Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രമ്യ നമ്പീശന് ഒപ്പം ഇനിയൊരു ബാന്‍ഡും, ആദ്യ വിഡിയോ മനോഹരം

Remya Nambeesan Remya Nambeesan

നല്ല ചിത്രങ്ങളില്‍ അഭിനയിക്കാനും നല്ല പാട്ടു രംഗങ്ങളില്‍ പാടി അഭിനയിക്കാനും മാത്രമല്ല, സിനിമയില്‍ പാട്ടുകാരിയായും അവസരം കിട്ടുക അപൂര്‍വ്വമാണ്. അങ്ങനെയൊരു അഭിനേത്രിയാണ് രമ്യ നമ്പീശന്‍. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി അഭിനേതാക്കള്‍ തന്നെ പാടുന്ന ട്രെന്‍ഡിനപ്പുറം നിന്ന് പിന്നണി ഗായികയായും തിളങ്ങിയ നായിക. അന്യഭാഷ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ ചെയ്യുന്ന രമ്യ തന്‌റെ ഏറ്റവും പുതിയ തമിഴ് ചിത്രം സത്യയിലെ ഒരു ഗാനത്തിന് തയ്യാറാക്കിയ കവര്‍ വേര്‍ഷന്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. അഭിനേത്രിയും ഗായികയും എന്നതിനൊപ്പം ഒരു ബാന്‍ഡിന്‌റെയും കൂടി ഭാഗമാകുകയാണ് രമ്യ. രമ്യ ഫ്രണ്ട് സിംഗറാകുന്ന രമ്യ നമ്പീശന്‍ എന്‍കോറിന്‌റെ ആദ്യ സൃഷ്ടികൂടിയാണ് ഈ പാട്ട്. സംഗീത വിശേങ്ങളുമായി രമ്യ മനോരമ ഓണ്‍ലൈനിനോടൊപ്പം.

Sathya | Yavvana Song Official Cover Version Feat. Ramya Nambessan & Yazin Nizar | Godfray Immanuel

പാടണമെന്നു തോന്നി

ഞാന്‍ തന്നെ അഭിയിക്കുന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ ആണ് ഇത്്. കല്യാണിയും യാസിന്‍ നിസാറും ചേര്‍ന്നാണ് സിനിമയില്‍ ഈ പാട്ട് പാടിയത്. എന്റെ ശബ്ദത്തില്‍ ഈ പാട്ട് ഇറക്കണമെന്ന് തോന്നി. ആദ്യം ഗാനം കേട്ടപ്പോള്‍ തന്നെ തോന്നിയ ആശയമാണത്. പിന്നെ പാട്ട് പാടി വന്നപ്പോള്‍ എനിക്ക് എന്‌റെ സൗണ്ട് ഇഷ്ടമായി. പാട്ടിന്‌റെ മൂഡിന് എന്‌റെ സ്വരം ചേരുന്നുവെന്നു തോന്നി. അങ്ങനെയാണ് ഈ പാട്ട്് റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ ചിത്രം നവംബര്‍ ആദ്യ ആഴ്ചയില്‍ ആയിരിക്കും റിലീസിന് എത്തുക. 

മരിക്കാത്ത പാട്ടുകള്‍ക്കായി

എന്‌റെ ബാന്‍ഡിന്‌റെ ആദ്യ സൃഷ്ടിയാണിത്. യാസിന്‍ നന്നായി പാടിയിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള പാട്ടു കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് ആലോചിക്കുന്നത്. ഇത് ഒരു ടെസ്റ്റ് ഡോസ് പോലെയാണ് ഇതെങ്ങനെയാണ് എന്ന് നോക്കിയിട്ടു വേണം മുമ്പാട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ഡപ്പാംകൂത്ത് സ്‌റ്റൈയിലില്‍ ഉള്ള പാട്ടുകളാണ് തമിഴില്‍ പാടിയിട്ടുള്ളത്. മെലേഡിയോസ് ആയിട്ടുള്ള പാട്ടുകളും പാടണം എന്നുണ്ട്. നമ്മുടെ ബാന്‍ഡ് ആകുമ്പോള്‍ അങ്ങനെയുള്ള പരീക്ഷണങ്ങളും ആകാമല്ലോ. ഈ പാട്ടിന്‌റെ ഒറിജിനല്‍ വേര്‍ഷനില്‍ നിന്ന് ചെറിയൊരു മാറ്റം വരുത്തിയാണ് പാടിയത്. പാട്ടിന്‌റെ  കവര്‍ വിഡിയോ ഷൂട്ട് ചെയ്തപ്പോള്‍ എന്‌റെ കുറേ ആശയങ്ങളും കൂടി വച്ചാണ് ചെയ്തത്. അത് എനിക്ക് പുതിയൊരു അനുഭവമായി. ടൈറ്റാന്‍ എന്ന തമിഴ് ചിത്രത്തിന്‌റെ സംവിധായകനായ പ്രദീപ് ആണ് കവര്‍ വിഡിയോ സംവിധാനം ചെയ്തത്. പാട്ട് ഞങ്ങള്‍ യുട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നല്ല പ്രതികരണമാണു ലഭിച്ചത്. അതൊരു വലിയ പ്രോത്സാഹനവും ഊര്‍ജവുമാണ്. 

എല്ലാത്തിനേക്കാളുമുപരി ഈ ചിന്ത വരുന്നത് ഒരു കാര്യത്തില്‍ നിന്നാണ്. നമ്മുടെ സിനിമകളില്‍ നല്ല പാട്ടുകള്‍ ഒരുപാടെണ്ണം ഉണ്ടാകുന്നുണ്ട്. പക്ഷേ പാട്ടുകള്‍ ഹിറ്റാകണമെങ്കില്‍ പടം ഹിറ്റാകണം എന്ന രീതി ആയിപ്പോയി. പടം ഹിറ്റായില്ലെങ്കില്‍ അതിലെ പാട്ടുകള്‍ ആരും കേള്‍ക്കില്ല. അങ്ങനെയൊരു അവസ്ഥ വരരുത്. പാട്ടുകള്‍ മരിച്ചുപോകുന്ന അവസ്ഥ. അങ്ങനെയുള്ള ഒരുപാട് പാട്ടുകളുണ്ട് ഇപ്പോഴേ. ഭാവിയിലും ഉണ്ടായേക്കാം. അങ്ങനെയുള്ള പാട്ടുകളുടെ പുനര്‍ജനി കൂടിയാണ് ഈ ബാന്#ഡിലൂടെ ഉദ്ദേശിക്കുന്നത്. അത്തരം പാട്ടുകള്‍ എന്‌റെ സ്വരത്തില്‍ അവതരിപ്പിക്കുക. 

പാട്ടും അഭിനയവും ഒരുമിച്ച്

ഞാന്‍ ഒരു ആക്ടര്‍ കൂടി ആയതുകൊണ്ട് പാട്ടും ആക്ടിങ്ങും ഒരുമിച്ചുകൊണ്ടുപോകാം എന്നാണ് വിചാരിക്കുന്നത്. എല്ലാ പാട്ടുകള്‍ക്കും നല്ലെ വിഡിയോയൊക്കെ തയ്യാറാക്കി അവതരിപ്പിക്കണം എന്നാണ് ആഗ്രഹം. ചില പാട്ടുകള്‍ വളരെ നാടകീയമായി അവതരിപ്പിക്കാന്‍ പറ്റും. ചില പാട്ടുകള്‍ ഇപ്പോള്‍ ഷൂട്ട് ചെയ്തുപോലെ ചെയ്യാന്‍ കഴിയും. ഓരോ പാട്ടുകളുടേയും മൂഡ് അനുസരിച്ചുള്ള വിഡിയ ചെയ്യണമെന്നാണ് ആഗ്രഹം.

എല്ലാം അപ്രതീക്ഷിതം

പാട്ടുകാരിയാകണം എന്നായിരുന്നു പണ്ടേ ആഗ്രഹം. പക്ഷേ എന്‌റെ തൊണ്ട വളരെ സെന്‍സിറ്റീവ് ആയതുകൊണ്ട് അതൊരു പ്രൊഫഷന്‍ ആക്കിയെടുക്കേണ്ടതില്ലെന്ന് ഒരു ഡോക്ടര്‍ പറഞ്ഞതനുസരിച്ച് തീരുമാനിക്കുകയായിരുന്നു. അഭിനേത്രിയായപ്പോഴും പാട്ട് എന്ന മോഹം ഉള്ളിലുണ്ടായിരുന്നു. ആ ആഗ്രഹം പോലെ തീര്‍ത്തും അപ്രതീക്ഷിതമായി കുറേ നല്ല പാട്ടുകള്‍ പാടാനായി. വളരെ അപ്രതീക്ഷിതമായിരുന്നു ആ അവസരമൊക്കെ വന്നത്. 

ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി പോയപ്പോള്‍ അവിടെ ജഡ്ജ് ആയിരുന്നു സംഗീത സംവിധായകന്‍ ശരത് സര്‍. അന്ന് അവിടെ വെറുതെ ഒരു പാട്ടു പാടി. എനിക്ക് നന്നായി പാട്ടുപാടാന്‍ പറ്റുമെന്ന് ആദ്യം പറഞ്ഞത് ശരത് സാറാണ്. കുറേ നാളുകള്‍ക്ക് ശേഷമാണ് പിന്നീട് ശരത് സാര്‍ ഒരു പാട്ട് പാടിച്ചത്. ആണ്ടലോണ്ടെ എന്ന പാട്ട്. ഞാ്ന്‍ എപ്പോഴും പറയാറുണ്ട് പാട്ട് എന്റെ ജീവിതത്തില‍ കിട്ടിയ ഒരു ബോണസ് ആണ് എന്ന്. അതുകൊണ്ടു തന്നെ അഭിനയം എന്ന പ്രൊഫഷനോടൊപ്പം പാട്ടും കഴിയാവുന്നതും നന്നായി ഒപ്പം കൊണ്ടുപോകണം എന്നാണ് ആഗ്രഹം. മ്യൂസിക്കിന്റെ കാര്യത്തില്‍ ഞാന്‍ ഒരു കുട്ടിതന്നെയാണ്. കഴിയുന്ന പാട്ടുകള്‍ എടുത്ത് പാടുക. അത് പരമാവധി നന്നാക്കുക. എനിക്ക് വരുന്ന അവസരങ്ങള്‍ വ്യത്തിയായിട്ട് ഉപയോഗിക്കുക. അങ്ങനയേ ഇപ്പോള്‍ ചിന്തിക്കുന്നുള്ളൂ.

അല്ലെങ്കിലും കുറച്ച് സ്ട്രിക്ട് ആണ്!

പാട്ടുകാര്‍ സ്വരമൊക്കെ നന്നായി കാത്തുസൂക്ഷിക്കുവാനായി തണുത്ത വെളളം കുടിക്കാതിരിക്കുക, ഭക്ഷണത്തില്‍ കുറേ നിയന്ത്രണങ്ങള്‍ വരുത്തുക ഒക്കെ ചെയ്യാറുണ്ട്. പക്ഷേ ഞാന്‍ അതിനു വേണ്ടി മാത്രമല്ല, പണ്ടേ എന്‌റെ തൊണ്ട സെന്‍സിറ്റീവ് ആയതുകൊണ്ട് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യാറുണ്ട്. പാട്ടുകാരിയല്ലെങ്കില്‍ തന്നെ എനിക്ക് തണുത്തവെള്ളം കുടിക്കാന്‍ പാടില്ല . ഭക്ഷണങ്ങളില്‍ കുറേ നിയന്ത്രണം വച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഭക്ഷണ നിയന്ത്രണവും ഡയറ്റിങും ഒരു അഭിനേത്രിക്ക് അത്യാവശ്യമാണല്ലോ. ഷൂട്ടിങും യാത്രകളും ഒക്കെ ആയതുകൊണ്ട് സാധകം ഒന്നും ചെയ്യാറില്ല. 

പാട്ട് ദൈവീകമായ കാര്യമാണ്. അത് എന്നിലുണ്ട്. അതിനെ കാത്തുസൂക്ഷിക്കാന്‍ എന്നെക്കൊണ്ടു കഴിയാവുന്നതെല്ലാം ചെയ്യാറുണ്ട്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സംഗീത പഠനം എന്നത് പരമാവധി പാട്ടുകള്‍ എന്നതാണ്. കഴിയാവുന്ന സമയത്ത് പാടാറുണ്ട്. 

അഭിനേതാക്കള്‍ തന്നെ പാട്ടുകാരാകുമ്പോള്‍ പിന്നണി ഗായകര്‍ക്ക് അവസരം കുറയുന്നില്ലേ

ചില പാട്ടുകള്‍ അവര്‍ക്ക് മാത്രമേ പാടാന്‍ പറ്റൂ. അതും കഥാപാത്രത്തിനു വേണ്ടി. പിന്നെയും ഗാനങ്ങളില്ലേ. നല്ല പാട്ടുകള്‍ നന്നായി പാടുന്ന പിന്നണി ഗായകര്‍ക്ക് വേണ്ടിയുള്ളതാണ്. ഇതിനുവേണ്ടി ജീവിക്കുന്ന ആളുകളാണ് അവര്‍. നല്ല പാട്ടുകള്‍ അവരെ തേടി വരിക തന്നെ ചെയ്യും. പാടാന്‍ കിട്ടുന്ന പാട്ടുകളെ സന്തോഷത്തോടെ സ്വീകരിക്കുക. അവ നന്നായി പാടുക. അത്രേയുള്ളൂ.

ലുക്കും പാട്ടും

വേദികളില്‍ പാടാന്‍ എത്തുമ്പോള്‍ നല്ല ഭംഗിയായി വൃത്തിയായി ആളുകളുടെ മുന്നിലേക്കെത്തുക എന്നത് നല്ല കാര്യമാണ്. നല്ല ശീലമാണ്. ലുക്ക് ഉള്ളതുകൊണ്ട് ഒരിക്കലും സിനിമയോ വേദികളോ നമ്മെ തേടി വരില്ല. നന്മുടെ സ്വരത്തിലും ആലാപന ശൈലിയിലുമാണ് കാര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.