Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദാസേട്ടനെ കാണണം, കാലിൽ തൊടണം’ യേശുദാസ് സ്വരമധുരത്തിൽ രതീഷ്

ratheesh-yesudas

ഇനിയുമെത്ര പേര്‍ ഇങ്ങനെ വെളിച്ചം കാണാത്ത ഇടനാഴികളിലുണ്ടാകും. ഇനിയുമെത്ര സ്വരഭംഗികള്‍ നമ്മിലേക്കുള്ള ഇടനാഴികളില്‍ തങ്ങിനില്‍പ്പുണ്ടാകും... ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ നമ്മുടെ മനസ്സിനോടു ചോദിച്ചിട്ടില്ലേ ഈ ചോദ്യം. അത്രമാത്രം മനോഹരമായിരിക്കും ആ പാട്ടുകള്‍. എവിടെയായിരുന്നു നിങ്ങളിതുവരെയെന്നു ചോദിച്ചു നിറഞ്ഞു കയ്യടി നല്‍കും അവര്‍ക്ക്... അങ്ങനെയൊരു അനുഭൂതിയുടെ നടുവിലാണ് രതീഷ് എന്ന ഗായകന്‍. മലയാളത്തിന്റെ ഗന്ധര്‍വ്വ ഗായകന്‍, സാക്ഷാല്‍ യേശുദാസാണു പാടുന്നതെന്നു തോന്നിപ്പോകും രതീഷിന്റെ പാട്ടു കേള്‍ക്കുമ്പോള്‍. യേശുദാസ് എന്നത്  കാലത്തിനു അല്‍പം പോലും കുറയ്ക്കാനാകാത്തൊരു അത്ഭുതമായി, വിസ്മയയമായി നിലകൊള്ളുന്നതു കൊണ്ടു തന്നെ ഇത്തരമൊരു പാട്ടുകേള്‍ക്കുമ്പോള്‍ അതിശയം അത്ര വേഗമൊന്നും വിട്ടൊഴിയില്ല. ഒരു സ്വകാര്യ ടിവി ചാനലിലെ പരിപാടിയുലൂടെ മലയാളികൾക്കിടയിൽ ചർച്ചയായ രതീഷ് സ്വരത്തിന്റെ സാമ്യത കൊണ്ടു മാത്രമല്ല പ്രശസ്തിയിലേക്കെത്തിയതെന്ന് ആ പാട്ട് കേള്‍ക്കുന്നവര്‍ക്ക് അറിയാ.ം

കാസർകോഡുള്ള പരപ്പയിലെ ഒരു ടയര്‍ കമ്പനിയിലെ ജീവനക്കാരനാണ് രതീഷ്. ഇത്രയും നന്നായി പാടുമെങ്കിലും പാട്ടൊന്നും പഠിച്ചിട്ടില്ല. ടയര്‍ കമ്പനിയിലെ തുച്ഛമായ വേതനമല്ലാതെ പാട്ടു വഴി ജീവിത മാര്‍ഗമൊന്നുമുണ്ടായില്ല. സ്‌കൂളില്‍ തന്നെ ഒമ്പതാം ക്ലാസു വരെയേ പഠിക്കാനായുള്ളൂ. അതുകൊണ്ടു തന്നെ പാട്ട് പഠിത്തമൊന്നും അതിനിടയില്‍ നടന്നില്ല. സ്വരം കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും അതിനിടയിലുണ്ടായതുമില്ല. എങ്കിലും ആ സ്വരത്തിന്റെ ചാരുതയേറിയതേയുള്ളൂ.  ടയര്‍ കമ്പനിയിലെ പണിയും ജീവിതത്തിലെ പ്രാരാബ്ധങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നാട്ടിലെ കുഞ്ഞു സംഘങ്ങളിലൊക്കെ പാടുമായിരുന്നു. ആ പാട്ടു കേട്ടുണര്‍ന്ന കൗതുകം ഒരാള്‍ മറ്റൊരാളില്‍ നിന്ന് പകര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെയാണ് രണ്ടു വര്‍ഷം മുന്‍പ് ഒരു സുഹൃത്ത് വഴി എറണാകുളത്തെ ഒരു വീട്ടിലെ പാലുകാച്ച് ചടങ്ങിന് പാടുന്നത്. അതിനു ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റോഡ് ഷോകളിലും മറ്റുമൊക്കെ സജീവമായി. വണ്ടിക്കൂലിക്കുള്ള പൈസ വാങ്ങുന്നതല്ലാതെ അതില്‍ നിന്നൊന്നും വലിയ പ്രതിഫലം വാങ്ങിയിരുന്നുമില്ല. കൂട്ടുകാരനും പാട്ടുകാരനുമായ എഎസ്‌ഐ പറഞ്ഞിട്ടാണ് ചാനലിന്റെ ഓഡിഷനില്‍ പങ്കെടുത്തതും ദാ ഇവിടെ വരെയെത്തിയതും.

ratheesh-family

‘എനിക്കൊന്നും വിശ്വസിക്കാനാകുന്നില്ല. ഇതൊക്കെ സത്യമാണോയെന്ന് ഇടയ്ക്കിടെ ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്. നാട്ടില്‍ ഒപ്പം പഠിച്ചവരൊക്കെ വലിയ നിലയിലായി. ‌ഞാന്‍ ചെറുപ്പത്തിൽ തന്നെ പണിക്കിറങ്ങിയതു കൊണ്ട് ആരുമായും വലിയ ബന്ധമൊന്നുമില്ലായിരുന്നു. പക്ഷേ ഈ വിഡിയോ വന്നതില്‍ പിന്നെ എല്ലാവര്‍ക്കും വലിയ കാര്യമായി. കുറേ പേര്‍ വിളിച്ചു. നാട്ടില്‍ വലിയ സ്വീകരണമൊക്കെയായിരുന്നു. പണ്ട് കണ്ടാല്‍ ഒന്നു ചിരിച്ചു മാത്രം പോയിരുന്നവർ അടുത്തു വന്ന് സംസാരിക്കുന്നു. ഫോണ്‍ നിലത്തു വയ്ക്കാന്‍ തന്നെ സമയമില്ല. എവിടെ നിന്നൊക്കെയാണ് വിളിക്കുന്നതെന്ന് അറിയില്ല. രണ്ട് മൂന്നു ദിവസമായി വിളിയ്ക്കുന്നു കിട്ടുന്നില്ല എന്നൊക്കെയാണ് ചിലർ പറയുന്നത്....അറിയില്ല...എന്തൊക്കെയാണെന്ന്.’ അത്ഭുതം വിട്ടൊഴിയാതെ രതീഷ് പറയുന്നു.

‘ദാസേട്ടന്റെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിനം പോലും കടന്നുപോകുന്നില്ല. അതു കേട്ടാണ് വളര്‍ന്നത്. ദാസേട്ടന്റെ പാട്ടും മോഹന്‍ലാലിന്റെ സിനിമയും. അതു രണ്ടുമാണ് ഏറെ പ്രിയം. ദാസേട്ടന്‍ ഒരു നാദപ്രപഞ്ചമാണ്. വിസ്മയമാണ്. അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണണം. കാലില്‍ തൊട്ടു തൊഴണം... അത്രേയുള്ളു ആഗ്രഹം. ഞാന്‍ ഒരിക്കലും ദാസേട്ടന്റെ സ്വരം അനുകരിച്ചിട്ടില്ല. അതിനാര്‍ക്കെങ്കിലും സാധിക്കുമോയെന്നു സംശയമാണ്. മിമിക്രി ഒരുപാട് ഇഷ്ടമായതുകൊണ്ട് അതിന് ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല. കൂട്ടുകാര്‍ ഒരിക്കല്‍ ദാസേട്ടന്റെയും പി. ജയചന്ദ്രന്‍ സാറിന്റെയും പാട്ടുകള്‍ പാടിച്ചു. രണ്ടിലും എനിക്കൊരേ സ്വരമാണ് എന്നു തന്നെയാണ് അവര്‍ പറഞ്ഞത്. അദ്ദേഹത്തെ അനുകരിക്കണം എന്നൊരു ചിന്ത ഒരിക്കലും മനസ്സില്‍ വന്നിട്ടില്ല. അഭിജിത് കൊല്ലം ദാസേട്ടനെ അനുകരിച്ചാണ് പാടിയത് എന്നു പറഞ്ഞു സംസ്ഥാന പുരസ്‌കാരം നിഷേധിച്ചിരുന്നല്ലോ. അതു കണ്ടപ്പോള്‍ ഒരുപാട് സങ്കടം വന്നു. ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് അവന്‍ സംസാരിച്ചപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു വന്നു. ദാസേട്ടന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് എന്റെ ഒരു സുഹൃത്ത് ഞാന്‍ ഈ പാടിയ പാട്ടിന്റെ വിഡിയോ അയച്ചു കൊടുത്തിരുന്നു. അവര്‍ എന്റെ കൂട്ടുകാരനോട് അതേപ്പറ്റി നല്ല അഭിപ്രായമാണു പറഞ്ഞത്.’ രതീഷ് പറയുന്നു. 

‘പാട്ടു പാടാന്‍ വരണം എന്നു പറഞ്ഞ് ഇപ്പോള്‍ ഒരുപാടു പേര്‍ വിളിക്കുന്നുണ്ട്. ഇനിയുള്ള കാലം പാട്ടിനൊപ്പം നില്‍ക്കാം എന്നൊരു തീരുമാനമെടുക്കാനുള്ള ധൈര്യമില്ല. പാടാനൊത്തിരി ഇഷ്ടമാണെങ്കെില്‍ കൂടിയും അത്രയും വലിയൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമില്ല. നമ്മുടെ സാഹചര്യങ്ങള്‍ അങ്ങനെയാണ്. വീട്ടില്‍ ഭാര്യയും അമ്മയും രണ്ടു പെൺമക്കളുമാണ് എന്നെ ആശ്രയിച്ചുള്ളത്. ജോലി ചെയ്യുന്ന കമ്പനിയിലെ സാറ് പാട്ട് പരിപാടിക്കൊക്കെ പൊയ്‌ക്കോ....ജോലിയൊക്കെ അഡ്ജസ്റ്റ് ചെയ്ത് ചെയ്താൽ മതിയെന്നൊക്കെ പറയുന്നുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടുപോകണം എന്നാണ് ആഗ്രഹം. നടക്കുമോ എന്നറിയില്ല. വാടക വീട്ടിലാണ് താമസം ഇപ്പോഴും. ഒരു വീടു വയ്ക്കണം അതാണ് ഏറ്റവും വലിയ സ്വപ്നം. ദൈവം ഇപ്പോള്‍ കാണിച്ചു തന്നത് അതിനുള്ള വഴിയാണോ എന്നറിയില്ല. അതൊക്കെ അതിന്റെ വഴിക്ക് നടക്കും എന്നു കരുതുന്നു. ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം എന്റെ അമ്മയെ കാണുമ്പോഴാണ്. അമ്മ സങ്കടവും സന്തോഷവുമൊക്കെയായി എല്ലാം കണ്ടങ്ങ് ഇരിപ്പാണ്. ഒരുപാട് സന്തോഷമുണ്ടാകും എനിക്കറിയാം.’ രതീഷ് പറയുന്നു