Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളിലെ സംഗീതഗോപുരം

jain-raveendra2

സംഗീതജീവിതത്തിൽ എനിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയ പാട്ട് ഒരുക്കി നൽകിയതു രവീന്ദ്ര ജയിനാണ്. പക്ഷേ, ആ സിനിമയും പാട്ടും പുറത്തിറങ്ങിയില്ല എന്നതാണു ഞങ്ങളിരുവരുടെയും സംഗീതജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം. ‘താൻസൻ’ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി ഒരുക്കിയ ‘ഷഡജനെ പായ യേ വര്‌ദാൻ...’ എന്ന 13 മിനിറ്റ് ദൈർഘ്യമുള്ള പാട്ടാണത്. ഞാൻ പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാലും ഉത്തരം ആ ഗാനംതന്നെ.

സംഗീതജ്ഞനായ താൻസന്റെ ജീവിതം പ്രമേയമായ ചിത്രത്തിനായി ആദ്യംതന്നെ പാട്ടുകൾ ഒരുങ്ങുകയായിരുന്നു. എട്ടു പാട്ടാണ് ആ ചിത്രത്തിൽ. എട്ടും എന്നെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചതും അദ്ദേഹമാണ്. ‘ഷഡജനെ പായ’ എന്ന പാട്ടിന്റെ റിഹേഴ്സൽതന്നെ നാലഞ്ചു ദിവസം നീണ്ടു. ആ ഒറ്റപ്പാട്ടിന്റെ റിക്കോർഡിങ്ങിനുതന്നെ രണ്ടു ദിവസമെടുത്തു.

സപ്തസ്വരങ്ങളും കോർത്തിണക്കിയൊരു പാട്ട്. ശങ്കരാഭരണം (ഹിന്ദുസ്ഥാനിയിൽ ബിലാവൽ) രാഗത്തിലാണു തുടക്കം. പിന്നെ ഖരഹരപ്രിയ (കാഫി), തോടി (ഭൈരവി), കല്യാണി (യമൻ), ഹരികാംബോജി (ഖമാജ്), നടഭൈരവി (അസാവേരി) എന്നീ രാഗങ്ങളും ഈ പാട്ടിലുണ്ട്. ഈ രാഗങ്ങളുടെ പേരു ചേർത്താണ് അദ്ദേഹം വരികളും രൂപപ്പെടുത്തിയിരിക്കുന്നത്. പാടാൻ ഏറെ പ്രയാസം. പക്ഷേ, റിക്കോർഡിങ്ങിൽ ഓർക്കസ്ട്രേഷനിലെ ഒരാൾക്കു ചെറിയൊരു പിഴവു വന്നാൽത്തന്നെ വീണ്ടും പാടുകയേ നിവൃത്തിയുള്ളൂ. അങ്ങനെ റിക്കോർഡിങ് നീണ്ടു. അതിനായുള്ള സമർപ്പണത്തിൽ ഞങ്ങൾ വിശപ്പും ദാഹവുംപോലും മറന്നു. അതിനു ഫലമുണ്ടായി. പക്ഷേ, റിക്കോർഡിങ് കഴിഞ്ഞതും, തളർന്ന് അദ്ദേഹം ആശുപത്രിയിലായി. പനിപിടിച്ചു ഞാനും വീട്ടിൽ കിടപ്പായി.

ആ ചിത്രത്തിലെ മറ്റു പാട്ടുകളും ഗംഭീരമായിരുന്നു. പാട്ടുകളുടെ വരികളും അദ്ദേഹത്തിന്റെതന്നെ. പക്ഷേ, കച്ചവടസാധ്യതയില്ലെന്ന കാരണത്താലാണെന്നു തോന്നുന്നു, ആ സിനിമ മുടങ്ങി. പക്ഷേ, ഈയിടെ ആ പാട്ടുകൾ യൂട്യൂബിലൊക്കെ ആരോ ഇട്ടിട്ടുണ്ട്. എന്നാലും ആ പാട്ടുകളുടെ റെക്കോർഡുകൾ പുറത്തിറങ്ങിയില്ലെന്നതു വലിയ ദുഃഖമായിരുന്നു. അങ്ങനെയൊരു നഷ്ടബോധം എന്നും എന്റെ മനസ്സിലുള്ളതിനാലാണ്  ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന സിനിമയുടെ പാട്ടൊരുക്കുമ്പോൾ ‘ഷഡജനെ...’ പോലൊരു പാട്ട് ചെയ്യാമോ എന്നു സംഗീത സംവിധായകനായ രവീന്ദ്രനോടു ചോദിച്ചത്. രവീന്ദ്രനും കൈതപ്രവും  ചേർന്ന് അങ്ങനെയൊരു പാട്ടൊരുക്കുകയും ചെയ്തു. അതാണ് ‘ദേവ സഭാതലം...’ എന്ന ഗാനം.

ചെന്നൈയിൽനിന്ന് അമേരിക്കയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗവാർത്തയും തേടിയെത്തിയത്. ഒന്നര ആഴ്ച മുൻപു ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു. അപ്പോഴും അദ്ദേഹം പങ്കുവച്ച സ്വപ്നം താൻസനിലെ പാട്ടുകൾ പുറത്തിറക്കണമെന്നതായിരുന്നു.

പ്രൊഡക്‌ഷൻ കമ്പനിയായ രാജശ്രീ പിക്ച്ചേഴ്സ് വഴിയാണു ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ‘ചിത് ചോർ’ എന്ന സിനിമയിലൂടെയാണത്. അതിനു മുൻപ് അവരുടെ ‘ഛോട്ടീ സീ ബാത്തി’ലൊക്കെ ഞാൻ പാടിയിട്ടുണ്ട്.

കണ്ണു കാണാത്ത മനുഷ്യൻ. പക്ഷേ, അകക്കണ്ണിൽ അദ്ദേഹം ലോകത്തെ കാണുകയായിരുന്നു. അല്ലാത്ത ഒരാൾക്ക് എങ്ങനെയാണ് ഇത്രയും മനോഹരമായ വരികൾ മനസ്സിൽ എഴുതി അതിലും മനോഹരമായ സംഗീതം ഒരുക്കാനാവുക? ചിത് ചോറിനായി ആദ്യം അദ്ദേഹം എന്നെക്കൊണ്ടു പാടിച്ച പാട്ടുതന്നെ സൂപ്പർ ഹിറ്റായി.

jain-president--3col

‘ഗോരി തെരാ ഗാവ് ബെഡാ പ്യാരാ...’ എന്ന പാട്ടിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് എനിക്കു കിട്ടി. മലയാളത്തിനു പുറത്ത് എനിക്കു കിട്ടുന്ന ആദ്യ ദേശീയ അവാർഡായിരുന്നു അത്. ആ സിനിമയിലെ മറ്റൊരു മനോഹര ഗാനമായ ‘ജബ് ദീപ് ജലേ ആനാ...’, ‘ആജ് സെ പെഹ്‌‌ലെ...’ എന്നീ പാട്ടുകളും ഏറെ ജനപ്രിയമായി. അതോടെ ഹിന്ദി സിനിമയിൽ ഞങ്ങളുടെ കൂട്ടുകെട്ടും വലിയ ഹിറ്റായി മാറുകയായിരുന്നു. പിന്നെ അറുപതോളം പാട്ടുകൾ. ഭൂരിപക്ഷവും ഹിറ്റ് പാട്ടുകൾ.

അദ്ദേഹത്തെ മലയാളത്തിൽ ഒരു സിനിമയിൽ സംഗീതം ഒരുക്കാനായി കിട്ടുമോ എന്ന് എന്നോടു തിരക്കിയതു സംവിധായകൻ ഹരിഹരനാണ്. ഞാൻ പറഞ്ഞപ്പോൾ സന്തോഷത്തോടെ അത് ഏറ്റെടുത്തു. അങ്ങനെയാണ് 1977ൽ ‘സുജാത’ എന്ന സിനിമയിലൂടെ അദ്ദേഹം മലയാളത്തിലെത്തുന്നത്. കുറച്ചു ഗാനങ്ങളേ മലയാളത്തിൽ ചെയ്തിട്ടുള്ളൂവെങ്കിലും അതെല്ലാം ശ്രദ്ധേയമായിരുന്നു. തെലുങ്കിലും അദ്ദേഹം എന്നെക്കൊണ്ടു പാടിച്ചു.

എൺപതുകളുടെ പകുതിയോടെ ഹിന്ദി സിനിമാ സംഗീതവും മാറുകയായിരുന്നു. ഇതോടെ നല്ല സംഗീതത്തിന്റെ വക്താവായ രവീന്ദ്ര ജയിനും അവസരങ്ങൾ കുറഞ്ഞു. എന്നെ സംബന്ധിച്ചു മനസ്സിനു സംതൃപ്തി കിട്ടുന്ന നല്ല പാട്ടുകൾ മലയാളത്തിൽനിന്ന് യഥേഷ്ടം കിട്ടിയതിനാൽ പൂർണമായും മലയാളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അല്ലാതെ ചിലർ പറയുംപോലെ എന്നെ ആരും ഹിന്ദിയിൽനിന്നു തുരത്തിയതൊന്നുമല്ല.

ഒടുവിൽ ‘ആകാശത്തിന്റെ നിറം’ എന്ന മലയാള സിനിമയിലും ഒരു ഹിന്ദി സിനിമയിലുമാണ് അദ്ദേഹം സംഗീതം ഒരുക്കിയത്. ഒഎൻവിയാണ് അതിന്റെ വരികൾ എഴുതിയത്. ആകാശത്തിന്റെ നിറത്തിൽ എനിക്കൊപ്പം വിജയും ഒരു പാട്ടു പാട്ടി. അവനെ മുംബൈയിലേക്കു വിടൂ, വലിയ ഗായകനാക്കി ഞാൻ തിരികെത്തരാമെന്നൊക്കെ പറയുകയും ചെയ്തു.

ഒരു വർഷം മുൻപ് അദ്ദേഹത്തിന്റെ സപ്തതി ആഘോഷം മുംബൈയിൽ നടന്നപ്പോൾ ഉറപ്പായും വരണമെന്നു പറഞ്ഞ് എന്നെ അദ്ദേഹം നേരിട്ടു ക്ഷണിക്കുകയായിരുന്നു. ഞാൻ ആ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. അന്നുതന്നെ അദ്ദേഹം നടക്കാൻപോലും കഴിയാത്തവിധം അവശനായിരുന്നു. അതാണു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. പിന്നീട് ഇടയ്ക്കിടെ ഫോണിൽ സംസാരിച്ചിരുന്നു.

എന്നെ അദ്ദേഹം തന്റെ സംഗീതംപോലെതന്നെ സ്നേഹിച്ചിരുന്നു എന്നെനിക്കറിയാം. കാഴ്ച കിട്ടുകയാണെങ്കിൽ ആദ്യം കാണേണ്ട മുഖം എന്റേതാവണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആദരിക്കപ്പെട്ടതു ഞാനാണ്. കാരണം, അത്രയേറെ മികവും സമർപ്പണവുമുള്ള സംഗീതജ്ഞനാണ് അദ്ദേഹം. അവസാനമായി ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണാനായില്ലെന്ന സങ്കടം ബാക്കിയാവുന്നു. പക്ഷേ, അദ്ദേഹം എന്നെ ഉൾക്കണ്ണിൽ മാത്രം കണ്ടപോലെ എന്റെ ഉള്ളിൽ എന്നും അദ്ദേഹവും വലിയൊരു സംഗീതഗോപുരമായുണ്ട്. നല്ല സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനം അതുതന്നെയാവുമെന്നുറപ്പ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.