Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശിച്ചിട്ടും കൈവിട്ടില്ല: ദിലീപിനെ അർജുനൻ മാഷ് റഹ്മാനാക്കിയ കഥ

a-r-rahman-arjunan-master എ.ആർ റഹ്മാനും അർജുനൻ മാഷും

വെള്ളം ചേർക്കാത്ത പാലുപോലെയാണ് അർജുനൻ മാഷിന്റെ സംഗീതം’ എന്നു വിശേഷിപ്പിച്ചത് പള്ളുരുത്തിയിലെ ഒരു അയൽവാസിയാണ്. ആ വിശേഷണത്തിനു പിന്നിൽ ഒരു സംഭവകഥയുണ്ട്. അർജുനന്റെ വീട്ടിൽ അമ്മ പാർവതി പണ്ടു പശുക്കളെ വളർത്തിയിരുന്നു. അടുത്തുള്ള വീട്ടുകാർക്കു മാത്രം പാലെത്തിച്ചുകൊടുക്കും. പക്ഷേ, ആവശ്യക്കാർ ഏറിവന്നപ്പോൾ പാലിൽ വെള്ളം ചേർക്കാൻ ഇഷ്ടമില്ലാതെ കച്ചവടമങ്ങു നിർത്തി!

പാലിലായാലും പാട്ടിലായാലും വെള്ളം ചേർത്തു രുചിച്ചുനോക്കിയിട്ടേയില്ല, മാളിയേക്കൽ കൊച്ചുകുഞ്ഞ് അർജുനൻ. പാലരുവിക്കരയിൽ വിടർന്ന പഞ്ചമിപോലൊരു പച്ചപ്പരമാർഥി. മല്ലികപ്പൂവിന്റെ മധുരഗന്ധമുള്ള നൂറുനൂറു സിനിമാഗാനങ്ങളുടെ സ്രഷ്ടാവിനെ അര നൂറ്റാണ്ടുകാലം സർക്കാർ പുരസ്കാരം എത്തിനോക്കാതിരുന്നത് ഈ നിഷ്കളങ്കതകൊണ്ടാണോ? ഉത്തരം: ‘നമ്മൾ അവാർഡിനുവേണ്ടി ഒറ്റപ്പാട്ടും ഉണ്ടാക്കിയിട്ടില്ല. ഒരു പാട്ടിനും അവാർഡ് കിട്ടുമെന്നു വിചാരിച്ചിട്ടുമില്ല. ശുപാർശയ്ക്കായി ശ്രമിച്ചിട്ടില്ല. എന്റെ സിനിമകൾ അവാർഡിനു മത്സരിക്കുന്നുണ്ടോ എന്നുപോലും തിരക്കിയിട്ടില്ല’.

M.K. Arjunan and wife

പറഞ്ഞുതീരുമ്പോൾ അർജുനൻ മാഷിന്റെ മുഖത്തു വിടരുന്നത് എൺപത്തിരണ്ടാണോ വെറും രണ്ടാണോ വയസ്സ് എന്നു തിരിച്ചറിയാനാവാത്ത പാൽച്ചിരി. രാഗങ്ങളുടെ വില്ലു കുലച്ച്, ഈണങ്ങളുടെ അമ്പു കൊരുത്ത് സംഗീതവില്ലാളിയായി ഇങ്ങോളം നടന്നെത്താൻ ഈ അർജുനൻ കുറെ കരഞ്ഞിട്ടുണ്ട്. പാട്ടിന്റെ പഞ്ചമത്തേക്കാൾ പട്ടിണിയുടെ പത്മവ്യൂഹം തളച്ചിട്ട കാലം...

ദുഃഖമേ നിനക്കു 

പുലർകാലവന്ദനം...

ഫോർട്ട് കൊച്ചിയിലെ കോൽക്കളി ആശാനും മൃദംഗം വാദകനുമൊക്കെയായിരുന്ന മാളിയേക്കൽ കൊച്ചുകുഞ്ഞിന്റെയും പാർവതിയുടെയും മകനായി 1936 മാർച്ച് ഒന്നിന് അർജുനൻ ജനിക്കുമ്പോഴേക്ക്, മുൻപേ പിറന്ന 13 സഹോദരങ്ങളിൽ 10 പേരും ഈ ലോകം വിട്ടുപോയിരുന്നു. അർജുനന് ആറു മാസം പ്രായമായപ്പോഴേക്ക് അച്ഛൻ മരിച്ചു. ഇളയ മക്കൾ പ്രഭാകരനെയും അർജുനനെയും വളർത്താൻ പാർവതിക്കു മുന്നിൽ വഴിയടഞ്ഞു. രാമൻ വൈദ്യനെന്ന നാട്ടുകാരനാണു പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രമത്തിലേക്കു വഴിയൊരുക്കിയത്. രണ്ടാം ക്ലാസിൽ പഠിപ്പു നിർത്തി അർജുനൻ നാടുവിടുന്നത് അങ്ങനെയാണ്; ഒപ്പം പ്രഭാകരനും.

ആശ്രമത്തിൽ ഗുരുകുല വിദ്യാഭ്യാസത്തോടൊപ്പം കൈത്തൊഴിലുകളും പഠിച്ചു. വൈകുന്നേരങ്ങളിലെ ആശ്രമപ്രാർഥനയിൽ പ്രഭാകരനും അർജനനും പാടും. അതു കേട്ട് അർജുനന്റെ പാട്ടിന്റെ തനിമ തൊട്ടെടുത്തതു മഠാധിപതി നാരായണഗുരുവാണ്. ആശ്രമത്തിനടുത്തുള്ള വീട്ടിൽ കുമരയ്യ പിള്ളയുടെ ശിക്ഷണത്തിൽ അർജുനനും പ്രഭാകരനും പാട്ടു പഠിച്ചുതുടങ്ങി.

m-k-arjunan-2

ഏഴു വർഷത്തോളം ആശ്രമവാസം. അപ്പോഴേക്ക് ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചുതുടങ്ങി. നാട്ടിലേക്കു തിരിക്കുംമുൻപ് കുമരയ്യ പിള്ള വിളിച്ചുപറഞ്ഞു: ‘നീ (അർജുനൻ) ഇന്നല്ലെങ്കിൽ നാളെ സംഗീതംകൊണ്ടു ജീവിക്കും. ഇവൻ (പ്രഭാകരൻ) ഇരുമ്പുപണിക്കു പോകും’. (പ്രഭാകരൻ പിൽക്കാലത്തു മരിക്കാർ മോട്ടോഴ്സിലെ മെക്കാനിക്കായി!)

കുയിലിന്റെ 

മണിനാദം കേട്ടു...

അർജുനൻ പാട്ടുവഴിക്കുതന്നെ നീങ്ങി. വിജയരാഘവനെന്ന ഗുരുവിനു കീഴിൽ പാട്ടുപഠനം തുടർന്നു. നാടകങ്ങളിൽ പാടാൻ തുടങ്ങി. ക്ലബ്ബുകളിൽ പതിവായി ഹാർമോണിയം മീട്ടാൻ തുടങ്ങി. അർജുനന്റെ വീടിനു മുന്നിലൂടെ മിക്കവാറും നടക്കാൻ പോകുന്ന ഒരച്ഛനും മകനുമുണ്ട്. കഷ്ടിച്ചു രണ്ടു കിലോമീറ്റർ അകലെ താമസിക്കുന്നവർ. അഗസ്റ്റിൻ ജോസഫ് എന്ന ആ അച്ഛനും യേശുദാസ് എന്ന ആ മകനും അർജുനന്റെ വീടിനു മുന്നിലെത്തുമ്പോൾ കുറച്ചുനേരം സംസാരിച്ചു നിൽക്കും. 

പത്രത്തിൽ പ്രസിദ്ധീകരിച്ച, പൊൻകുന്നം ദാമോദരന്റെ ഒരു കവിതയ്ക്കു സംഗീതം നൽകാമോയെന്നു ചോദിച്ച് ഒരു നാൾ ഒരു സംഘം ചെറുപ്പക്കാർ അർജുനനെത്തേടിയെത്തി. തെരുവുനാടകത്തോടൊപ്പം പാടാനാണ്. ഈണമിട്ടു കഴിഞ്ഞപ്പോൾ ആരെക്കൊണ്ടു പാടിക്കുമെന്നായി ചർച്ച. പതിനെട്ടു വയസ്സുപോലുമെത്താത്ത അർജുനന്റെ മനസ്സിൽ വന്നത് നാലഞ്ചു വയസ്സിന് ഇളപ്പമുള്ള യേശുദാസിന്റെ പേരാണ്. ‘അവൻ പാടുമെങ്കിൽ പാടിച്ചോ’ എന്ന് അഗസ്റ്റിൻ ജോസഫ്. നാട്ടിലെ ഒരു ഡോക്ടറുടെ വീട്ടിലെ സ്പൂൾ റിക്കോർഡറിൽ പാടിച്ച് യേശുദാസിന്റെ ശബ്ദം ആദ്യമായി റിക്കോർഡറിൽ പതിയുന്നത്, അൻപതുകളിലെ മധ്യത്തിലെ ഏതോ ഒരു ദിവസമാണ്. പിറക്കുന്നതു ചരിത്രമാണെന്നറിഞ്ഞിരുന്നെങ്കിൽ അന്നാരെങ്കിലും കുറിച്ചുവച്ചേനെ, ആ ദിനം!

yesudas-arjunan-1

മുത്തിനും മുത്തായ 

മണിമുത്ത്...

നാടകത്തിനു സംഗീതം ചെയ്യാൻ അർജുനനെ പറവൂർക്കാരൻ പൗലോസ് വിളിക്കുമ്പോൾ, സംഗീതസംവിധായകനു പതിനെട്ടു വയസ്സ് തികഞ്ഞ​ിട്ടില്ല!. ‘പള്ളിക്കുറ്റം’ എന്ന ആ നാടകത്തിൽ പി.എം.കാസിം രചിച്ച ‘തമ്മിലടിച്ച തമ്പുരാക്കൾ...’ എന്ന ഗാനം മരട് ജോസഫിനെക്കൊണ്ടു പാടിക്കുമ്പോൾ, മലയാളസംഗീതം മറ്റൊരു ചരിത്രസൃഷ്ടിക്കു കാതോർക്കുകയായിരുന്നു. 65 വർഷമെത്തിനിൽക്കുന്ന അർജുനസംഗീതത്തിന്റെ ആരംഭം അവിടെ.

‘എം.ജി.ബേബിയെയാണ് ആ നാടകത്തിന്റെ ഈണം ഏൽപിച്ചിരുന്നത്. പക്ഷേ, വരികൾ മാറ്റിയെഴുതാനുള്ള അദ്ദേഹത്തിന്റെ നിർദേശം അംഗീകരിക്കപ്പെടാതെ എന്നെ വിളിക്കുകയായിരുന്നു’–ആരുടെയെങ്കിലും പകരക്കാരനായി തുടങ്ങിയെന്നു തുറന്നുപറയാൻ മടിയുള്ള കലാകാരൻമാർക്ക് അർജുനന്റെ ഈ വാക്കുകളെ പാഠമായി സ്വീകരിക്കാം. പ്രസിദ്ധ നാടകസമിതികളുടെ സംഗീതകാരനായി അർജുനൻ സ്വീകരിക്കപ്പെടാൻ ഏറെക്കാലം വേണ്ടിവന്നില്ല.

m-k-arjunan

വർഷം 1960. ജി.ദേവരാജൻ എം.കെ.അർജുനനെന്ന സംഗീതത്തെ കണ്ടെത്തിയത് ആ വർഷമാണ്. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നാടകം ‘ഡോക്ടർ’ ഒരുങ്ങുന്നു. ഒരു സഹായിയെ വേണമെന്ന ദേവരാജന്റെ ആവശ്യപ്രകാരം, കാളിദാസയിലെ ക്ലാരനറ്റ് വാദകൻ ടി.ടി.ആന്റണിയാണ് അർജുനന്റെ പേര് നിർദേശിച്ചത്. ‘അർജുനനായാലും ഭീമനായാലും എനിക്കു പറ്റാത്തയാളാണെങ്കിൽ പറഞ്ഞുവിടും’ എന്നു ദേവരാജന്റെ മുന്നറിയിപ്പ്. അർജുനൻ ശരിക്കും വിരണ്ടു. പക്ഷേ, കാലങ്ങളിലേക്കു നീണ്ട ഗുരു–ശിഷ്യ ബന്ധത്തിലേക്കു ദേവരാജസംഗീതം അർജുനനെ സ്വീകരിക്കുകയായിരുന്നു.

ഒരു ദശകം ദേവരാജന്റെ വലംകയ്യായി അർജുനനുണ്ടായിരുന്നു. സിനിമാസംഗീതത്തിന്റെ ശീർഷോന്നതിയിൽ നിൽക്കുമ്പോഴും അർജുനൻ അരങ്ങുകളെ കൈവിട്ടില്ല. ഇപ്പോഴും വർഷത്തിൽ ഒന്നോ രണ്ടോ നാടകങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. മുന്നൂറിലേറെ നാടകങ്ങളിലൂടെ ആയിരത്തിലധികം ഗാനങ്ങളാണു ഈ നാടകയാത്രയിലെ മലയാളത്തിന്റെ സമ്പാദ്യം.

പാടാത്ത വീണയും 

പാടും...

‘കാളിദാസ’യുടെ ‘അച്ഛനും ബാപ്പയും’ നാടകത്തിൽ ജി.ദേവരാജൻ ഈണം നൽകിയ ഒരു ഗാനത്തിന്റെ സംഗീതം മാറ്റാൻ സമിതി ഉടമ ഒ.മാധവനാണു നിർദേശിച്ചത്. ദേവരാജൻ മദ്രാസിൽ സിനിമാത്തിരക്കിലാണ്. അർജുനൻ സംഗീതമിട്ടാൽ മതിയെന്നായി മാധവൻ. ‘മാഷ് ചെയ്തതു ഞാൻ തൊടില്ല. വേണമെങ്കിൽ വേറെ കവിത ഒഎൻവി സാർ എഴുതിത്തന്നാൽ പുതിയ പാട്ടു ചെയ്യാം’ എന്ന് അർജുനൻ. പക്ഷേ, പുതിയ കവിത എഴുതിക്കിട്ടാൻ സമയമുണ്ടായില്ല. സമ്മർദത്തിന്റെ കൊടുമുടിയിൽ അർജുനൻ ആ പാട്ട് മാറ്റിയൊരുക്കി.

നാടകം വന്നു, പാട്ടുകൾ ശ്രദ്ധേയമായി. കുറേ ദിവസം കഴിഞ്ഞ് അർജുനനു ദേവരാജന്റെ കത്ത്: ‘നമ്മൾ തമ്മിലുള്ള ഇത്രയും കാലത്തെ പരിചയവും സ്നേഹവും ഇവിടെ തീർന്നു. ഇനി എന്നെ കാണാൻ വരികയോ കത്തെഴുതുകയോ ഫോൺ ചെയ്യുകയോ പാടില്ല’. സംഗീതസംവിധാനരംഗം തന്നെ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് മനസ്സിനെ ഒരുക്കിയ അർജുനനെ പിന്തിരിപ്പിച്ചതു സുഹൃത്തുക്കളാണ്.

വർഷങ്ങൾ കഴിഞ്ഞു. അർജുനന്റെ മകൻ പ്രസന്നൻ (അനിൽ) തിരുവനന്തപുരത്തു മ്യൂസിക് സ്റ്റുഡിയോ തുടങ്ങുന്നു. ഉദ്ഘാടനത്തിനു ദേവരാജനെ വിളിക്കാൻ മോഹം. രണ്ടും കൽപിച്ച് അർജുനൻ മദ്രാസിൽ ചെന്നു. ഒന്നര മണിക്കൂറിലേറെ കാത്തിരുന്നിട്ടും അകത്തേക്കു വിളിച്ചില്ല. ഭാര്യയോടു പറഞ്ഞിട്ടും പ്രവേശനം കിട്ടിയില്ല. ഒടുവിൽ അർജുനൻ അകത്തേക്കു കയറിച്ചെന്നു. ‘ക്ഷമിക്കണം, മാപ്പു തരണം. സമിതിയുടെ നിലനിൽപിനുവേണ്ടി എനിക്കതു ചെയ്യേണ്ടിവന്നു’–അർജുനന്റെ ക്ഷമാപണത്തിനു മറുപടിയില്ല.

ഏറെ നേരം കഴിഞ്ഞ് പരിപാടിയുടെ തീയതിയേതെന്നാണു ദേവരാജൻ മാഷ് ആദ്യമായി മിണ്ടിയത്. കലണ്ടറെടുത്തു നോക്കി. ആ സമയം ശരിയല്ലെന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഒടുവിൽ ജ്യോത്സ്യനും ദേവരാജനും തമ്മിൽ സംസാരിച്ചു മറ്റൊരു സമയം നിശ്ചയിച്ചു. ഇറങ്ങാറായപ്പോൾ ദേവരാജൻ ചോദിച്ചു: ‘ഉദ്ഘാടനത്തിനു റിക്കാർഡിങ് വേണ്ടേ, പാടാൻ പിള്ളേരുണ്ടോ?’. അർജുനൻ രണ്ടുമൂന്നു പേരുകൾ പറഞ്ഞതൊക്കെ അദ്ദേഹം നിരാകരിച്ചു. ‘അതൊന്നും വേണ്ട, ഭാഗ്യമില്ലാത്തവരാണ്. ഞാൻ കൊണ്ടുവവരാം’. ഉദ്ഘാടനദിവസം സ്വന്തം ചെലവിൽ എട്ടുപത്തു പാട്ടുകാരുമായി അദ്ദേഹം തിരുവനന്തപുരത്തു വന്നു. ദേവരാജസംഗീതത്തിൽ പിറന്ന ആ സ്റ്റുഡിയോ ഇന്നും സംഗീതം പൊഴിച്ചു മുന്നേറുന്നു.

പൗർണമിച്ചന്ദ്രിക 

തൊട്ടുവിളിച്ചു...

‘കറുത്ത പൗർണമി’യിലൂടെ 1968 ൽ സ്വതന്ത്ര സംഗീതസംവിധായകനാകുമ്പോൾ അർജുനനു കൂട്ട് പി.ഭാസ്കരന്റെ വരികളായിരുന്നു. പക്ഷേ, രണ്ടാമത്തെ ചിത്രമായ ‘റസ്റ്റ് ഹൗസി’ലേക്ക് അർജുനനെ ക്ഷണിച്ചത് ശ്രീകുമാരൻ തമ്പിയാണ്. അർജുനസംഗീത കാലത്തിന്റെ ഏറ്റവും ശോഭയുള്ള കൂട്ടുകെട്ടിന്റെ ആരംഭം. ‘ജി.ദേവരാജന്റെ ഹാർമോണിസ്റ്റ് ഈണം നൽകിയാലും എന്റെ പാട്ടുകൾ ശ്രദ്ധിക്കപ്പെടും’ എന്ന വെല്ലുവിളിയുമായി ശ്രീകുമാരൻ തമ്പി ഇറങ്ങിപ്പോയ കാലത്തിന്റെ തുടർച്ച. ആ വെല്ലുവിളി മുഴക്കുമ്പോൾ, ദേവരാജന്റെ ഹാർമോണിസ്റ്റ് അർജുനനെ തമ്പിക്ക് അറിയുകയേ ഇല്ലായിരുന്നു. ‘കറുത്ത പൗർണമിയിലെ എന്റെ പാട്ടുകൾ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് തമ്പിസാർ എന്നെ വിളിച്ചത്’ എന്ന് അർജുനൻ.

തന്നേക്കാൾ നാലഞ്ചു വയസ്സിന് ഇളപ്പമായ ശ്രീകുമാരൻ തമ്പിയെ അർജുനൻ അന്നും ഇന്നും ‘തമ്പിസാർ’ എന്നേ വിളിക്കൂ. തിരിച്ച് തമ്പി വിളിക്കുന്നത് ‘അർജുനാ’ എന്നും. ഇരുനൂറിലധികം സിനിമകളിലായി എഴുനൂറിലേറെ ഗാനങ്ങൾ ഒരുക്കിയ അർജുനൻ മാഷ്, മുന്നൂറോളം പാട്ടുകളും ഒരുക്കിയത് തമ്പിയുടെ വരികളിലായിരുന്നു. ഏറ്റവും ഒടുവിൽ ‘ഭയാനക’ത്തിലെ ഗാനങ്ങൾക്കു സംസ്ഥാന അവാർഡ് എത്തിയപ്പോഴും മാഷിനു കൂട്ടായത് ശ്രീകുമാരൻ തമ്പിയുടെ വരികൾതന്നെ! കാര്യങ്ങൾ കർക്കശമാക്കേണ്ടിടത്ത് അങ്ങനെതന്നെ പറഞ്ഞു ശീലമുള്ള തമ്പിയും മൃദുവായ ഈണത്തിൽ എപ്പോഴും ഇടപെടുന്ന അർജുനനും തമ്മിലുള്ള ബന്ധത്തിലുമുണ്ട്, അതേ ബാലൻസ്. 

സുഖമൊരു ബിന്ദു 

ദുഃഖമൊരു ബിന്ദു...

‘കറുത്ത പൗർണമി’യുടെ സംഗീതസംവിധാനച്ചുമതല വന്നപ്പോൾ, നല്ലൊരു സഹായിയെ വേണമെന്ന് അർജുനൻ ആവശ്യപ്പെട്ടതു ദേവരാജനോടാണ്. വിശ്വസ്തനായ ആർ.കെ.ശേഖറിനെ ദേവരാജൻ ഏൽപിച്ചുകൊടുത്തു. ദേവരാജന് അർജുനൻപോലെ എന്നും അരികത്തുതന്നെയുണ്ടായിരുന്നു, മരണംവരെ ആർ.കെ.ശേഖർ.

മലയാളം കേട്ട എത്രയോ ഹിറ്റ് ഗാനങ്ങളുടെ പിറവി ശേഖറിന്റെ മദ്രാസിലെ വീട്ടിലായിരുന്നു. കംപോസിങ്ങിനിടെ പുറത്തുപോകുമ്പോൾ, അതുവരെ ചെയ്തുവച്ച ഈണം ഹാർമോണിയത്തിൽ വന്നിരുന്നു മീട്ടും, ശേഖറിന്റെ മകൻ ദിലീപ്. സംഗീതത്തോടു മുഴുക്കമ്പം. പയ്യന്റെ പാട്ടിഷ്ടം അർജുനനും ഏറെ ഇഷ്ടമായി. 1976 ൽ ശേഖറിന്റെ അപ്രതീക്ഷിത വിയോഗം. മകനെ ഏതെങ്കിലും സ്റ്റുഡിയോയിൽ കൊണ്ടുപോയി പരിചയപ്പെടുത്തണമെന്നു ശേഖറിന്റെ ഭാര്യയുടെ അഭ്യർഥന. 

1981 ൽ ദിലീപ് എന്ന പതിമൂന്നു വയസ്സുകാരനെക്കൊണ്ട് എവിഎം സ്റ്റുഡിയോയിൽ കീ ബോർഡ് വായിപ്പിച്ച് ‘അടിമച്ചങ്ങല’യിലെ ‘ഏറനാട്ടിൻ മണ്ണിൽനിന്നുണർന്നെണീറ്റിടും...’ എന്ന ഗാനം അർജുനൻ ഒരുക്കി. പിന്നീടു ദിലീപിന്റെ കീ ബോർഡ് സ്പർശമില്ലാതെ അർജുനൻ ഒരു സിനിമയും ചെയ്തിട്ടില്ല. ‘പയ്യനെ കൊണ്ടുനടക്കുന്നതിനെ’ പല പ്രമുഖ സംഗീതസംവിധായകരും വിമർശിച്ചിട്ടും അർജുനൻ അവനിലെ പ്രതിഭയെ കെടുത്തിയില്ല. ദിലീപിൽനിന്ന് എ.ആർ.റഹ്മാനിലേക്ക് ആ കുട്ടി വളർന്നത് ഇന്ത്യൻ സംഗീതത്തിന്റെ ചരിത്രം!

സിനിമ മദ്രാസിൽ കുടിയിരുന്ന കാലത്തും അർജുനൻ പള്ളുരുത്തിയിൽ മാത്രമേ ജീവിച്ചിട്ടുള്ളൂ. ജോലി കഴിഞ്ഞാലുടൻ നാട്ടിലേക്കു മടങ്ങും. പക്ഷേ, ശേഖറിന്റെ മരണശേഷം ആ കുടുംബത്തിനു താങ്ങേകാൻ മാത്രം കുറച്ചുകാലം മദ്രാസിൽ അദ്ദേഹം വാസമുറപ്പിച്ചു. തീർത്തും അവശനായ അവസ്ഥയിൽ ശേഖറിനു ‘ചോറ്റാനിക്കര അമ്മ’യിലെ ഗാനങ്ങളൊരുക്കാൻ ഒപ്പം നിന്ന അർജുനൻ, റഹ്മാന് ആദ്യ  സ്റ്റുഡിയോ സജ്ജമാക്കിക്കൊടുക്കുംവരെ കൂട്ടുകാരന്റെ കുടുംബത്തിനു താങ്ങായിരുന്നു.

ഏറെക്കാലത്തിനു ശേഷമാണ് ഒരു സംവിധായകന്റെ മൂന്നു സിനിമകൾക്ക് അർജുനൻ സംഗീതം നൽകുന്നത്. ജയരാജിന്റെ നായിക, വീരം, ഭയാനകം എന്നീ ചിത്രങ്ങൾ അർജുനന്റെ സംഗീതപ്പൊട്ടുകൾ തൊട്ടു. സംഗീതസംവിധാന വഴിയിൽതന്നെയുണ്ട്, അർജുനന്റെ മകൻ അശോകനും അശോകന്റെ മകൻ മിഥുൻ അശോകനും. 

mk-arjunan

‘ഭയാനക’ത്തിലെ മുഴുവൻ ഗാനങ്ങളുടെയും പ്രോഗ്രാമർ മിഥുനായിരുന്നു. അർജുനന്റെ ഇളയ മകൾ ശ്രീകല നർത്തകിയാണ്. രേഖയും ഗീതയും മറ്റു മക്കൾ. പ്രണയത്തിലൂടെ സ്വന്തമാക്കിയ ഭാര്യ ഭാരതിയെ നീട്ടിവിളിക്കുമ്പോൾപ്പോലും അർജുനൻ മാഷ് ഒരു പാട്ടു മൂളുകയാണെന്നേ തോന്നൂ.

പതിനാറു തവണ നാടകസംഗീതത്തിനു സംസ്ഥാന അവാർഡ് ലഭിച്ച അർജുനൻ മാഷിന്, സിനിമയിൽ ഒരിക്കലും തേടിയെത്താത്ത സംസ്ഥാന ബഹുമതി തന്റെ ചിത്രത്തിലൂടെയാകണമെന്ന സ്വകാര്യ രഹസ്യം ജയരാജ് പലരോടും പങ്കുവച്ചിരുന്നു. ആ അവാർഡിന്റെ കാറ്റ് പള്ളുരുത്തിയിലെ ‘പാർവതി മന്ദിരം’ കയറിവന്നപ്പോൾ കസ്തൂരിഗന്ധം നിറ‍ഞ്ഞത് അർജുനന്റെ പാട്ടുകൾക്കായിരുന്നില്ല, ആ ബഹുമതിക്കുതന്നെയായിരുന്നു!