Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനി നാടനാകുന്ന സിനിമാ പാട്ടുകൾ

idukky-song

അതെ...ഇത് ഞങ്ങൾടെ പാട്ട്. കേട്ടില്ലേ...ഞങ്ങൾടെ മീൻ കറി, കപ്പല്, ഞങ്ങൾടെ വീട്ടിനടുത്തെ മലയൽ മൂടിക്കിടക്കണ മഞ്ഞ്, ഞങ്ങൾടെ നാട്ടിലെ പെണ്ണുങ്ങള്, ഞങ്ങൾടെ മജിസ്ട്രേറ്റ് കോടതി, പത്രമാപ്പീസ് എല്ലാമുണ്ട് ആ പാട്ടിൽ. കേരളത്തിന്റെ പ്രാദേശിക വിശേഷങ്ങളേയും ചേലിനേയും വരികളാക്കുന്ന ശൈലി, അല്ലെങ്കിൽ അവിടങ്ങളിൽ കാലാകാലങ്ങളായി പാടി നടക്കുന്ന പാട്ടിനെ തന്നെ സിനിമയിൽ അതേ പടി ഉപയോഗിക്കുന്ന രീതി ഇന്ന് പതിവാണ്. നമ്മൾ കുഞ്ഞു കേരളത്തിലെ ഓരോ ജില്ലക്കാർക്കും ഓരോ പാട്ടെന്ന മട്ടിലായി മലയാള സിനിമാ ഗാനങ്ങളുടെ ഒരു വരവ‍്. തിരുവനന്തപുരത്തിന് ഇടുക്കിക്ക് കോട്ടയത്തിന് കൊച്ചിക്ക് ദുബായ്ക്ക് ഒടുവിലിതാ ഷാപ്പുകൾക്ക് വരെ പാട്ടായി. 

ഇതുപോലെ നമ്മുടെ വഴിയോരങ്ങളെ, ഭാഷാ ശൈലിയെ, വൈകുന്നേരം വെയിൽ കാണാൻ പോകുന്ന കവലയെ, നമുക്ക് മുൻപ് നമ്മുടെ നാട്ടിൽ നിന്ന് ജീവിച്ച് മറഞ്ഞവരെ, പയ്യൻസിന്റെ കുരുത്തക്കേടുകളെ, ഉത്സവങ്ങളെ എല്ലാം പാട്ടാക്കുന്നത് കേൾക്കാൻ വല്ലാത്തൊരു രസമല്ലേ. മലയാള ചലച്ചിത്രത്തിൽ അത്തരത്തിലുള്ള ഒരുപാട് ഗീതങ്ങൾ അടുത്തിടെയുണ്ടായി. ദുബായിയെ കുറിച്ചുവരെ പാട്ടുണ്ടായി. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ദുബായ് ഗാനം...പുലരി വെയിലിനാൽ ചിറക് തുന്നിടും ഉദയസൂര്യനോ ചിരി പകർന്നിതാ...പണ്ടു കേട്ടൊരാ വീര കഥയിലെ സ്വപ്ന ഭൂമിയോ...എന്ന പാട്ടിലൊരിടത്തു പോലും ഒരു അതിഭാവുകത്വം നമുക്ക് അനുഭവിക്കാനാകില്ല. ഗിത്താറുകൊണ്ട് ഈണമൊരുക്കുന്ന പാട്ട് കുറേ നാളായി മനസുകൾക്കുള്ളിൽ കൂടൊരുക്കിയിട്ട്. ദുബായ് നമ്മളെ സംബന്ധിച്ച് ഒരു സ്വപ്ന ഭൂമി തന്നെയാണ്. കടലിനക്കരെയുള്ള ഈ നാട് ദൂരങ്ങളെ മായ്ച്ച് കളയുന്നു...കാരണം അവിടെ എന്നുമുണ്ട് മലയാളികളുടെ വലിയ കൂട്ടം...അവിടേക്കാണ് ജീവിതത്തിലെ നിറങ്ങള്‍ തേടി നമ്മളിലേറെ പേർ യാത്ര ചെയ്യുന്നതും. 

മരങ്ങളും പുഴകളും മലകളുമടക്കം അവിടെ മയങ്ങിക്കിടക്കുന്ന മഞ്ഞു കൂടാരാവും അവയെ നോക്കി നിൽക്കുന്ന മേഘമാലകളും മണ്ണിൽ ആഞ്ഞ് പണിയെടുക്കുന്ന കര്‍ഷകരും... ഇടുക്കിയെന്ന മലനാടിനെ ഇങ്ങനെ എഴുതിയിടാം. റഫീഖ് അഹമ്മദ് കുറിച്ച ആ പാട്ടിലുമുണ്ട് എന്താണ് ഇടുക്കിയെന്ന്. മലമേലെ തിരിവച്ച് പെരിയാറ് നൽകിയ തളയുമിട്ട് ചിരി തൂകി നിൽക്കുന്ന പെണ്ണാണ് ഇടുക്കിയെന്നാണ് റഫീഖ് അഹമ്മദിന്റെ വിശേഷണം. ഇടുക്കിക്ക് ചന്തമേകുന്ന മലമേടുകളേയും പുഴകളേയും പുൽമേടുകളേയും എന്തിന് സാമ്പത്തിക നിലയിൽ ഇടുക്കിയ്ക്കുള്ള പങ്കും അവിടത്തെ പെൺ വിഭാഗത്തിന്റെ അധ്വാനത്തെ കുറിച്ചും വരെ പാട്ടിൽ പറയുന്നുണ്ട്. പാട്ടിന്റെ ദൃശ്യാവിഷ്കാരവും അതുപോലെ തന്നെ. ഇടുക്കിക്കാരന്‍ അവന്റെ പ്രിയപ്പെട്ട കുഞ്ഞുകവലയിലിരുന്ന് ചുറ്റും കണ്ണോടിക്കുമ്പോൾ കാണുന്ന കാഴ്ചകളെ, നാട്ടു വർത്തമാനങ്ങളെ, ചെറിയ കുശുമ്പിനേയും കുന്നായ്മയേയും വരെ ദൃശ്യങ്ങളാക്കി പാട്ടിന് നൽകിയപ്പോൾ ഇടുക്കിക്കാരന്റെ നെഞ്ചത്ത് കൊണ്ട പാട്ടായി അത്. 

കച്ചവടത്തിന് കച്ചമുറക്കി കനത്തു നിൽക്കുന്നുണ്ട് കുറേ കമ്പനികൾ ഈ കായൽ നാടിനരികെ...അല്ലെങ്കിൽ കൊച്ചിക്കരികെ...കപ്പലുകളിലൂടെയാണ് മേപ്പള്ളി ബാലൻ കൊച്ചിയെ കുറിച്ചെഴുതുന്നത്. ഈ കപ്പലുകളും വരവും പോക്കും വർത്തമാനങ്ങളും തന്നെയല്ലേ കൊച്ചിയെന്ന നാടിനെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. അവിടത്തെ ജീവിതങ്ങളെ മാറ്റിയെഴുതിയത്. ഒരുപാട് കാഴ്ചകളുള്ള നാടാക്കി മാറ്റിയത്. ദേശാടനക്കിളികളെ പോലെ മനുഷ്യർ പടം വരയ്ക്കാനും പാട്ടു പഠിക്കാനും ചുമ്മാതെ ഗിത്താറും വായിച്ച് സമയംകൊല്ലാനും എത്തുന്നൊരു കുഞ്ഞു ലാസ് വേഗാസ് ആക്കി മാറ്റിയത്. അപ്പോൾ കൊച്ചിയെ കുറിച്ചെഴുതുമ്പോൾ അങ്ങകലെ നിന്ന് കടലിനോട് സല്ലപിച്ച് പതുക്കെ പതുക്കെ സഞ്ചരിച്ചെത്തുന്ന കപ്പലുകളെ കുറിച്ച് തന്നെയല്ലേ പാടേണ്ടത്.

സിറ്റിയെങ്കിൽ പയല്കള് അവിടത്തെ നക്ഷത്രങ്ങളെടേ... ഏത് നാട്ടുകാരാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. മറ്റ് ജില്ലകളെ പോലെയെല്ല, തിരുവനന്തപുരം ഭരണസിരാകേന്ദ്രമാണ്. കൊടിവച്ച കാറിൽ പായുന്ന മന്ത്രിമാരും, നിയമസഭയിലെ അടിയും, സെക്രട്ടേറിയേറ്റിന് മുന്നിലെ സമരയുദ്ധങ്ങളും, കോടികളുടെ നിധിയുള്ള അമ്പലവും എല്ലാം ഈ നാട്ടിലാണുള്ളത്. ചുരുക്കിപ്പറഞ്ഞാൽ വലിയ വാർത്തകളെല്ലാം ഇവർക്ക് ഇവരുടെ നാട്ടിലെ വിശേഷങ്ങളാണ്. ആ വലിയ വിശേഷങ്ങളേയും കുഞ്ഞ് വർത്തമാനങ്ങളേയും കൂട്ടിച്ചേർത്താണ് ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ് എഴുതിയിരിക്കുന്നത്.

മലയാളിയുടെ രുചിഭേദങ്ങളിലെ രാജാവും രാജ്ഞിയുമാണ് കൊടംപുളിയിട്ടരച്ച് വച്ച മീനും കപ്പയും. അതിനൊപ്പം ഇത്തിരി കള്ളും കൂടിയായാൽ പിന്നെ പറയുകേം വേണ്ട. ഈ രുചിയാണ് ഒഴിവു ദിവസത്തെ കളിയെന്ന ചിത്രത്തിന്റെ പ്രൊമോ സോങ് നമുക്ക് പകരുന്നത് . ഇടുക്കി പാട്ട് കോട്ടയം പാട്ടും കേട്ട് ഏറ്റുപാടിയ ജനതയ്ക്ക് ഈ പാട്ടും ഇഷ്ടമാകും. സംവിധായകൻ സനൽ കുമാർ ശശിധരൻ തന്നെയാണ് ഷാപ്പു കറിയെന്ന തലക്കെട്ടിട്ട പാട്ടെഴുതിയത്. ഈണമിട്ടത് ബേസിൽ സിജെ. തൃശൂരിലെ കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിലെ കൂട്ടുകാരാണ് പാട്ട് പാടിയത്. 

സിനിമ നമുക്കിന്നും ഒരു അത്ഭുതം തന്നെയാണ്. നമ്മൾടെ നാടിനെ കുറിച്ച് എന്തെങ്കിലുമൊരു പരാമർശം സിനിമയിലെവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ അതു കാണാനും നമുക്ക് ആകാംഷയേറും. ഒരു ചിത്രത്തിലെ പാട്ടുതന്നെ നമ്മൾടെ നാടിനെ നോക്കിയെഴുതിയതാണെങ്കിലോ പിന്നെ പറയുകയും വേണ്ട.