Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിശ്ചയദാർഢ്യത്തിന്റെ പാഠപുസ്തകം

Ravindra Jain

ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പാഠപുസ്തകമാണു രവീന്ദ്ര ജയിൻ. പ്രസിദ്ധ സംസ്കൃത പണ്ഡിതനും ആയുർവേദ ആചാര്യനുമായ പണ്ഡിറ്റ് ഇന്ദ്രമണി ജയിൻ ആയിരുന്ന പിതാവ്. പിൽക്കാലത്ത് രവീന്ദ്ര ജയിൻ എഴുതിയ സിനിമാ ഗാനങ്ങളിലെ സംസ്കൃതപദ സാന്നിധ്യം പിതാവിൽനിന്നു ലഭിച്ചതാണ്.

ഉത്തർ പ്രദേശിലെ അലിഗഢിലെ ബാല്യകാലത്തിനുശേഷം സംഗീതം പഠിക്കാനായി രവീന്ദ്ര കൊൽക്കത്തയിലേക്കു പോയി. പഠനം പൂർത്തിയാക്കി മുംബൈയിൽ എത്തിയ ഉടനെ അദ്ദേഹത്തെ തേടി ആരെയും മോഹിപ്പിക്കുന്ന അവസരം എത്തി. സാക്ഷാൽ നൗഷാദിന്റെ അസിസ്റ്റന്റ്! ജയിന്റെ സിദ്ധി അറിയാവുന്ന ഒരു സുഹൃത്ത് വളരെ പണിപ്പെട്ടാണ് ഈ അവസരം തരപ്പെടുത്തിയത്. പക്ഷേ, അദ്ദേത്തിന്റെ പ്രതികരണം അമ്പരിപ്പിക്കുന്നതായിരുന്നു. ‘ആരുടേയും അസിസ്റ്റന്റ് ആകാൻ ഞാനില്ല.’

സ്വതന്ത്രസംഗീത സംവിധായകനാവാൻ തനിക്കു കഴിയുമെന്ന ആത്മവിശ്വാസത്തിന് അധികം വൈകാതെ ഫലമുണ്ടായി.ആദ്യം സംഗീതം ചെയ്ത ‘സിൽസിലാ ഹെ പ്യാർ’ വെളിച്ചം കണ്ടില്ല. പക്ഷേ, പിന്മാറാൻ ഒരുക്കമല്ലായിരുന്നു. പുറത്തിറങ്ങിയ ആദ്യ ചിത്രമായ ‘കാഞ്ച് ഓർ നീര’യിൽ മുഹമ്മദ് റഫി പാടിയ ‘നസർ ആത്തെ നഹീം മൻസിൽ...’ നല്ല ഈണമായിരുന്നെങ്കിലും ശ്രദ്ധ നേടിയില്ല. നാരി സിപ്പിയുടെ ‘ചോർ മചായേ ഷോർ’ (1974) ആയിരുന്നു ജയിന്റെ ആദ്യബ്രേക്ക്. ഇതിലെ ‘ലേ ജായേംഗേ ലേ ജായേംഗേ’ സൂപ്പർ ഹിറ്റായി. പിന്നീട് ജയിനു തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

ഈ ഹിറ്റ് പിറന്നതും ഇദ്ദേഹത്തിന്റെ പരാജയപ്പെടാത്ത മനസ്സിൽനിന്നാണ്. നായകൻ ശശി കപൂറിനു ജയിന്റെ ട്യൂണുകളൊന്നും ഇഷ്മായില്ല. ട്യൂണുണ്ടാക്കലും തിരസ്കരണവും നീണ്ടുപോയി. അങ്ങനെ എത്രയോ പരിശ്രമങ്ങൾക്കുശേഷമാണ് ഇന്നു നാം കേൾക്കുന്ന ‘ലേ ജായേംഗേ...’ പിറന്നത്. വെറും പത്തു രൂപയാണ് ഈ ട്യൂണിനു കിട്ടിയ പ്രതിഫലം.

ലതാ മങ്കേഷ്കറുമൊത്തുള്ള തുടക്കവും തിരിച്ചടിയോടെ. ‘ലോറി’യായിരുന്ന ആദ്യസിനിമ. അതിഗംഭീരമായ ട്യൂൺ. പാടിക്കഴിഞ്ഞപ്പോൾ ലത നിർമാതാവിന്റെ അടുത്തെത്തി പ്രതിഫലമായ മൂവായിരം രൂപ തിരികെ നല്കിയിട്ടു പറഞ്ഞു. ‘ഇതിന് എനിക്കു പണം വേണ്ട. ഇത്ര നല്ല ഒരു പാട്ട് കിട്ടിയതാണ് എന്റെ പ്രതിഫലം.’ നിർമാതാവ് ഏറെ നിർബന്ധിച്ചപ്പോൾ ആയിരം രൂപ മാത്രം വാങ്ങി ലത മടങ്ങി. പക്ഷേ, ആ സിനിമയും പാട്ടുകളും പുറത്തിറങ്ങിയില്ല. ഇങ്ങനെ ഒട്ടേറെ പ്രതിബന്ധങ്ങളെ ഇച്ഛകൊണ്ടും പ്രതിഭകൊണ്ടും അതിജീവിച്ചാണു രവീന്ദ്ര ജയിൻ വളർന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.