Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടിക്കയറുന്ന ആൻ ആമി!

annie-amie-mammootty

യാഹൂവിലെ ജോലി രാജിവച്ച് സംഗീതത്തിനൊപ്പം മതി ഇനിയുള്ള കാലമെന്നു തീരുമാനിച്ചത് വെറുതെയായില്ല. ദുബായിൽ സംഗീതം പഠിച്ച് അവിടത്തെ വേദികളിൽ പാടിനടന്ന ആൻ ആമി എന്ന പാട്ടുകാരിയുടേതാണ് പോയവര്‍ഷം നമ്മൾ കേട്ട ഏറ്റവും മധുരതരമായ പെൺസ്വരം. പാടിക്കയറി വരുന്ന പാട്ടുകാരിയാണ് ആൻ ആമി. പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘കിളിവാതിലിൻ ചാരെ നീ...’ പിന്നെ ‘പൈപ്പിൻ ചുവട്ടിലെ പ്രണയ’ത്തിലെ ‘കായലിറമ്പില്’ എന്ന പാട്ടും ആനിന്റെ ഹിറ്റുകളാണ്. ഇതിനിടയിൽ തെലുങ്കിലും ശ്രദ്ധേയമായൊരു പാട്ടുപാടി. ആൻ ആമിക്കൊപ്പം കുറച്ചു നേരം. 

കിളിവാതിലിൻ ചാരെ നീ...

പാടിയ പാട്ടുകളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് കിളിവാതിലിൻ ചാരെ നീ എന്നതായിരുന്നു. എം. ജയചന്ദ്രൻ സാറിന്റെ സംഗീതവും എം.ആർ. ജയഗീതയുടെ വരികളുമുള്ള പാട്ട്. എനിക്കിപ്പോഴും ആ പാട്ടിനെ അഭിനന്ദിച്ചു കൊണ്ടുള്ള സന്ദേശങ്ങളും ഫോൺ കോളുകളും വരാറുണ്ട്. ദൈവത്തിന്റെ സമ്മാനമാണ് ആ പാട്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇങ്ങനെയൊരു അവസരം വന്നുചേരുമെന്നു കരുതിയേയില്ല. സ്വപ്നത്തിൽപോലും കാണാത്ത കാര്യമായിരുന്നു അത്. വിശ്വസിക്കാൻ എനിക്കിപ്പോഴും ബുദ്ധിമുട്ടാണ്. 

തെലുങ്കിലും ഇപ്പോൾ ഒരു പാട്ടു പാടി. അതും ഷാൻ റഹ്മാന്റെ സംഗീത സംവിധാനത്തിലാണ്. മലയാളത്തിലും തെലുങ്കിലും ഷാൻ ഇക്കയുടെ പാട്ടു പാടിക്കൊണ്ട് തുടങ്ങാനായി. തെലുങ്കിലെ പാട്ട് സച്ചിൻ വാര്യർക്കൊപ്പമാണ് പാടിയത്. പ്രേമ തൂമീ കാർത്തിക് എന്ന ചിത്രത്തിലേക്കായി. മൂന്നു ദിവസം കൊണ്ട് 30 ലക്ഷത്തിലധികം പേർ യുട്യൂബിൽ ആ ഗാനം കണ്ടു. 

കിളിവാതിലിൻ ചാരെ നീ എന്ന ഗാനം കേട്ടിട്ട് ഉണ്ണി മേനോൻ സാർ, അഫ്സല്‍ യൂസഫ് സർ എന്നിവർ വിളിച്ചിരുന്നു. പാട്ടിന്റെ മേക്കിങ് വിഡിയോയാണ് ആദ്യം പുറത്തുവന്നത്. ആ വിഡിയോ മമ്മൂട്ടി സർ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. എന്നെ സംബന്ധിച്ച് അത് അംഗീകാരങ്ങളാണ്. ഒരിക്കലും ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നേയില്ല.

കഷ്ടപ്പെട്ട് പാടിയതാ...

ഷാനിക്ക (ഷാൻ റഹ്മാന്‍) ആണ് ആദ്യ ഗാനം സമ്മാനിച്ചത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോയിലെ 'ഏതു മേഘമാരി'(റിപ്രൈസ്) എന്ന പാട്ടും പിന്നെ ഹിന്ദിയിലെ ഒരു കവർ ഗാനവും പാടിയതിനു ശേഷം ആ പാട്ടുകള്‍ കുറേ സംഗീത സംവിധായകർക്ക് ഞാൻ അയച്ചു കൊടുത്തിരുന്നു. വിജയ് ബാബുവാണ് എനിക്ക് എം.ജയചന്ദ്രൻ സാറിന്റെ നമ്പർ തരുന്നത്. പാട്ട് കിട്ടിയ ഉടൻ സർ തിരിച്ചു വിളിച്ചു. ഞാനൊരു പാട്ട് അയച്ചു തരാം അത് കുറച്ചു പാടി റെക്കോഡ് ചെയ്ത് തിരിച്ചയക്കാൻ പറഞ്ഞു. പാട്ട് കേട്ടു നോക്കി എന്നെ കൊണ്ടു കഴിയും എന്നുറപ്പിച്ച ശേഷം ഞാൻ പാട്ട് ഓഫിസിലിരുന്നു തന്നെ പാടി തിരിച്ചയച്ചു. നന്നായി പഠിച്ചു പാടി വീണ്ടുമയയ്ക്കാൻ സർ പറഞ്ഞു. അടുത്ത രണ്ടു ദിവസവും അവധിയായിരുന്നു. നാലു പ്രാവശ്യം കൊണ്ടാണ് നന്നായി പാടാൻ കഴിഞ്ഞത്.

അതുകഴിഞ്ഞ് ചെന്നൈയിൽ രണ്ടു ദിവസം റെക്കോഡിങ്ങിനു ചെല്ലാൻ പറഞ്ഞു. ചെന്നൈയിലെത്തിയതും തൊണ്ട വയ്യാണ്ടായി. ഈ രംഗത്തേക്കു വന്നിട്ട് നാലു മാസമേ ആയുള്ളൂ. അതിനിടയിൽത്തന്നെ, നല്ലൊരു പാട്ട് പാടാൻ കിട്ടിയിട്ട് ആ അവസരം കൈവിട്ടു പോകുകയാണല്ലോ എന്നോർത്തു. പാട്ട് പാടാൻ കഴിയാതെ പോകുന്നത് ചിന്തിക്കാനാകുമായിരുന്നില്ല. ആദ്യത്തെ ദിവസം പാട്ടിന്റെ ആദ്യത്തെ ഒരു വരി മാത്രമേ പാടാന്‍ കഴിഞ്ഞുള്ളൂ. അന്ന് വൈകുന്നേരം മുഴുവൻ വോയ്സ് റെസ്റ്റ് എടുത്ത് പിറ്റേന്ന് വൈകുന്നേരമാണ് ആ ഗാനം പാടിത്തീർത്തത്. ഒരുപാടു പ്രയത്നിച്ചാണു പാടിയത്. പാട്ട് ഞാൻ അനായാസം പാടിയ പോലുണ്ട് എന്നാണ് പലരും പറ‍ഞ്ഞ കമന്റ്. പക്ഷേ അങ്ങനെയായിരുന്നില്ല. പാടിക്കഴിഞ്ഞ് കുറച്ചു നാളുകൾക്കു ശേഷമാണ് ജയചന്ദ്രൻ സാറിന്റെ കോൾ വരുന്നത്. പാട്ട് വളരെ നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറ‍ഞ്ഞു. സംവിധായകനും നിർമാതാവിനും പാട്ട് ഒരുപാടിഷ്ടമായി. ആരുേടതാണീ പുതിയ സ്വരം എന്നവർ തിരക്കിയത്രേ... സ്വപ്നതുല്യമായിരുന്നു ആ നിമിഷം. എം.ജയചന്ദ്രൻ സാറിന്റെ ക്ഷമാപൂർവമുളള നിലപാടാണ് എനിക്ക് ഈ പാട്ട് തന്നത്. ആ രണ്ടു ദിവസം അത്രമാത്രം ക്ഷമയോടെയാണ് അദ്ദേഹം വളരെ ജൂനിയറായ എന്നെപ്പോലൊരാളിന്റെ പാട്ടിനു വേണ്ടി നിന്നത്. അതുകൊണ്ട് അതിനുള്ള ഫുൾ ക്രെഡിറ്റും അദ്ദേഹത്തിനാണ്. 

anne-shaan-rahman ആൻ ആമിയും ഷാൻ റഹ്മാനും

സ്പെഷലാണീ പാട്ട്!

ഒരു പാട്ടുകാരിയെ സംബന്ധിച്ച് വ്യത്യസ്തമായ പാട്ടുകൾ കിട്ടുകയെന്നതു വലിയ കാര്യമാണ്. എനിക്ക് അങ്ങനെ കിട്ടിയ പാട്ടാണ് ബിജിബാൽ സാറിന്റെ സംഗീതത്തിൽ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിൽ പാടിയ കായലിറമ്പില്. സർ ആണ് ഒപ്പം പാടിയത്. നമുക്കിതൊരു സംഭവമാക്കണം എന്നു പറഞ്ഞാണ് പാടിത്തുടങ്ങിയത്. പാടിക്കഴിഞ്ഞ് അഭിപ്രായമറിയാൻ ചെന്നപ്പോൾ ഞാൻ അങ്ങോട്ടു ചോദിക്കാതെ തന്നെ അദ്ദേഹം പറഞ്ഞു, ആൻ നന്നായി പാടിയിട്ടുണ്ട് എന്ന്. യുട്യൂബ് ട്രെൻഡിങിൽ ഒന്നാമതെത്തിയ എന്റെ ആദ്യം ഗാനം കൂടിയാണത്.

എക്സ്ട്രാ ഇഷ്ടം!

ഇതൊരു എക്സ്ട്രാ ഇഷ്ടമാണ്. എല്ലാത്തരം പാട്ടുകളും ഇഷ്ടമാണെങ്കിലും ഓപ്പൺ ത്രോട് സിങ്ങിങ് അഥവാ തൊണ്ട തുറന്നു പാടാൻ വലിയ ഇഷ്ടമാണ്. അത്തരം പാട്ടുകളോടും സൂഫി ഗാനങ്ങളോടും ഒരു പ്രത്യേക അടുപ്പമുണ്ട്. അത്തരം പാട്ടുകൾ ഒരുപാടൊരുപാട് കേൾക്കാറുണ്ട്. പാക്കിസ്ഥാൻ ടെലിവിഷൻ സംഗീത പരിപാടിയായ കോക് സ്റ്റുഡിയോയുടെ വലിയ ആരാധികയാണു ഞാന്‍. ആ പരിപാടിയിലെ സൂഫി ഗാനങ്ങൾ കേൾക്കുകയും പഠിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നെ ഒരുപാട് പ്രചോദിപ്പിക്കുന്ന ഒരു കാര്യം കൂടിയാണത്. എന്റെ പാട്ടുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കിളിവാതിലിൻ ചാരെ നീ എന്നതിന്റെ ശൈലിയില്‍നിന്ന് നേരെ എതിരു നിൽക്കുന്ന പാട്ടുകളും കൂടിയാണിവ. 

എന്നെന്നുമുള്ള ഇഷ്ടം രവീന്ദ്രൻ മാസ്റ്റര്‍, ജോൺസൺ മാഷ്, റഹ്മാൻ സർ ഇവരുടെയൊക്കെ പാട്ടുകളോടാണ്. ശങ്കർ മഹാദേവന്റെ ആലാപന ശൈലിയോടും അദ്ദേഹത്തിന്റെ വേദികളിലെ പ്രകടനത്തോടും വലിയ ആരാധനയാണ്. ശങ്കര്‍-ഇഷാൻ-ലോയ് സഖ്യത്തോടൊപ്പം പാടാനുള്ള ഭാഗ്യവുണ്ടായിട്ടുണ്ട്. 

മറക്കില്ല ആ വാക്കുകൾ!

2005ൽ, ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ശങ്കര്‍-ഇഷാൻ-ലോയ് ഷോയിൽ പാടാനായത്; ദുബായിൽ വച്ച്. ആ ഷോയിലേക്ക് അവർ ഒരു മത്സരവും നടത്തിയിരുന്നു. അന്ന് എനിക്കു തീരെ സുഖമില്ലാതിരിക്കുകയായിരുന്നു. എന്നിട്ടും മത്സരത്തിനു പോയി. ഏറ്റവും അവസാനമാണു ഞാൻ പാടിയത്. പാടിക്കഴിഞ്ഞ് ശങ്കർ സാർ പറഞ്ഞ കാര്യം ഞാനൊരിക്കലും മറക്കില്ല- ഇത്രയും സുഖമില്ലാതിരുന്നിട്ടും ഇത്ര നന്നായി പാടുന്നുവെങ്കിൽ, അല്ലാത്തപ്പോൾ എത്ര നന്നായി നിങ്ങൾക്കു പാടാൻ കഴിയും എന്ന്. എന്താ പറയേണ്ടത് എന്നറിയാത്ത അവസ്ഥയിലായി ഞാൻ. ആ മത്സരത്തിലെ മൂന്നു വിജയികളിൽ ഒരാൾ ഞാനായിരുന്നു. അടുത്ത ദിവസം നടന്ന ഷോയിൽ ഞാനും പാടി. കെകെ, സുനീതി ചൗഹാന്‍, മഹാലക്ഷ്മി അയ്യർ എന്നിവരൊക്കെ ആ ഷോയിൽ ഉണ്ടായിരുന്നു.

ഇപ്പോൾ ഹിന്ദുസ്ഥാനി!

സംഗീതമെന്നല്ല ഏതു മേഖലയിലായാലും സ്വയം പഠിച്ചു കൊണ്ടേയിരിക്കുക, അറിവിലേക്കു പുതിയവ കൂട്ടിച്ചേർത്തുകൊണ്ടേയിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഞാനും അതുതന്നെയാണ് ചെയ്യുന്നത്. കർണാട്ടിക് സംഗീതമാണ് എന്റെ അടിസ്ഥാനം. അതാണ് പഠിച്ചു വളർന്നത്. ദുബായിൽ ആയിരിക്കുമ്പോൾ കുറച്ച് ഹിന്ദുസ്ഥാനിയും പഠിച്ചിട്ടുണ്ട്. പക്ഷേ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ പാട്ടു പാടിക്കഴിഞ്ഞതിനു ശേഷം ഹിന്ദുസ്ഥാനിയും കാര്യമായി പഠിച്ചു തുടങ്ങി. എം.ജയചന്ദ്രൻ സാറിന്റെ നിർദേശമനുസരിച്ചായിരുന്നു ആ തീരുമാനം. ഒരു ഭേദവുമില്ലാതെ കുറേ പാട്ടുകൾ കേൾക്കുക, അതിനൊപ്പം പാടുക എന്നതാണ് ഞാന്‍ ഏറ്റവും പ്രധാന്യത്തോടെ ചെയ്യുന്നത്. 

പാടാൻ കൊതിച്ച പാട്ടുകള്‍

അങ്ങനെയുള്ള ഒത്തിരി പാട്ടുകളുണ്ട്. പെട്ടെന്നു മനസ്സിലേക്കു വരുന്ന രണ്ടെണ്ണം പറയാം. തിരയിലെ താഴ്‍വാരം എന്ന പാട്ട്. ഷാനിക്കയുടെ പാട്ട് ഹിഷാമും നേഹ അയ്യരും ചേർന്നാണു പാടിയത്. ആ ഗാനം പാടാൻ കിട്ടിയിരുന്നെങ്കിലെന്ന് കൊതി തോന്നിയിട്ടുണ്ട്. അതുപോലെ ചാർലിയിലെ ഗോപി സുന്ദർ ഗാനം, പുലരികളോ എന്ന ഗാനവും കൊതിപ്പിക്കുന്നതാണ്. 

സംഗീതത്തിനപ്പുറം

സിനിമ കാണാന്‍ ഒത്തിരി ഇഷ്ടമാണ്. പിന്നെ ഫിക്‌ഷൻ നോവലുകൾ. മോഡലിങ് ചെയ്യാനിഷ്ടമാണ്. പക്ഷേ പ്രഫഷൻ ആക്കാൻ താൽപര്യമില്ല. തീർത്തും അപ്രതീക്ഷിതമായി അങ്ങനെയൊരു അവസരം വന്നാൽ ആരും നോ പറയില്ലല്ലോ. ഞാനും അങ്ങനെ തന്നെ. ഒത്തിരി ടെൻഷനോടെ ചെയ്തൊരു കാര്യമാണത്. വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു. വനിത പോലൊരു മാഗസിനില്‍ ഫീച്ചർ ചെയ്യാനൊരു അവസരം വന്നപ്പോൾ ചാടിക്കയറി യെസ് പറഞ്ഞു. അതൊരു ഭാഗ്യം. 

anne-amie ആൻ ആമി

ആ ത്രില്ലിലാണ് ഇപ്പോഴും

മൂന്നും നാലും ക്ലാസുകൾ ഒഴികെ ബാക്കി സ്കൂൾ കാലം ദുബായിൽ ആയിരുന്നു. തൃശൂർ ഭാരതീയ വിദ്യാഭവനിൽ പഠിക്കുന്ന കാലത്താണ് യൂത്ത് ഫെസ്റ്റിവലിലൊക്കെ പങ്കെടുക്കാൻ തുടങ്ങിയത്. സബ് ജൂനിയർ ലെവൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. പിന്നീട് ദുബായിലേക്കു പോയി. അവിടെ ഒരുപാട് മത്സരങ്ങളിലും ഷോകളിലുമൊക്കെ പാടി. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ ആറൂൺ ഇംഗ്ലിഷ് ഹൈസ്കൂളിൽ പഠിച്ചു. പിന്നെ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ബിബിഎ. അവസാന വർഷം യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ സെക്രട്ടറി ആയിരുന്നു. ഏറ്റവുമധികം പാടിനടന്ന, സ്വയം തിരിച്ചറിഞ്ഞ കാലഘട്ടം അതായിരുന്നു. ആ ഒരു ത്രില്ലിലാണ് ഞാൻ ഇപ്പോഴും. 

anne-amie1 ആൻ ആമി

ഉഴപ്പാതെ പാട്ടും പഠനവും

പാട്ടിനൊപ്പം നന്നായി പഠനവും കൊണ്ടുപോകാൻ സാധിച്ചിരുന്നു. അക്കാദമിക് നിലവാരം വളരെ നല്ലതായിരിക്കണം എന്നു നിർബന്ധമുണ്ടായിരുന്നു. 80 ശതമാനത്തിൽ താഴെ മാർക്ക് പോകരുതെന്നും. ക്ലാസിൽ ഒന്നാം സ്ഥാനക്കാരിയൊന്നും ആയിരുന്നില്ലെങ്കിലും മാർക്ക് കുറഞ്ഞിരുന്നില്ല. ഡിഗ്രി അവസാന വർഷം കള്‍ച്ചറൽ സെക്രട്ടറി എന്ന പോലെ എനിക്കൊരു ബാൻഡും ഉണ്ടായിരുന്നു. ആ വർഷം ക്ലാസിൽ കയറിയിട്ടു തന്നെയുണ്ടായിരുന്നില്ല. പിജിക്ക് പഠനത്തിന് കുറേ കൂടി പ്രാധാന്യം നൽകി. ദുബായിലെ യൂണിവേഴ്സിറ്റി ഓഫ് വോളങോങ്ങിൽ മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷനൽ ബിസിനസിലാണ് പിജി ചെയ്തത്. യൂണിവേഴ്സിറ്റിയിൽ ഒന്നാം സ്ഥാനക്കാരി ആയിരുന്നു ആ വർഷം. 

ലുക്കിലൊക്കെ കാര്യമുണ്ട്

ഗായകർ വേദികളിൽ നന്നായി വസ്ത്രം ധരിച്ചു ഭംഗിയായി പോകുന്നത് നല്ല കാര്യമാണ്. അത് ആളുകൾ ശ്രദ്ധിക്കുന്നുമുണ്ട്. നമുക്ക് നിഷേധിക്കാനാകാത്തൊരു കാര്യമാണത്. ഞാൻ ഇക്കാര്യത്തിലൊക്കെ വലിയ ശ്രദ്ധ കൊടുക്കാറുണ്ട്. പക്ഷേ നന്നായി പാടാൻ കഴിഞ്ഞില്ലെങ്കിൽ അതിനു വലിയ പ്രാധാന്യമില്ല. സ്റ്റേജ് പ്രസൻസില്‍ വലിയ പ്രാധാന്യമുണ്ട്. പക്ഷേ ഓഡിയൻസിനെ കയ്യിലെടുക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ കാര്യം. നല്ല ലുക്കും നല്ല പാട്ടും ഒന്നിച്ചെത്തുമ്പോഴാണ് അത് സാധ്യമാകുക എന്നാണെനിക്കു തോന്നാറ്. എങ്കിലും പാട്ടു തന്നെയാണ് ഏറ്റവും വലുത്. 

സ്വപ്നം!

എല്ലാ ഗായകർക്കും കാണും ഒരു സ്വപ്നം. എന്റെ സ്വപ്നം എ.ആർ.റഹ്മാനാണ്. അദ്ദേഹത്തിന്റെ ഒരു ഗാനം പാടണമെന്നും ഒരു വേദിയിൽ ഒപ്പം പാടണമെന്നും വലിയ ആഗ്രഹമായിരുന്നു. ഒരു സിനിമയിൽ ഒരു പാട്ട് പാടണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കുമ്പോഴായിരുന്നു ജോലി കിട്ടുന്നത്. ട്രെയിനിങ്ങിനിടെ അവിടത്തെ എച്ച്ആർ നമ്മുടെ സ്വപ്നത്തെക്കുറിച്ചു ചോദിച്ചപ്പോഴും എ.ആർ.റഹ്മാന്റെ പാട്ട് എന്നായിരുന്നു എന്റെ ഉത്തരം. അവിടെയുണ്ടായിരുന്നവർ ആ ജോലിയുമായി ഒരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞ എന്നെ അന്തംവിട്ട് നോക്കിയിരിക്കുകയായിരുന്നു.

കൂട്ടുകാരും കുടുംബവും

കല്യാണം കഴിഞ്ഞിട്ടായിരുന്നു ഞാൻ പിന്നണി ഗാനരംഗത്തേക്കെത്തിയത്. അപ്പോൾ ഊഹിക്കാമല്ലോ നമുക്കിതുപോലെ ക്രിയാത്മകമായ തിരക്കുള്ള ഒരു രംഗത്ത് ഇങ്ങനെ നില്‍ക്കണമെങ്കിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പിന്തുണ എത്രമാത്രം ഉണ്ടായിരിക്കണമെന്ന്. ഏഴാം വയസ്സിൽ പാട്ടു പഠിക്കാൻ ചേര്‍ത്ത, എല്ലാ മത്സരങ്ങളിലും എനിക്കൊപ്പം വന്ന അച്ഛനേയും അമ്മയേയും പോലെ, ആലാപനത്തിൽ നന്നായി വിമർശിക്കുന്ന അനുജനെപ്പോലെ, അതിരുകളില്ലാത്ത സ്നേഹവും പിന്തുണയുമാണ് അവരും തരുന്നത്.  സ്കൂളിലും കോളജിലും നിന്നു കിട്ടിയ കുറേ കൂട്ടുകാരുണ്ട്. ഞാൻ പിന്നണി ഗാനരംഗത്തേക്കെത്തണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചവർ. ഇവരെല്ലാമാണെന്റെ ശക്തി. 

anne-amie-family ആൻ ആമി ഭർത്താവ് ജീജുവിനോടൊപ്പം

അച്ഛൻ ജോയ് തോമസ്, അമ്മ ബെറ്റി ജോയ്. ദുബായില്‍ ട്രാവൽ ഏജൻസി നടത്തുകയാണ് അച്ഛന്‍. അമ്മ ടീച്ചറാണ്. അമ്മയുടെയും അച്ഛന്റെയും നിർബന്ധമായിരുന്നു മലയാളം നന്നായി പഠിക്കണമെന്നത്. അനിയൻ കെവിൻ തോമസ്. ഞാനും ഭർത്താവ് ജീജുവും അനിയനും ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം. ജീജു ഒരു അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിലെ എച്ച്ആര്‍ വൈസ് പ്രസിഡന്റ് ആണ്. ഞാൻ യാഹൂവിലായിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്നില്ല.