Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാൻ സംഗീതത്തിൽ മിഴാവ് ചേർത്ത മലയാളി

rahmansajith

ഇതൊരു സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും അറിയില്ല സജിത്തിന്. എ.ആർ. റഹ്മാനോടൊപ്പം ഒരു സംഗീത ഹാർമണി, അതും മിഴാവിൽ. ഇങ്ങനെ ഒരു കാര്യം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല തൃശൂർ നെട്ടിശേരിയിലെ ഈ നാട്ടിൻപുറത്തുകാരൻ. ഇന്ത്യയിലെ പുരാതന സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ റഹ്മാന്‍ ലോകത്തിനു പരിചയപ്പെടുത്തിയപ്പോൾ അതിന്റെ പ്രധാന ഭാഗമായി സജിത്ത്. റഹ്മാൻ തേടിവന്ന അനുഭവം പങ്കുവെക്കുകയാണ് കലാമണ്ഡലം സജിത് എന്ന മിഴാവ് കലാകാരൻ. 

എന്താണ് ഈ ഹാർമണി

ഹാർമണി വിത്ത് എ.ആർ. റഹ്മാൻ. അതൊരു സംഗീതയാത്രയാണ്. ഒരു മ്യൂസിക്കൽ ഡോക്യുമെന്ററി എന്നു വേണമെങ്കിൽ പറയാം. അഞ്ച് ഭാഗങ്ങളായാണ് ഇത് എടുത്തത്. ആദ്യ ഭാഗം കേരളത്തിൽ നിന്നാണ്, മിഴാവിനെക്കുറിച്ച്. രണ്ടാം ഭാഗം രുദ്രവീണയെ കുറിച്ചാണ്. ബഹാവുദ്ദീൻ ദഗർ ആണ് ആ ഭാഗത്ത് റഹ്മാനൊപ്പം ചേരുന്നത്. മൂന്നാമത്തെ ഭാഗം ഒരു മണിപ്പൂരി സംഗീതശാഖയെ കുറിച്ചാണ്. ലോറമ്പം ഭേദബതി ദേവിയാണ് അതിൽ റഹ്മാനൊപ്പം ചേരുന്നത്. മിക്മാ ടെഷറിങ് ലപ്ചായുടെ  ഓടക്കുഴലിനെ കുറിച്ചാണ് നാലാം ഭാഗം. അഞ്ചാം ഭാഗത്തിൽ ഞങ്ങൾ നാലുപേരും റഹ്മാനൊപ്പം ഒരു ഹാർമണി അവതരിപ്പിക്കുന്നു. മിഴാവ്, രുദ്രവീണ, മണിപ്പൂരി സംഗീതം, ലപ്ചായുടെ ഓടക്കുഴൽ എല്ലാം ഇതിന്റെ ഭാഗമാകുന്നു. 

rahman-mizhavu

ചിത്രീകരണം എങ്ങനെ?

ഒരു ഫ്യൂഷനാണ് ഇത്. റഹ്മാന്റെ ചെന്നൈയിലുള്ള വൈഎം സ്റ്റുഡിയോയിൽ വച്ചായിരുന്നു അവസാന ഭാഗത്തിന്റെ ചിത്രീകരണം. റഹ്മാന്റെ  മുഴുവൻ ഓർക്കസ്ട്രയും അതിൽ ഉണ്ടായിരുന്നു. കഴി‍ഞ്ഞ ജനുവരിയില്‍ അദ്ദേഹം ഞങ്ങള്‍ നാലുപേരെയും ചെന്നൈയിലേക്കു വിളിച്ചു. എന്നിട്ട് അവിടെ വച്ച് ചിത്രീകരിക്കുകയായിരുന്നു. 

ഇത്ര വലിയ പ്രോജക്ട് ആണെന്ന് അറിഞ്ഞില്ല

തിരുവനന്തപുരത്തുള്ള കൂടിയാട്ടം കേന്ദ്രയുടെ മുൻ ഡയറക്ടർ ഗോപാലകൃഷ്ണനായിരുന്നു എന്നോട് ഇക്കാര്യത്തെപ്പറ്റി ആദ്യം പറയുന്നത്. എന്നെ ഒരാൾ കാണാൻ വരും, മിഴാവിനെ വച്ച് ഒരു ഡോക്യുമെന്ററി ചെയ്യാനാണ് എന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഒരു സ്ത്രീ എന്നെ വന്നു കണ്ടു. മിഴാവിനെപ്പറ്റിയും എന്റെ ജീവിതത്തെപ്പറ്റിയും കുറെ എഴുതിയെടുത്തു കൊണ്ടുപോയി. പക്ഷെ, ഇത് ഇത്രയും വലിയ ഒരു പ്രോജക്ട് ആണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. 

ഒരു മാസം കഴിഞ്ഞപ്പോൾ  ഇതിന്റെ ഡയറക്ടർ  ശ്രുതി ഹരിഹരസുബ്രഹ്മണ്യവും ക്യാമറാമാൻ വിരാട് സിങ്ങും എന്നെ കാണാൻ വേണ്ടി കലാമണ്ഡലത്തിലേക്ക് വന്നു. അപ്പോഴും ഈ വർക്കിനെ പറ്റി എനിക്ക് കൃത്യമായ ധാരണയില്ല. എ ആർ റഹ്മാൻ അതിൽ ഉണ്ട് എന്നൊന്നും എനിക്കറിയില്ല. പിന്നീട് കുറച്ചു ദിവസത്തിനു ശേഷം മിഴാവും എന്റെ ജീവിതവും തമ്മിലുള്ള ബന്ധമൊക്കെ ചിത്രീകരിച്ചു. അടുത്തഭാഗം റഹ്മാനൊപ്പമാണെന്ന് അവ‍ർ പറഞ്ഞു. എന്നാൽ എന്നാണെന്നോ എപ്പോഴാണെന്നോ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. 

ഞാൻ അമ്പരന്നു; അവർ വന്നത് റഹ്മാനോടൊപ്പം

മൂന്നു ഭാഗമായിട്ടാണ് മിഴാവിന്റെ ഭാഗം എടുത്തത്. അടുത്ത വരവിൽ എ.ആർ. റഹ്മാനെയും കൊണ്ടാണവർ വന്നത്. ഒരു ദിവസം രാവിലെ ആറു മണിക്കു സജിത്ത് കലാമണ്ഡലത്തിൽ എത്തണം എന്നു പറഞ്ഞു. അവർ പറഞ്ഞ പ്രകാരം ഞാൻ കലാമണ്ഡലത്തിൽ എത്തി. അവർ എനിക്ക് പ്രോജക്ടിനെ കുറിച്ച് ഒരു ഏകദേശ ധാരണ തന്നു. എന്നാൽ റഹ്മാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവർക്ക് അറിയില്ലായിരുന്നു. അങ്ങനെ അദ്ദേഹം കലാമണ്ഡലത്തിൽ എത്തി. രണ്ടുദിവസമായിരുന്നു ചിത്രീകരണം. ആദ്യ ദിനം കലാണ്ഡലത്തിൽത്തന്നെ. സത്യം പറഞ്ഞാൽ അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് അമ്പരപ്പായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരു റിഥം മിഴാവിൽ വായിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാൻ നാല് റിഥം വായിച്ചു. അതിൽ അദ്ദേഹം അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങൾ വച്ച് ചില പരീക്ഷണങ്ങൾ നടത്തി. രണ്ടാം ദിനം പാലക്കാട് ധോണി കാട്ടിൽ വച്ചായിരുന്നു ചിത്രീകരണം. ഞാനും അദ്ദേഹവും. മിഴാവിൽ ഞാനൊരു റിഥം വായിച്ചു. അദ്ദേഹം അതിനു സംഗീതം ചെയ്തു. 

തികച്ചും വ്യത്യസ്തമാർന്നൊരു അനുഭവം

എന്നെ സംബന്ധിച്ച് മിഴാവ് എന്ന വാദ്യം കൂടിയാട്ടത്തിന് ശാസ്ത്രീയമായി ഉപയോഗിക്കുന്നതാണ്. പക്ഷേ, ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ഒരു വാദ്യോപകരണമായ മിഴാവ് സംഗീതോപകരണമായി മാറുന്നതെങ്ങനെ എന്നു അദ്ദേഹം ശരിക്കു കാണിച്ചു തന്നു. 

തലക്കനമില്ലാത്ത റഹ്മാൻ; ഇതൊരു മഹാഭാഗ്യം

ഇത്രയും വലിയൊരു സംഗീത സ്തംഭം, അങ്ങനെയുള്ള ഒരു വ്യക്തിയുടെ കൂടെ പ്രവർത്തിക്കാൻ പറ്റുക എന്ന് പറഞ്ഞാൽ അതൊരു മഹാഭാഗ്യമായാണ് ഞാൻ കാണുന്നത്. അദ്ദഹത്തെപ്പറ്റി പറഞ്ഞാൽ തികച്ചും സാധാരണക്കാരനായ മനുഷ്യൻ, ഒട്ടും തലക്കനമില്ല. കാലങ്ങളായി പരിചയമുള്ള ഒരാളോടു പെരുമാറുന്നതു പോലെയാണ് അദ്ദേഹത്തിന്റെ  പെരുമാറ്റവും സംഭാഷണവും. മുൻവിധികളൊന്നും ഇല്ലാതെ പെരുമാറുന്ന ഒരു പ്രകൃതം. നമ്മളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്ന സ്വഭാവമില്ല. എന്താ ചെയ്യാൻ പറ്റുക എന്ന് ഇങ്ങോട്ടു ചോദിക്കും. നമുക്ക് എന്താണോ ചെയ്യാൻ കഴിയുന്നത് അതനുസരിച്ച് അദ്ദേഹം സംഗീതം നൽകും. ചിലതൊക്കെ തത്സമയം അദ്ദേഹത്തിനു തോന്നുന്ന ഐഡിയകളാണ്. അദ്ദേഹത്തെ അധികം ബുദ്ധിമുട്ടിക്കാതെ ചെയ്യാൻ കഴിഞ്ഞെന്നാണ് എനിക്കു തോന്നുന്നത്. 

എല്ലാം തികച്ചും യാദൃച്ഛികം മാത്രം

ഞാൻ സാധാരണക്കാരിൽ സാധാരണക്കാരനാണ്. ഇവിടെ അത്യാവശ്യം വല്ല കൂടിയാട്ടങ്ങൾക്കോ നങ്ങ്യാർകൂത്തിനോ വല്ല പരിപാടികളുണ്ടെങ്കിൽ അതിനു പോവുക, കലാമണ്ഡലത്തിൽ കുട്ടികളെ പഠിപ്പിക്കുക, അങ്ങനെ ജീവിതം മുന്നോട്ടു പോവുക എന്നല്ലാതെ ഇത്തരത്തിൽ വലിയൊരു പരിപാടിയിൽ എത്തിപ്പെടുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല. എല്ലാം യാദൃച്ഛികം മാത്രം. 

ഇപ്പോഴും അദ്ഭുതം മാറിയിട്ടില്ല. അദ്ദേഹത്തിന്റെ ഓർക്കസ്ട്രയും സ്റ്റുഡിയോയും കണ്ടാൽ തന്നെ ജീവൻ പോകും അതു പോലൊരു സെറ്റപ്പാണ്.  അദ്ദേഹം കലാമണ്ഡലത്തിൽ ആദ്യം വന്നപ്പോൾ നേരിട്ടു കാണാൻ സമ്മതിച്ചില്ല. അദ്ദേഹത്തെ ഒന്നു കാണണമെന്നു പറഞ്ഞപ്പോൾ അവർ പറഞ്ഞത് ‘ ഇപ്പോൾ കാണണ്ട ഷോട്ടെടുക്കുമ്പോൾ സജിത്ത് അദ്ദേഹത്തെ കണ്ടാൽ മതി’ എന്നാണ്. ആദ്യമായി അദ്ദേഹത്തെ കാണുന്ന ഈ സെറ്റിൽ വച്ചിട്ടാണ്. പിന്നീടാണു മനസ്സിലായത് നമ്മുടെ മുഖത്തു വരുന്ന ഭാവവ്യത്യാസങ്ങൾ, അദ്ഭുതം, ഇതൊക്കെ അവർക്ക് ആവശ്യമാണ്. 

റഹ്മാൻ നല്‍കിയ മുണ്ടും ഷർട്ടും

മദ്രാസിലെ സെറ്റിൽ വച്ച് അദ്ദേഹത്തെ കണ്ട ശേഷം പിന്നീടു കണ്ടില്ല. അന്ന് ആ പരിപാടി കഴിഞ്ഞു പോരുമ്പോൾ എനിക്കും ശിഷ്യൻമാർക്കും ഓരോ മുണ്ടും ഷർട്ടും കൊടുത്തയച്ചു. അദ്ദേഹത്തിന്റെ വകയായി ഒരു സമ്മാനം. അങ്ങനെ ഒരു ഭാഗ്യം കൂടി ഉണ്ടായി.