Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിച്ചിരുന്നതു പോലും പാട്ടു കേട്ട്: കളക്ടർ ബ്രോ

Prasanth Nair

കോഴിക്കോട് ജില്ലാ കളക്ടർ എൻ. പ്രശാന്തിനെ, അല്ല, കലക്ടർ ബ്രോയെ കുറിച്ച് നമുക്ക് ഒത്തിരി കാര്യങ്ങളറിയാം. ഐഎഎസിന്റെ ഗൗരവങ്ങളെ വർത്തമാനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പാടേ മായ്ച്ചു കളഞ്ഞയാള്‍. ജനകീയ വിഷയങ്ങളിലെ സൗമ്യവും ശക്തവുമായ ഇടപെടലുകൾക്കപ്പുറം എഴുത്തിന്റെ ലോകത്തും സജീവമാണ് ഇദ്ദേഹം. എഴുത്തു മാത്രമല്ല, പാട്ടുകളും ഏറെയിഷ്ടമാണെന്ന് കളക്ടർ ബ്രോ പറയുന്നു. ലോക സംഗീത ദിനത്തിൽ പ്രശാന്ത് നായർ മനോരമ ഓൺലൈനുമായി പങ്കുവച്ച പാട്ടിഷ്ടങ്ങളെ കുറിച്ച് വായിക്കാം. 

പഠിച്ചിരുന്നതു പോലും പാട്ടു കേട്ട്

സാധാരണ പഠിക്കുമ്പോള്‍, തീർത്തും ശാന്തമായ അന്തരീക്ഷത്തിൽ ശ്രദ്ധയോടെയിരുന്ന് പഠിക്കണമെന്നല്ലേ മുതിർന്നവരും അധ്യാപകരുമൊക്കെ പറയാറ്. പക്ഷേ ഞാനങ്ങനെല്ലായിരുന്നു. ജഗജീത് സിങിന്റെ ഗസലുകളോട് അന്നും ഇന്നും ഒരേയിഷ്ടമാണ്. ആ പാട്ടുകൾ പ്ലേ ചെയ്തുകൊണ്ടാകും എപ്പോഴും പഠിക്കാനിരിക്കുക. ഗസലുകൾക്കൊരു വിഷാദ ഛായയാണല്ലോ. അത് കേൾക്കുമ്പോൾ അമ്മ പറയുമായിരുന്നു, ഇതും കേട്ടാണോ പഠിക്കാനിരിക്കുകയെന്ന്. പക്ഷേ എനിക്കതൊരു ഊർജ്ജമായിരുന്നു. പാട്ട് കേൾക്കുന്നെങ്കിലും ശ്രദ്ധ മാറില്ലായിരുന്നു. മനസ് നിറയുമായിരുന്നു അന്നേരം.  

ഇപ്പോഴും ഈ ശീലത്തിനു മാറ്റമില്ല. യാത്രയ്ക്കിടെ പാട്ടു കേൾക്കാൻ ഏറെയിഷ്ടം. സമയം കിട്ടിയാൽ യുട്യൂബിൽ പാട്ടു തിരയും. ഒരെണ്ണം ഇഷ്ടപ്പെട്ടാൽ നൂറുവട്ടം തുടർച്ചയായി ആ പാട്ട് കേട്ടിരിക്കാനും മടിയില്ല. 

എന്റെ പ്രിയപ്പെട്ടത്

എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ഏറെയാണ്. ഒരെണ്ണമായിട്ട് പറയാനാകില്ല. എങ്കിലും നേരത്തെ പറഞ്ഞ പോലെ ചെറുപ്പംമുതൽ എപ്പോഴും കേൾക്കുന്ന രണ്ടു പാട്ടുകളാണ് ഹേമന്ദ് കുമാർ പാടിയ, ‘ജാനേ വോ കൈസേ ലോഗ്’ എന്ന പാട്ടും ‘അഭി അഭി തൂ’ എന്ന പാട്ടും. 

ജോണ്‍സൺ മാഷും റഫീഖ് അഹമ്മദും

ആരുടെ പാട്ടാണ് ഏറ്റവുമിഷ്ടമെന്ന് ചോദ്യം അൽപം കടുത്തതാണ്.  അങ്ങനെ പറയാനാണെങ്കിൽ ഒത്തിരിയുണ്ട്. എങ്കിലും ജോൺസൺ മാഷിന്റെ പാട്ടുകളെല്ലാം എനിക്കിഷ്ടമാണ്. പിന്നെ ഹിന്ദി ഗാനങ്ങളും ഏറെയിഷ്ടമാണ്.  എഴുത്തുകാരിൽ, റഫീഖ് അഹമ്മദാണ് ഏറ്റവും പ്രിയപ്പെട്ടയാൾ. നമ്മൾ പറയാറില്ലേ പണ്ടത്തെ പാട്ടെഴുത്താണ് ഏറ്റവുമിഷ്ടമെന്ന്. പക്ഷേ റഫീഖ് അഹമ്മദിന്റെ പാട്ടുകൾ കേൾക്കുമ്പോൾ ആ വാദം തെറ്റാണെന്ന് എനിക്ക് തോന്നുന്നു. എത്ര മനോഹരമാണ് ആ എഴുത്ത്.  ഡോക്ടർ ലവ് എന്ന ചിത്രത്തിലെ ഹരിഹരൻ പാടിയ പാട്ട്, ‘മഴ ഞാനറിഞ്ഞിരുന്നില്ല...’ എന്ന ഗാനം അങ്ങനെയൊന്നാണ്. 

അമ്മയ്ക്കായി ഈ പാട്ട്

സംഗീതദിനത്തിൽ ഒരു പാട്ട് സമർപ്പിക്കുന്നത് ആർക്കാവുമെന്നു ചോദിച്ചാൽ, അത് അമ്മയ്ക്കായിരിക്കും. ജയകുമാർ സാർ എഴുതിയ ‘കുടജാദ്രിയിൽ കുടികൊള്ളും’ എന്ന പാട്ട് അമ്മയ്ക്കൊരുപാടിഷ്ടമാണ്. അതുപോലെ അദ്ദേഹത്തിന്റെ ‘നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ’ എന്ന ഗാനം എന്റെയും ഫേവറിറ്റുകളിലൊന്നാണ്. 

പാടാനറിയില്ല, എങ്കിലും

ഒരു പാട്ടിന്റെ ഇടയ്ക്കുള്ള വരികൾ കേട്ടാൽ അത് ഏതുപാട്ടാണെന്നു പറയാനാവും. പക്ഷെ പാടാനറിയില്ല. പാടാന്‍ കഴിവില്ലാത്തതിൽ വിഷമമൊന്നുമില്ല. പാട്ട് ആസ്വദിക്കാനുള്ള ഭാഗ്യമുണ്ടായല്ലോ എന്ന് കരുതി ആശ്വസിക്കുന്നു. പാട്ടു കേൾക്കാനും സന്തോഷം കണ്ടെത്താനും സാധിക്കുന്നത് വലിയ കാര്യമല്ലേ. അതിനു പോലും കഴിയാത്തവർ നമുക്കുചുറ്റും എത്രയോ ഉണ്ട്. നന്നായി പാടുന്നവരും പാട്ടെഴുതുന്നവരുമായി ഒരുപാടുപേരുണ്ടല്ലോ. അവരുമായൊക്കെ സഹകരിക്കുവാന്‍ കഴിയുന്നതുതന്നെ ഭാഗ്യം.

Your Rating: