Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്ക് ആ പൂവ് മാത്രം തരൂ...

010

റഫിയുടെ പാട്ടിനോട് വിയോജിപ്പുള്ളവരും ആ സ്വഭാവ നൈർമല്യത്തിൽ ആകൃഷ്ടരായിരുന്നു

1960ലെ ഒരു പ്രഭാതം. മുംബൈ ബാന്ദ്രയിലെ റഫിയുടെ വസതിക്കു മുന്നിൽ പശ്‌ചാത്താപ വിവശനായി ഒരു നിർമാതാവ് നിൽക്കുന്നു. കയ്യിൽ ഒരുപിടി പൂക്കളും ഒരു വലിയ സമ്മാനപ്പൊതിയും. വാതിൽത്തുറന്നു പതിവു പുഞ്ചിരിയോടെ റഫി വന്നു. ‘അങ്ങയുടെ പാട്ടാണ് എന്റെ പടം രക്ഷിച്ചത്. അല്ലെങ്കിൽ അതു പൊളിഞ്ഞുപാളീസായേനേ. ആ ഗാനം ചിത്രത്തിൽ ചേർക്കേണ്ടെന്ന് ആദ്യം പറഞ്ഞതിനു ഞാൻ അങ്ങയോടു മാപ്പു ചോദിക്കുന്നു. എന്റെ അവിവേകം പൊറുക്കകുകയും സന്തോഷത്തിനു വേണ്ടി ഈ സമ്മാനം സ്വീകരിക്കുകയും ചെയ്യണം.’

പൂക്കൾ മാത്രം സ്വീകരിച്ചുകൊണ്ടു റഫി പറഞ്ഞു.‘ എനിക്ക് ഈ പൂക്കൾ മാത്രം മതി. ആ പാട്ട് ഹൃദയത്തിൽ ഏറ്റുവാങ്ങിയതിലൂടെ ജനങ്ങൾ എനിക്കു സമ്മാനം തന്നുകഴിഞ്ഞു. താങ്കൾ സന്തോഷമായി ആ സമ്മാനവുമായി മടങ്ങിപ്പോവുക.’ സൂപ്പർ ഹിറ്റായ ‘കോഹിനൂർ ’ എന്ന സിനിമയുടെ നിർമാതാവാണ് ഗേറ്റ് കടന്നു സന്തോഷത്തോടെ മടങ്ങിപ്പോയത്. റഫിയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായ ‘മധുബൻ മേ രാധിക...’ എന്ന ഗാനത്തെപ്പറ്റിയാണ് ആ നിർമാതാവ് പറഞ്ഞത്. ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടെന്നായിരുന്നു നിർമാതാക്കളായ റിപ്പബ്ലിക് ഫിലിംസ് കോർപ്പറേഷന്റെ നിലപാട്. ‘ക്ലാസിക്കൽ ടച്ച് ’ കൂടിപ്പോയെന്നായിരുന്നു നിർമാതാക്കളുടെ കണ്ടെത്തൽ. പക്ഷേ, പടം ഇറങ്ങും മുമ്പേ കോഹിനൂറിന്റെ റെക്കോർഡുകൾ ഇറങ്ങുകയും ‘മധുബൻ മേ രാധിക...’ സൂപ്പർ ഹിറ്റാവുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ നിർമാതാക്കൾക്കു മനസ്സ് മാറ്റേണ്ടിവന്നു.

പടം പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ ഈ ഗാനരംഗം കാണാൻവേണ്ടി മാത്രം ജനം ആവർത്തിച്ചു തിയേറ്ററിൽ കയറി. ഈ ഗാനരംഗം കഴിയുമ്പോൾ ആളുകൾ ഇറങ്ങിപ്പോവുന്ന സ്‌ഥിതി വരെ ഉണ്ടായി. ചുരുക്കത്തിൽ ചിത്രത്തിന്റെ ഗംഭീര വിജയത്തിനു റഫിയുടെ ഈ ഗാനം കാരണമായി. അപമാന തുല്യമായ രീതിയിൽ തന്നോടു പെരുമാറിയ ഒരു നിർമാതാവിനോടുള്ള റഫിയുടെ സൗമ്യമായ പ്രതികരണം ശ്രദ്ധിച്ചില്ലേ... അതേ, അത്ര പുഷ്പ തുല്യമായ മനസ്സായിരുന്നു റഫിയുടേത്.

ഇന്ത്യൻ സിനിമാ ഗാനരംഗത്തെ ചക്രവർത്തിയായിരുന്ന കാലത്തും അദ്ദേഹം ലാളിത്യവും വിനയവും സഹജീവികളോടുള്ള കരുണയും സൂക്ഷിച്ചു. മരിക്കുന്നതിനു തൊട്ടുമുമ്പു പോലും 88,000 രൂപ പാവങ്ങൾക്കു നൽകിയിട്ടാണ് അദ്ദേഹം കടന്നുപോയത്. അടുത്ത വീട്ടിലെ ഒരു ദരിദ്ര വിധവയ്ക്ക് റഫി എല്ലാ മാസവും മണി ഓർഡർ അയയ്ക്കുമായിരുന്നു. ആരാണു പണം അയക്കുന്നതെന്ന് ആ സ്ത്രീക്ക് അറിയില്ലായിരുന്നു. റഫിയുടെ മരണത്തോടെ ഈ പണം വരവ് നിലച്ചപ്പോൾ ഈ സ്ത്രീ പോസ്റ്റ് ഓഫിസിലെത്തി അന്വേഷിച്ചു. അപ്പോഴാണ് റഫിയാണ് ഇക്കാലമെത്രയും പണം അയച്ചിരുന്നത് എന്നകാര്യം അറിയുന്നത്.

റഫിയുടെ പാട്ടിനോട് ഇഷ്‌ടമുള്ളവരും ഇല്ലാത്തവരും ബോളിവുഡിൽ ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സ്വഭാവ നൈർമല്യത്തെ എല്ലാവരും ബഹുമാനിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.