Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രവീന്ദ്ര ജെയിൻ വിട വാങ്ങി

Jain_Death

പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്ര ജെയിൻ (71) അന്തരിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യ നില മോശമായതിനെ തുടർന്ന് നാഗ്പൂരിലെ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ രവീന്ദ്ര ജെയിനെ മുംബൈയിലേക്ക് മാറ്റിയിരുന്നു. വൃക്കകൾക്ക് അണുബാധയേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ഡയാലിസിസ് ചെയ്‌തെങ്കിലും കാര്യമായ വ്യത്യാസം വന്നില്ല.

നാഗ്‌പൂരില്‍ ഒരു സംഗീത പരിപാടിക്കെത്തിയ അദ്ദേഹം രക്തസമര്‍ദ്ദം കുറഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തി. ഈ പരിശോധനയിലാണ്‌ അണുബാധയുണ്ടെന്നും ഇത് വൃക്കകളെ ബാധിച്ചതായും ഡോക്‌ടര്‍മാര്‍ കണ്ടെത്തിയത്.

ജന്മന അന്ധനായിരുന്ന രവീന്ദ്ര ജെയിൻ ഗാനരചയിതാവുമാണ്. യേശുദാസിെൻറ ഹിന്ദിയിലെ പല ഹിറ്റ് ഗാനങ്ങളും രവീന്ദ്ര ജെയിന്റേതാണ്. ബോളിവുഡിലേക്ക് യേശുദാസിനെ എത്തിച്ചത് അദ്ദേഹമായിരുന്നു. എഴുപതുകളിലെ യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ സൃഷ്‌ടിച്ചതും രവീന്ദ്ര ജെയിന്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ 'ഗോരി തേരാ.. എന്ന ഹിന്ദി ഗാനം ആലപിച്ചതിന്‌ യേശുദാസിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 'വോയ്സ്‌ ഓഫ് ഇന്ത്യ' എന്നാണ്‌ യേശുദാസിന്‌ രവീന്ദ്ര ജെയിന്‍ നല്‍കിയ വിശേഷണം.

അകക്കണ്ണിൽ രവീന്ദ്രജയിൻ കണ്ടതും പങ്കുവച്ചതും സംഗീതത്തിന്റെ ശാലീനക്കാഴ്ചകളായിരുന്നു. ഒരു സംഗീതസംവിധായകൻ ഒരു ഗായകന് നൽകാവുന്ന ഏറ്റവും ഉന്നത സ്ഥാനം നൽകി അദ്ദേഹം യേശുദാസിന്. ഹാർമോണിയം കട്ടകളിൽ രവീന്ദ്രജെയിൻ കൈവിരലുകൾ നീട്ടിപ്പിടിച്ചപ്പോൾ ഉയർന്ന സ്വരങ്ങളത്രയും നൈമർല്യത്തിൽ കോർത്തിണക്കിയായിരുന്നു.

1976ൽ പുറത്തിറങ്ങിയ ചിറ്റിചോർ. ദക്ഷിണേന്ത്യക്കാരനായ യേശുദാസ് ഹിന്ദിയിൽ പാടി ദേശീയപുരസ്കാരം നേടിയ പാട്ട്. രവീന്ദ്രജെയിൻ ഇങ്ങനെയായിരുന്നു, തൻറെ മികച്ച ഈണങ്ങൾ അദ്ദേഹം യേശുദാസിനായി കരുതിവച്ചു, എപ്പോഴും. ഗ്രാമത്തിന്റെ ശാലീനസൗന്ദര്യകാഴ്ചകൾ വരികളിൽ കോരിയിട്ട് വിസ്മയിപ്പിച്ചു രവീന്ദ്രജെയിനെന്ന പാട്ടെഴുത്തുകാരൻ.

അന്ധതയെ കുറവായി കാണാത്ത ജെയിൻ ഒരു തവണയെങ്കിലും കണ്ണുതെളിയാൻ ആഗ്രഹിച്ചു അതും യേശുദാസിനെ നേരിൽ കാണാൻ. എങ്കിലും ഗായകൻ സംഗീതസംവിധായകൻ ബന്ധത്തിൻറെ ഊഷ്ളമതയിൽ ഒതുക്കാനാവില്ല രവീന്ദ്രജെയിനിനെ. ഛോർ മചായേ ഷോറിൽ കിഷോർ കുമാറിനെ കൂടെക്കൂട്ടിയായിരുന്നു വിസ്മയം തീർത്തത്.

സൗമ്യതയും എളിമയുമായിരുന്നു രവീന്ദ്ര സംഗീതത്തിൻറെ ഛായ. ഈണങ്ങളിൽ കാത്തുവച്ച ചിട്ട ദേവരാജൻ മാഷിനെ ഓർമിപ്പിക്കും. 1977ൽ ഹരിഹരൻറെ സംവിധാനത്തിലെത്തിയ സുജാതയിലെ ഗാനങ്ങൾ ശ്രുതിമധുരമാവുന്നതും അതുകൊണ്ടാണ്.

അലിഗഡിൽ 1944ൽ ജനനം.‌ ഏഴുമക്കളുള്ള പണ്ഡിറ്റ് ഇന്ദ്രമണി ജെയിൻ കിരൺ ജെയിൻ ദമ്പതികളുടെ സങ്കടമെപ്പോഴും മൂന്നാമത്തെ മകനെക്കുറിച്ചായിരുന്നു. പാട്ടുപാടിയും കവിത എഴുതിയും ആ ബാലൻ പക്ഷേ അച്ഛനമ്മമാരെ സന്തോഷിപ്പിച്ചു. പാട്ടിൻറെ വഴിതെളിച്ച് ഗുരുക്കൻമാരുടെ നീണ്ട നിര. കൊൽക്കത്തയിൽ നിന്ന് തുടങ്ങിയ സംഗീതയാത്ര എഴുപതുകളുടെ തുടക്കിൽ മുംബയിലേക്ക് പറിച്ചു നട്ടു. ശേഷം ബോളിവുഡ് രവീന്ദ്രജെയിനിനായി കാതുകൂർപ്പിച്ചു. ഭജനുകളും ഗസലുകളും രാമായണമടക്കമുള്ള ടിവി സീരിയലുകളുമൊക്കയായി രവീന്ദ്രജെയിൻ സംഗീതം പകർന്നത് എണ്ണമറ്റഗാനങ്ങൾക്ക്.

മലയാളത്തിൽ ഡോ.ബിജുവിൻറെ ആകാശത്തിന്റെ നിറത്തിലൂടെ വീണ്ടും. അച്ഛന്റെ മരണവാർത്തയറിഞ്ഞിട്ടും സൗദാഗറിന്റെ റെക്കോർഡിങ് പൂർത്തിയാക്കി മാത്രം മടങ്ങിയ ചരിത്രമുണ്ട് രവീന്ദ്രജെയിനിന്. ഒടുവിൽ മരണം തന്നെ വന്നു വിളിച്ചതും ഒരു സംഗീതപരിപാടിക്കായി തയ്യാറെടുത്ത നേരത്ത്. തന്നെക്കുറിച്ച് ആശങ്കപ്പെട്ട കുടുംബത്തിലേക്ക് പത്മശ്രീയടക്കമുള്ള സൗഭാഗ്യങ്ങൾ ഏറെ എത്തിച്ചാണ് ആ മകൻ യാത്രയാവുന്നത്. നൈർമല്യമൂറുന്ന പാട്ടുകൾ ഏറെ ബാക്കിയാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.