Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫി എത്ര പാട്ട് പാടി?

009

സ്വന്തം ഗാനങ്ങളുടെ കണക്കു സൂക്ഷിക്കാതിരുന്ന ഈ ഗായകൻ പല അബദ്ധത്തിലും ചാടിയിട്ടുണ്ട്.

മുഹമ്മദ് റഫി എത്ര പാട്ട് പാടി? 26,000 എന്നാണു പൊതുവേ പറയാറ്. എന്നാൽ, 7,405 പാട്ടുകളേ ഇതുവരെ ഗവേഷകർ കണ്ടെത്തിയിട്ടൂള്ളൂ. പിന്നെ എങ്ങനെയാണ് 26,000 എന്നു പ്രചരിപ്പിക്കപ്പെട്ടത്?

അതിനു പിന്നിൽ ഒരു കഥയുണ്ട്. കിഷോർ കുമാർ തരംഗം ആഞ്ഞുവീശിയ 1970കളിൽ റഫിക്കു പിന്നണി ഗാനങ്ങൾ കുറ‍ഞ്ഞു. അങ്ങനെ കിട്ടിയ സമയത്തു ഗാനമേളകളിൽ റഫി സജീവമായി. റഫിയെ കാത്തിരിക്കുകയായിരുന്നു ലോകം. ഒരുപാടു വിദേശ വേദികളിലേക്ക് അദ്ദഹത്തിനു ക്ഷണം ഉണ്ടായി. ലണ്ടൻ, ന്യൂയോർക്ക്, ടൊറന്റോ, സാൻഫ്രാൻസിസ്കോ, തുടങ്ങിയ നഗരങ്ങൾ കോർത്തിണക്കിയ വമ്പൻ ഗാനമേളകൾ റഫി നടത്തി. (‘ലൈവ് എറൗണ്ട് ദ് വേൾഡ്’ എന്ന പേരിൽ ഇതിന്റെ റെക്കോഡ് പോളിഡോർ കമ്പനി പുറത്തിറക്കിയത് വൻ വില്പന നേടി.)

റഫിയുടെ ഈ വിദേശ ഗാനമേളകളുടെ അവതാരകനായിരുന്നു ഷഹീദ് ബിജ്നോരി. ഇദ്ദേഹം ഒരു വേദിയിൽ റഫി ഇതുവരെ 26,000 ഗാനം പാടി എന്ന തെറ്റായ കണക്ക് പ്രഖ്യാപിച്ചു. 26,000ത്തിന്റെ കണക്കു പ്രചരിപ്പിക്കപ്പെട്ടത് ഇവിടെനിന്നാണ്. സ്വന്തം ഗാനങ്ങളുടെ കണക്കു സൂക്ഷിച്ചിട്ടില്ലാത്ത റഫിയും ഇതും വിശ്വസിച്ചു എന്നതാണു ദൗർഭാഗ്യകരം. 26,000 ഗാനങ്ങൾ പൂർത്തീകരിച്ചതിന്റെ പേരിൽ മുംബൈയിൽ നടന്ന ആഘോഷത്തിൽ റഫിയും പങ്കെടുത്തിരുന്നു.

ഈ കണക്കു വിശ്വസിച്ച അദ്ദേഹം 1977 നവംബറിൽ ബിബിസിയുമായുള്ള അഭിമുഖത്തിൽ ഈ അവകാശവാദം ഉന്നയിച്ചു. മാത്രമല്ല, ഏറ്റവും കൂടുതൽ പാട്ട് പാടിയതിന്റെ റിക്കോർഡ് തനിക്കു നൽകണമെന്നാവശ്യപ്പെട്ട് ഗിന്നസ് ബുക്ക് അധികൃതർക്ക് കത്തെഴുതുക പോലുമുണ്ടായി. ഏറ്റവും കൂടുതൽ പാട്ടു പാടിയതിനുള്ള റിക്കോർഡ് ലതാ മങ്കേഷ്കർക്കു ലഭിച്ചപ്പോഴാണ് റഫി അതിനുള്ള അവകാശവാദമുമായി ഗിന്നസ് ബുക്ക് അധികൃതരെ സമീപിച്ചത്. അവർ അതു നിരസിച്ചു. പക്ഷേ, 1984ൽ ഇറങ്ങിയ ഗിന്നസ് ബുക്ക് പതിപ്പിൽ റഫി ഇങ്ങനെ അവകാശപ്പെടുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. 1991ൽ ലതയുടെയും റഫിയുടെയും പേര് ഗിന്നസ് ബുക്കിൽനിന്നു പിൻവലിച്ചു. ( 2011 മുതൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലേഖനം ചെയ്യപ്പെട്ടതിന്റെ ഗിന്നസ് റിക്കോർഡ് ആശാ ഭോസ്​ലേയുടെ പേരിലാണ്.)

ഹിന്ദി സിനിമാഗാനങ്ങളെ സംബന്ധിച്ച ആധികാരിക രേഖ എന്നറിയപ്പെടുന്നത് ഗർമീന്ദർ സിങ് രചിച്ച ‘ഹിന്ദി ഗീത് കോശ്’ ആണ്. ഇതനുസരിച്ച് അയ്യായിരത്തിൽ താഴെ പാട്ടുകളേ ഹിന്ദിയിൽ റഫി പാടിയിട്ടുള്ളൂ. ഹിന്ദിക്കു പുറമേ 162 സിനിമാ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ചലച്ചിത്രേതര ഗാനങ്ങളും ചില സംശയങ്ങളുംകൂടി പരിഗണിച്ചാണ് ഗവേഷകർ ഇപ്പോൾ 7,405 എന്ന കണക്ക് അംഗീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മൊത്തം സിനിമാഗാനങ്ങളിലായി 517 വ്യത്യസ്ത കഥാസന്ദർഭങ്ങൾ ആവിഷ്കരിക്കപ്പെട്ടു.

റഫി ഏറ്റവും കൂടുതൽ പാടിയത് ലക്ഷ്മികാന്ത്–പ്യാരേലാലിന്റെ സംഗീത്തിലാണ് –369. അതിൽ 186 എണ്ണം സോളോ ആയിരുന്നു. അവസാന ഗാനവും ഇവർക്കുവേണ്ടിത്തന്നെയായിരുന്നു. (ശാം ഫിർ ക്യോം ഫിർ ഉദാസ് – ചിത്രം: ആസ് പാസ്) ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയത് ആശാ ഭോസ്​ലേക്ക് ഒപ്പമാണ്. പുരുഷന്മാരിൽ മന്നാ ഡേക്കൊപ്പവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.