Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാനകിയമ്മ പറഞ്ഞു ‘ഇതെന്റെ കുട്ടി’: ആർക്കുമറിയാത്തൊരു ഗാനഗാഥ

koushik-menon-1

കോടമ്പാക്കത്ത് അഭിനയ മോഹവുമായി വന്നിറങ്ങിയവരുെട കഥകൾ ഇനിയൊരു നൂറു കൊല്ലം കൊണ്ടും പറഞ്ഞു തീര്‍ക്കാനാകില്ല. അത്രയ്ക്കുണ്ടത്. സിനിമ ഒരു സ്വപ്‌നം മാത്രമായ കാലത്ത് പൈപ്പുവെള്ളവും ചേരികളിലെ താമസവുമായി കഷ്ടപ്പെട്ടവരെക്കുറിച്ച് ഒരുപാടു കഥകള്‍ കേട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ തോറ്റുമടങ്ങി, മറ്റു ചിലര്‍ അരങ്ങുവാണു, വേറൊരു കൂട്ടര്‍ അതിനെ ഇഷ്ടപ്പെട്ട് അവിടെത്തന്നെയങ്ങു കൂടി. ഇവിടെ പറയുന്നതും അങ്ങനെയൊരാളെക്കുറിച്ചാണ്. സിനിമയില്‍ പിന്നണി ഗായകനാകാന്‍ വേണ്ടി, പതിനാറാം വയസ്സില്‍ ഒരു കോഴ്‌സ് പഠിക്കാന്‍ പോകുന്നുവെന്നു വീട്ടുകാരെ ധരിപ്പിച്ച് ചെന്നൈയ്ക്കു വണ്ടി കയറിയ കൗശിക്കിന്റെ കഥ. അരങ്ങില്‍ പാടിക്കസറിയില്ലെങ്കിലും പാട്ടും അതിനെ അത്രമേല്‍ പ്രണയിക്കാന്‍ തന്നെ പഠിപ്പിച്ച പാട്ടുകാരും വിരുന്നെത്തുന്ന ഒരിടമൊരുക്കാൻ കൗശിക്കിനായി. ചെന്നൈയിലെ ഏറ്റവും പ്രശസ്തമായ തപസ് എന്ന റെക്കോർഡിങ് സ്റ്റുഡിയോയുടെ സ്ഥാപകന്‍ കൂടിയായ കൗശിക്കിന്റെ ജീവിതത്തെക്കുറിച്ചാകട്ടെ ഇത്തവണ ലോക സംഗീതദിനത്തിലെ വായന. 

പഴനിയിലേക്കൊരു നുണയാത്ര

പാഷനാണു പാട്ടിനോട് എന്നു പറഞ്ഞാൽപ്പോരാ കൗശിക്കിന് അതിനോടുള്ള ഇഷ്ടം പറയാന്‍. തിളങ്ങുന്ന വേനലുള്ള, കരിമ്പനകള്‍ കാറ്റു വീശുന്ന പാലക്കാട്ടെ തത്തമംഗലമെന്ന കൊച്ചു നാട്ടില്‍ നാലു വയസ്സു മുതൽ പാട്ടു പഠിച്ചു തുടങ്ങി. പാടാന്‍ കഴിവുള്ളൊരു കുഞ്ഞിനെ പഠനത്തോടൊപ്പം പാട്ടും പഠിപ്പിക്കുകയെന്ന സാധാരണ ചിന്താഗതിയേ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നുള്ളൂ. പക്ഷേ പാടി വളര്‍ന്നപ്പോള്‍ അത് മനസ്സിന്നാഴങ്ങളിലേക്കു വേരാഴ്ത്തി. ഇതാണു തന്റെ വഴിയെന്ന് അന്നേ ഉറപ്പിച്ചു. കച്ചേരികളും സായ് ഭജനകളുമായി കടന്നു പോയ ബാല്യ കൗമാരങ്ങള്‍. അങ്ങനെയാണ് ഒരു നാള്‍ ചെന്നൈയ്ക്കു പോകണമെന്ന ആഗ്രഹം തോന്നിയത്. പാട്ടുകാരനാകാന്‍ ചെന്നൈയാണ് ഏറ്റവും വളക്കൂറുള്ള മണ്ണെന്ന് എവിടെയോ കേട്ടിരുന്നു. 

koushik-menon-3

വിഷുവിനും ഓണത്തിനുമൊക്കെ കിട്ടുന്ന ചെറിയ സമ്മാനത്തുകയും ഗാനമേളകളിലൊക്കെ പാടിക്കിട്ടിയ പൈസയും അച്ഛന്റെ പോക്കറ്റില്‍നിന്നു കട്ടെടുത്ത സമ്പാദ്യവുമായി പഴനിയില്‍ ഭജനയ്‌ക്കെന്നും പറഞ്ഞ്‌ പോയി. അന്ന് പത്താം ക്ലാസിലാണ്. ‘പഴനിയില്‍ ഭജനയുണ്ട്, ചേട്ടന്‍മാരോടൊപ്പം പോയി വരാം’ എന്നു പറഞ്ഞായിരുന്നു യാത്ര. സത്യത്തില്‍ അവിടെയൊരു സംഗീത പരിപാടി കൂടാന്‍ പോയതാണ്. മൊബൈല്‍ ഫോണൊന്നും ഇല്ലാത്ത സമയമാണ്. രണ്ടു ദിവസമായിട്ടും വിവരമൊന്നും ഇല്ലാത്തതു കൊണ്ട് കൗശിക് പറഞ്ഞ ചേട്ടന്‍മാരെ അച്ഛന്‍ വിളിച്ചു നോക്കി. അപ്പോഴാണ് കള്ളി വെളിച്ചത്തായത്. തീവണ്ടിക്കു ടിക്കറ്റെടുക്കാന്‍ പോലും അന്നോളം അറിയില്ലായിരുന്നെങ്കിലും ആരില്‍ നിന്നൊക്കെയോ മനസ്സിലാക്കിയതു വച്ച് ചെന്നൈയിലെത്തിപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മടങ്ങി വരുമ്പോള്‍, പൊലീസില്‍ പരാതിപ്പെടാന്‍ തയാറായി നിന്ന അച്ഛന്‍ നല്ല ചൂരല്‍ക്കഷായം നല്‍കിയാണു സ്വീകരിച്ചത്. പക്ഷേ അതിനൊന്നും ചെന്നൈ എന്ന നാട്ടിലേക്കും പിന്നണി ഗായകനെന്ന ലക്ഷ്യത്തിലേക്കുമുള്ള കൗശിക്കിന്റെ യാത്രയെ തടുക്കാൻ കെല്‍പ്പുണ്ടായിരുന്നില്ല.

കൈപിടിച്ച് ജാനകിയമ്മ

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സംഗീതവുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിക്കണമെന്നു വീട്ടില്‍ വാദിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഒരു കസിന്‍ സഹായിച്ച് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി. പാലക്കാട്ടെ ചെമ്പൈ സംഗീത കോളജില്‍ മ്യൂസിക് ഡിപ്ലോമ കോഴ്‌സിനു ചേര്‍ന്നു. വീട്ടുകാരുടെ വിചാരമാകട്ടെ, പ്രീഡിഗ്രി പഠനമെന്നും. കാതോടു കാതോരം പാടി അന്നത്തെ മുന്‍നിര ഗായികയായി തിളങ്ങി നിന്ന ലതിക ടീച്ചര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു അധ്യാപകര്‍. ടീച്ചറുടെ കര്‍ണാട്ടിക് സംഗീത ക്ലാസുകളേക്കാള്‍ ഇഷ്ടം അന്ന് ക്ലാസിലെത്തുമ്പോള്‍ പറഞ്ഞു പാടിച്ചിരുന്ന സിനിമപ്പാട്ടുകളോടായിരുന്നു. കോഴ്‌സും കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് കൗശിക്കിന്റെ ജീവിതത്തിന്റെ വഴിത്തിരിവ് എന്ന പോലെ ജാനകിയമ്മയുടെ സംഗീത പരിപാടി പാലക്കാട്ട് എത്തുന്നത്. 

സംഗീത പരിപാടികള്‍ ഇന്നത്തെയത്രയും പ്രഫഷനല്‍ അല്ലാത്ത കാലത്ത്, ‘ഒരു പാട്ടു പാട്വോ’ എന്ന് എത്ര വലിയ ഗായകരോടും ശ്രോതാക്കള്‍ക്കു ചോദിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന കാലത്ത്, സംഗീതപരിപാടി നടക്കുന്ന നാട്ടിലെ നന്നായി പാടുന്ന കുട്ടികള്‍ക്ക് പാടാന്‍ അവസരം നല്‍കുന്ന കാലത്ത്, കൗശിക്കിനും അങ്ങനെയൊരു അനുഭവമുണ്ടായി. പാട്ടു കേട്ട ജാനകിയമ്മയ്ക്ക് പാട്ടു മാത്രമല്ല പാട്ടു പാടിയ പതിനാറുകാരനെും ഒരുപാടിഷ്ടമായി. സ്‌നേഹം മാത്രമുള്ള ആ മനസ്സ് തന്റെ പാട്ടുയാത്രകളില്‍ ഒപ്പം കൂട്ടിയവരില്‍ ഒരുവനായി കൗശിക്കും. വാല്‍സല്യം തുളുമ്പുന്ന ചിരിക്കൊപ്പം, ചെന്നൈയ്ക്കു പോരുന്നോ എന്നൊരു ചോദ്യവും. പിന്നെന്ത് ആലോചിക്കാന്‍! വീട്ടുകാരുടെ പാതി സമ്മതവും വാങ്ങി, അവിടെപ്പോയി പഠിച്ചോളാം എന്നു വാക്കു പറഞ്ഞ് നാട്ടിലെ പഠനം പാതിവഴിയിലുപേക്ഷിച്ച് ജാനകിയമ്മയ്ക്കൊപ്പം പോയി. പിന്നെ മാസങ്ങളോളം അമ്മയ്‌ക്കൊപ്പം താമസവും സംഗീത പഠനവും. തെന്നിന്ത്യ ആരാധിക്കുന്ന സംഗീത പ്രതിഭകളുമായി ചങ്ങാത്തത്തിലാകുന്നത് അങ്ങനെയാണ്. 

koushik-menon-2

ജാനകിയമ്മയ്‌ക്കൊപ്പം എസ്പിബിയും !

ജാനകിയമ്മ പുതിയതായി പണി കഴിപ്പിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ശേഷമുള്ള വൈകുന്നേര പാര്‍ട്ടി വീടിന്റെ ടെറസില്‍ നടക്കുന്ന സമയം. പാട്ടുകാര്‍ ഒന്നുചേരുന്നിടത്ത് പാട്ടില്ലാതെ എന്താഘോഷം! ജാനകിയമ്മ പറഞ്ഞിട്ട് കൗശിക്കും ഗാനമാലപിച്ചു. നിറകണ്‍ചിരിയോടെ, ഇതെന്റെ കുട്ടി എന്നു പരിചയപ്പെടുത്തുകയും ചെയ്തു. ജാനകിയമ്മയെ ദൈവതുല്യയായി കാണുന്ന എസ്പി ബാലസുബ്രഹ്മണ്യത്തിനും അന്നു മുതല്‍ കൗശിക് അത്രയും വേണ്ടപ്പെട്ടൊരാളായി. ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്നോര്‍ത്ത് ഒരു ദിവസം ജാനകിയമ്മയുടെ വീടു വിട്ടിറങ്ങി. ഒരുപാട് അകലെയല്ലാത്തൊരിടത്ത് വാടകയ്ക്കു താമസം തുടങ്ങി. വീട്ടില്‍നിന്നു തന്നതും ഗാനമേളകളില്‍ പാടിയതുമായി ചെറുതല്ലാത്തൊരു തുക കയ്യിലുണ്ടായിരുന്നു. അതുകൊണ്ട് വാടകയ്ക്കെടുത്തതും വലിയൊരു വീട്. അന്ന് എസ്പിബി മുഖേന കുറേ സംഗീത പരിപാടികളില്‍ പാടാന്‍ അവസരം കിട്ടിയിരുന്നു. പരിപാടി എന്നുമുണ്ടാകുമെന്നും അതിനു പിന്നാലെ പിന്നണി ഗായകനായി പേരെടുക്കുമെന്നുമുള്ള വ്യാമോഹം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രായം. കയ്യില്‍ ഉണ്ടായിരുന്നതും കിട്ടിയതുമെല്ലാം വീട് മിനുക്കാനും ഷോപ്പിങ്ങിനുമൊക്കെയായി പൊടിപൊടിച്ചു. പാട്ടു പാടാം, പണം കിട്ടുമല്ലോ എന്ന ചിന്തയായിരുന്നു കാരണം. പതിയെപ്പതിയെ ആദ്യത്തെ മേളം അവസാനിച്ചു തുടങ്ങി. പരിപാടികളില്‍നിന്നു കിട്ടുന്നത് ജീവിക്കാൻതന്നെ തികയാതെയായി. വാടകയുടെ കാര്യം പറയേണ്ടല്ലോ. വീടുവിട്ടിറങ്ങേണ്ടി വന്നു. വാടകയ്ക്കു വീടെടുക്കുന്ന കാര്യം ചിന്തിക്കേണ്ടിയേ വന്നില്ല. അടുത്തുള്ളൊരു അമ്പലത്തില്‍ അന്തേവാസിയായി താമസം തുടങ്ങി. ഭക്ഷണത്തിനു തന്നെ നന്നേ ബുദ്ധിമുട്ട്. കനിവുള്ളൊരു പൂജാരി ആയിരുന്നു വലിയ ആശ്വാസം. ജാനകിയമ്മയോടോ എസ്പിബിയോടോ അച്ഛനോടോ ചോദിച്ചിരുന്നെങ്കില്‍ നിമിഷനേരം കൊണ്ടു തീരാവുന്നതേയുണ്ടായിരുന്നുള്ളൂ ഈ കഷ്ടപ്പാട്. പക്ഷേ ചെയ്തില്ല. ജീവിതം പഠിക്കേണ്ടത് ഇങ്ങനെയാകണം എന്നു തീരുമാനിച്ചു പോയി. പിന്നെ, സ്‌നേഹം കൊണ്ടു മനസ്സു നിറച്ചവരെ ബുദ്ധിമുട്ടിക്കരുതെന്നും.

പക്ഷേ അപ്പോഴേക്കും ചെന്നൈയില്‍ അത്യാവശ്യം സംഗീത പ്രവര്‍ത്തകര്‍ അറിയുന്നൊരു മുഖമായി കൗശിക് മേനോന്‍ മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രദർശനത്തിനെത്തിയ ഗാനരചയിതാവും തിരിച്ചറിഞ്ഞു. അമ്പലനടയിലെ വാസം എസ്പിബി അറിഞ്ഞു. തിരിച്ചു വിളിച്ച് അടുത്തിരുത്തി ഒത്തിരി വഴക്കു പറഞ്ഞ് കയ്യില്‍ ആവശ്യത്തിനു പണം നല്‍കി, വീണ്ടും പാടാനുള്ള ഊര്‍ജ്ജം പകര്‍ന്നു. അതിനിടയില്‍ ഒരു കോഴ്‌സ് പഠിക്കാനും ചേര്‍ന്നു. 

സംഗീത പരിപാടികളുമായി നടക്കുന്ന കാലത്താണ് റിയാലിറ്റി ഷോകള്‍ ആദ്യമായി വന്നെത്തുന്നത്. അതില്‍ പങ്കെടുക്കണമെന്നുണ്ടായിരുന്നെങ്കിലും പണം, വേദിയിലെ പ്രകടനം തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ വേണ്ടെന്നു വച്ചു. അവസരം തേടിയുള്ള യാത്രയിലായിരുന്നു അന്നെല്ലാം. പാടിയ കാസറ്റുകളുമായി സ്റ്റുഡിയോകള്‍ കയറിയിറങ്ങി. ‘ഞങ്ങള്‍ക്കേ പാട്ടില്ല, പിന്നെയാണ് നിനക്ക്. വേഗം നാട്ടിലേക്കു വിട്ടോ’ എന്നു പറഞ്ഞ് ഭയപ്പെടുത്തിയവര്‍ വരെയുണ്ട്. ആ വാക്കുകൾക്കൊന്നും ഉലയ്ക്കാനാകുമായിരുന്നില്ല കൗശിക്കിന്റെ നിശ്ചയദാർഢ്യത്തെ.

koushik-menon-4

ജീവിതം മുങ്ങിത്താണുപോയിട്ടുള്ള തിരികെ വരവില്‍ ചില പാഠങ്ങള്‍ കൂടി പഠിച്ചിരുന്നു. കോറസ് പാടാന്‍ പോകരുതെന്നും പിന്നെയെന്നും അങ്ങനെതന്നെ നില്‍ക്കേണ്ടി വരുമെന്നുമുള്ള പെരുംനുണയെ പറത്തിവിട്ട് അതു പാടാന്‍ അവസരം തേടിച്ചെന്നു. അങ്ങനെ റഹ്മാന്റെ സംഘത്തില്‍ കോറസ് പാടാന്‍ അവസരമുണ്ടായി. അന്ന് കോറസ് പാടിയവരൊക്കെ വലിയ ഗായകരായി പേരെടുത്തുവെന്ന് കൗശിക് പറയുന്നു.

ഇളയരാജയെ കാണാനെത്തിയത് 69 പ്രാവശ്യം... പ്രചോദനമായി കമല്‍ഹാസന്റെ വാക്കുകള്‍!

പാട്ടുപാടാന്‍ അവസരം തേടി ഇളയരാജയെ കാണാന്‍ ചെന്നത് 69 പ്രാവശ്യമാണ്. പക്ഷേ പേടിയായിരുന്നു അങ്ങനെയെന്തെങ്കിലും ചോദിക്കാന്‍. ഈ കാത്തു നില്‍പ്പ് പലവട്ടം കണ്ട ഇളയരാജ ഒരു ദിവസം ‘തമ്പിയെ’ അകത്തേക്കു വിളിപ്പിച്ചു. ആവശ്യം പറഞ്ഞപ്പോള്‍ ഒരു പാട്ട് പാട് എന്നു പറഞ്ഞു. ഭാരതിയാറിന്റെ ഒരു കീര്‍ത്തനം പാടി. ഒരു ആപ്പിള്‍ കയ്യിലേക്കു വച്ചു കൊടുത്താണ് പാട്ട് പെരുത്തിഷ്ടമായതെന്ന് ഇളയരാജ പറഞ്ഞത്. അകത്തേക്കു പോയി പാട്ട് പ്രാക്ടീസ് ചെയ്‌തോയെന്നും പറഞ്ഞു അതോടൊപ്പം. അന്ന് അവിടെ വേറൊരു പെണ്‍കുട്ടിയും പാട്ടു പഠിക്കാന്‍ എത്തിയിരുന്നു. തമിഴ് തീരെയറിയാത്ത കുട്ടിക്ക് പാട്ടിന്റെ വരികളുടെ അര്‍ഥം പറഞ്ഞു കൊടുക്കുന്നതായിരുന്നു ആദ്യത്തെ പണി. പേരു പറഞ്ഞെങ്കിലും ആളിനെ ഒട്ടുമേ മനസ്സിലായില്ല. ചോക്ലേറ്റ് ഒക്കെ കഴിച്ച് രസകരമായി കുസൃതിയോടെ സംസാരിച്ചിരുന്ന ആ കുട്ടിയാണ് ശ്രേയാ ഘോഷാല്‍ എന്നു മനസ്സിലാക്കിയത് സ്റ്റുഡിയോയിലെ വേറൊരാള്‍ പറഞ്ഞിട്ടാണ്. ശ്രേയ പിന്നീട് ഇന്ത്യന്‍ സംഗീത ലോകം തന്നെ കീഴടക്കി. ശ്രേയയ്‌ക്കൊപ്പം ആദ്യമായി ഒരു ചലച്ചിത്ര ഗാനം പാടാനായതിന്റെയും ജീവിതത്തിലെ ആദ്യ റെക്കോഡിങ് ഇളയരാജയുടേത് ആയതിന്റെയും സന്തോഷത്തിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദിവസമെത്തിയത്. പക്ഷേ കൗശിക്കിന്റെ  സ്വരമില്ലായിരുന്നു ആ പാട്ടുകള്‍ക്കിടയില്‍. അതു മാറ്റപ്പെട്ടിരുന്നു. വല്ലാതെ സങ്കടപ്പെട്ടുപോയ കൗശിക്കിന് ഇളയരാജ തന്നെ ഒരുനാള്‍ ഉത്തരം നല്‍കി. ‘നീ നന്നായി പാടി. ആ പാട്ടിന് നിന്റെ സ്വരവും ഏറെ ചേരുമായിരുന്നു. പക്ഷേ എന്റെ ജീവിതത്തില്‍ എനിക്കാദ്യമായി ഒരു പാട്ട് ചെയ്യാന്‍ അവസരം തന്ന പ്രൊഡ്യൂസര്‍ അദ്ദേഹത്തിനു വേണ്ടപ്പെട്ടൊരാളെ കൊണ്ടുവന്നപ്പോള്‍ വേറെ വഴിയില്ലാതായി’. ആ ധര്‍മസങ്കടം മനസ്സിലാക്കിയതോടെ, തന്റെ സമയമായിട്ടില്ലെന്നു പറഞ്ഞ് മനസ്സിനെ ശാന്തമാക്കി. അന്ന് കമല്‍ഹാസനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 

ശാന്തതയെ ഊര്‍ജമാക്കിയത് കമല്‍ഹാസന്റെ വാക്കുകളായിരുന്നു. ‘ഇളയരാജയെന്ന സര്‍വകലാശാലയില്‍ നീയും അംഗമായി. അദ്ദേഹത്തിന് നിന്റ സ്വരം കേട്ടിഷ്ടപ്പെട്ട് പാട്ടു പാടിച്ചു. അതിനുമപ്പുറം എന്തു വേണം. നിന്നെ ‌ഇനിയും പാട്ടുകള്‍ തേടി വരും. നമ്മുടെ പ്രതിഭ തെളിയിച്ചു കഴിഞ്ഞല്ലോ’. അത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കി. കൂടുതല്‍ ഊര്‍ജത്തോടെ പാട്ടുകള്‍ തേടി യാത്ര വീണ്ടും യാത്ര തുടങ്ങി. ഇതിനിടയില്‍ ആര്‍കെ സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ ആസൈ പറവൈ എന്ന ചിത്രത്തിലൊരു പാട്ടു പാടി. തൊട്ടടുത്ത വര്‍ഷം 2009 ല്‍ നിനൈത്താലേ ഇനിക്കും എന്ന ചിത്രത്തില്‍ വിജയ് ആന്റണിയുടെ സംഗീത സംവിധാനത്തില്‍ പാടിയ പാട്ട് വന്‍ ഹിറ്റ് ആയി. ഒരു പുരസ്‌കാരവും തേടി വന്നു. അന്നൊക്കെ ഒന്നോ രണ്ടോ പാട്ട് വിജയിക്കുന്നവര്‍ക്കും. കുറഞ്ഞ പക്ഷം ഒരു സിനിമയിലെങ്കിലും പാടുന്നവര്‍ക്കും വന്‍ ഡിമാന്‍ഡ് ഉണ്ടായിരുന്ന കാലമാണ്. അങ്ങനെയാണ് താന്‍ ഏറെ ആരാധിച്ചിരുന്ന ഗായകരോടൊപ്പം ഒരു റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി എത്തുന്നത്. റെക്കോഡിങ്ങും റിയാലിറ്റി ഷോ വിധികര്‍ത്താവായുമൊക്കെ നല്ല തിരക്കായി. 

kaushik-with-janaki-amma-and-father

വഴിത്തിരിവായി ആ കൂടിക്കാഴ്ച

അതിനിടയിലും, പാടാന്‍ അവസരം വാങ്ങിത്തരാമെന്ന് ഇടനിലക്കാരായി വന്നു പറ്റിച്ചവരും ഏറെ. അന്ന് അത്രയ്ക്കു പക്വതയേ ഉണ്ടായിരുന്നുള്ളൂ. എസ്പിബിയുടെ പിന്തുണയോടെ തേടിയെത്തിയ ഒരു സംഗീത പരിപാടിക്കിടെ ഒരു രാത്രി ഒരാള്‍ കൗശികിനെ തേടി വന്നു. ‘പാട്ട് നന്നായി ഇഷ്ടപ്പെട്ടു. ഞാനൊരു ബിസിനസ്‌കാരനാണ്. പക്ഷേ ഇപ്പോള്‍ അല്‍പം ഡൗണ്‍ ആണ്. താങ്കള്‍ക്ക് നന്നായി സംസാരിക്കാനറിയാം. ചെന്നൈയിൽ അത്യാവശ്യം സെലിബ്രിറ്റികളുമായി പരിചയം കാണുമല്ലോ. എന്റെ കയ്യിലുള്ള പ്രോഡക്ട് വില്‍ക്കാന്‍ സഹായിക്കാമോ’ എന്നായിരുന്നു ചോദ്യം. 

ഇപ്പോഴും ആഗ്രഹിച്ച പോലെ സിനിമയില്‍ ഒരു പാട്ടു പോലും പാടിയിട്ടില്ലാത്ത തന്നോടുള്ള ചോദ്യത്തിനു നോ പറയാന്‍ മടിയുണ്ടായിരുന്നില്ല. പക്ഷേ നിര്‍ബന്ധം കൂടിയപ്പോള്‍, സംഗതി കൊള്ളാമെന്നു തോന്നി. പഞ്ചസാര ഇറക്കുമതി ചെയ്ത് ഹോള്‍സെയ്ല്‍ ആയി വില്‍ക്കുന്നതാണ് പരിപാടി. പക്ഷേ കഴിഞ്ഞ കുറേ നാളുകളായി അതു വിറ്റുപോകുന്നില്ല. ബിസിനസുമായി യാതൊരു ബന്ധവും ഇല്ലായിരുന്നുവെങ്കിലും എന്തുകൊണ്ടോ അതിനോടൊരു ആകര്‍ഷണം തോന്നി. പക്ഷേ ആരോട് ചോദിക്കാനാണ് പഞ്ചസാര വേണമോ എന്ന്. വിചാരിച്ച പോലെ തന്നെ തുടക്കം മോശമായിരുന്നു. അന്നൊക്കെ ഫെയ്‌സ്ബുക്ക് പോലെ ഓര്‍ക്കുട്ട് കത്തി നില്‍ക്കുന്ന സമയമാണ്. ഓര്‍ക്കുട്ടില്‍ ഒരു സന്ദേശമിട്ടു. പഞ്ചസാര ഹോള്‍സെയ്ല്‍ ആയി വാങ്ങുന്നവരുണ്ടോയെന്ന്. ഓര്‍ക്കുട്ടിലെ ചങ്ങാതിയാണ് അതിനൊരു ഉത്തരം നല്‍കിയത്. ആദ്യ പടി വിജയിച്ചു. അത്യാവശ്യം ലക്ഷങ്ങള്‍ കയ്യിലേക്കെത്തി. ഇത്തരത്തില്‍ സാധനങ്ങള്‍ ചരക്കിറക്കി വില്‍പന നടത്തുന്ന ഇടനിലക്കാരനായതോടെ ബിസിനസ് കൊഴുത്തു. പാട്ടും ഇതിനോടൊപ്പമുണ്ടായിരുന്നു. 

തപസ് എന്ന സ്വപ്‌നഭൂമിക

kaushik-shreya

ആ സമയത്ത് പാട്ടും ഒപ്പമുണ്ടായിരുന്നു. ബിസിനസിന്റെ തിരക്കിനിടയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു കുറേ പരിപാടികള്‍ പോയി. അതിലൊരുപാടു സങ്കടമുണ്ട്. പക്ഷേ കുറ്റബോധമില്ല. കാരണം അവസരം തേടിയുള്ള അലച്ചിനിടയില്‍ കണ്ട ചില മുഖങ്ങളുണ്ട്. റെക്കോഡിങ് സ്റ്റുഡിയോയുടെ മൂലയ്ക്ക് ചികിത്സയ്‌ക്കെങ്കിലുമുള്ള പണം കിട്ടുമോ എന്നറിയാന്‍ വന്നിരുന്ന പഴയ പാട്ടുകാരുടെ മുഖം, അല്ലെങ്കില്‍ പാട്ടിനു വേണ്ടി ജീവിതം മാറ്റി വച്ചു പഴകിയവരുടെ മുഖം. അവരൊന്നും വെറും പാട്ടുകാര്‍ ആയിരുന്നില്ല. ഒരുകാലത്ത് ഹിറ്റ് സോങ്ങുകള്‍ പാടി തിളങ്ങി നിന്നവരായിരുന്നു. പക്ഷേ ജീവിക്കാന്‍ മറന്നുപോയി. പ്രായമേറിയപ്പോള്‍ മരുന്നിനും വാടകയ്ക്കുമായി സ്റ്റുഡിയോകള്‍ തോറും കയറിയിറങ്ങേണ്ട അവസ്ഥയായി. കണ്ണുനിറഞ്ഞു പോകുമായിരുന്നു അന്നേരമൊക്കെ. അതൊരു തിരിച്ചറിവായിരുന്നു. പാട്ടു മാത്രം പോരാ പൈസയും കൂടി വേണമെന്ന്. ബിസിനസിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അങ്ങനെയാണ്. 

ആ യാത്രയാണ് തപസ് എന്ന റെക്കോഡിങ് സ്റ്റുഡിയോ വരെയെത്തിയത്. ഒരിക്കല്‍ കണ്ടു കൊതിച്ച പാട്ടുകാരെല്ലാം അവിടെ വന്നുപോകുന്നു. സ്വപ്‌നം കാണാന്‍ പഠിപ്പിച്ച അവരുടെ സ്വരം സ്വന്തം ഇടത്തിലിരുന്നു കേള്‍ക്കാനാകുന്നു... പാട്ടു മോഹിച്ച് ചെന്നൈയിലെത്തി, ഭക്ഷണത്തിനുതന്നെ നന്നേ ബുദ്ധിമുട്ടി, പാട്ടു തേടി സ്റ്റുഡിയോകള്‍ തേടിയലഞ്ഞ പതിനാറുകാരനില്‍നിന്ന് പാട്ടുകാരെ കൊതിപ്പിക്കുന്ന സ്റ്റുഡിയോയുടെ ഉടമയിലേക്കുള്ള യാത്ര എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങളില്‍ ചിലതു പോലെ തീക്ഷ്ണവും മനോഹരവുമാണ്. 

ഇപ്പോള്‍ ബിസിനസിനോടു ബൈ പറഞ്ഞ് പാട്ടിനായി മാത്രം ജീവിക്കുകയാണ് കൗശിക്ക്. എങ്കിലും ബിസിനസുകാരനെന്തിനാ പാട്ട് എന്ന മട്ടില്‍ സംഗീത ലോകത്തെ പലരും ചോദിച്ചിട്ടുണ്ട്. ‘സ്വന്തം കാറും വീടും ഉണ്ടെന്നറിഞ്ഞപ്പോള്‍, നിങ്ങള്‍ക്കെന്തിനാ പാട്ട് എന്നു ചോദിച്ചിട്ടുണ്ട് മലയാളത്തിലെ ഒരു പ്രമുഖ സംഗീത സംവിധായകന്‍. അതാണ് ഏറ്റവും വേദനിപ്പിക്കുന്നത്. എന്തിനാണ് അവര്‍ എന്റെ ജോലിയെയും എന്റെ ഇഷ്ടത്തെയും ഒരുമിച്ചു കാണുന്നതെന്നു മനസ്സിലാകുന്നില്ല. പാട്ടിനോട് അത്രയും ഇഷ്ടമുണ്ടായിട്ടല്ലേ ബിസിനസ് ഒക്കെ വിട്ട് ഇപ്പോഴും എവിടെ പാടാന്‍ വിളിച്ചാലും പറന്നെത്തുന്നത്.’ - കൗശിക് ചോദിക്കുന്നു.

‘ഇന്നുവരെയും എടുത്തുപറയാനൊരു വന്‍ ഹിറ്റ് ഗാനം പാടിയിട്ടില്ല. അതില്‍ സങ്കടമുണ്ട്. പക്ഷേ സിനിമയില്‍ പാടിയാലേ പാട്ടുകാരനാകൂ എന്ന ചിന്തയില്ല. പാടാനറിയുന്നവരെല്ലാം പാട്ടുകാരാണ്. പാട്ടാണ് ഏറ്റവും വലിയ സന്തോഷം. പാടാനറിയുന്ന എല്ലാവരും ഗായകരാണ്. അവര്‍ പാടില്ല, ആ പാട്ട് ശരിയല്ല എന്നു പറയുന്നതിനോടൊന്നും എനിക്കു യോജിപ്പില്ല. എല്ലാവരിലും സംഗീതമുണ്ട്. അത് ഓരോ തരത്തിലാണ് പുറത്തുവരുന്നതെന്നു മാത്രം. അതിനെ ആസ്വദിക്കാനാകണം. ഞാന്‍ അങ്ങനെയാണു ചിന്തിക്കുന്നത്’. 

തമിഴില്‍ ഹാപ്പിയാണ്, പക്ഷേ!

‘പാട്ടില്‍ വന്‍ ഹിറ്റുകളൊന്നുമില്ലെങ്കിലും വിഷമമില്ല. പാട്ടുകള്‍ പാടാനാകുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നതിനാല്‍ അതിലൊന്നും ഒരു തരി പോലും ദുഃഖമില്ല. തമിഴില്‍ മുന്നൂറോളം ചിത്രങ്ങളില്‍ പാടി. അതിലൊത്തിരി സന്തോഷമുണ്ട്. തമിഴിലെ എല്ലാ പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനായി. തമിഴിലെ പാട്ടുകളുടെ കാര്യത്തില്‍ പൂര്‍ണ സംതൃപ്തനാണ്. പക്ഷേ എപ്പോഴും ആഗ്രഹമുണ്ടാകില്ലേ മലയാളത്തില്‍, സ്വന്തം ഭാഷയില്‍ പാടണമെന്ന്. തമിഴില്‍ ഇനിയും കുറേ പുതിയ പാട്ടുകള്‍ ഇറങ്ങാനുണ്ട്. മലയാളത്തില്‍ പാട്ടു പാടാനായെങ്കിലെന്ന് ആഗ്രഹിച്ചു നടക്കുന്ന കാലത്താണ് മെജോ ജോസഫ് ചെന്നൈയില്‍ ഒരു നാള്‍ എന്ന സിനിമയിലേക്കു പാടാന്‍ വിളിക്കുന്നത്. മെജോയോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.’

മറക്കില്ല ഈ മനുഷ്യരെ!

ജീവിതത്തില്‍ ആദ്യമായി റെക്കോർഡ് ചെയ്ത ഗാനം പുറത്തു വന്നില്ലെങ്കിലും അന്ന് ഒപ്പം പാടിയ ശ്രേയാ ഘോഷാലിനൊപ്പം വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഗാനം പാടാനായതിന്റെ സനതോഷത്തിലാണിപ്പോള്‍. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയില്‍ ശ്രേയയ്‌ക്കൊപ്പം ഒരു ഡ്യുയറ്റ് പാടി. അന്ന് നല്ലൊരു ചങ്ങാതിയെപ്പോലെയാണ് റെക്കോർഡിങ് കഴിഞ്ഞ് മടങ്ങിയതെങ്കിലും ശ്രേയ വലിയൊരു ഗായികയായപ്പോള്‍ കാണാനൊരിക്കലും ശ്രമിച്ചിട്ടില്ല. അവസരത്തിനു വേണ്ടിയാണെന്നു കരുതിയാലോ എന്ന ഭയമായിരുന്നു.

എസ്പിബി അങ്കിള്‍ ആയിരുന്നു സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. അമ്പലത്തില്‍ കയറുന്ന പോലെ തോന്നുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എന്നെ സഹായിച്ചതിനെക്കുറിച്ച് ഒരു വാക്കു പോലും പറഞ്ഞില്ല. അതാണ് വ്യക്തിത്വം. ജാനകിയമ്മ, ചിത്രച്ചേച്ചി എന്നിവരുമായുള്ള ആത്മബന്ധവും അതുപോലെയാണ്. നല്ല കുറേ മനുഷ്യരുമായുള്ള സ്‌നേഹബന്ധമാണ് ചെന്നൈ സമ്മാനിച്ചത്. പാട്ടു മതിയെന്നു പറഞ്ഞപ്പോള്‍ എതിര്‍ത്ത അച്ഛനും അമ്മയും ഇപ്പോള്‍ കുട്ടികളെ നമ്മള്‍ കെട്ടഴിച്ചു വിടണമെന്നു മറ്റുള്ളവരോടു പറയാറുണ്ട്. അച്ഛനും അമ്മയും ആണ് ജീവിതത്തിലെ ഏറ്റവും വലിയ ശക്തികള്‍. അവരുടെ പ്രാര്‍ഥന ഒപ്പമുണ്ടായിരുന്നതു കൊണ്ടാണ് ഇതുവരെ എത്താനായത് എന്നാണ് എന്റെ വിശ്വാസം. അച്ഛന്റെ പേര് ഗോവിന്ദന്‍ കുട്ടി. അമ്മ അമ്പിളിയും. ഞാന്‍ ഒരാളേയുള്ളൂ അവര്‍ക്ക്. അവരുടെ സന്തോഷമാണ് എനിക്കെല്ലാം. 

ഒരുപക്ഷേ ഞാന്‍ വീട്ടുകാരെ അനുസരിച്ച് അവിടെ നിന്നിരുന്നുവെങ്കില്‍ ഇത്രയേറെ ജീവിതാനുഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എല്ലാവരോടും എനിക്കു പറയാനുള്ളതും ഇത്രയേയുള്ളൂ. മനസ്സിലൊരു ലക്ഷ്യമുണ്ടെങ്കില്‍ അതുമായി യാത്ര ചെയ്യണം. ഒറ്റയ്ക്കായിരിക്കണം അത്. വിഷമങ്ങള്‍ കുറേയുണ്ടാകും. പക്ഷേ നമ്മള്‍ സത്യസന്ധതയും ആത്മാര്‍ഥതയും ഉള്ളവരാണെങ്കില്‍ അവസാനം നിറഞ്ഞു ചിരിക്കാനുള്ളൊരു കാര്യം നമുക്ക് കിട്ടുക തന്നെ ചെയ്യും. എസ്പിബി അങ്കിളിനോടും ചിത്രച്ചേച്ചിയോടും ജാനകിയമ്മയോടും ഒന്നും പാട്ടു കിട്ടാന്‍  ശുാപര്‍ശ ചെയ്യണമെന്നു പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അവര്‍ ചെയ്‌തേനെ. പക്ഷേ പാട്ടിന്റെ ലോകം അപ്രതീക്ഷിതമാണ്. നമ്മള് പാടി എന്നു കരുതി ചിത്രത്തില്‍ പാട്ട് ഉള്‍പ്പെടുത്തണമെന്നില്ലല്ലോ. അത് എനിക്കും അവര്‍ക്കും ഒരുപോലെ വിഷമുണ്ടാക്കുമെന്നതിനാല്‍ പറഞ്ഞില്ല. 

വയറു മാത്രമല്ല കണ്ണും നിറയ്ക്കണം...ഒപ്പം പാട്ടും

ഞാന്‍ നേരത്തേ പറഞ്ഞില്ലേ എനിക്കു വേണ്ടി മാത്രം ജീവിക്കാനല്ല ആഗ്രഹമെന്ന്. നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകുന്നത് മറ്റുള്ളവര്‍ക്കു കൂടി എന്തെങ്കിലും ചെയ്യുമ്പോഴാണ്. വയറു നിറയെ ഭക്ഷണം നല്‍കുന്നതിനോടൊപ്പം കണ്‍നിറയെ കാഴ്ചകള്‍ കാണിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ട്. അതാണ് ഇനിയുള്ള സ്വപ്നം. ഇപ്പോള്‍ എന്നെക്കൊണ്ടു കഴിയുന്നത് ചെയ്യാറുണ്ട്. അതു വിപുലപ്പെടുത്തണം. സ്വന്തം നിലയിലുള്ള സ്ഥാപനമായിരിക്കും അത്. നിരാലംബര്‍ക്ക് ആഹാരവും വസ്ത്രവും നല്‍കി താമസിപ്പിക്കുന്നൊരു ഇടം മാത്രമായിരിക്കില്ല. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഒരുപാടുണ്ടല്ലോ. എന്റെ ലക്ഷ്യം യാത്രകള്‍ കൊണ്ടുപോകുക എന്നതാണ്. വീട്ടിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പോലും സന്ദര്‍ശിക്കാത്ത എത്രയോ പേര്‍ നമുക്കിടയിലുണ്ട്. അവര്‍ക്കതിന് പ്രാപ്തിയില്ലായിരിക്കും. പക്ഷേ അതിയായ ആഗ്രഹം കാണും. യാത്ര പോകാന്‍ ആരും കൈപിടിക്കാനില്ലാത്തവര്‍ക്കൊപ്പം യാത്രകള്‍ ചെയ്യണം. സ്റ്റുഡിയോയും പാട്ടും മാത്രമേ ഇപ്പോഴുള്ളൂ. അതില്‍നിന്ന് ഇതിനൊക്കെയുള്ള വരുമാനം കണ്ടെത്താനാകും എന്ന പ്രതീക്ഷയുണ്ട്. എനിക്കെല്ലാവരോടും പറയാനൊന്നേയുള്ളൂ. ജീവിതത്തിലൊരു ലക്ഷ്യമുണ്ടെങ്കില്‍ ഒന്നും നോക്കാതെ ഒരു യാത്ര പോകണം. വഴിയില്‍ കല്ലും മുള്ളുകളും ഒക്കെയുണ്ടാകും. പക്ഷേ അവസാനം ലക്ഷ്യങ്ങള്‍ക്കപ്പുറമുള്ള എന്തോ ഒന്നു നമ്മെ തേടി വരും എനിക്കുറപ്പുണ്ടത്. - കൗശിക് പറയുന്നു.

ഒരു പുഴയെ ഒരിക്കലേ കാണാന്‍ കഴിയൂ എന്നാരോ പറഞ്ഞിട്ടുണ്ട്. മഴയും അതുപോലെ തന്നെ. ചിലനേരം രണ്ടും നമ്മുടെ ഹൃദയം തൊട്ട് മനസ്സില്‍ മഴവില്ലു തീര്‍ത്തു കടന്നു പോകും. ചില മനുഷ്യരോടു സംസാരിക്കുമ്പോഴും അങ്ങനെയാണ്. അതിലൊരാളാണ് കൗശിക്ക്. അയാളോടു സംസാരിച്ചിരിക്കുമ്പോൾ, ഹൃദയം പറയുന്നതു കേട്ടു സഞ്ചരിക്കൂവെന്ന് നമ്മോടു നാലു ദിക്കില്‍ നിന്നും ഒരായിരം സ്വരങ്ങള്‍ പറയുന്ന പോലെ തോന്നും. ചുരങ്ങളും ചതുപ്പുകളും താണ്ടിയൊഴുകിയ ആ ജീവിതത്തിൽ അത്രമാത്രം അടിയൊഴുക്കുകളുമുണ്ടായിരുന്നല്ലോ.