Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില മുഹമ്മദ് റഫിമാർ

rafi_11

ഇത്തിരി തണൽ തേടി പായുകയാണു പരശുറാം എക്സ്പ്രസ്. കുറ്റിപ്പുറത്തു നിന്നാണ് അയാൾ കയറിയത്. കഴിഞ്ഞ യാത്രയിലെ പോലെ മുഷിഞ്ഞ വസ്തങ്ങളും കൈയിൽ ഡോലക് പോലുള്ള ചെറിയ വാദ്യങ്ങളും. ട്രെയിൻ വിട്ടതോടെ താളം തുടങ്ങി. അനുപല്ലവിയിൽ നിന്നാണു തുടക്കം.

ആവാസ് മേം ന ദൂംഗാ...

ആവാസ് മേം ന ദൂംഗ.

അതു കഴിഞ്ഞാണു പല്ലവിയിലേക്കു വരവ്,

ചാഹൂംഗ മേം തുഛേ സാൻഝ് സവേരേ...

ഫിർ ഭി കഭീ അബ് നാം കോ തേര...

ആവാസ് മേ ന ദൂംഗ..

കഴിഞ്ഞ യാത്രയിൽ മുസാഫിർ ഹും യാരോം എന്ന കിഷോർ ഗാനമായിരുന്നു. ഈ പാട്ടുകാരനും സജോയ്യെ പോലെയാണെന്ന് അന്നു തോന്നി. ഹിന്ദിപ്പാട്ടുകൾ മനഃപാഠമാക്കിയ സജോയ് എന്ന ചങ്ങാതി കിഷോർ കുമാറിന്റെ വലിയ ആരാധകനാണ്. സുഹൃദ് സംഗമങ്ങളിൽ ബാബുക്കയുടെ ഗാനങ്ങളുടെ മൂഡിൽ പതിഞ്ഞിരിക്കുന്നവരെ ഉണർത്തുന്നതു സജോയ്യണ്. ‘ഹമേ തും സെ പ്യാർ കിത്നാ’, ‘ചൽതേ ചൽതേ’, ‘മുസാഫിർ ഹൂ യാരോം’ എന്നിങ്ങനെ കിഷോർ ഗാനങ്ങളിൽ അവൻ ആറാടുമ്പോൾ ബാബുക്കയുടെ മധുരം വിടാത്ത ചിലർ ‘ഡാ...ഒരു റഫി’ എന്നു കെഞ്ചും, പക്ഷേ ഒരിക്കൽ പോലും വഴങ്ങില്ല.

മുഹമ്മദ് റഫിയുടെ ഒരു പാട്ടു പോലും പാടാത്ത കോഴിക്കോട്ടുകാരനോ?

വീടിന്റെ തട്ടിൻപുറം വൃത്തിയാക്കിയപ്പോൾ കിട്ടിയ പഴയ ഒരു കസെറ്റിൽ നിന്നാണ് ആദ്യമായി റഫിയെ കേട്ടത്.

ബിനാക്കാ ഗീത മാലാ എന്നു കസെറ്റിനു പുറത്തു പേന കൊണ്ടു വരഞ്ഞിട്ടുണ്ടായിരുന്നു. ചൂറ്റിക്കിടന്ന റോളുകൾ ഒരു വിധം വൃത്തിയാക്കി നാഷനൽ പനസോണികിന്റെ ടേപ്പിലിട്ടപ്പോൾ ആ ശബ്ദം:

സിതാരോം മാംഗ് ഭർ ജാവോ

മേര മെഹ്ബൂബ് ആയാ ഹേ

മെരാ മെഹ്ബൂബ് ആയാ ഹേ

ബഹാരോം ഫൂൽ ബർസാവോ

മേര മെഹ്ബൂബ് ആയാ ഹേ

മെരാ മെഹ്ബൂബ് ആയാ ഹേ

പിന്നീട് ചിത്രഹാറിൽ ഈ പാട്ടു വീണ്ടും വീണ്ടും കേട്ടു, രാജന്ദ്രകുമാർ എന്ന നായകന്റെ രൂപത്തിൽ. ചിത്രഹാറിൽ ദേവാനന്ദിന്റെയും ഗുരുദത്തിന്റെയും ശബ്ദമായി വീണ്ടും പല തവണ റഫി വന്നു.

ദിൽക ബൻവർ കരേ പുകാർ

പ്യാർ കാ രാഗ് സുനോ രേ

ദേവാനന്ദിനെ പോലെ പ്രണയിക്കുന്നവർക്കുള്ളതാണ് റഫിയുടെ സ്വരം. അങ്ങനെ ഒരാൾ, സുമേഷ്, ക്ലാസ് ഡേയ്ക്ക് ഗൈഡിലെ ആ ഗാനം പാടി,

തേരേ മേരേ സപ്നേ

അബ് ഏക രംഗ് ഹേ...

അന്നൊരു മുൻവിധിയുണ്ടായിരുന്നു, പ്രണയ ഗാനങ്ങൾക്കു മാത്രമാണു റഫി ചേരുന്നതെന്ന്.

എന്നാൽ കശ്മീരിലെ തടാകത്തിൽ ഒരു തോണിയിൽ കുത്തിമറിയുന്ന ഷമ്മി കപൂറിന്റെ ദൃശ്യങ്ങൾക്കൊപ്പം വന്ന സ്വരം ആ മുൻവിധിയെയും തെറ്റിച്ചു.

യേ ചാന്ദ് സ റോഷൻ ചെഹ്രാ

സുൾഫോം കാ രംഗ് സുനേരാ

യേ ഝീൽ സേ നീലി ആംഖേ

കോയി രാസ് ഹേ ഇൻ മേം ഗഹ്രാ

താരീഫ് കരൂം ക്യാ ഉസ് കീ

ജിസ് നേ തുമേ ബനായാ

ഷമ്മിക്കു വേണ്ടി വീണ്ടും ചാഹേ കോയി മുഛേ ജംഗ്ലി കഹേ പോലുള്ള അടിപൊളി ഗാനങ്ങളും യെഹ് സാൻ തെരാ ഹൊഗാ മുഛ് പർ തുടങ്ങിയ മെലഡികളും. രവി ബോംബെ എന്ന പേര് ഒരു മലയാള സിനിമയുടെ ടൈറ്റിലിൽ ആദ്യമായി കണ്ട നാളിൽ ടെലിവിഷനിൽ മറ്റൊരു പാട്ടു കേട്ടു.

ചൗദ്വീ ക ചാന്ദ് ഹോ യ ഗുലാബ് ഹോ

ജോ ബീ ഹൊ തും ഖുദാ കീ കസം

ലാ ജവാബ് ഹോ

പാട്ടിനൊപ്പം ടെലിവിഷനിൽ ആ പേരും തെളിഞ്ഞു. സംഗീതം: രവി. ഗായകൻ: മുഹമ്മദ് റഫി.

ഗാന്ധിജി മരിച്ചപ്പോൾ റഫിയും രണ്ടു സുഹൃത്തുക്കളും ചേർന്ന് ഒരു ഗാനമുണ്ടാക്കി.

‘സുനോ സുനോ യേ ദുനിയാ വാലോ

ബാപ്പൂജി കി അമർ കഹാനി...’

റഫിക്ക് ഇന്ത്യക്കാരന്റെ മനസിൽ പ്രതിഷ്ഠ നൽകിയത് ഈ ഗാനമാണ്. നാലു വർഷത്തിനു ശേഷം, തന്റെ പതിവു ഗായകനായ തലത് മെഹ്മൂദിനോടു പിണങ്ങിയ നൗഷാദ് എന്ന വലിയ സംഗീതജ്ഞൻ ബൈജു ബാവ്രയിലെ പാട്ടുകൾ റഫിയെ ഏൽപിച്ചു. ‘ഓ ദുനിയ കേ രഖ്വാലേ...’ എന്ന പാട്ട് നമ്മൾ കേട്ടത് അങ്ങനെയാണ്.

വർഷങ്ങൾക്കു ശേഷം കണ്ണൂരിൽ വച്ചു കണ്ടുമുട്ടിയ റഫി ആരാധകന്റെ ചുണ്ടിൽ നൗഷാദിന്റെ മറ്റൊരു ഗാനമുണ്ടായിരുന്നു. പാചകക്കാരനായിരുന്ന അബ്ദുൽ ഖാദറിന്റെ ഇടതു വിരലിൽ എപ്പോഴും എരിയുന്ന സിഗരറ്റ് കാണാം. ചുണ്ടിൽ നൗഷാദും:

ഫിർ മുഛേ നർഗി സീ

ആംഖോ ക സഹാരാ ദേ ദേ

മേരാ ഖോയാ ഹുവാ രംഗീന്

നസാരാ ദേ ദേ...

മേരേ മെഹ്ബൂബ് തുഛേ

മേരി മൊഹബത് കീ കസം

ഇതുവരെ പറഞ്ഞതൊക്കെയും മധുര ഗാനങ്ങൾ. അതിലും മധുരമുള്ള എതേയാ പറയാതെ പോയി.

മരിച്ചു മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോഴും റഫി നമ്മുടെ പ്രണയ സ്വരമായി തുടരുന്നു. ജയ്ദേവിന്റെ സംഗീതത്തിൽ റഫി പാടിയ ആ പാട്ടു പോലെ:

അഭി ന ജാവോ ഛോഡ്കർ

കെ ദിൽ അഭി ഭരാ നഹീം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.