Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ ഗാനവും സിനിമയും ഇറങ്ങിയില്ല, പക്ഷേ ?

Kailas-menon1 കൈലാസും ഭാര്യ അന്നപൂർണയും

പരസ്യങ്ങള്‍ക്കു നിമിഷങ്ങൾ മാത്രമേ ദൈര്‍ഘ്യമുള്ളൂ. വളരെ കുറച്ചു സമയമേ ഉള്ളൂവെങ്കിലും ചില പരസ്യങ്ങളുടെ ആത്മാവായ സംഗീതത്തെ, സിനിമയിലെ പാട്ടുകള്‍ പോലെ നമ്മള്‍ ഏറ്റുപാടും. നമ്മുടെ ഓര്‍മകളുടെ ഭാഗമാകും ആ സംഗീതവും. പക്ഷേ അത്തരം പരസ്യങ്ങളിലെ പാട്ടുകള്‍ ആരാണ് ചെയ്തതെന്ന് അധികമാർക്കും അറിവുണ്ടാകില്ല. പരസ്യ ലോകത്ത് അവര്‍ ഏറെ പ്രശസ്തരാണെങ്കിലും ജനകീയരാകാറില്ല. പരസ്യ ലോകത്ത് പത്തു വര്‍ഷത്തിലേെേറയായി നിലകൊള്ളുന്ന, ചില ഹിറ്റ് പരസ്യങ്ങളുടെ സംഗീത സംവിധായകനായ എന്നാല്‍ നമുക്കധികം അറിയാത്തൊരു വ്യക്തിയുടെ പാട്ടാണ് നമ്മിൽ പലരും ഇപ്പോൾ മൂളി നടക്കുന്നത്. തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി എന്ന പാട്ടിനോട് അത്രമാത്രം ഇഷ്ടമായി കഴിഞ്ഞു മലയാളിക്ക്. സിനിമയില്‍ കൈലാസ് മേനോന്‍ നവാഗതനെങ്കിലും സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഒരുപാട് വര്‍ഷത്തെ പഴക്കമുണ്ട്. എങ്കിലും പരസ്യങ്ങള്‍ക്കൊപ്പവും സ്വന്തം സ്റ്റുഡിയോയിലൂടെും സിനിമയോടും സംഗീതത്തോടും ഏറെ ചേര്‍ന്നു നില്‍ക്കുകയായിരുന്നു അദ്ദേഹം. അരികിലെത്തിയിട്ട് പലവട്ടം ഓടിപ്പോയ സിനിമ എന്നെങ്കിലുമൊരിക്കല്‍ അരികിലെത്തുമെന്ന കൈലാസിന്റെ വിശ്വാസത്തിന്റെ പൂർത്തീകരണമാണ് തീവണ്ടിയും അതിലെ ഗാനങ്ങളും. 

ആദ്യം ഒരുപാട് വിഷമിപ്പിച്ചു !

ഇപ്പോഴാണ് ഒരു സിനിമയ്ക്കു സംഗീത സംവിധാനം ചെയ്തതെങ്കിലും സംഗീത രംഗത്തേക്കു വന്നിട്ട് കാലം ഒരുപാടായി. 2013–ല്‍ ടൊവീനോ തോമസും സണ്ണി വെയ്നും അഭിനയിച്ച സ്റ്റാറിങ് പൗര്‍ണമി എന്നൊരു സിനിമയ്ക്ക് സംഗീതം ചെയ്തിരുന്നു. അതിന്റെ ഷൂട്ടിങ് ഒരു എണ്‍പത് ശതമാനത്തോളം നടന്നതാണ്. പിന്നീട് ആ ചിത്രം മുടങ്ങിപ്പോയി. അത് വലിയ സങ്കടമായിരുന്നു. നമുക്ക് സിനിമ പറഞ്ഞിട്ടില്ലെന്നൊക്കെ തോന്നിയ നിമിഷങ്ങള്‍. ആ പാട്ടുകള്‍ എനിക്കു മാത്രമല്ല, കേട്ടവര്‍ക്കൊക്കെ ഇഷ്ടമായിരുന്നു. ആ പാട്ടുകള്‍ എനിക്ക് വിഷമമായാലോ എന്നു കരുതി വീട്ടില്‍ പോലും ആരും കേള്‍ക്കാറില്ല. സിനിമയ്ക്ക് സംഗീതം കൊടുക്കുകയെന്ന മോഹവുമായി കുറെ നടന്നു. ഒപ്പമുണ്ടായിരുന്നവരൊക്കെ ആ സ്ഥാനത്ത് എത്തി. സ്റ്റാറിങ് പൗര്‍ണമി ഒരുപാട് പേരുടെ പ്രതീക്ഷയായിരുന്നു. അതിന്റെ ക്യാമറാമാന്‍ നൂറു ക്യാമറകൾ സ്വന്തമായി വാങ്ങിയിരുന്നു. അത്രയേറെ ഛായാഗ്രഹണത്തിന് പ്രാധാന്യം കൊടുത്തിട്ടുള്ള ചിത്രമായിരുന്നു. ക്ലൈമാക്‌സ് ഒക്കെ ഗംഭീരമായാണ് ഷൂട്ട്് ചെയ്തത്. പക്ഷേ ചിത്രം മുടങ്ങി. 

പിന്നീട് ഞാന്‍ ചെയ്‌ത മറ്റൊരു പാട്ട് ഒരു നിര്‍മാതാവ് സിനിമയിലേക്ക് നിര്‍ദ്ദേശിച്ചെങ്കിലും ഒരു നടന്റെ പിടിവാശി മൂലം അതും നടക്കാതെ പോയി. അതിലൊന്നും സങ്കടമില്ല. കൈയെത്തും ദൂരെ നിന്ന് ഓരോ അവസരങ്ങള്‍ തള്ളിമാറി പോയപ്പോള്‍ നിരാശയുണ്ടായെങ്കിലും കാത്തിരുന്നു ചെയ്ത ചിത്രത്തിലെ പാട്ടിന് ഇത്രയേറെ സ്വീകാര്യത കിട്ടിയതില്‍ ഒത്തിരി സന്തോഷമുണ്ട്.

Kailas-menon2

ജീവാംശം ആകെ പ്രശ്‌നമായിരുന്നു 

സിനിമയുടെ സംവിധായകന്‍ ഫെലിനി വളരെ കൂള്‍ ആയിട്ടുള്ള ആളാണ്. അദ്ദേഹം ഈണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തുറന്നു പറയും. അതേസമയം ചെയ്ത ഈണത്തില്‍ ഞാന്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെങ്കില്‍ അതിനൊപ്പം പൊയ്ക്കോ എന്നും പറയും. ജീവാംശമായി എന്ന പാട്ടിന്റെ ഈണം കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിനും സിനിമയിലെ മറ്റെല്ലാവർക്കും ഏറെ ഇഷ്ടമായി. മലയാളിത്തമുള്ള ഈണമാണെന്നു പറഞ്ഞു. എനിക്കു തോന്നുന്നു ഇത്തരത്തിലൊരു പാട്ട് വലിയ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിലെത്തുന്നതെന്ന്. 

ഈണം ശരിയായതിനു ശേഷം ഞാന്‍ വരികള്‍ എഴുതാന്‍ ഹരിനാരായണന് കൊടുത്തു. അദ്ദേഹം കേട്ടമാത്രയില്‍ ആദ്യം കുറിച്ച വരികളാണ് ‘ജീവാംശമായി’ എന്നത്. ദീര്‍ഘകാലമായി പ്രണയത്തിലായിരിക്കുന്ന രണ്ടു പേരുടെ ജീവിതം പറയാന്‍, ജീവന്റെ അംശമായി മാറിയ അവരുടെ പ്രണയം പറയാന്‍ ഇതിലും ചേരുന്ന വാക്കില്ലല്ലോ എന്നു ഹരി പറഞ്ഞു. എനിക്കും  സംവിധായകനും ഒരുപാട് ഇഷ്ടമായി വരികള്‍. പക്ഷേ സിനിമ സംഘത്തിലെ ചിലര്‍ക്ക് ആദ്യം അത്രയ്ക്ക് ഇഷ്ടമായില്ല. വരികൾ ആളുകൾക്ക് ഇഷ്ടമാകുമോയെന്ന് അവർക്കു സംശയം ഉണ്ടായിരുന്നു.

പക്ഷേ നേരത്തെ പറഞ്ഞല്ലോ ഫെലിനി നമ്മുടെ ആത്മവിശ്വാസത്തിനൊപ്പം നില്‍ക്കുമെന്ന്. ജ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പാട്ടുകള്‍ അധികമില്ല, ജീംവാംശമായി എന്ന വാക്ക് ജീവനാംശം എന്നൊക്കെ പലരും തെറ്റിദ്ധരിച്ചു, അത് ഒത്തിരി സീരിയസ് ആയ വാക്കാണെന്ന് പലരും പറഞ്ഞു. അങ്ങനെ നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നപ്പോള്‍, കുറേ പേര്‍ ഒരേ അഭിപ്രായം പറഞ്ഞപ്പോള്‍ മാറ്റി എഴുതിച്ചാലോ എന്നൊക്കെ ആലോചിച്ചു. പക്ഷേ ഹരി ഉറപ്പു പറഞ്ഞു, നല്ല വാക്കാണ് അത് പിന്നീട് എല്ലാവര്‍ക്കും ഇഷ്ടമായിക്കൊള്ളും എന്നൊക്കെ. അത് ശരിയായിരുന്നു. പാട്ടിന്റെ ട്രാക്ക് കേട്ടതോടെ എല്ലാവര്‍ക്കും ഇഷ്ടമായി. പിന്നീട് പാട്ട് പുറത്തു വന്നപ്പോള്‍ അതിനേക്കാളും ഇഷ്ടമായി

ചെറുപ്പം മുതൽ സംഗീതത്തിനൊപ്പം

ചെറുപ്പത്തില്‍ ക്ലാസില്‍ ബോറടിച്ചിരുന്നപ്പോള്‍ ചെയ്‌തൊരു കുസൃതിയായിരുന്നു ആദ്യ പാട്ട്. കുഞ്ഞിലേ തൃശൂരില്‍ വച്ച് പാട്ട് പഠിച്ചിട്ടുണ്ട്. ഒരുപാട് ഇഷ്ടവുമായിരുന്നു. പക്ഷേ അതിലൊരു കഴിവുണ്ട്, അത് കരിയര്‍ ആക്കണം എന്നൊന്നും ഒരിക്കലും ആലോചിച്ചിരുന്നില്ല. പക്ഷേ ആ പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായി. പിന്നെ നാലഞ്ച് പാട്ടുകള്‍ കൂടി ചെയ്ത് ഒരു ആല്‍ബം ആക്കി. പതിനാറാം വയസില്‍ സംഗീത സംവിധായകനായി എന്നൊക്കെ പറഞ്ഞ് വലിയ വാര്‍ത്തയൊക്കെ വന്നിരുന്നു. ഗായികമാരായ ജ്യോത്സനയും ആശാ മേനോനും എന്റെ സഹപാഠികളായിരുന്നു. നല്ലൊരു ഗായകനെ കൂടി വേണം എന്ന അന്വേഷണത്തിലാണ് ഒരു റെക്കോഡിങ് സ്റ്റുഡിയോയില്‍ നിന്ന് അഫ്‌സലിന്റെ പേര് കിട്ടുന്നത്. അന്ന് അഫ്‌സല്‍, രാക്ഷസി എന്ന ഹിറ്റ് പാട്ട് പാടി നില്‍ക്കുകയായിരുന്നു. ആ പാട്ട് പക്ഷേ പുറത്തിറങ്ങിയിരുന്നില്ല. പിന്നെ മധു ബാലകൃഷ്ണനായിരുന്നു അടുത്ത ഗായകന്‍. അമ്മേ അമ്മേ...എന്ന പാട്ടിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം മധു ബാലകൃഷ്ണന്‍ നേടിയ സമയമായിരുന്നു അത്. അതായിരുന്നു ജീവിതത്തില്‍ ചെയ്ത ഏക ആല്‍ബം. അന്നും സ്വപ്‌നം സിനിമയായിരുന്നു.

നേരവും പ്രേമവും

എസ്.എ.ഇ കോളജില്‍ നിന്ന് സൗണ്ട് എഞ്ചിനീയറിങില്‍ ബിരുദമെടുത്തു. പ്രേമം സിനിമയുടെ സംഗീത സംവിധായകന്‍ രാകേശ് മുരുകേശന്‍ അവിടെ എന്റെ ജൂനിയര്‍ ആയിരുന്നു.  പ്രേമത്തിന്റെ  സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അന്ന് അവിടെ വേറൊരു കോഴ്‌സ് ചെയ്യുകയായിരുന്നു. ആ സൗഹൃദം പിന്നീടും തുടര്‍ന്നു. ഇരുവരും ഒന്നിച്ച പ്രേമം, നേരം എന്നീ ചിത്രങ്ങളുടെ പാട്ടുകളുടെ റെക്കോഡിങ് എന്റെ സ്വന്തം സ്റ്റുഡിയോയില്‍ വച്ചായിരുന്നു.

സിനിമയില്‍ മ്യൂസിക് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പറയാനാകുമോ എന്നറിയില്ല. ഔസേപ്പച്ചന്‍ സാറിനൊപ്പം കുറച്ചുനാള്‍ പ്രവർത്തിച്ചു. അതുവഴി അദ്ദേഹത്തിന്റെ ശിഷ്യനായ ഗോപിസുന്ദറിന്റെ സൗണ്ട് എഞ്ചിനീയറുമായി. സാഗര്‍ ഏലിയാസ് ജാക്കി, ബോഡിഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളുടെ സൗണ്ട് എഞ്ചിനീയറായിരുന്നു. ഇത്രയൊക്കെയേയുള്ളൂ സിനിമയിലെ മുന്‍ പരിചയം‍. സിനിമയില്‍ ഇത്രയേ ഉള്ളൂവെങ്കിലും സംഗീത രംഗത്തു വന്നിട്ട് പതിമൂന്നു വര്‍ഷത്തോളമായി. പരസ്യ ചിത്രങ്ങളുടെ സംഗീത സംവിധാനത്തിൽ സജീവമായിരുന്നു. ഒട്ടേറെ പരസ്യ ചിത്രങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്. സിനിമയില്‍ നവാഗതനെങ്കിലും സംഗീത സംവിധാന രംഗത്ത് ഇത്രയും വര്‍ഷമായി എത്തിയിട്ട്. പക്ഷേ സിനിമയിലേക്ക് എത്താനുള്ള പാത തടസ്സങ്ങള്‍ നിറഞ്ഞതായിരുന്നെന്നു മാത്രം.

പരസ്യ സംഗീതം 

ഭീമ, ലുലു, ശീമാട്ടി, ജോയ് ആലുക്കാസ്, ഫ്രാന്‍സിസ് ആലുക്കാസ്, ചെന്നൈ സില്‍ക്‌സ്, പോത്തീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.  അന്താരാഷ്ട്ര രംഗത്ത് സാംസങ്, തോഷിബ, തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ക്ക് പത്തു വര്‍ഷത്തിലേറെയായി തുടര്‍ച്ചായി സംഗീത സംവിധാനം ചെയ്യുന്നുണ്ട്.

വീട്ടുകാരും സന്തോഷത്തിൽ

ഭാര്യ അന്നപൂര്‍ണ അഡ്വേക്കറ്റ് ആണ്. നിരവധി ചാനല്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോഴും ഇടയ്ക്കിടെയെത്താറുണ്ട്. അച്ഛന്‍ ഡോ.രാമചന്ദ്ര മേനോന്‍ ശാസ്ത്രജ്ഞനാണ്. അമ്മ ഗിരിജാ ദേവി കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ ആയിരുന്നു. ‌എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം സഞ്ചരിച്ച അവരെല്ലാം ഒരുപാട് സന്തോഷത്തിലാണ്.

ഇനി ? 

kailas-menon3

പുതിയ ചിത്രങ്ങളൊന്നും എത്തിയിട്ടില്ല. എല്ലാത്തരം പാട്ടുകളും ചെയ്യാനാണ് ആഗ്രഹം. റഹ്മാന്‍, ഔസേപ്പച്ചന്‍ സാര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, അമിത് ത്രിവേദി തുടങ്ങിയവരാണ് പ്രിയപ്പെട്ട സംഗീത സംവിധായകര്‍. കുറേയധികം നല്ല പാട്ടുകള്‍ ചെയ്യണം എന്നേയുള്ളൂ.