Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫിയുടെ മെഹബൂബ്

rafi9

‘വരൂ മെഹബൂബ് മുംബൈയിലേക്ക്’ റഫി ക്ഷണിച്ചു.

തന്റെ വളർച്ചയ്‌ക്കു മറ്റാരും തടസ്സമാകുമെന്ന് മുഹമ്മദ് റഫി വിശ്വസിച്ചില്ല. ആർക്കെതിരെയും ഏഷണിയും പറഞ്ഞില്ല. മാത്രമല്ല; മറ്റു ഗായകരെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു. ഇതിനിടെ റഫിയെ വിസ്മയിപ്പിച്ച ചില പാട്ടുകാരുണ്ട്. അതിലൊരു മലയാളിയും. നമ്മുടെ കൊച്ചിക്കാരൻ മെഹബൂബ്. അക്കഥ ഇങ്ങനെ:

‘ബൈജു ബാവ്​ര’യിലെ ഗാനങ്ങൾ രാജ്യത്തെ സംഗീതപ്രേമികളെ ഇളക്കി മറിച്ചിരുന്ന കാലത്താണ് കൊച്ചിയിൽ ആദ്യമായി ഗാനമേളയ്ക്ക് റഫി എത്തുന്നത്. 1953 ഏപ്രിൽ 18ന്. കൊച്ചിയിലെ അനാഥ സംരക്ഷണ സംഘം അവരുടെ ധനശേഖരാണാർഥം റഫിയുടെ ഗാനമേള സംഘടിപ്പിച്ചതായിരുന്നു. സാംസ്കാരിക പ്രവർത്തകരായ കെ.എച്ച്. സുലൈമാൻ, ടി.കെ. പരീക്കുട്ടി എന്നിവരാണ് അതിനു നേതൃത്വം വഹിച്ചത്. റഫിയുടെ ഗാനമേളകൾക്ക് അന്ന് ഇടവേളകൾ ഉണ്ട്. ഈ സമയത്തു തദ്ദേശീയരായ മികച്ച ഗായകർക്കു പാടാനുള്ള അവസരമാണ്. മെഹബൂബ് ഉൾപ്പെടുന്ന ഇഖ്ബാൽ മ്യൂസിക് ക്ലബും പ്രേമസാഗർ ക്ലബുമാണ് ഈ ദൗത്യത്തിനു തിര‍ഞ്ഞെടുക്കപ്പെട്ടത്.

ഗാനമേളയുടെ ദിവസം എത്തി. ഇഖ്ബാൽ ക്ലബിൽ റിഹേഴ്സൽ പൊടി പൊടിക്കുന്നു. ഈ സമയത്ത് റഫിയുടെ മാനേജർ അവിടെയെത്തി എല്ലാവരെയും റഫി താമസിക്കുന്ന കപ്പലണ്ടി മുക്കിലെ ലാബെല്ലാ ഹോട്ടലിലേക്കു ക്ഷണിച്ചു. റഫിക്ക് ഇവരുടെ പാട്ടുകേൾക്കണമത്രേ!. എല്ലാവരും റഫിയുടെ മുറിയിൽ എത്തി. ‘പ്രിയപ്പെട്ട ഇഖ്ബാൽ അംഗങ്ങളേ...’ എന്നു വിളിച്ചാണ് റഫി ഇവരെ സ്വീകരിച്ചത്. ആദ്യഗാനം എം.ജി. ബേബി പാടി. ഇടയ്ക്കു റഫിയും അദ്ദേഹത്തിനൊപ്പം പാടി. രണ്ടാമത് മെഹബൂബ് പാടി. റഫി കേട്ടിരുന്നു. പാട്ട് കഴിഞ്ഞപ്പോൾ പറഞ്ഞു. ‘ഇത്രയും നല്ല ശബ്ദമുള്ളവർ ഇന്നു ദക്ഷിണേന്ത്യയിൽ കുറവാണ്.’

രാത്രി 9.30. തോപ്പുംപടിയിലെ പട്ടേൽ ടാക്കീസിലെ നിറഞ്ഞു തുളുമ്പിയ സദസ്സ്. കൊച്ചിയിലെ ഗായകർ പാടിത്തകർക്കുന്നു. സ്റ്റെല്ല റോക്കി പാടിക്കൊണ്ടിരിക്കുമ്പോൾ വലിയ ആരവം.. അതാ റഫി വരുന്നു! തൂവെള്ള സഫാരി സ്യൂട്ടണിഞ്ഞ്, ചുണ്ടിൽ പുഞ്ചിരിയുമായി...

നേരേ സ്റ്റേജിലേക്കു വന്ന് നാലു പാട്ട് പാടി.

ഇടവേള

കൊച്ചിയിലെ പാട്ടുകാർക്കുള്ള അവസരം. അതാ മൈക്കിനു മുന്നിലേക്കു വരുന്നു, കൊച്ചിക്കാരുടെ മെഹബൂബ്! തബലയിൽ മൊയ്തീൻ പിച്ച.

ഇടതുകൈകൊണ്ടു ചെവി പൊത്തിപ്പിടിച്ച മെഹബൂബ് പാടി

‘അകാലേ ആരും കൈവിടും

നിൻ താനേ നിൻ സഹായം

സധീരം തുടരൂ നിൻ ഗതി

നീ താനേ നിൻ സഹായം...’

ജീവിതനൗക എന്ന ചിത്രത്തിലെ ഗാനം. 1949ൽ ദുലാരി എന്ന സിനിമയ്ക്കു വേണ്ടി നൗഷാദിന്റെ സംഗീതത്തിൽ റഫി പാടിയ ‘സുഹാനി രാത് ഡൽ ചുകി...’ എന്ന ഗാനത്തിന്റെ അതേ ഈണത്തിലുള്ള മലയാള ഗാനം. സദസ്സ് ശ്വാസമടക്കി കേട്ടിരുന്നു. വിസ്മയ ഭരിതനായി റഫി. തന്റെ പാട്ടിന്റെ മലയാള രൂപം താൻപോലും പാടാത്ത തീവ്രതയിൽ.... പാട്ട് അവസാനിപ്പിച്ചതും സദസ്സിന്റെ നിറ‍ഞ്ഞ ഹർഷാരവത്തിനിടെ റഫി ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഹസ്തദാനം ചെയ്ത് അനുമോദിച്ചു.

ഗാനമേള കഴിഞ്ഞു പോകാൻ നേരം മെഹബൂബിനെ റഫി അരികിലേക്കു വിളിച്ചിട്ടു പറഞ്ഞു. ‘ മുംബൈയിലേക്കു വരണം. അവിടെ ധാരാളം അവസരങ്ങൾ ലഭിക്കും. കഷ്ടപ്പാടുകളെല്ലാം മാറും.’ പക്ഷേ, കൊച്ചി വിട്ടുപോകാൻ മെഹബൂബ് തയാറായില്ല. കഷ്ടപ്പാടുകളെ സ്വർഗമാക്കി മരണം വരെ മെഹബൂബ് ഇവിടെ നമുക്കുവേണ്ടി പാടിക്കൊണ്ടിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.