കൾ.

Your Rating: