Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിപ്പീറ്റ് മോഡിൽ സീതാകല്യാണം: നിറഞ്ഞ ചിരിയോടെ രേണുക അരുണും

sita-kalyanam-solo

മനസിലേക്കു പിന്നെയും പെയ്തിറങ്ങുന്നൊരു മഴ പോലെയാണ് ചില പാട്ടുകളും ചില സ്വരങ്ങളും. നമ്മുടെ ചിന്തകളിൽ വന്നണഞ്ഞു മാഞ്ഞു പോകുന്ന വികാര വിക്ഷോഭങ്ങളോട് എപ്പോഴും ചേർന്നലിഞ്ഞു നിൽക്കുന്നു അവ. സോലോയിലെ സീതാകല്യാണം എന്ന ഗാനം പിന്നെയും പിന്നെയും കേട്ടിരിക്കുമ്പോൾ ഈ വാക്കുകളാണ് എഴുതാൻ തോന്നുന്നത്. പഴംതമിഴ് പാട്ടിന്റെ ചേലുള്ള സീതാകല്യാണം എന്ന വാക്കിനെ പോലെയാണീ പാട്ടും. നല്ലൊരു ഗാനം കേട്ടു എന്നതുപോലെ നല്ലൊരു ഗായികയെ കൂടിയാണ് മലയാളി പരിചയപ്പെട്ടത്. രേണുക അരുൺ. കർണാടിക് സംഗീതമാണു ശ്വാസനിശ്വാസങ്ങളിലെന്ന് പറയുന്ന പാട്ടുകാരിയെ തേടിയെത്തിയതാണു ഈ പാട്ട്. ഐടി പ്രൊഫഷണലും സംഗീത അധ്യാപികയും എഴുത്തുകാരിയുമൊക്കെയായ രേണുക അരുണിനോടൊപ്പം. 

സീതാ കല്യാണം കേട്ടുകൊണ്ടേയിരിക്കുമ്പോള്‍...

 ഇങ്ങനെയൊരു ഗാനം കടന്നുവരും ഒരിക്കലും എന്റെ ചിന്തയിൽ പോലുമുണ്ടായിരുന്നില്ല. അതുപോലെ അപ്രതീക്ഷിതമാണ് ആ പാട്ടിനു ശേഷം എന്നെ തേടി വന്ന സന്ദേശങ്ങളും. പാട്ട് റിപ്പീറ്റ് മോഡിലിട്ട് കേൾക്കുകയാണ് എന്നൊക്കെയാണ് ഒത്തിരിപ്പേർ പറഞ്ഞത്. ഫെയ്സ്ബുക്കില്‍ അറിയാവുന്നവരും അറിയാത്തവരും ഒറുപാട് സന്ദേശങ്ങൾ വന്നു. സുഹൃത്തുക്കൾക്കിടയിൽ ചെന്നാലും ഓഫിസിൽ ചെന്നാലും എന്നെ അറിയാവുന്ന ആരുടെ അടുത്ത് ചെന്നാലും ഇപ്പോൾ ആദ്യം പറയുന്നത് പാട്ടു കേട്ടു എന്നാണ്. 

നമ്മുെട സംഗീത മേഖലയിലെ ഗായകരും സംഗീത സംവിധായകരും ഒക്കെ അഭിനന്ദനം അറിയിച്ചിരുന്നു. അവരുടെ ഇഷ്ടം പറഞ്ഞിരുന്നു. അതുപോലെ തെലുങ്കിൽ ഒരു ഗാനം പാടിയിരുന്നു. അവിടെയുള്ള സംവിധായകരും സന്ദേശം അയച്ചിരുന്നു. വെസ്റ്റേണിൽ തുടങ്ങി കർണാടിക് സംഗീതത്തിലേക്കു പോകുന്ന ശൈലിയാണു പാട്ടിന്. 'രാധാരഗസിയമേ' എന്ന സ്ഥലത്തൊക്കെ പക്കാ കർണാടിക് ശാസ്ത്രീയ സംഗീത ശൈലിയാണ്. എന്നിട്ടും സംഗീതം പഠിച്ചവർക്കും സാധാരണക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറി. അതാണ് ഏറ്റവും വലിയ സന്തോഷം. ഗാനം ചിത്രത്തിലെത്തുന്ന സാഹചര്യമൊന്നും കാണാതെ തന്നെ ആ സന്ദര്‍ഭത്തിന്റെ അർഥം ആളുകളിലേക്കെത്തി.. സിനിമയിലെ ആ സിറ്റ്വേഷനും അതുപോലെയാണ്. അവിസ്മരണീയമൊരു അനുഭവം ആകും അത്.  

പിന്തുടരുന്ന സ്വരം!

ഒരുപാട് സന്തോഷം തന്നെ പ്രതികരണങ്ങൾ ഒത്തിരിയുണ്ട്. എങ്കിലും നമ്മുടെ സ്വരത്തെ കുറിച്ച് പറയുമ്പോൾ അനുഗ്രഹീതയായപോലെ തോന്നും. ഒരുപാട് ആത്മവിശ്വാസം തരുന്ന വാക്കുകളാണ് അത്. 'ഹോണ്ട് ചെയ്യുന്ന സ്വരം' എന്നാണ് ഒരുപാടുപേർ പറഞ്ഞത്.

വീടും പാട്ടും!

പെരുമ്പാവൂരാണ് ജനിച്ചതും വളർന്നതും. മാർ അത്തനേഷ്യസ് കോളജിലാണ് പഠിച്ചത്. അച്ഛനും അമ്മയും എനിക്കൊപ്പമാണ് താമസം. ഇപ്പോള്‍ പെരുമ്പാവൂർ ആലുവ റൂട്ടിലെ മഞ്ഞപ്പെട്ടിയെന്ന സ്ഥലത്താണ് താമസിക്കുന്നത്. ഒരു ചേട്ടനുണ്ട് എനിക്ക്. കുടുംബസമേതം ദോഹയിലാണ്. ഭർത്താവ് അരുൺ. അദ്ദേഹവും എന്നെപ്പോലെ ഐടി മേഖലയിലാണ്. ആനന്ദിതയാണ് ഞങ്ങളുടെ മകൾ. അവൾ മൂന്നാം ക്ലാസിൽ പഠിക്കുന്നു.

എട്ടര വരെ നീളുന്ന ജോലി, പിന്നെ പാട്ട്, എഴുത്ത്...

14വർഷമായി ഐടി ഫീൽഡിലാണ് ഞാൻ. പാട്ട്, ഫാമിലി, ജോലി, മോളുടെ പഠനം എല്ലാം ഒന്നിച്ചു കൊണ്ടുപോകുന്നതെങ്ങനെയെന്ന് എല്ലാവരും ചോദിക്കാറഉണ്ട്. വീട്ടിൽ നിന്ന് ഭയങ്കര സപ്പോർട്ട് ആണ് എനിക്ക് തരുന്നത്. പിന്നെ ടൈം മാനേജ്മെന്റ് നന്നായിട്ടുണ്ട്. ഇതു രണ്ടുമാണ് ഇക്കാര്യങ്ങളെല്ലാം ഒന്നിച്ചു കൊണ്ടുപോകാൻ സഹായിക്കുന്നത്. ഇവൈ എന്ന കമ്പനിയിലാണ് ആറു വർഷമായി ഞാന്‍. അവിടെ നല്ല വർക് കൾച്ചറാണ്. നല്ല സപ്പോർട്ടാണ് അവിടെ നിന്നും. 

ഐടി ഫീല്‍ഡല്ലേ. നല്ല സമ്മർദ്ദമൊക്കെയുണ്ടായിരുന്നു ആദ്യമൊക്കെ. ഡെഡ്‍ലൈൻസ് വരുമ്പോഴൊക്കെ ഭയങ്കര സമ്മർദ്ദമാണ്. പിന്നീട് അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. പാട്ട് സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള മെഡിസിനായി. പിന്നെ പാട്ടു പോലെ തന്നെ ഇഷ്ടമാണ് എനിക്കീ ജോലിയും. രാവിലെ 11.30 ക്ക് തുടങ്ങി രാത്രി എട്ടര വരെ നീളുന്ന ജോലി. രാത്രി വീട്ടിലെത്തുമ്പോൾ ഒരു നേരമാകും.  ജോലിയുടെ ഭാഗമായി വെല്ലുവിളികളൊക്കെ നേരിടേണ്ടി വരാറുണ്ട്. ആ വെല്ലുവിളിയോടു തന്നെ എനിക്കൊരു ഹരമുണ്ട്. ഒരുപക്ഷേ അതൊക്കെയാകും. ഇങ്ങനെ ജോലി, സംഗീതം, കുടുംബം എന്ന സർക്കിളൊക്കെ ഒരുവിധം നന്നായിട്ട്, വിജയകരമായിട്ട് കൊണ്ടുപോകാൻ സാധിക്കുന്നതിനു പിന്നിലെ കാര്യവും. പിന്നെ ഞാൻ പറഞ്ഞല്ലോ വീട്ടിൽ എല്ലാവരും വലിയ പിന്തുണയാണ്. അതാണ് പ്രധാന കാര്യം. എന്റെ സപ്പോർട്ട് സിസ്റ്റം. ഐടി ഫീൽഡ് ഉപേക്ഷിച്ച് പൂർണമായും സംഗീത രംഗത്തു മാത്രം നിൽക്കാനുള്ള സ്വാതന്ത്ര്യവും അവർ തന്നിട്ടുണ്ട്. എനിക്കൊപ്പമുണ്ട് എന്തായാലും ഉണ്ട് എന്നൊരു നിലപാടാണ് അവർക്ക് എപ്പോഴും. അതാണ് എന്നെയിങ്ങനെ നിലനിര്‍ത്തുന്നത്. ഇപ്പോൾ ആത്മ എന്നു പേരിട്ട് കാക്കനാട് ഒരു സംഗീത വിദ്യാലയവും ആരംഭിച്ചിട്ടുണ്ട്. 

കലോത്സവങ്ങളിലെ താരമായിരുന്നല്ലോ? സിനിമ സംഗീത മേഖലയിലെ മത്സരങ്ങളോട്...

എന്റെ കാഴ്ചപ്പാടിൽ കലയിൽ മത്സരം ആവശ്യമില്ല. പക്ഷേ കായിക രംഗത്തു വേണം. അതിന്റെ ഭംഗി പുറത്തുവരണമെങ്കിൽ മത്സരം വേണം. പക്ഷേ കലയുടെ കാര്യത്തിൽ അത് ആവശ്യമില്ല. ഞാൻ അത്തരം മത്സരത്തിനില്ല താനും. എനിക്ക് ഇഷ്ടമുള്ള, ആരാധിക്കുന്ന നല്ല കഴിവുള്ള ഒരുപാട് കുട്ടികളുണ്ട്. അതൊക്കെയൊരു സന്തോഷമാണ്. 

സംഗീതവും ഞാനും രണ്ടല്ല, ഒന്നാണ്. അതെന്റെ ഉള്ളിലുള്ളതാണ്. അത് തരുന്ന സമാധാനവും ശാന്തിയും മത്സരം എന്ന ഘടകം വന്നുചേർന്നാൽ ഇല്ലാതാകും. കോംപറ്റീഷൻ വന്നാൽ എനിക്ക് സംഗീതം തരുന്ന ആനന്ദം ഇല്ലാതാകും. അതുകൊണ്ടാണ് മത്സരത്തിനില്ല എന്നു പറഞ്ഞത്.

പക്ഷേ ഇന്നത്തെ കാലത്ത് സംഗീത രംഗം ഒരു കരിയര്‍ ആയി തിരഞ്ഞെടുത്താൽ അത്യാവശ്യം സ്വയം മാർക്കറ്റിങ് ആവശ്യമാണ്. അതിനോടൊക്കെ എനിക്ക് യോജിപ്പേയുള്ളൂ. പക്ഷേ എന്റെ സ്വന്തം കാര്യത്തിൽ മത്സരം എന്നതിനെ ഞാൻ മാറ്റിനിർത്തുകയാണ്. മത്സരങ്ങൾക്കും അവസരങ്ങൾക്കും ഉപരിയായി എന്നെ ഞാനാക്കി നിലനിർത്തുന്ന കാര്യമാണ് സംഗീതം എന്നത്. 

ഞാൻ കർണാടിക് സംഗീതത്തെ ഒരുപാടിഷ്ടപ്പെടുന്ന ആളാണ്. കർണാടിക് സംഗീതം തന്നെ നന്നായി ഉപയോഗിച്ചാൽ നമുക്ക് മുന്നോട്ടു പോകാനുള്ള സാധ്യത വളരെ വലുതാണ്. ആത്മാർഥതയോടെ  ആത്മവിശ്വാസത്തോടെ അതിനൊപ്പം നില്‍ക്കണം എന്നു മാത്രം. അതിനപ്പുറം നല്ല ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ കിട്ടുക, ആളുകൾ തിരിച്ചറിയുക എന്നതൊക്കെ ഒരു ഭാഗ്യം കൂടിയാണ്. 

സംഗീതം എന്റെ ഉള്ളിലുള്ളതാണ്. എന്റെ എല്ലാ വികാരങ്ങളും സംവദിക്കുന്നത് അഥവ എക്സ്പ്രെഷൻ ഓഫ് ഓൾ ഇമോഷൻസ് ആണ് സംഗീതം. എന്റെ ചുറ്റിലും അതുണ്ട്. ഞാൻ പാടുന്നത് മാത്രമല്ല, ഞാൻ കേൾക്കുന്ന സംഗീതത്തെ കുറിച്ചു കൂടിയാണ് ഇങ്ങനെ പറ‍ഞ്ഞത്. 

എല്ലാ പാട്ടിനും ഒരു വിധിയുണ്ടെന്ന് വിശ്വസിക്കുന്നൊരാളാണ്. നല്ല പാട്ടുകൾ നമ്മൾ പാടിയാലും ചിലപ്പോൾ ചിത്രത്തിന്റെ നല്ലതിനും അതിന്റെ അന്തരീക്ഷത്തിനുമനുസരിച്ച് പാട്ടുകൾ ഒഴിവാക്കപ്പെടും. അങ്ങനെ സംഭവിച്ചിട്ടുണ്ട് എനിക്കു തന്നെ. അതുകൊണ്ട് എന്നെ സംബന്ധിച്ച് അക്കാര്യത്തിലും ഒരു ടെൻഷനുമില്ല. 

എത്രയാണ് നമുക്ക് പാട്ടുകാർ! വന്നുചേരട്ടെ അവരെല്ലാം

സിനിമയിൽ തന്നെ ഒരുപാട് ഗായകരുണ്ട്. പുതിയതായി ഒത്തിരിപ്പേർ വന്നുകൊണ്ടുമിരിക്കുന്നു. അതൊരു നല്ല കാര്യമായിട്ടാണ്. എനിക്ക് തോന്നിയിട്ടുള്ളത്. പുതു സ്വരങ്ങൾ എപ്പോഴും സിനിമയിലേക്കെത്തിക്കുന്നൊരു ട്രെൻ‍‍ഡ് കൊണ്ടുവന്നത് എ.ആര്‍.റഹ്മാൻ സർ ആണ്. മലയാളത്തിൽ ആ ഒരു മാറ്റം വന്നത് കഴിഞ്ഞ  എട്ടു പത്ത് വർഷത്തിനിടയിലാണ്. ആ ഒരു മാറ്റം വലുതാണ്.  അത് ഒരുപാട് അവസരങ്ങൾ നമുക്കു കൊണ്ടുത്തരും. ഒരുപാട് ഇടം സൃഷ്ടിക്കും ആ നീക്കം. ഞാൻ ഉൾപ്പെടെയുള്ളവർ സിനിമയിൽ പാടിയത് ആ ഒരു മാറ്റത്തിന്റെ ഭാഗമായിട്ടാണ്. അതൊരു വെല്ലുവിളിയാകുന്ന സാഹചര്യമാണന്ന് എനിക്ക് തോന്നിയിട്ടില്ല. വളരെ പോസിറ്റിവ് ആയ കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

അതുമാത്രമല്ല, ഇന്റർനെറ്റിന്റെ ഒരു സ്വാധീനവും വളരെ വലുതാണ്. നമ്മുടെ കഴിവുകളെ ആർക്കും പിടിച്ചുവയ്ക്കാനാകില്ല. ആരുടെയും സൗകര്യത്തിന് കാത്തുനിൽക്കാതെ കലയിലുള്ള നമ്മുടെ എന്ത് കഴിവും അവതരിപ്പിക്കാനുള്ള ഇടവും ഈ ഇന്റർനെറ്റ് ലോകം ഒരുക്കുന്നുണ്ട്. ഇന്‍ഡിപെൻഡന്റ് മ്യൂസിക് നന്നായിട്ട് വളർന്നു വരുന്നുണ്ട്. പണ്ടൊന്നും അങ്ങനെയൊരു കാര്യമേയുണ്ടായിരുന്നില്ല. അതുകൊണ്ട് സംഗീതത്തെ സംബന്ധിച്ചുണ്ടാകുന്ന മാറ്റങ്ങൾ നല്ലതാണെങ്കിൽ അത് പുതിയ സംഗീതാനുഭവമായിരിക്കും ഇനിയുള്ള കാലത്തിന് സമ്മാനിക്കുന്നത്. 

എഴുത്തും സംഗീതവും

ഒരിക്കലും എഴുതണം, എഴുത്തുകാരിയാകണം എന്നൊന്നും വിചാരിച്ചിട്ടില്ല. അങ്ങനെയങ്ങ് സംഭവിച്ചു പോയതാണ്. ഒന്നു രണ്ട് ആർട്ടിക്കിൾ എഴുതാനുള്ള അവസരം കിട്ടി. അത് ഇഷ്ടപ്പെട്ടതോടെ ആ മാധ്യമം ഒരു കോളം തരികയായിരുന്നു.

ഞാൻ ഒത്തിരി വായിക്കാറുണ്ട്. അതുകൊണ്ടാണ് എനിക്ക് എഴുതാനാകുന്നത്. മ്യൂസികിനെ കുറിച്ചുള്ള എഴുത്ത് വളരെ പാഷനേറ്റ് ആയിട്ട് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്ന കാര്യങ്ങളെല്ലാം നമുക്ക് സന്തോഷം പകരുമല്ലോ. മാത്രമല്ല, എഴുത്തിനു വേണ്ടി വീണ്ടും സംഗീതവുമായി ബന്ധപ്പെട്ടുള്ള വായന നമുക്കും ഊർജവും ആത്മവിശ്വാസവും പകരും.  അതുകൊണ്ട് വായനയ്ക്കും സംഗീതവുമായി ബന്ധപ്പെട്ട റിസർച്ചിനും കുറച്ചുകൂടി സമയം കണ്ടെത്തണം എന്നാണ് ഞാൻ ഇപ്പോൾ കരുതിയിരിക്കുന്നത്. 

എനിക്ക് എപ്പോഴും പ്രിയം ഈ ഈണങ്ങൾ!

എപ്പോഴും പാടാനാകുന്ന പാട്ടുകളെ കുറിച്ച് ചോദിച്ചാൽ, കീർത്തനങ്ങളാണെങ്കിൽ കൂടി ഒരുപാടുണ്ട്. സ്വിച്ച് ഇടുന്ന പോലെ എപ്പോൾ വേണമെങ്കിലും പാടാൻ കഴിയുന്നത്. സ്വാതി തിരുനാളിന്റെ ഭജനം, ചലിയേ കുഞ്ച്നമോ, എന്നതവം, കുറൈഒൻട്രും ഇല്ലൈ അങ്ങനെ കുറേയെണ്ണം. സിനിമ പാട്ടുകളെപ്പോഴും ഒരു സേഫ് സോണിൽ നിന്നാണ് പാടുന്നത്. എല്ലാ പാട്ടുകളുടേയും വരി എന്റെ ഓർമയിൽ നിൽക്കണമെന്നില്ല, പിന്നെ അതുപോലെ പാടി ഫലിപ്പിക്കാൻ എനിക്ക് കഴിയണമെന്നില്ല. അതെല്ലാം നോക്കിയിട്ടാണ് പാടുന്നത്. പാട്ടുപാടിയുറക്കാം, എംഎസ് സുബ്ലലക്ഷ്മി പാടിയ കാട്രിനിലേ വരും ഗീതം എന്നൊരു പഴയപ്പാട്ട്, ഈ ഗാനത്തിന് ഒരു അമ്പത് വർഷമെങ്കിലും പഴക്കം കാണും. അതൊക്കെയാണു ഞാൻ പലപ്പോഴും പാടാറുള്ളത്. ഇന്നെനിക്ക് പൊട്ടുകുത്താൻ, ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി...ഈ ഗാനങ്ങളും എപ്പോഴും പാടാൻ ഇഷ്ടമുള്ള കൂട്ടത്തിലുള്ളതാണ്. 

എന്താ പറയുക ഈ വാക്കുകളോട് എന്നറിയില്ല!

സംഗീത സംവിധായകൻ പ്രശാന്ത് പിള്ള, ലവ്ഡ് യുവര്‍ വോയ്സ്...സൂപ്പർ ഡിയർ എന്ന് പറഞ്ഞാണ് മെസേജ് അയച്ചത്. വോയ്സ് നല്ലതാണെന്നു കേൾക്കുന്നതു തന്നെ ഒരുപാടു സന്തോഷമുള്ള കാര്യമല്ലേ? ഒത്തിരി സംഗീത സംവിധായകരും അഭിനന്ദിച്ച് സന്ദേശം അയച്ചിരുന്നു. 

പിന്നെ എനിക്ക് ഒരുപാട് കൗതുകം തോന്നിയ ഒരു കാര്യമുണ്ട്. റെക്കോര്‍ഡിങ് സമയം മുതല്‍ക്കേ സംഗീത സംവിധായകൻ സൂരജ്.എസ്.കുറുപ്പ് പറഞ്ഞുകൊണ്ടിരുന്ന കാര്യം. അതേ കമന്റ് പിന്നീട് എന്നോട് പലരും പറഞ്ഞു,

യൂ റിമെംബര്‍ മീ ബോംബെ ജയശ്രീ...എന്നായിരുന്നു ആ കമന്റ്. ഞാൻ പാടുന്ന ശൈലിക്ക് ബോംബെ ജയശ്രീയുമായി സാമ്യമുണ്ടെന്ന്. എനിക്കറിയില്ല. ആദ്യം അതൊരു കൗതകം മാത്രമായിരുന്നു. കാരണം, ഞാന്‍ അത്രയേറെ ആരാധിക്കുന്നൊരു വ്യക്തിത്വമാണ് അവർ. ആരാധന എന്നു പറഞ്ഞാൽ അത്രമാത്രമുണ്ട്. ശാന്തമായ നിഗൂഢമായ ഗാംഭീര്യമുള്ള സ്വരമാണ് ബോംബെ ജയശ്രീയുടേത്. ശാന്തി പകരുന്ന ആലാപനം. അതാണ് ജയശ്രീ. ബോംബെ ജയശ്രീക്ക് ഓസ്കർ നോമിനേഷൻ ലഭിച്ചപ്പോൾ ഞാന്‍ കിട്ടാൻ വേണ്ടി വലിയ പ്രാർഥനയിലായിരുന്നു. അത്രയേറെയാണ് ആരാധന. അപ്പോൾ അതിലും വലിയൊരു അഭിനന്ദനം മറ്റൊന്ന് എനിക്ക് കിട്ടാനില്ലല്ലോ. 

കർണാടിക് സംഗീതത്തെ അതിന്റെ എല്ലാ പൂർണതയോടും ഭംഗിയോടും കൂടി പാടുന്ന ഗായികയാണ് ബോംബെ ജയശ്രീ. സിനിമ സംഗീതത്തിലേക്കു വരുമ്പോൾ അതിലേക്കും വളരെ അനായാസമായി അവരുടെ സ്വരം ലയിച്ചു ചേരുന്നു. കർണാടിക് സംഗീതത്തിൽ നിൽക്കുന്നവർ അധികം സിനിമയിലേക്കു വരുന്നില്ല, വരുന്നവർക്കു തന്നെ ഇങ്ങനെ സിനിമ സംഗീതത്തോട് ഇഴുകിച്ചേരാൻ പാടാണ്. കർണാടിക് സംഗീതത്തേയും സിനിമ സംഗീതത്തേയും ഒരുപോലെയാണ് അവർ കൊണ്ടുപോകുന്നത്. 

എന്റെ സംഗീത ഇഷ്ടങ്ങളും ആരാധനയും ഒരു ലക്ഷ്യവും അവരിലാണു ചേർന്നു നില്‍ക്കുന്നത്. ഞാന്‍ അവതരിപ്പിക്കുന്ന ഒരു കച്ചേരിക്ക് എന്നെങ്കിലും ബോംബെ ജയശ്രീയുടെ ഒരു നിലവാരത്തിലെത്താനാകണം എന്നാണ് എന്റെ ഗോൾ. 

സീതാകല്യാണത്തിന്റെ റെക്കോര്‍ഡിങ്

എല്ലാക്കാലത്തും ഓർമയിൽ തെളിഞ്ഞു നില്‍‌ക്കുന്നൊരു റെക്കോര്‍ഡിങ് ആയിരിക്കുമത്. ആ പാട്ടിനോട് വന്നപോലൊരു പ്രത്യേക സ്നേഹം ആ സംഗീത സംവിധായകനോടുമുണ്ട്. ഞാൻ എറണാകുളത്ത് മറ്റൊരു റെക്കോര്‍ഡിങിന് പോയതാണ്. അവിടെ വച്ചാണ് സൂരജിനെ കാണുന്നത്. സൂരജ് വളരെ ഫ്രണ്ട്‍ലിയായിട്ടാണ് സംസാരിച്ചു തുടങ്ങിയത്...ചേച്ചിയെ എനിക്കറിയാം...ചേച്ചി ആ തെലുങ്ക് പാട്ട് പാടിയ ആളല്ലേ? എന്നൊക്കെ ചോദിച്ച് സംസാരിച്ചു തുടങ്ങി. എന്റെ അനിയന്‍മാരോട് അല്ലെങ്കിൽ കസിൻസിനോടൊക്കെ തോന്നുന്നൊരു അടുപ്പമാണ് സൂരജിനോട് തോന്നുന്നത്. ഒരാളോട് പെട്ടെന്ന് സംസാരിക്കാത്ത, ചങ്ങാത്തത്തിലാകാത്ത ഞാൻ സൂരജിന്റെ കാര്യത്തിൽ അങ്ങനെയേ ആയിരുന്നില്ല. അന്ന് കണ്ട് പിരിഞ്ഞപ്പോൾ ഇങ്ങനെയൊരു പാട്ടിനെ കുറിച്ചൊന്നും സംസാരിച്ചിരുന്നേയില്ല. ഒരാഴ്ച കഴിഞ്ഞാണ് എന്നെ ഞെട്ടിച്ചുകൊണ്ട് സൂരജ് ഈ പാട്ടു പാടാൻ വിളിക്കുന്നത്. 

sooraj kurup സൂരജ് എസ് കുറുപ്

പാട്ടിന്റെ ട്രാക്ക് കേട്ടപ്പോൾ തന്നെ എനിക്കിഷ്ടമായി. സൂരജ് തന്നെയാണ് പാടിയത്. സൂരജിന്റെ സംഗീത സംവിധാനം ഞാൻ പണ്ടേ ശ്രദ്ധിച്ചിരുന്നു. നല്ലൊരു ഗായകനും കൂടിയാണെന്ന് ഇപ്പോൾ കൂടുതൽ മനസിലായി. എങ്ങനെയുണ്ട് പാട്ട് ചേച്ചീ...എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, എന്തായാലും ഇതൊരു ഹിറ്റ് ആകും എന്ന്. സൂരജിന്റെ പാട്ടുകൾക്കെല്ലാം ഒരു പ്രത്യേക ചേലുണ്ട്. നമ്മളെ വളരെ കംഫർട്ട് ആക്കിയിട്ടേ സൂരജ് റെക്കോര്‍ഡിങ് തുടങ്ങാറുള്ളൂ. ചേച്ചി സമയമെടുത്ത് പാടിയാൽ മതിയെന്നു പറഞ്ഞു. മൂന്നു മണിക്കൂർ കൊണ്ടാണ് റെക്കോർഡിങ് പൂർത്തിയാക്കിയത്. 

ഓരോ വരികൾക്കും എന്ത് ഭാവമാണ് നല്‍കേണ്ടതെന്ന് പറയുക മാത്രമല്ല, പാടിയും തന്നു. അതുകൊണ്ട് അത് പാടി ഫലിപ്പിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല‌. റെക്കോർഡിങിൽ രണ്ടു മൂന്നു സ്ഥലം മാറ്റിപ്പാടി. അങ്ങനെയൊക്കെയായിരുന്നു റെക്കോര്‍ഡിങ്. ഞാൻ എന്റെ കഴിവിന്റെ നല്ല പരിധിയിൽ നിന്നാണ് പാടിയത്. അതുപോലെ എനിക്ക് ഇംപ്രവൈസ് ചെയ്യാനും ആഡ് ചെയ്യാനുമൊക്കെയുള്ള സ്വാതന്ത്ര്യവും സൂരജ് തന്നിരുന്നു. 

പാട്ടിന്റെ റെക്കോര്‍ഡിങ് കൊണ്ടു തീർന്നുപോയൊരു അടുപ്പമല്ല സൂരജുമായിട്ട്. ഇപ്പോഴും വിളിക്കാറുണ്ട്, മെസേജ് അയക്കാറുണ്ട്. അതുകൊണ്ട് ഈ റെക്കോര്‍ഡിങ് മറക്കില്ല. നല്ലൊരു ആത്മബന്ധമുണ്ട്. പാട്ട് എപ്പോൾ റിലീസ് ആകും, അതിന്റെ റെസ്പോൺസ് എന്താണ് വളരെ കൃത്യമായി അപ്‍ഡേറ്റ് നൽകാറുണ്ട് സൂരജ്. 

ചിത്രത്തിന്റെ സംവിധായകൻ പാട്ട് കേട്ടത് പിന്നീടാണ്. അതിനെ കുറിച്ചും സൂരജ് പറഞ്ഞിരുന്നു.സംവിധായകൻ ബിജോയ് നമ്പ്യാർ പാട്ട് കേട്ട് സന്തോഷത്തോടെയാണ് മടങ്ങിയത്, എന്റെ സ്വരം നല്ല ഭംഗിയുണ്ടെന്നു പറഞ്ഞുവെന്നാണ് സൂരജ് പറഞ്ഞത്.സംഗീതത്തോട് പാഷൻ മാത്രമല്ല, വളരെ നിഷ്കളങ്കമായി ഇടപെടുന്നൊരാളുമാണ്. കുേറ ചിത്രങ്ങളിൽ സംഗീതം ചെയ്യണം എന്നതിനേക്കാൾ നല്ല പാട്ടുകൾ ചെയ്യണം എന്ന് ആഗ്രഹിക്കുന്നൊരാളാണ് സൂരജ്. നല്ല സംഗീത ജ്ഞാനവുമുണ്ട്. അപ്പോൾ അങ്ങനെയുള്ളൊരാൾ സംഗീത മേഖലയിൽ കൂടുതൽ ഉയരങ്ങളിലെത്തണമെന്ന്, സംഗീതം പഠിച്ചൊരാൾ എന്ന നിലയിൽ ഒരുപാട് ആഗ്രഹിക്കുന്നു. 

പാട്ടിന്റെ രചയിതാവിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ദുൽക്കർ നായകനാകുന്ന സിനിമയാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും പ്രൗഢമായ ചിത്രമാണ് വരാൻ പോകുന്നതെന്ന് പിന്നീടാണ് മനസിലായത്. അതാണ് അതിലും വലിയ സന്തോഷം. 

സ്വപ്ന വേദി!

മൊസാർട്ടിന്റെ ജന്മദേശമായ സാൽസ്ബർഗിൽ നടക്കുന്ന മ്യൂസിക് ഫെസ്റ്റിവലിൽ എന്റെ കർണാടിക് സംഗീതവുമായി പോകണം എന്നെങ്കിലും എന്നൊരു ആഗ്രഹമുണ്ട്. പിന്നെ തഞ്ചാവൂരിലെ ബൃഹദ്ധീശ്വര ക്ഷേത്രത്തിൽ പാടണം എന്ന ആഗ്രഹമുണ്ട്. ഹിമാലയത്തിലെ മാനസസരോവർ തടാകത്തിന്റെ തീരത്തെവിടെയെങ്കിലും ഒരിടത്തിരുന്ന് പാടണം എന്നത് മറ്റൊരു സ്വപ്നം. യാത്രാവിവരങ്ങൾ വായിച്ച് ഇഷ്ടപ്പെട്ട ആ സ്ഥലം ഞാൻ യാത്ര പോകാൻ ആഗ്രഹിക്കുന്നൊരിടം കൂടിയാണ്. ഹിമാലയവും കൈലാസവും സ്വപ്ന ഇടങ്ങളാണ്. അത് ഞാനൊരു റിലീജിയസ് പേഴ്സൺ ആയതുകൊണ്ടല്ല, സ്പിരിച്വൽ പേഴ്‍സണ്‍ ആണ്. എന്നെ അങ്ങനെയാക്കി നിർത്തുന്നത് സംഗീതമാണ്. അതുകൊണ്ടാണ്.

ഒരുപാട് പാട്ടുകൾ പാടുന്നതിലല്ല, നല്ല ഗാനങ്ങൾ പാടാനാകുന്നതിലാണു കാര്യം എന്നു വിശ്വസിക്കുന്ന ഗായികയാണു രേണുക. മത്സരങ്ങളും പാട്ടുകളും ഏറെയുള്ള സംഗീതലോകത്ത് നിന്ന് ഇങ്ങനെയൊരു നല്ല പാട്ട് അവരെ തേടിച്ചെന്നതും ഒരുപക്ഷേ അതുകൊണ്ടാകും. സീതാകല്യാണം എന്ന ഗാനം കേട്ടിരിക്കുന്ന അത്രയും തന്നെ സുഖമുണ്ട് രേണുകയോട് സംസാരിക്കാൻ. നല്ല ചിരിയുള്ള പാട്ടുകാരി. സംഗീതവും ഞാനും രണ്ടല്ല എന്നത് വർത്തമാനത്തിനിടയിലെ താളത്തിൽ പറഞ്ഞതുമല്ല. രേണുകയുടെ ലേഖനങ്ങൾ വായിച്ചാൽ, അവരുടെ കച്ചേരികൾ കേട്ടാൽ പാട്ടിനെ കുറിച്ച് സംസാരിച്ചാൽ നമുക്കത് മനസിലാകും.