Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാൻ പറക്കുന്നത് ഞാന്‍ നോക്കി നിന്നു: സുജാത

sujatharahman

കുഞ്ഞിപ്പാവാടയുടുത്ത് തലമുടി ഇരുവശവും പിന്നിക്കെട്ടി മൈക്കിനു മുന്‍പില്‍നിന്ന് പാട്ടുപുസ്തകത്തിലേക്കു മാത്രം നോക്കി, യേശുദാസിനും പി.ജയചന്ദ്രനുമൊപ്പം ഡ്യുയറ്റ് പാടിയിരുന്നൊരു പെണ്‍കുട്ടി. ബേബി സുജാതയെന്ന ആ കുഞ്ഞിപ്പാട്ടുകാരി ഇന്ന് തെന്നിന്ത്യയുടെ തന്നെ ഗായികയാണ്. പാദസരക്കിലുക്കം പോലുള്ള സ്വരത്തില്‍ പ്രണയാര്‍ദ്രമായ, കുസൃതി നിറഞ്ഞ എത്രയോ ഗാനങ്ങള്‍ അവര്‍ പാടിത്തന്നിരിക്കുന്നു. അമ്മയുടെ സ്വരത്തിന്റെ ഭംഗി അതേപടി പകര്‍ന്നുകിട്ടിയൊരു മകളും ഇതിനിടയില്‍ ജീവിതത്തിലേക്കു വന്നു- ശ്വേത. അമ്മയുടെ പാട്ടു കേട്ട് വളര്‍ന്ന, ഇടയ്‌ക്കൊന്നു മൂളി നടന്ന മകളും പാട്ടുകാരിയതും തനിക്കു കിട്ടിയതു പോലുള്ള അംഗീകാരങ്ങള്‍ അവളെ തേടി വരുന്നതും കണ്ട് സംഗീതയാത്ര തുടരുകയാണ് സുജാത‍. 

ശ്വേത സംഗീത ജീവിതത്തില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്നു, സ്വന്തമായൊരു സംഗീത ആല്‍ബം ആദ്യമായി പുറത്തിറക്കി അങ്ങനെ കുറേ നല്ല പ്രത്യേകതകളുള്ള ഈ വേളയില്‍ എന്താണ് ഈ എഴുത്തിന്റെ പ്രസക്തിയെന്ന ചോദ്യത്തിന് ഉത്തരം എ.ആര്‍. റഹ്മാന്‍ എന്നാണ്. സുജാതയുടെ സ്വരഭംഗിയെ ഏറ്റവും വശ്യമായി ഉപയോഗപ്പെടുത്തിയ സംഗീത സംവിധായകന്‍ മകളുടെ സ്വരത്തെയും അങ്ങനെയെടുത്തു. എ.ആര്‍.റഹ്മാന്റെ ഒരു പാട്ടെങ്കിലും പാടണം എന്നു സ്വപ്‌നം കാണുന്നവര്‍ ഒരുപാടുള്ളൊരു നാട്ടില്‍ ഈ അമ്മയും മകളും അപൂര്‍വതയാകുന്നു. അമ്മയ്ക്ക് ഏറ്റവും മികച്ച പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ മകള്‍ക്കും അത്തരം പാട്ടുകള്‍ സമ്മാനിക്കുക മാത്രമല്ല, താന്‍ പോകുന്ന വേദികളിലെല്ലാം പാടാന്‍ ഇടവും നല്‍കുന്നു, അങ്ങേയറ്റം വിശ്വാസ്യതയോടെ. സംഭവ ബഹുലമായ എ.ആര്‍.റഹ്മാന്‍ ഷോകളില്‍, അനേകം മികച്ച ഗായകര്‍ പാടാനെത്തുന്ന ആ വേദിയില്‍ റഹ്മാന്‍ പാടാന്‍ നല്‍കുന്ന പാട്ടുകള്‍ കൊണ്ടും ആലാപനം കൊണ്ടും ശ്വേത ശ്രദ്ധേയ സാന്നിധ്യമാകുമ്പോള്‍, മഞ്ഞു പെയ്യുന്ന പോലുള്ള റഹ്മാന്‍ പാട്ടുകള്‍ പാടിയതിന്റെ സ്മൃതി തീരത്ത് സുജാത....

നിറചിരിയുള്ള അച്ഛന്റെ മകന്‍

എ.ആര്‍.റഹ്മാന്‍ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങുന്നതിനു മുന്‍പേ പരിചയമുണ്ട്. അന്നും ഇതുപോലെ തന്നെ. ഇത്രയും കൂടി പോലും മിണ്ടാറില്ല. കീബോര്‍ഡ് വാദകനായിരുന്നു അന്ന്. പിന്നീട് റോജയില്‍ പാടാന്‍ വിളിക്കുമ്പോഴാണ് കൂടുതല്‍ പരിചയപ്പെടുന്നത്. അന്നു തൊട്ട് ഇന്നോളം റഹ്മാനോടു മാത്രമല്ല, അദ്ദേഹത്തിന്റെ മൂന്നു സഹോദരിമാരോടും അമ്മയോടും ആത്മബന്ധമുണ്ട്. പ്രാര്‍ഥനയാണ് റഹ്മാന്റെ അമ്മയുടെ നിത്യഭാവം തന്നെ. എപ്പോഴും അവര്‍ ആ ഒരു മൂഡിലാണ്. എനിക്കു വേണ്ടി ഒത്തിരി പ്രാര്‍ഥിച്ചിട്ടുണ്ട്. പ്രാര്‍ഥനകളോടെ സമ്മാനിച്ചൊരു മോതിരം ഇപ്പോഴും ഞാന്‍ അണിയാറുണ്ട്. ഒരുപാടു ഭക്ഷണം വിളമ്പിത്തന്നിട്ടുള്ള അമ്മ. മറക്കാനാകില്ല. റഹ്മാന്‍ പാട്ടുകള്‍ പാടിയ ആ ഓര്‍മ പോലെ ആ കുടുംബവും എനിക്കൊപ്പമുണ്ട്. 

അതിനേക്കാളുപരി എനിക്ക് ആദ്യം ഓര്‍മ വരുന്നത് റഹ്മാന്റെ അച്ഛന്‍ ശേഖര്‍ സാറിനെയാണ്. ആദ്യമായി ഞാന്‍ ഒരു സിനിമയ്ക്കു പാടുന്നത് അര്‍ജുനന്‍ മാസ്റ്ററിന്റെ സംഗീതത്തിലാണ്. കണ്ണെഴുതി പൊട്ടു തൊട്ട് എന്ന പാട്ട്. ആ റെക്കോഡിങ് കണ്ടക്ട് ചെയ്തത് (അസിസ്റ്റന്റ്) ശേഖര്‍ സര്‍ ആയിരുന്നു. അന്ന് ഞാന്‍ ചെറിയ കുട്ടിയല്ലേ. അദ്ദേഹമാണെങ്കില്‍ സദാ മുഖത്തൊരു പുഞ്ചിരിയുള്ള, പൊക്കം കുറഞ്ഞൊരു മനുഷ്യന്‍. ആദ്യം കാണുമ്പോള്‍ത്തന്നെ നമുക്കൊരു അടുപ്പം തോന്നും. ഭരണി സ്റ്റുഡിയോയിലായിരുന്നെന്നു തോന്നുന്നു റിക്കോർഡിങ്. ശേഖര്‍ സര്‍ തലയൊക്കെ ആട്ടി, ചെറിയ കുട്ടികളോടുള്ളൊരു വാത്സല്യം എന്നോടു കാണിച്ചാണ് പാടിച്ചതൊക്കെ. ജീവിതത്തിലെ ആദ്യ സിനിമ ഗാനം പാടുമ്പോള്‍ അദ്ദേഹത്തിന്റെ സാമീപ്യമുണ്ടായിരുന്നു. 

ആ പാട്ടുകള്‍ പോലെ മനസ്സു തൊടുന്ന റിക്കോർഡിങ് ആണ് റഹ്മാന്റേത് 

ഫീല്‍ ഇറ്റ് ഈസ്... എന്നു പറയില്ലേ. വളരെ സിംപിളാക്കും ഏതു സാഹചര്യത്തെയും. നമ്മുടെ ടെന്‍ഷനെയും അമ്പരപ്പിനെയുമൊക്കെ സ്റ്റുഡിയോയ്ക്കു പുറത്താക്കും. പുള്ളി ഈണമിട്ടൊരു പാട്ട് പാടാന്‍ നമ്മള്‍ ചെന്നുവെന്നതിനേക്കാള്‍ ഒരുമിച്ചിരുന്നൊരു പാട്ടു പാടുന്നു എന്ന ചേലാക്കും. ഇപ്പോഴൊക്കെയാണ് ട്രാക്ക് ഒക്കെ വന്നു തുടങ്ങിയത്. അന്നു റഹ്മാന്‍ തന്നെ പാട്ട് ചെറുതായി മൂളിത്തരും. ഇതാണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് കീബോര്‍ഡില്‍ വായിച്ചു തരും. അതുപോലെയേ പാടാവൂ എന്നു നിര്‍ബന്ധമൊന്നുമില്ല. നമുക്ക് ഇംപ്രവൈസ് ചെയ്യാം. കൊള്ളാമെങ്കില് നൈസ്, നൈസ് എന്നു പറഞ്ഞു പ്രോത്സാഹിപ്പിക്കും. ചിലപ്പോള്‍ അതും കൂടി ഉള്‍ക്കൊള്ളിക്കും. അല്ലെങ്കില്‍ ചെയ്യില്ല. പക്ഷേ ആ റെക്കോഡിങ് നിമിഷത്തില്‍ ആ പ്രോത്സാഹനം നമുക്ക് വലിയ ഊര്‍ജ്ജമാണ്. നമ്മുടെ വോയ്‌സിന്റെ കാര്യത്തിലും ആലാപനത്തിലും നമുക്കു തന്നെയൊരു ആത്മവിശ്വാസം തോന്നും. 

നമ്മുടെ സ്വരത്തിന്റെ ഭംഗി മുഴുവന്‍ അറിയാം റഹ്മാന്‍ പാട്ടുകളുടെ റെക്കോഡിങ് കേട്ടാല്‍. വോയ്‌സിന്റെ എല്ലാ തലവും അതിലുണ്ടാകും. ജിംഗിള്‍ പാടിയ സമയത്തേ അത് അറിഞ്ഞതാണ്.

വെറുതെയിരുന്നു ചിരിച്ചാലും പാട്ട്!

സക്കരെ എനിക്ക സക്കരെ... എന്നൊരു പാട്ടുണ്ട്. എസ്.പി. ബാലസുബ്രഹ്മണ്യത്തിനോടൊപ്പം പാടിയത്. അതിനിടയ്ക്ക് ഞാന്‍ ‘അയ്യോ’ എന്നു പറഞ്ഞു ചിരിക്കുന്നുണ്ട്. ആ ചിരിയൊക്കെ ആ പാട്ടില്‍ ഉള്ളിക്കൊള്ളിച്ചു റഹ്മാന്‍. അങ്ങനെ ചില കുസൃതികളൊക്കെ ഒപ്പിക്കും. പാതിരാത്രി നടക്കുന്ന ആ റിക്കോർഡിങ് ഇതുപോലെ ഒരുപാടു തമാശകള്‍ നിറഞ്ഞതാകും. ആ വിഡിയോയില്‍ കണ്ടില്ലേ അതുപോലെ ൃതന്നെ.

തില്ലാന എന്നു പാട്ടു പാടിയത് മറക്കാനാകില്ല. നേരത്തെ പറഞ്ഞ സ്വരത്തിന്റെ ഭംഗിയും നമ്മുടെ ആലാപന ശൈലി എങ്ങനെയൊക്കെ കൊണ്ടുപോകാമെന്നും എനിക്കു തന്നെ ബോധ്യപ്പെടുത്തിത്തന്ന പാട്ടായിരുന്നു അത്. കെ.എസ്.രവികുമാറിന്റെ സംവിധാനത്തിലുള്ള മുത്തുവിലെ പാട്ട്. അദ്ദേഹത്തിന്റെ ഒരുപാടു സിനിമകളില്‍ ഞാന്‍ പാടിയിട്ടുണ്ട്. 

സാധാരണ റഹ്മാന്‍ കോംപ്ലിമെന്റ്സ് ഒന്നും പറയാറില്ല. പാടാന്‍ വിളിച്ചു, പാടിക്കഴിഞ്ഞു പോകും അത്രയേയുള്ളൂ. മനസ്സില്‍ വയ്ക്കും അഭിനന്ദനമൊക്കെ. പക്ഷേ തില്ലാന പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ ഈ പാട്ടിനെ വേരൊരു ലെവലിലേക്കു കൊണ്ടുപോയി എന്നു പറഞ്ഞ് അഭിനന്ദിച്ചു. അതെനിക്ക് മറക്കാനാകില്ല. 

റഹ്മാന്‍ പാട്ടുകളില്‍ ഏതിനോടാണിഷ്ടമില്ലാത്തത്. എല്ലാത്തിനോടും ഒരേയിഷ്ടം. ഞാന്‍ പാടിയ ‘പുതുവെള്ളൈ മഴൈ’, ‘നേട്ര് ഇല്ലാത മാട്രം’, മുതല്‍ ‘മുറൈ വന്ത് പാര്‍ത്തേന്’, തുടങ്ങിയ കുറേ പാട്ടുകള്‍ ഇഷ്ടമാണ്. ‘നാളൈ ഉലകം ഇന്‍ട്രാൽ’‍, ‘ഇനി അച്ചം അച്ചം ഇല്ലൈ’, കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ ‘സുന്ദരി’, ചിത്ര പാടിയ എല്ലാ റഹ്മാന്‍ ഗാനങ്ങളും അങ്ങനെ കുറേ പാട്ടുകള്‍ ഇഷ്ടമാണ്. ‘ഇനി അച്ചം അച്ചം ഇല്ലൈ’ എന്ന പാട്ടിലാണ് ശ്വേത ആദ്യമായി കോറസ് പാടുന്നത്. 

സുന്ദരി എന്ന പാട്ടിന്റെ റിക്കോർഡിങും കുറച്ച് പ്രയാസമായിരുന്നു. ആ ഒരു മൂഡിലേക്കെത്താന്‍ കുറച്ചു സമയമെടുത്തു. അതു സംസാരിക്കുന്ന പോലെയുള്ള പാട്ടായിരുന്നു. കുട്ടികളെ കളിപ്പിക്കുന്ന അച്ഛന്റെയും അമ്മയുടെയും സ്വരത്തിലായിരുന്നു പാടേണ്ടിയിരുന്നു. ആ ഭാവമായിരുന്നു. ഞാനും ഹരിഹരനും രണ്ടു കുട്ടികളുമായിരുന്നു ആ പാട്ട് പാടിയത്. അതും വ്യത്യസ്തമായൊരു റഹ്മാന്‍ ഗാനമായിരുന്നു. ആ സമയത്ത് അത്തരം ഈണമൊക്കെ ഒരു പുതിയ അനുഭവമായിരുന്നു. പക്ഷേ ആ പാട്ട് എത്ര പേര്‍ കേട്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. കേട്ടു നോക്കണം. തീര്‍ത്തും വ്യത്യസ്തമാണ് ആ പാട്ട്. എവിടേക്കോ പോകുന്നൊരു പാട്ടാണ്, ശരിക്കൊരു പാട്ടിന്റെ ഫോര്‍മാറ്റ് ഒന്നുമില്ല. അതൊരു ചലഞ്ചിങ് സോങ് ആയിരുന്നു. ഇപ്പോള്‍ കുറേ നാളായി അദ്ദേഹത്തിനൊപ്പം റെക്കോഡിങ്ങിന് ഇരുന്നിട്ട്.

‘പൂ പൂക്കും ഓസൈ’ ആദ്യം ഹിന്ദിയിലാണ് റിക്കോർഡ് ചെയ്യുന്നത്. അതാണ് എനിക്ക് കേള്‍പ്പിച്ചു തരുന്നത്. തീര്‍ത്തും വേറൊരു ആലാപന ശൈലിയിലും സംസ്‌കാരത്തിലുമുള്ള പാട്ടാണ്. അത് എങ്ങനെയാണു തമിഴിലേക്കെന്നു റഹ്മാനോടു ചോദിച്ചപ്പോള്‍, ‘എനിക്കിതേ വേണ്ട, ജസ്റ്റ് ട്യൂണ്‍ മനസ്സിലാക്കാന്‍ വേണ്ടി കേള്‍പ്പിച്ചതാ’ എന്നു പറഞ്ഞു. എന്റേതായ രീതിയില്‍ പാടിക്കോളൂ എന്നു പറഞ്ഞു ഫുള്‍ ഫ്രീഡം തന്നു. അതും ആ പാട്ടിനെ സ്വാധീനിച്ചിട്ടുണ്ടാകാം. പാട്ടെഴുതിയ വൈരമുത്തു സാറും റിക്കോർഡിങ്ങിന് ഒപ്പമുണ്ടായിരുന്നു. ആദ്യമൊക്കെ അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടാന്‍ ചെല്ലുമ്പോള്‍ എനിക്കു തമിഴ് പറഞ്ഞു തരുമായിരുന്നു വൈരമുത്തു സര്‍. 

പക്ഷേ ശ്വേത ഒത്തിരി വേദികളില്‍

‘കുച്ചു കുച്ചു റാക്കമ്മ’ എന്ന പാട്ടിലായിരുന്നു ശ്വേതയുടെ സ്വരം തെളിഞ്ഞു കേട്ടത്. അവള്‍ പാടണം എന്നു പറഞ്ഞുള്ള യാത്ര തുടങ്ങിയപ്പോള്‍തന്നെ അത് റഹ്മാന്റെ ഈണത്തിന്റെ ഒരു ചെറിയ ഭാഗമായിക്കൊണ്ടായി എന്നതു വലിയ സന്തോഷമുള്ള കാര്യമാണ്. പിന്നീട് അവള്‍ക്കു കുറേ നല്ല പാട്ടുകള്‍ റഹ്മാന്‍ സമ്മാനിച്ചു. അതില്‍ ‘യാരോ’ എന്ന പാട്ടാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. റഹ്മാനും ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് എന്നു തോന്നുന്നു. ‘ഇന്നം കൊഞ്ചം നേരം’ ആണ് അവള്‍ക്കു ഹിറ്റ് സമ്മാനിച്ച എ.ആര്‍. റഹ്മാന്‍ ഗാനം. ഈ പാട്ടിന്റെ ഒരു കവര്‍ ശ്വേത പാടിയതിനെയും റഹ്മാന്‍ അഭിനന്ദിച്ചിരുന്നു. ഒരുപാടു വട്ടം ബാക്കിങ് വോക്കലിലും ഭാഗമായി. ഇപ്പോള്‍ അധികം വിളിക്കാറില്ല. അവള്‍ക്കു റഹ്മാന്‍ പ്രമോഷന്‍ കൊടുത്തു എന്നു തോന്നുന്നു. 

പക്ഷേ ശ്വേത റഹ്മാന്‍ ഷോകളില്‍ പാടുന്നത് കാണുമ്പോള്‍ ഒരുപാടു സന്തോഷമാണ്. ഒരുപാട് ആളുകള്‍ കാണാന്‍ കാത്തിരിക്കുന്നൊരു ഷോയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണണമെന്നൊക്കെ ആഗ്രഹിക്കുന്നത്. അങ്ങനെയൊരു ഇവന്റില്‍ അവള്‍ ഭാഗമാകുന്നതു തന്നെ അംഗീകാരമാണ്. ശേഖര്‍ സാറിന്റെ ‘മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും മധുവിധു രാത്രി...’ എന്ന പാട്ട് ശ്വേതയെ കൊണ്ടു പാടിച്ചിരുന്നു ഒരു വേദിയില്‍. 

അവള്‍ ആദ്യമായി റഹ്മാന്‍ ഷോയില്‍ പാടിയ പാട്ട് എന്റെ തന്നെ ഒരു ഗാനമായിരുന്നു. സോളോ ഗാനം റഹ്മാന്‍ പിയാന വായിക്കുന്നതിന് അപ്പുറത്തു നിന്ന് അവള്‍ പാടുന്നത് കണ്ടപ്പോള്‍ ശരിക്കും ഒരു സ്വപ്‌നം യാഥാര്‍ഥ്യമാകുന്ന പോലെയായിരുന്നു. അങ്ങനെയൊരു അനുഭൂതി ആയിരുന്നു. ഒരു അമ്മ എന്ന നിലയിലാണ് കേട്ടോ അങ്ങനെ തോന്നിയത്. അവള്‍ക്കാണെങ്കില്‍ ഇങ്ങനെയുള്ള ചലഞ്ച് ഒക്കെ ഏറ്റെടുക്കാന്‍ വലിയ ഉത്സാഹമാണ്. അടുപ്പിച്ച് കുറേ ഷോ കള്‍ വന്നാലും ദൈവാനുഗ്രഹം കൊണ്ട് അവള്‍ക്കതൊന്നും വലിയ പ്രശ്‌നമായി തോന്നാറില്ല.

എല്ലാത്തിനും ഉപരിയായി റഹ്മാന്‍ ശ്വേതയില്‍ കാണിക്കുന്നൊരു വിശ്വാസമാണ് കൂടുതല്‍ സന്തോഷം തരാറ്. അതൊരു വലിയ സമ്മാനം കൂടിയല്ലേ. 

ആ ഭംഗിക്കു കാരണം എച്ച്.ശ്രീധര്‍

റഹ്മാന്റെ ആദ്യത്തെ പാട്ടു മുതല്‍ ഒപ്പമുള്ളയാളാണ് എച്ച്.ശ്രീധര്‍. മിക്‌സിങ് ഒക്കെ ചെയ്യുന്നത് ശ്രീധറായിരുന്നു. നമ്മുടെ സ്വരമൊക്കെ ഇത്രമാത്രം ഭംഗിയാക്കുന്നതും ശ്രീധര്‍ തന്നെ. റിക്കോർഡിങ് എൻജിനീയര്‍ എന്ന നിലയില്‍ ഏറ്റവും പ്രഗത്ഭനായ വ്യക്തി. മറ്റു മ്യൂസിക് ഡയറക്ടേഴ്‌സിനോടൊപ്പവും എച്ച്.ശ്രീധര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും റഹ്മാന്റെ എല്ലാ പാട്ടുകളിലും ശ്രീധര്‍ ആയിരുന്നു. ആദ്യം വേറൊരു സ്റ്റുഡിയോയിലായിരുന്നു. പിന്നീട് അതു വിട്ട് റഹ്മാനൊപ്പം കൂടി. എനിക്ക് അതിനു മുന്‍പേ ശ്രീധറിനെ അറിയാം. എന്റെ ഒരുപാട് പാട്ടുകളിലും ശ്രീധര്‍ തന്നെയായിരുന്നു ഓഡിയോ എൻജിനീയര്‍. ജോണ്‍സണ്‍ ചേട്ടന്റെ ‘പള്ളിത്തേരുണ്ടോ...’ എന്ന പാട്ടൊക്കെ റിക്കോർഡിങ് ചെയ്തത് ശ്രീധര്‍ ആയിരുന്നു. എന്നെ ഒരുപാടിഷ്ടമായിരുന്നു ശ്രീധറിന്. നമ്മുടെ ശബ്ദത്തിന്റെ ഏറ്റവും നല്ല വശം ഏത്, ഏതാണ് നല്ല ടേക്ക് എന്നൊക്കെ തിരിച്ചറിയാന്‍ പ്രത്യേക കഴിവായിരുന്നു. രാത്രി ഏറെ വൈകി നടക്കുന്ന റഹ്മാന്‍ റിക്കോർഡിങുകളിലൊക്കെ ശ്രീധര്‍ ഒപ്പമുണ്ടാകും. അതുപോലെ ഷോകൾക്കും റഹ്മാന്‍ ശ്രീധറിനെയാണ് തിരഞ്ഞെടുത്തിരുന്നത്.

എന്നോടും എനിക്കും വ്യക്തിപരമായി ഒരുപാടിഷ്ടമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുമായിട്ടൊക്കെ വലിയ ബന്ധമുണ്ട് എനിക്ക്. ശ്രീധര്‍ ശരിക്കും ഗിത്താറിസ്റ്റ് ആണ്. മറ്റെന്തോ ജോലി ചെയ്്ത് തുടങ്ങിയിട്ട് അതുകളഞ്ഞ് ഒരു പാഷന്‍ എന്നോണം സൗണ്ട് എൻജിനീയറിങ് പഠിക്കുകയായിരുന്നു. ‘പൂ പൂക്കും ഓസൈ’ എന്ന പാട്ടിലെ സ്വരം ഇത്ര ഭംഗിയോടെ നമുക്കു കേള്‍ക്കാനാകുന്നതിനു കാരണം ശ്രീധര്‍ തന്നെയാണ്. എന്റെ ഒരുപാട് പാട്ടുകള്‍ ശ്രീധറിന് വലിയ ഇഷ്ടമായിരുന്നു. ജോണ്‍സണ്‍ മാസ്റ്ററും വിദ്യാസാഗറും ഈണമിട്ട മെലഡികള്‍.

ആര് പാടിയാലും റഹ്മാന്‍ ഗാനങ്ങള്‍ എന്നെന്നും നല്ലതാകട്ടെ!

‘നിലാ കായ്ഗിരത്’ എന്ന പാട്ട് കുട്ടിയുടെ സ്വരത്തില്‍ ഹരിണി ആണു പാടിയത്. അന്ന് തീരെ ചെറിയ കുട്ടിയായിരുന്നു ഹരിണി. റഹ്മാന്‍ പറയുന്നതു മനസ്സിലാക്കാനുള്ള പ്രായമൊന്നും ആയിട്ടില്ലായിരുന്നു. ഞാനാണ് ആ പാട്ട് അവള്‍ക്കു മനസ്സിലാകാന്‍ വേണ്ടി ട്രാക്ക് പാടിയത്. അതു കേട്ട് പഠിച്ചാണ് ഹരിണി പാടിയത്. അതുപോലെ ‘എന്നവളേ’, ‘കണ്ണാളനേ’ എന്നീ പാട്ടുകളുടെ ഹമ്മിങ് ഞാനും ഗംഗയും കൂടിയാണു പാടിയത്. 

തിരുടാ തിരുടാ എന്ന ചിത്രത്തിലെ ‘തീ തീ’ എന്ന പാട്ടിലെ പെണ്‍ സ്വരം കാരളിന്റേതാണ്. ശരിക്കും കാരളിന് ആദ്യം ആ പാട്ട് എങ്ങനെയാണ് പാടേണ്ടതെന്ന് റഹ്മാന്‍ പറഞ്ഞിട്ട് മനസ്സിലായില്ല. ഞാനാണ് അത് പാടി ട്രാക്ക് ആക്കിയത്. അതു കേട്ടിട്ട് മൂന്നു ദിവസം കൊണ്ടാണ് കാരളിന്‍ അതു പാടി പൂര്‍ത്തിയാക്കിയത്. കാരളിന്റെ ശബ്ദം റഹ്മാന് വലിയ ഇഷ്ടമായിരുന്നു. ഞാനും കാരളിനും കൂടിയാണ് മനോ പാടിയ ‘കണ്ണും കണ്ണും’ എന്ന പാട്ടിലെ വെസ്റ്റേണ്‍ ശൈലിയിലുള്ള കോറസ് പാടിയത്. അതും തിരുടാ തിരുടായിലേത് ആണ്. എനിക്ക് വെസ്റ്റേണ്‍ സ്ലാങ് കിട്ടുന്നേ ഉണ്ടായിരുന്നില്ല. ചിരിയും വരുന്നു. മൈക്കിനു മുന്‍പില്‍ നില്‍ക്കുമ്പോഴേ ഞാന്‍ ചിരിച്ചു തുടങ്ങും. അവസാനം പരസ്പരം മുഖം കാണാത്ത വിധം മൈക്ക് സെറ്റ് ചെയ്താണ് പാടിച്ചത്. അങ്ങനെ ഒരുപാട് ഓര്‍മകള്‍.

ഇങ്ങനെ ഞാന്‍ പ്രധാന ഗായികയായില്ലെങ്കിലും കോറസിലും ട്രാക്കിലുമായി ഒരുപാട് റഹ്മാന്‍ ഗാനങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒരു ഗായിക എന്നതിലുപരിയായ ആത്മബന്ധമാണ്. ആരു പാടിയാലും ആ പാട്ട് ഹിറ്റ് ആകണം എന്നേ അന്നും ഇന്നും ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിട്ടുള്ളൂ.

അമ്മയുടെ അനുഗ്രഹമുള്ള മകന്‍!

അമ്മയുടെ അനുഗ്രഹമുള്ള മകനാണ്. ആ അമ്മയുടെ പ്രാര്‍ഥനയാണ് റഹ്മാനെ ഇത്രയും ഉയരങ്ങളിലെത്തിച്ചതെന്നു ഞാന്‍ കരുതുന്നു. ഒരുപാട് സ‌നേഹമുള്ളൊരു അമ്മ. ഇടയ്ക്കു കാണാന്‍ തോന്നിയാല്‍ അമ്മ എന്നെ വിളിക്കാറുണ്ട്. കാണാറുണ്ട്. അങ്ങനെയൊരു ആത്മബന്ധമുണ്ട്. മനസ്സിനുള്ളിലാണ് അതെന്നു മാത്രം. റഹ്മാന്‍ ഉയരങ്ങളിലേക്കു പോയപ്പോള്‍ ഞാന്‍ തനിയെ ഉള്‍വലിഞ്ഞുവെന്നേയുള്ളൂ. ആ ബന്ധത്തിന്റെ ആഴത്തിനു കുറവില്ല. നമുക്കെന്തെങ്കിലും സങ്കടമുണ്ടായാല്‍ ഒപ്പം നില്‍ക്കുന്ന കുറേ ആളുകളുണ്ടാകില്ലേ. അക്കൂട്ടത്തിലുള്ളൊരു കുടുംബമാണ് അത്. 

റഹ്മാന്റെ സഹോദരിമാരോടായാലും ഈ ബന്ധം തന്നെയാണ്. അവരും എന്നെപ്പോലെ ആദ്യമേ കോറസ് സംഘത്തിലുള്ളവരായിരുന്നു. ഇപ്പോഴും അവര്‍ അങ്ങനെ തന്നെ. എനിക്കു രണ്ടാമത്തെ സഹോദരി ഫാത്തിമയുമായാണ് കൂടുതല്‍ അടുപ്പം. ബാല എന്നായിരുന്നു അന്നു പേര്. ഫാത്തിമയെയാണ് ഞാന്‍ ഇപ്പോഴും വിളിക്കാറുള്ളത്. ഇടയ്ക്കു റഹ്മാന്റെ അമ്മയ്ക്കു സുഖമില്ലാതെ വന്നപ്പോള്‍ അതിന്റെ കാര്യങ്ങളൊക്കെ അറിയാന്‍ ഞാന്‍ ഫാത്തിമയെയാണു വിളിച്ചതൊക്കെ. 

ദേശീയ പുരസ്‌കാരം തേടിവന്നില്ല. റഹ്മാന്‍ അടുത്തിടെ അങ്ങനെയൊരു വിവാദത്തിലും പെട്ടല്ലോ

എനിക്കു രണ്ടു തവണ ആ പുരസ്‌കാരം അവസാന നിമിഷം അകന്നുപോയിട്ടുണ്ട്. നമുക്കു തന്നെയാണെന്ന് അറിഞ്ഞിട്ട് പ്രഖ്യാപനം നടത്തുമ്പോള്‍ അങ്ങനെയല്ലാതാകും‍. അതൊന്നും കുഴപ്പമില്ല. പല കാരണങ്ങള്‍ കൊണ്ടാണ് അത് അവസാനം മാറിപ്പോയത്. വിഷമമൊന്നുമില്ല. അതിനേക്കാള്‍ വലിയ അനുഗ്രഹങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും നമ്മളുടെ കയ്യിലല്ല. അതൊരു ഭാഗ്യം തന്നെയാണ്. കുറേ അവാര്‍ഡുകള്‍ ഒരു പ്രത്യേക ഭാഷയ്ക്കു കിട്ടുമ്പോള്‍ വേറെ കുറച്ച് അവാര്‍ഡുകള്‍ മറ്റേതെങ്കിലും ഭാഷയ്ക്കു നല്‍കുന്നു തുടങ്ങി ദേശീയ അവാര്‍ഡിലെ ജേതാക്കളെ ഉറപ്പിക്കുന്നതില്‍ പല പല കാരണങ്ങളുണ്ട്. അതിലൊന്നും കുറ്റം പറയാന്‍ പറ്റില്ല. ഒരുപാട് ഭാഷയില്‍ നിന്നുള്ള മത്സരമല്ലേ. നമുക്ക് കിട്ടേണ്ടതാണെങ്കില്‍ കിട്ടും. ഇല്ലെങ്കില്‍ ഇല്ല. 

റഹ്മാന്‍ സാധാരണ വിവാദങ്ങളില്‍ ചെന്നു ചാടുന്ന ആള്‍ അല്ല. പ്രധാന കാരണം, അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ്. പാട്ട്, കുടുംബം അതൊക്കെ മാത്രമാണ് ലോകം. ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല റഹ്മാന്‍ ആരുടെയെങ്കിലും കുറ്റം പറയുന്നത്. ആ സ്റ്റുഡിയോയ്ക്കുള്ളില്‍ അങ്ങനെയൊരു നെഗറ്റീവ് സംസാരം തന്നെ ഉണ്ടാകാറില്ല. റഹ്മാന്‍ മാത്രമല്ല, ആരും ആരെക്കുറിച്ചു പറയുന്നതും ഞാന്‍ കേട്ടിട്ടില്ല. ഇരുപത് വര്‍ഷമായി എനിക്കറിയാം റഹ്മാനെയും ആ സ്റ്റുഡിയോയെയും. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്നെനിക്കു തോന്നുന്നു. അവാര്‍ഡ് സ്വീകരിക്കുന്നതും അല്ലാതിരിക്കുന്നതും വ്യക്തിപരമായ ഇഷ്ടമാണ്. അതിലൊന്നും പറയാനില്ല. പിന്നെ റഹ്മാന്‍ ആയാലും ദാസേട്ടനായാലും ആ പുരസ്‌കാരങ്ങള്‍ക്കെല്ലാം മീതെയാണ്. ദേശീയ അവാര്‍ഡിന് ഭംഗി കൂടുകയേയുള്ളൂ.

പിന്നെ ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ല. കാരണം, സംഗീതം വരദാനമാണ്. അത് കിട്ടിയവരാണ് ഇവരൊക്കെ. അവരിലൂടെ അതൊക്കെ കേട്ട് ആസ്വദിക്കുക. അത്രയേയുള്ളൂ. അതിനപ്പുറം ചിന്തിക്കേണ്ടതുണ്ടോ. ചിത്ര ഒരു നല്ല പാട്ടു പാടി, അല്ലെങ്കില്‍ വേറെ ഏതെങ്കിലും ഒരു ഗായകനോ ഗായികയോ നല്ലൊരു പാട്ട് ആലപിച്ചു. അതില്‍ ഞാന്‍ അസൂയപ്പെടേണ്ടതില്ല. അതൊരു നിമിത്തമാണ്. അവരെ പാടിക്കുന്നത് ദൈവമാണ്. അപ്പോള്‍ ഞാന്‍ അസൂയപ്പെടുന്നതോ ആവശ്യമില്ലാതെ വിമര്‍ശിക്കുന്നതോ ദൈവത്തിന് എതിരായി നീങ്ങുന്നതു പോലെയാണ് എന്നാണ് എന്റെ വിശ്വാസം. ഒരു ശക്തിയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇവരെക്കൊണ്ട് അതെല്ലാം ചെയ്യിക്കുന്നത് ആ ശക്തിയാണ് എന്നാണെന്റെ പോളിസി. അത് അണ്‍പ്രഫഷനല്‍ എന്നോ അന്ധവിശ്വാസമെന്നോ വിമര്‍ശിച്ചോളൂ. പ്രശ്‌നമില്ല.