Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സങ്കടം മറന്ന് പാടി, നസ്രിയയ്ക്കായി !

nazriya-anne-amie നസ്രിയ, ആന്‍ ആമി

ജീവിതത്തിലെല്ലാവര്‍ക്കും കാണുമല്ലോ ഓരോ ആരാധനാപാത്രങ്ങള്‍. എന്നെങ്കിലുമൊരിക്കല്‍ അവരെ കാണണം എന്നാഗ്രഹിക്കും.  മലയാള സിനിമയിലെ എണ്ണം പറഞ്ഞ വനിത സംവിധായകരിലെ സൂപ്പര്‍ വുമണ്‍ അഞ്ജലി മേനോന്‍ ആയിരുന്നു ഈ ഗായികയുടെ  ആ വ്യക്തിത്വങ്ങളിലൊരാള്‍. പ്രൊഫഷനല്‍ സംഗീത രംഗത്തേക്കെത്തി അധികം വൈകാതെ നിരവധി ഹിറ്റുകള്‍ പാടിയ ആന്‍ ആമി തനിക്ക് ഏറെ പ്രിയപ്പെട്ട ആ സൂപ്പര്‍ വുമണിന്റെ ചിത്രത്തിലെ ഒരു ശ്രദ്ധേയ ഗാനം പാടാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ്. ആ പാട്ടിന്റെ ഹാങ് ഓവര്‍ ഇനിയും തന്നെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന പറയുന്നു ആന്‍. 

ഇതെനിക്ക് സ്‌പെഷല്‍ ഗിഫ്റ്റ്

ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായാണ് ഈ പാട്ടിനെ കാണുന്നത്. അഞ്ജലി മേനോന്റെ എന്ന പോലെ നസ്രിയയുടെയും കടുത്ത ആരാധികയാണ് ഞാന്‍. അപ്പോള്‍ അവര്‍ ഒന്നിക്കുന്ന സിനിമയില്‍, അതും നസ്രിയയുടെ രണ്ടാം വരവിലെ ചിത്രത്തില്‍ നസ്രിയയുടെ സ്വരമാകാന്‍ ഈ പാട്ടിലൂടെ കഴിഞ്ഞതിന്റെ സന്തോഷം വാക്കുകള്‍ക്ക് അതീതമാണ്. പിന്നെ ഇത് രഘു ദീക്ഷിത് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ മലയാള ചിത്രമാണ്. അതും ഏറെ ആഹ്ലാദകരമാണ്.

മനോഹരം ഈ അനുഭവം

ഒരു വര്‍ഷം മുന്‍പാണ് ഒരു സുഹൃത്ത് വഴി രഘുവിനെ പരിചയപ്പെടുന്നത്. ഒക്ടോബര്‍ 31–നാണ് രഘു പാടാന്‍ വിളിക്കുന്നത്. അതൊരു മനോഹരമായ അനുഭവമായിരുന്നുവെന്ന് പറയാന്‍ കഴിയും. അതൊരു നല്ല പാട്ടാണ് എന്നതു കൊണ്ട് മാത്രമല്ല, ഒരു ഗാനത്തിന്റെ എവല്യൂഷന്‍ എന്ന് പറയില്ലേ. അത് പാട്ടായി വരുന്ന പ്രക്രിയ. അതിന്റെ ഭാഗമാകാനായി എനിക്ക്. അത് മുന്‍പൊരിക്കലും അറിഞ്ഞിട്ടില്ല. രഘു ആദ്യം പാടാന്‍ വിളിക്കുമ്പോള്‍ ബേസിക് ട്യൂണ്‍ മാത്രമാണ് ആയിട്ടുള്ളത്. വരികളില്ല, ഗിത്താറില്‍ റെക്കോഡ് ചെയ്തിട്ടില്ല. ഒന്നും തന്നെ പൂര്‍ത്തിയായിരുന്നില്ല. ഞാന്‍ ഇൗണം മൂളിക്കഴിഞ്ഞതിനു ശേഷമാണ് ഗിത്താറില്‍ ഈണം വായിക്കുന്നതൊക്കെ. ഓര്‍ക്കസ്‌ട്രേഷനും അപ്പോള്‍ ആയിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് വരികള്‍ എത്തുന്നതും റെക്കോഡ് ചെയ്യുന്നതുമൊക്കെ.

koode-nw-3 നസ്രിയ, പ‍ൃഥ്വിരാജ്

രഘു ദീക്ഷിത് പ്രോജക്ട് എന്ന വളരെ പ്രശസ്തമായ ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയുള്ളൊരു ബാന്‍ഡ് ഉണ്ട് അദ്ദേഹത്തിന്. ലോകപ്രശസ്തമായ ബാന്‍ഡ് ആണത്. രഘു ഒരു നല്ല കമ്പോസര്‍ എന്നതു പോലെ നല്ലൊരു ഗായകനും കൂടിയാണ്. അതുപോലെ ഭരതനാട്യം ഡാന്‍സറും. സകലകലാവല്ലഭവന്‍. ഒരു നല്ല ഗാനം പാടിച്ചു എന്നതിലുപരി ഗാനം ടെക്‌നിക്കലി എങ്ങനെ നന്നായി പാടണം, അതിന്റെ സാങ്കേതിക വശം എങ്ങനെയാണ് എന്നതിനെ കുറിച്ച് ആദ്യമായി എനിക്കു പ‌റഞ്ഞു തരുന്ന ആള്‍ കൂടിയാണ് രഘു. ഒരുപാട് അനുഭവ സമ്പത്തുള്ളൊരു ഗായകന്‍ മറ്റൊരു ഗായ്കയ്ക്ക് അത്തരത്തിലൊരു അറിവു പകര്‍ന്നു നല്‍കുമ്പോള്‍ അത് തീര്‍ത്തും വേറിട്ട അനുഭവമാകും. അത്തരത്തിലുള്ള ക്ലാസുകള്‍ അപൂർവമായേ നമുക്കു കിട്ടൂ. ഭരതനാട്യം ഡാന്‍സര്‍ ആയതുകൊണ്ടു തന്നെ നൃത്തത്തിലെ ചലനങ്ങള്‍ കാണിച്ചു തന്നിട്ടൊക്കെയാണ് പാട്ടിന്റെ ഈണം കൂടുതല്‍ വ്യക്തമാക്കിയത്. അങ്ങനെയൊക്കെ ചെയ്യുക അപൂര്‍വ്വമല്ലേ. 

anjali-menon-koode അഞ്ജലി മേനോൻ

പാട്ടില്‍ സന്തോഷം മനസ്സില്‍ നിറയെ സങ്കടം

സ്‌നേഹവും സന്തോഷവും മാത്രം നിഴലിക്കുന്നൊരു ഗാനമാണത്. പക്ഷേ അതു പാടുമ്പോള്‍ മനസ്സിലൊരുപാട് വിഷമമുള്ള സമയമായിരുന്നു. വീട്ടിലും എല്ലാവരും അങ്ങനെ തന്നെ. അതുകൊണ്ടു തന്നെ സന്തോഷം മാത്രമുള്ളൊരു പാട്ട് പാടുകയെന്നത് എന്നെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. പക്ഷേ അച്ഛനെയും അമ്മയെയും കുറിച്ചോര്‍ത്തപ്പോള്‍ നന്നായി പാടാനായി. അവര്‍ കാരണം മാത്രമാണ് അത് സാധിച്ചത്. കാരണം, അവര്‍ അങ്ങനെ അല്ലായിരുന്നുവെങ്കില്‍ എനിക്കൊരു പാട്ടുകാരി ആകാനാകുമായിരുന്നില്ല. അവര്‍ നല്‍കിയ സ്‌നേഹവും സന്തോഷവുമാണ് ഏറെ വിഷമം മനസ്സിലുള്ളപ്പോഴും അത്തരമൊരു ഈണം മൂളാന്‍ എന്നെ പ്രാപ്തയാക്കിയത്. 

മറക്കാനാകില്ല അവരുടെ വാക്കുകള് ‍!

koode-movie-nazriya

എന്റെ സംഗീത ജീവിത്തതില്‍ ഏറ്റവും നിര്‍ണായകമായ ആള്‍ എം.ജയചന്ദ്രന്‍ സാര്‍ ആണ്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ അദ്ദേഹം എന്നെക്കൊണ്ടു പാടിച്ച കിളിവാതിലിന്‍ ചാരെ എനിക്കു വലിയൊരു ബ്രേക് തന്ന ഗാനമാണ്. അദ്ദേഹത്തില്‍ നിന്ന് അഭിനന്ദനം ലഭിക്കുകയെന്നാല്‍ അത് എനിക്ക് വലിയൊരു അവാര്‍ഡ് കിട്ടുന്നതു പോലൊണ്. നന്നായി പാടി, പാട്ട് നന്നായിട്ടുണ്ട്. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതുപോലെ ഒരു ദിവസം രഘു വിളിച്ചിട്ട് ഫോണ്‍ പെട്ടെന്ന് അഞ്ജലി മാമിന് കൈമാറി. ഞാനാകെ ഷോക്ക് ആയി എന്തു പറയണം എന്നറിയാതെ. പാട്ട് കേട്ടു, ഒരുപാടിഷ്ടമായി. പാട്ടിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം എന്നായിരുന്നു അവര്‍ പറഞ്ഞത്. ഞാന്‍ നേത്തെ പറഞ്ഞല്ലോ ഞാന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണവര്‍. ഇരുവരില്‍ നിന്നുമുള്ള ഈ നല്ല വാക്കുകള്‍ക്കപ്പുറം എന്തു വേണം.