Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഥോവന്റെ ആയിരം നാവുള്ള മൊഴി

beedhoven

സംഗീതം ഒരു അനുഭൂതിയാണെങ്കിൽ ആ അനുഭൂതിയുടെ പേരാണ് ബിഥോവൻ. മൗനം കൊണ്ട് സംഗീതത്തിന്റെ വലിയ കടൽതിരകൾ സൃഷ്ടിച്ച ബിഥോവനെന്ന മാന്ത്രികനെ ഓർക്കാതെ എങ്ങനെ ലോകസംഗീത ദിനം പൂർണ്ണമാകും. ശബ്ദങ്ങളില്ലാത്ത ലോകത്തു നിന്നുകൊണ്ട് സംഗീതവീചികൾ കൊണ്ട് വിസ്മയങ്ങൾ തീർത്തവ്യക്തിയാണ് ലുഡ്വിഗ് വാൻ ബീഥോവൻ എന്ന ബീഥോവൻ. ഉദാത്തതയുടെ കാലത്തു നിന്നും കാല്പനികതയുടെ കാലത്തേക്ക് പശ്ചാത്യസംഗീതത്തെ കൈപിടിച്ചു നടത്തിയതിൽ വലിയൊരു പങ്ക് ബിഥോവനുണ്ട്. ജർമനിയിലെ കൊളോൺ എലക്റ്ററേറ്റിന്റെ ഭാഗമായിരുന്ന ബോണിൽ 1770 ഡിസംബർ 16ന് ) ജനിച്ച ബീഥോവൻ ഇരുപതു വയസിനു ശേഷം ഓസ്ട്രിയയിലെ വിയന്നയിലേക്ക് താമസം മാറ്റി. ഈ ഇരുപതാം വയസ്സിൽ തന്നെയാണ് ബിഥോവന്റെ ശ്രവണ ശക്തി പതിയെ നശിക്കാൻ തുടങ്ങിയത്. ഇത് അദ്ദേഹത്തെ പതുക്കെ മൂകതയിലേക്കും തള്ളിയിട്ടു. എന്നാൽ ബാധിര്യവും മൂകതയും മൂടുപടം പോലെ വന്നു മൂടിയ കാലഘട്ടങ്ങളിൽ ബിഥോവൻ ചെയ്ത സംഗീതങ്ങളായിരുന്നു ഇന്നും അദ്ദേഹത്തെ അനശ്വരനാക്കുന്നത്. ബിഥോവന്റെ ബധിരതയിൽ നിന്നും മൂകതയിൽ നിന്നും പിറന്നവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ ഒരുപാട് സൃഷ്ടിക്കൾ. മൗനത്തിൽ നിന്നും സംഗീതത്തെ സൃഷ്ടിച്ച ബിഥോവൻ പിയോനയിലും വിദഗ്ധനായിരുന്നു. അദ്ദേഹത്തിന്റെ പിയാനോ വൈദഗ്ധ്യം തെളിയിക്കുന്ന ഒരു അനുഭവ കഥയുണ്ട്.

മറ്റുള്ളവരുടെ ദുരിതങ്ങൾ കണ്ടാൽ ഒരു ആശ്വാസവാക്കുപോലും പറയാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. എന്നാൽ ആ ദുഖം അദ്ദേഹത്തിന്റെയും ദുഖമായിരുന്നു.  തന്റെ പ്രിയ സുഹൃത്തിന്റെ മകന്റെ മരണവാർത്തയറിഞ്ഞ ബിഥോവൻ അവിടേക്ക് ഓടിയെത്തി. എന്നാൽ ആശ്വാസവാക്കുകൾ നൽകി അവരുടെ ദുഖത്തെ അലിയിക്കാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെയിരിക്കുമ്പോഴാണ് അവിടെ ഉണ്ടായിരുന്ന പിയാനോ ബിഥോവൻ കാണുന്നത്. പിന്നീട് കണ്ടത് ആ പിയാനോയിൽ നിന്നും ആശ്വാസത്തിന്റെ അത്ഭുതകരമായ സംഗീതം ഒഴുകിയെത്തുന്നതാണ്. ആ സംഗീതത്തിൽ തന്റെ പ്രിയപ്പെട്ടവരോടുള്ള കരുതലും സ്നേഹവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൗനത്തിന് സംഗീതത്തിലൂടെ അതുവരെ കാണാത്ത വാചാലതയുണ്ടായി. അരമണിക്കൂറിലധികം അവിടെ ചെലവഴിച്ച് ആരോടും ഒന്നും പറയാതെ ബിഥോവൻ അവിടെ നിന്നും മടങ്ങി. 

പിന്നീട് ആ ഭവനത്തിലെ ബിഥോവന്റെ സുഹൃത്ത് അദ്ദേഹത്തോട് പറഞ്ഞു അവരുടെ സങ്കടലിന് ബിഥോവന്റെ സംഗീതത്തോളം ആശ്വാസം പകരാൻ ഒരു വാക്കുകൾക്കും സാധിച്ചിരുന്നില്ലെന്ന്. ആശ്വസിപ്പിക്കാൻ വാക്കുകൾ തിരയുന്നവർക്കു മുന്നിൽ ഒരു വാക്കുപോലും മിണ്ടാതെ സംഗീതത്തിലൂടെ സാന്നിധ്യമറിയിച്ച ബിഥോവൻ ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ ജീവിക്കുന്നത് സംഗീതമെന്ന ഭാഷയിലൂടെ സംസാരിച്ചുകൊണ്ടാണ്. 1827 മാർച്ച് 26ന് ബിഥോവൻ വിടപറയുമ്പോൾ അദ്ദേഹം സൃഷ്ടിച്ച സംഗീത ഭാഷ ആയിരങ്ങളുടെ മനസ്സിൽ കുളിർതെന്നലായി അവശേഷിച്ചിരുന്നു.